Tuesday 13 September 2011

മഴക്കാലത്ത് മരിച്ചുപോയവള്‍ക്ക്

                        
             
ബഷീര്‍ മേച്ചേരി

എന്റെ ഉച്ചമയക്കം നിറയെ
മഴ.....!
ജലക്രീഡക്കുശേഷം
കൈകളില്‍
ഓരോ താമരപ്പൂവുമായി
മഴക്കാലത്ത് മരിച്ചുപോയ
പെണ്‍കുട്ടികള്‍
പടവുകള്‍ കയറിവരുന്നു....!

നിന്റെ മുഖം കണ്ണാടിച്ചില്ലിനപ്പുറം.നീ ഏതു ഹേമന്തമാണു സ്വപ്നം
കാണുന്നത്?
നിന്റെ കണ്ണുകള്‍ പ്രത്യാശയുടെ ഏതു പച്ചിലക്കാട്ടിലേക്കാണു കൂര്‍പ്പിക്കുന്നത് ?
നനഞ്ഞ നിന്റെ മിഴികളിലൂടെ കുട്ടിക്കാലത്തിന്റെ
ഒരു കുന്നിന്‍പുറം.പട്ടംപറത്തിയോടുന്ന

കുട്ടികള്‍.മഴവില്ലുവിടര്‍ന്ന ആകാശം.മഞ്ഞക്കിളികള്‍ ചിറകടിക്കുന്ന വേപ്പുമരങ്ങള്‍....     
നദിയുടെ കണ്ണുനീരുമായി ആദ്യപ്രഭാതം.  പിന്നെ മരണത്തിന്റെ പ്രഭാതങ്ങള്‍...... കുന്നിനും പച്ചമണ്ണിനും മഞ്ഞക്കിളികള്‍ക്കും
നിന്റെ തണുപ്പിന്റെ തീവ്രതയറിയാം
 ആഴിയുടെ അഗാധതകളിലെ മല്‍സ്യക്കുരുന്നുകള്‍
ചിക്കിച്ചിനക്കിക്കളിക്കുന്നതോ ,സഹയാത്രക്കൊരുങ്ങുന്നതോ
എന്താണു ഏതാണു നീ ഉറ്റുനോക്കുന്നത്..?
-ഇവിടെയൊരു ശൈത്യകൂടാരമുണ്ട്;അകത്തൊരാള്‍.
 ചുറ്റും   നനഞ്ഞ ഇലകള്‍ കുമിഞ്ഞുകൂടുന്നു.തത്തകളുടെ വിലാപസ്വരങ്ങള്‍   കാറ്റിനും മഴനൂലുകള്‍ക്കുമപ്പുറത്തുനിന്നു     കേള്‍ക്കാം.കുന്നിന്‍ചെരുവില്‍ അവരിറങ്ങിയിട്ടുണ്ട്;കറുത്തവേടന്മാര്‍...!.
  തത്തകളെ കൊല്ലരുതേ.........