Tuesday 13 September 2011

നളിനിയുടെ നൂറുവർഷങ്ങൾ




ഡോ.എം.എസ്‌.പോൾ


കുമാരനാശാന്റെ നളിനി പ്രസിദ്ധീകരിച്ചിട്ട്‌ 2011 ഒക്ടോബറിൽ നൂറു വർഷം തികയുന്നു. അടിയന്തിരങ്ങൾക്കും വാർഷികങ്ങൾക്കും ഒരു പഞ്ഞവുമില്ലാത്ത മലയാള സാഹിത്യ ലോകത്ത്‌ നളിനി ഒരുപക്ഷേ ചർച്ച ചെയ്യപ്പെടാനിടയില്ല. കാരണം ഈ കൃതിയുടെ പ്രമേയം കേരളീയന്റെ സദാചാരയുക്തിക്ക്‌ അപ്പുറത്താണ്‌. മലയാളിയുടെ ആസ്വാദനത്തെ എങ്ങനെയായിരുന്നു 'നളിനി' എന്ന ഖണ്ഡകാവ്യം പരിവർത്തനപ്പെടുത്തിയത്‌. മലയാളിയുടെ സാംസ്കാരികപരിസരത്തിൽ നളിനി എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ തുടങ്ങിയ അന്വേഷണത്തിന്‌ ഇവിടെ പ്രസക്തിയുണ്ട്‌.

 ആദർശാത്മക പ്രണയം, അതിലെ നായികനായകന്മാർ സന്യാസികൾ, എത്ര നിയന്ത്രിച്ചിട്ടും വിധേയപ്പെടാത്ത അവരുടെ ശരീരതൃഷ്ണ ഇത്തരം വിഷയങ്ങൾ ഒരിക്കലും കേരളീയ മനുഷ്യന്റെ ദൗർബ്ബല്യം നിറഞ്ഞ മനസ്സ്‌ അംഗീകരിക്കപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെ ആശാൻ കേരളീയമായൊരു പശ്ചാത്തലം തന്റെ കൃതിക്ക്‌ നൽകിയില്ല. നളിനിയെപ്പോലെ ലീല, കരുണ തുടങ്ങിയ കൃതികളുടെ പശ്ചാത്തലവും കേരളമല്ല. പ്രണയത്തെക്കുറിച്ച്‌ ചർച്ചകൾ നടത്താൻ പറ്റിയ മണ്ണല്ല ഇവിടുത്തേത്‌ എന്നാശാൻ മനസ്സിലാക്കിയിരിക്കണം. എന്തുകൊണ്ടാണ്‌ കേരള സമൂഹം പ്രണയത്തെ തീണ്ടാപ്പാടകലെ നിർത്തിയിരിക്കുന്നത്‌. പ്രണയം സാഹിത്യകൃതികളിലും വെള്ളിത്തിരയിലും മാത്രം ഒതുങ്ങിനിൽക്കുന്നതാണ്‌. കേരളീയന്റെ പൊതുബോധത്തിൽ ഈ വിഷയത്തിന്‌ പൈങ്കിളിത്തവും പ്രതിലോമഭാവവും കടന്നുവന്നത്തെങ്ങനെ?

പ്രണയത്തെക്കുറിച്ചെഴുതിയ ചങ്ങമ്പുഴയും, മുട്ടത്തുവർക്കിയും നിരാകരിക്കപ്പെടുന്നതെങ്ങനെ? ഈ ചോദ്യങ്ങളെല്ലാം ഇതിന്റെ തുടർച്ചയാണ്‌.
 ഇത്തരം ഒരു സാമൂഹ്യ പശ്ചാത്തലത്തിൽ നൂറുവർഷത്തിനു മുമ്പുണ്ടായ ഈ ഖണ്ഡകാവ്യം എങ്ങനെ വായിക്കപ്പെട്ടു? നമ്മുടെ സാംസ്കാരിക പരിസരത്തെ, സാംസ്കാരിക ജീവിതത്തെ ഈ കൃതി ഏതുവിധത്തിലെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ? എ.ആർ.രാജരാജവർമ്മയും, ഗുരുനിത്യചൈതന്യയതിയും ഉൾപ്പെടെ അക്കാദമിക്കും അല്ലാതെയുമായി നിരവധി വിലയിരുത്തലുകൾ നളിനിയ്ക്കുണ്ടായി എന്ന കാര്യം ശരി. എന്നാൽ ഈ കൃതിയുണ്ടായ സമൂഹവും ഈ കൃതിയുടെ പ്രമേയവും എത്രകണ്ട്‌ വ്യത്യസ്തമാണ്‌. ഒരുപക്ഷെ പ്രണയവും ആൺ പെൺ ബന്ധങ്ങളും പരിപക്വമാകാത്ത കേരളീയസമൂഹത്തോടുള്ള പ്രതിഷേധമെന്ന നിലയിലല്ലേ അത്യന്തം ദുരന്താത്മകമായി ഈ കൃതികൾ ആശാൻ അവസാനിപ്പിച്ചതു?

