Tuesday 13 September 2011

വേട്ടക്കാരെന്റെ മാനിഫെസ്റ്റോ




 രാംമോഹൻ പാലിയത്ത്

വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം... മാനം തെളിയുന്ന ഈ മാസങ്ങളാണ് കേരളത്തില്‍ ടൂറിസത്തിന്റെയും നിലാവിന്റെയുമെന്നപോലെ നക്ഷത്രനിരീക്ഷണത്തിന്റെയും സീസണ്‍. സാധാരണയായി അങ്ങനെ ഒരു കാലത്തും മഴക്കാറുണ്ടാവില്ലെങ്കിലും നാട്ടിന്‍പുറം ഇല്ലാ‍ത്തതും രാത്രിയെ പകലാക്കുന്ന വൈദ്യുതവെളിച്ചങ്ങളും കാരണം ദുബായില്‍ നക്ഷത്രനിരീക്ഷണത്തിന് സ്കോപ്പ് കുറവാണ്. ഒരു നല്ല ടെലസ്കോപ്പ് ഇപ്പോഴും വിഷ്-ലിസ്റ്റില്‍ത്തന്നെ ഉറച്ചുപോയതിനാല്‍ ആ വഴിയും നോക്കാന്‍ വയ്യ. പിന്നെ നോക്കാവുന്നത് ഓര്‍മകളിലെ ആകാശങ്ങളിലേയ്ക്കാണ്. ('ബര്‍' മാസങ്ങളില്‍ സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍, ആയിരമായിരം നക്ഷത്രക്കണ്ണുകളുമായി നോക്കി വിസ്മയിപ്പിച്ച ആകാശം). 'എന്നു പറഞ്ഞ് കീഴടങ്ങാന്‍ വരട്ടെ' എന്ന് ആശ്വസിപ്പിക്കാന്‍ അതാ വീണ്ടും ഉദിച്ചിരിക്കുന്നു ഓറിയോണ്‍. ഓറിയോണ്‍ ദ ഹണ്ടര്‍.

ഉണ്ടിരുന്നത് റേഷന്‍ പച്ചരിയുടെ ചോറായിരുന്നെങ്കിലും സവര്‍ണഹൈന്ദവ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് കുട്ടിക്കാലത്ത് ഓറിയോണിനെ ഒരു വേട്ടക്കാരനായി അറിഞ്ഞിരുന്നില്ല, പകരം ഒരേ നിരയില്‍ തുല്യ അകലം പാലിച്ച് കിടക്കുന്ന ആ മൂന്ന് നക്ഷത്രങ്ങളെ 'ത്രിമൂര്‍ത്തികള്‍' എന്നു വിളിച്ചു.


ദുബായിലും കേരളത്തിലും സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ ഓറിയോണ്‍ ഉദിക്കുന്ന കാലം ഇതാ വീണ്ടും വന്നിരിക്കുന്നു. നാഗരികതയുടെ കടുംവെളിച്ചങ്ങളില്‍ മുങ്ങിപ്പോകാതെ, നഗ്നനേത്രങ്ങള്‍ക്കു തന്നെ വെളിപ്പെട്ടു തരുന്നു ആ വേട്ടക്കാരന്‍ (പിന്നാലെ അവന്റെ വേട്ടനായ്ക്കളും). ഫാര്‍ ഈസ്റ്റിലേയും അമേരിക്കയിലേയും യൂറോപ്പിലെയും സ്ഥിതിയെന്ത്? ഇവിടെ, സന്ധ്യ കഴിയുമ്പോള്‍, കിഴക്കേ ചെരിവില്‍ ചിത്രത്തില്‍ കാണുന്നതുപോലെ ഏത് കുഞ്ഞിനും അങ്ങേരെ തിരിച്ചറിയാനാവും. അതെ, ഓറിയോണില്‍ത്തന്നെയാണ് നക്ഷത്രനിരീക്ഷണത്തിന്റെ ABC കുറിയ്ക്കേണ്ടത്.


