Tuesday 13 September 2011

പല്ലിയും പൂച്ചയും






സത്യൻ താന്നിപ്പുഴ


കർക്കിടകമാസം. ആയത്തുപടിയിലെ അയ്യപ്പൻമാഷ്‌ സന്ധ്യക്ക്‌ നിലവിളക്ക്‌ കൊളുത്തി വച്ചു. രാമായണം വായിച്ചു കേൾക്കാൻ ഭാര്യയും മരുമകളും പേരക്കുട്ടികളും വന്നിരുന്നു.
 രാമായണം വായിച്ചിരുന്നപ്പോൾ ഒരു പച്ചപ്പശു പറന്നുവന്ന്‌ ചുമരിലിരുന്നു. ചുമരിൽ ഒരു പല്ലി പ്രാണികളെ നോക്കി നടക്കുന്നുണ്ടായിരുന്നു. പച്ചപ്പശുവിനെ കണ്ടപ്പോൾ പല്ലി ഓടിച്ചെന്നു ചാടിപ്പിടിക്കാൻ നോക്കി. പല്ലി താഴെ വീണു. പച്ചപ്പശുവിനെ പിടിക്കാൻ കഴിഞ്ഞില്ല. അതു പറന്നു പോയി.
 താഴെ വീണ പല്ലിക്ക്‌ ഓടി ചുമരിൽ കയറാൻ കഴിഞ്ഞില്ല. പല്ലി വീണു കിടക്കുന്നത്‌ കുറിഞ്ഞിപ്പൂച്ച കണ്ടു. പൂച്ച പല്ലിയെ പിടിക്കാൻ ചെന്നു. പൂച്ചയെ കണ്ടപ്പോൾ പല്ലി പേടിച്ചു വിറച്ചു. പൂച്ചയുടെ വായിൽ നിന്ന്‌ രക്ഷപ്പെടാൻ പല്ലി ഒരു ബുദ്ധി ഉപയോഗിച്ചു. പല്ലി കരഞ്ഞു കൊണ്ടു പറഞ്ഞു.
"പൂച്ചമ്മേ, പൂച്ചമ്മേ, എന്നെ കൊല്ലരുത്‌
എനിക്ക്‌ പന്നിപ്പനി പിടിപ്പെട്ടിരിക്കുകയാണ്‌
ഞാൻ പട്ടിവൈദ്യന്റെ അടുത്തുപോകുകയാണ്‌"
"അതിന്‌ നീ എന്തിനാണ്‌ ഇവിടെ ഇറങ്ങിയത്‌? എനിക്കും പന്നിപ്പനി പകർത്താനോ?" പൂച്ച ചോദിച്ചു.
 ഞാൻ ഒരു പച്ചപ്പശിവിനെ പിടിക്കാൻ ചാടിയപ്പോൾ താഴെ വീണു പോയതാണ്‌. എന്നെ തിന്നാൽ പൂച്ചമ്മക്ക്‌ പന്നിപ്പന്നി വറൂം. ഞാൻ ഒരു പാവം പല്ലിക്കുഞ്ഞാണ്‌ എന്നെ കൊല്ലരുത്‌." പല്ലി കേണപേക്ഷിച്ചു.
പല്ലി എന്തു പറഞ്ഞിട്ടും പൂച്ചയുടെ മനസ്സു മാറിയില്ല. പൂച്ച ചോദിച്ചു: "പച്ചപ്പശു നിനക്ക്‌ എന്തു ദ്രോഹം ചെയ്തിട്ടാണ്‌ അതിനെ പിടിക്കാൻ ചെന്നത്‌? അതൊരു പാവമല്ലേ? നിന്റെ സുഖത്തിനു വേണ്ടി ആ പാവത്തിനെ കൊല്ലാം അല്ലേ? ഇത്‌ എന്തു ന്യായമാണ്‌? കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ അല്ലേ? ആ വാദഗതി ശരിയല്ല. എന്റെ ജോലിയാണ്‌ പല്ലിയേയും പാറ്റയേയും എലിയേയും നിഗ്രഹിക്കുക എന്നത്‌. അതിനുവേണ്ടിയാണ്‌ മനുഷ്യർ എന്നെ വളർത്തുന്നത്‌. ഞാൻ എന്റെ കടമ നിർവ്വഹിക്കട്ടെ. നീ മരിക്കാൻ തയ്യാറായി കൊള്ളുക. ഞാൻ നിന്നെ കൊല്ലാൻ പോകുകയാണ്‌.
അയ്യോ! എന്നെ കൊല്ലല്ലേ. ഞാൻ പൂച്ചമ്മക്ക്‌ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ? എന്ന്‌ പറഞ്ഞ്‌ പല്ലി കരഞ്ഞു.
"നിനക്ക്‌ എന്തു ദ്രോഹം ചെയ്തിട്ടാണ്‌ പച്ചപ്പശുവിനെ നീ കൊല്ലാൻ പോയത്‌?" പൂച്ചമ്മ ചോദിച്ചു.
പല്ലിക്ക്‌ മറുപടി ഉണ്ടായില്ല.
പൂച്ച പറഞ്ഞു:"ഇവിടെ മേശയുടെ മുകളിൽ പല്ലിക്കാട്ടം കാണുമ്പോൾ വീട്ടമ്മ എന്നെയാണ്‌ വഴക്കു പറയുന്നത്‌. ഈ പൂച്ച പല്ലിയെ പിടിക്കാത്തതെന്താ? എന്നു ചോദിക്കും. ഏതായാലും നീ കാരണം എനിക്ക്‌ വഴക്കു കേൾക്കാൻ കഴിയില്ല. ഞാൻ നിന്നെ കൊല്ലാൻ പോകുകയാണ്‌. എന്നു പറഞ്ഞ്‌ പൂച്ച ചാടി പല്ലിയെ പിടിച്ചു.
അയ്യോ എനിക്ക്‌ പന്നിപ്പനിയാണ്‌ എന്നെ വിട്‌. പനി പകരും - പല്ലി പറഞ്ഞു.
"എനിക്ക്‌ പനി പകർന്നാലും വേണ്ടില്ല എന്റെ ജോലി നിർവ്വഹിക്കാതെ നിവർത്തിയില്ല. നിന്നെ കൊല്ലാൻ പോകുകയാണ്‌" എന്നു പറഞ്ഞ്‌ പൂച്ച പല്ലിയെ ചാടിപ്പിടിച്ചു.
കൊല്ലുന്നവനെ കൊല്ലാൻ മറ്റൊരാൾ ഉണ്ടെന്നുള്ള കാര്യം അപ്പോൾ പല്ലി ഓർത്തു.