"നിത്യഭാസുര നഭശ്ഛരങ്ങളേ
ക്ഷിത്യവസ്ഥ ബത നിങ്ങളോർത്തിടാ... എന്ന നളിനിയിലെ വരികളിൽ കവി വിലാപത്തിന്റെ ആന്തരശ്രുതിയുണ്ട്‌. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലും കേരള സമൂഹത്തിന്റെ പ്രണയ ബോധത്തിൽ യാതൊരു പരിവർത്തനവുമുണ്ടായിട്ടില്ല. എല്ലാം ലാഭാധിഷ്ഠിതമായി വിലയിരുത്തുന്ന ഈ സമൂഹത്തിൽ വിവാഹപൂർവ്വ പ്രണയം ഇന്നും കുറ്റകരമാണ്‌. ലൈംഗിക പീഢന പരമ്പരകളും ആസക്തിയുടെ നൂറുനൂറുകഥകളും നിരന്തര പത്രവാർത്തകളായ നാട്ടിൽ പ്രണയവും സ്ത്രീപുരുഷ ബന്ധങ്ങളും ഏക്കാളത്തും കുറ്റകരമായിരുന്നു.

 നിരവധി പ്രത്യയശാസ്ത്രങ്ങളും മതങ്ങളും സാഹിത്യപ്രസ്ഥാനങ്ങളും ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിലും അവയ്ക്കൊന്നിനും ഇവിടുത്തെ മനുഷ്യബന്ധങ്ങളിൽ കാര്യമായ മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ല. കുമാരനാശാൻ 'നളിനി' എഴുതിയിട്ട്‌ നൂറുവർഷം കഴിഞ്ഞുവേന്നത്‌ സാഹിത്യചരിത്രപരമായ ഒരു സംഗതി മാത്രമാണ്‌. പിന്നീടുള്ള നമ്മുടെ കവികൾ മിക്കവരും പ്രണയവും ദാമ്പത്യവും പലമട്ടിൽ അവതരിപ്പിച്ചു ചങ്ങമ്പുഴയും ഇടപ്പള്ളിയും പ്രണയത്തെ ഉപാസിക്കുകയും പിന്നീടുള്ളവർ അതേറ്റുപാടുകയും ചെയ്തു. ചുള്ളിക്കാടും അയ്യപ്പനും പ്രണയത്തിൽ ചുവപ്പുചാലിച്ച യൗവ്വനത്തിന്റെ പ്രതിനിധികളായി. എന്നാലിതൊന്നും കേരളീയ സമൂഹത്തിന്റെ പരിഛേദമായിരുന്നില്ല. അവയിലൊക്കെയും നിറഞ്ഞുനിന്നത്‌ പാശ്ചാത്യന്റെ ആശയലോകമായിരുന്നു.

 നളിനി എന്ന കവിത മലയാളി ഏതുവിധത്തിൽ സ്വീകരിച്ചു എന്ന അന്വേഷണം പ്രസക്തമാകണമെങ്കിൽ മലയാളിയുടെ ജീവിതത്തെയും സാംസ്കാരിക ചുറ്റുപാടുകളെയും ആഴത്തിൽ വിലയിരുത്തേണ്ടിയിരിക്കുന്നു. ആൺ, പെൺ വ്യക്തിബന്ധങ്ങളും സാമൂഹിക ഇടപെടലുകളും ഇവിടെ പഠനവിധേയമാകേണ്ടതുണ്ട്‌. പ്രസിദ്ധീകരിക്കപ്പെട്ട്‌ നൂറുവർഷങ്ങൾക്കിടയിലും മലയാളിയുടെ ജീവിത കാപട്യങ്ങൾ കൊണ്ടും കോളേജ്‌ അധ്യാപകരുടെ പരിമിതമായ ആശയ ലോകം കൊണ്ടും ഇത്രയധികം ദുർവ്യാഖ്യാനങ്ങൾക്ക്‌ വിധേയമായ മറ്റൊരു കൃതിയില്ലെന്നുള്ളതും ഓർക്കേണ്ടതാണ്‌.