1989-ല്‍, എമ്മേ കഴിഞ്ഞ് എറണാകുളത്തെ ഒരു പാരലല്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന കാലത്താണ് എന്നെ നക്ഷത്രനിരീക്ഷണത്തിലേയ്ക്ക് ആഭിചാരം ചെയ്ത 'ഓറിയോണ്‍' എന്ന ആ ചെറിയ കഥ കലാകൌമുദിയില്‍ പ്രത്യക്ഷപ്പെട്ടത്. അയ്മനം ജോണിന്റെ ആ കഥ ഇതാ:


ഓറിയോണ്‍


ഓറിയോണ്‍ എന്റെ ദൈവമാകുകയാണോ?


ദൈവങ്ങളില്ലാത്ത ബാല്യകാലത്ത്, ഓറിയോണ്‍ എന്റെ കളിക്കൂട്ടുകാരനായിരുന്നു. ആകാശത്തിലെ ആ നായാട്ടുകാരനോടൊപ്പം ഞാനും ഭൂമിയിലെ കൊച്ചുകാടുകള്‍ക്കിടയ്ക്ക്, ഉന്നമില്ലാത്ത ഒരു വേട്ടക്കാരനായി നടക്കാറുണ്ടായിരുന്നു.


അന്നൊക്കെ, വളരെ ദൂരെയായി തോന്നിച്ചിരുന്ന ഒരയല്‍നാട്ടില്‍ നിന്ന് വാഴവിത്തുകള്‍ നിറച്ച വള്ളത്തില്‍ വലിയപ്പച്ചന്റെ സഹായിയായി സവാരി നടത്തിയ ഒരു രാത്രിയിലാണ് ആകാശത്തിലെ വെള്ളിലക്കാട്ടില്‍ ഒളിച്ചു നില്‍ക്കുന്ന ആ നായാട്ടുകാരനെ അപ്പച്ചന്‍ എനിക്ക് കാട്ടിത്തന്നത്... അവന്റെ അമ്പ് നീണ്ടിടം തെക്ക്... എങ്കില്‍ കിഴക്കേത്? പടിഞ്ഞാറേത്? പുഴ പോകുന്നിടം പടിഞ്ഞാറ് എന്ന പ്രമാണത്തോട് ഒത്തുനോക്കിയിട്ട് വലിയപ്പച്ചന് ഉത്തരം കൊടുത്തു. പിന്നെ, ഓറിയോണിനെത്തന്നെ നോക്കി നോക്കിക്കിടക്കവെ, ഓളങ്ങളുടെ താരാട്ടില്‍ ഉറങ്ങിപ്പോയിരിക്കും.


അല്ലെങ്കില്‍ത്തന്നെ, ആകാശം എനിക്ക് ദു:ഖങ്ങള്‍ക്കക്കരെയുള്ള ഒരു തണല്‍ക്കാടായിരുന്നു. നോവുന്ന മനസ്സിന് ആകാശത്തുനിന്ന് എന്തൊക്കെയോ സാന്ത്വനസന്ദേശങ്ങള്‍ കിട്ടാറുണ്ടായിരുന്നു. നായാട്ടുകാരനുമായുള്ള ചങ്ങാത്തത്താല്‍ ആകാശം എന്നിലേയ്ക്ക് പിന്നെയും അടുത്തു.


അക്കരെപ്പറമ്പിലെ വിളഞ്ഞ വാഴക്കുലകള്‍ക്ക് കാവല്‍ കിടന്ന വലിയപ്പച്ചന് അത്താഴത്തിന്റെ പങ്ക് എത്തിച്ചിട്ട്, യക്ഷിക്കഥകള്‍ പറഞ്ഞ് ഓടിനടക്കുന്ന കാറ്റുകളുള്ള കുന്നിന്മേല്‍ക്കാവിലെ മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ... കരിയിലക്കൂനകളില്‍ ഈനാമ്പേച്ചികള്‍ പാത്ത് കിടന്ന വെളിമ്പറമ്പുകളിലൂടെ... വീട്ടിലേയ്ക്ക് മടങ്ങുന്ന സന്ധ്യകളില്‍ അമ്പേന്തിയ ആ നായാട്ടുകാരന്‍ എന്റെ മുമ്പേ നടക്കുമായിരുന്നു. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വേറൊരു ഉന്നമില്ലാത്ത നായാട്ടുകാരനായിരുന്നു, കാലം...


അങ്ങിനെ നടക്കവെ ഒരു നാള്‍ ഹാരി മില്ലര്‍ എന്ന സായിപ്പ് എന്നോട് പറഞ്ഞു: ഓറിയോണിന്റെ തോളെല്ലുകളില്‍ നിന്ന് പ്രവഹിച്ച്, നാം ഭൂവാസികളുടെ കണ്ണില്‍ ഇന്ന് വീഴുന്ന രശ്മികള്‍, അക്ബര്‍ ചക്രവര്‍ത്തി ജനിക്കും മുമ്പ് ആകാശത്തു നിന്ന് അവയുടെ യാത്ര തുടങ്ങിയാതാണെന്ന്... ആ നായാട്ടുകാരന്റെ പ്രതീകകല്‍പ്പനകള്‍ക്കാധാരമായ നക്ഷത്രങ്ങള്‍ പലതും പണ്ടേ പൊലിഞ്ഞു കഴിഞ്ഞവയാകാമത്രേ!


തന്റെ വങ്കന്‍ ചിരിയുടെ മുഴക്കത്താല്‍, ആ അറിവിന്റെ അന്ധാളിപ്പ് ശമിപ്പിക്കുവാ‍ന്‍ ഒരു പക്ഷേ വലിയപ്പച്ചന് കഴിയുമായിരുന്നു. പക്ഷേ വലിയപ്പച്ചനും അതിനകം, പൊലിഞ്ഞു കഴിഞ്ഞ ഒരു നരജന്മമായി മാറിക്കഴിഞ്ഞിരുന്നു. (പണ്ട് ഒഴുകിപ്പോയ ഒരു പുഴയില്‍, തന്റെ പഴയ വള്ളത്തിന്റെ അമരത്തിരുന്ന് ഓറിയോണിലേയ്ക്ക് വിരല്‍ചൂണ്ടുന്ന ഒരു കറുത്ത നിഴലായി... നിഴലായി... നിഴലായി...)


കളിക്കൂട്ടുകാരില്‍ നിന്നൊറ്റപ്പെട്ടപ്പോള്‍ കുട്ടിക്കാലവും സുഖമുള്ള സ്വപ്നങ്ങള്‍ക്കൊടുവില്‍ യൌവ്വനവും നഷ്ടപ്പെട്ട്... ഒറ്റപ്പെടലുകളുടെ പരമ്പരയായി ജീവിതം തുടരവെ... ദിനവൃത്താന്തങ്ങളുടെ വിരസതയും ഖേദവും തീര്‍ക്കുവാന്‍ സന്ധ്യാകാശത്തേയ്ക്ക് ദൃഷ്ടികളുയര്‍ത്തുമ്പോള്‍... പണ്ട്... പണ്ട് നിന്ന് ആ നായാട്ടുകാരന്‍ എന്നെത്തന്നെ നോക്കി, അയഥാര്‍ത്ഥമായ കണ്ണുകള്‍ അടച്ചുതുറക്കുന്നു... ഒന്നുമില്ല... ഒന്നുമില്ല... ഒന്നിലും ഒന്നുമില്ല...


ഓറിയോണ്‍ എന്റെ ദൈവമായി മാറിക്കൊണ്ടിരിക്കുന്നു.