Tuesday 13 September 2011

കുരീപ്പുഴ ശ്രീകുമാറുമായി അഭിമുഖം






കുരീപ്പുഴ ശ്രീകുമാറുമായി അഭിമുഖം
മണർകാട്‌ ശശികുമാർ
കുരീപ്പുഴ ശ്രീകുമാർ
മലയാളത്തിന്റെ പ്രിയപ്പെട്ട കവ കുരീപ്പുഴ ശ്രീകുമാറിനൊപ്പം കവിതയും പാട്ടും പെയ്തുകുളിച്ച എത്രയെത്ര അനുഭവങ്ങൾ. എന്നാൽ, ഒരഭിമുഖത്തിന്റെ ആവശ്യം വന്നപ്പോൾ രണ്ടുപകളും ഒരു രാത്രിയും ഒന്നിച്ചു കഴിഞ്ഞിട്ടും പറ്റിയില്ലെന്നത്‌ മറ്റൊരു വാസ്തവം. ഒടുവിൽ ശ്രീകുമാർ തന്നെ അതിനൊരുവഴിയുണ്ടാക്കി. ടെലിഫോണിലൂടെ ഒരഭിമുഖം നടത്താമെന്നായി.
ഞാൻ ശ്രീകുമാറിനെ ടെലിഫോണിൽ വിളിച്ചു
വാക്കുകൾക്കൊപ്പം മനക്ക്യാമറയും ചലിച്ചു തുടങ്ങി.
'ശ്രീകുമാറാ...' കവിയുടെ പതിവുമറുപടി.
നമുക്കങ്ങു തുടങ്ങിയാലോ
ശരി, തുടങ്ങാം. വൈകിക്കേണ്ട ശശികുമാർ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിക്കോ'


 വിദ്യാർത്ഥി ആയിരുന്ന ശ്രീകുമാറിൽ അച്ഛനുമമ്മയും ഒരു ഡോക്ടറെ കണ്ടിരുന്നു. പക്ഷെ,കവി തന്നെ ആകണമെന്ന മോഹം ഒരു ശാഠ്യമായിത്തന്നെ വളർന്നെന്നു കരുതാം. അതിന്റെ പൂർത്തീകരണം ജന്മത്തിന്റെ സവിശേഷതയുമാകാം. അച്ഛനമ്മമാരുടെ ആഗ്രഹത്തിനു ബദലായി സ്വയം കലഹിക്കുകയുമായിരുന്നിരിക്കാം. അവർ വെളിയിലേക്ക്‌ ജോലിക്കായി പോകുമ്പോൾ കുട്ടികളായ നിങ്ങളെ മുറിയിലിട്ടു പൂട്ടേണ്ട ഗതികേട്‌ വന്നിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്‌. ഏതൊരച്ഛനും ആഗ്രഹമില്ലാതെ ചെയ്തു പോകുന്ന പ്രവർത്തിയാണിത്‌. കുട്ടികളുടെ സെക്യൂരിറ്റിയാണ്‌ അതിന്റെ പ്രധാന കാര്യമെങ്കിലും അത്‌ കുഞ്ഞുങ്ങളെ മാനസികമായി വ്രണപ്പെടുത്തും എന്നുള്ളതിൽ തർക്കമില്ല.

 വെളിയിലലഞ്ഞ യുവത്വത്തിന്‌ ഇതൊരു കാരണമായിട്ടുണ്ടോ? അതോ താങ്കളുടെ കലുഷമായ മനസ്സിന്റെ പ്രകാശത്തിലേയ്ക്കുള്ള വെളിപാടായിരുന്നോ? അല്ലെങ്കിൽ ഉന്നംതെറ്റിയ അകൽച്ചകളായിരുന്നോ? 


വീണ വിൽപനക്കാരൻ എന്ന കവിതയിൽ അതിന്റെ സൂചനകളില്ലേ?
 മനഃശ്ശാസ്ത്രപരമായി ഈ നിരീക്ഷണം ശരിയായിരിക്കാം എന്നാൽ എന്റെ അലച്ചിലുകൾക്ക്‌ കാരണം ഏക്കാളത്തും ബാധിച്ചിരുന്ന അസ്വാസ്ഥ്യങ്ങളാണ്‌. ഈ അസ്വാസ്ഥ്യങ്ങൾ സാമൂഹ്യപരിവർത്തനം, പ്രണയം, സ്വപ്നങ്ങൾ തുടങ്ങിയവ എനിക്കു തന്നതാണ്‌. കവിതയുടെ കാരണമായിത്തീർന്നതും ഈ അസ്വസ്ഥതയാണ്‌. അസ്വസ്ഥപ്രദേശത്തുനിന്നും കവിതയുടെ തടാകക്കരയിലേക്ക്‌ യാത്ര ചെയ്യാൻ ഞാൻ ശ്രമിച്ചു. പരാജയപ്പെട്ടു. ഓരോ കവിതയും ഓരോ തോൽവിയുടെ അടയാളങ്ങളാണ്‌.


 മുത്തച്ഛൻ ഭഗവദ്ഗീത മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്തെന്ന്‌ കേട്ടിട്ടുണ്ട്‌. പാരമ്പര്യത്തിന്റെ ഒരു ജ്യാമിതീഡൈവിംഗായി ശ്രീകുമാർ എന്ന കവിയുടെ ഉദയത്തെ കാണാമോ?

 ശാസ്ത്രമാണ്‌ അതിന്‌ മറുപടി പറയേണ്ടത്‌. എന്റെ നിരീക്ഷണത്തിൽ കവിത ഒരു പാരമ്പര്യകോശം ആകണമെന്നില്ല. പുതിയ കാലത്തേയും യോജിക്കാൻ കഴിയാത്ത സാംസ്കാരിക ദുർവാസനകളേയും നേരിടുമ്പോൾ നമ്മുടെ മനസ്സ്‌ കൂടുതൽ കൂടുതൽ അസ്വസ്ഥമാകുകയും പാരമ്പര്യത്തെ നിരാകരിച്ചുകൊണ്ട്‌ കവിതയുടെ അഗ്നിക്കുപ്പായങ്ങൾ എടുത്ത്‌ അണിയുകയും ചെയ്യും.

അച്ഛനമ്മമാരുടെ കാർക്കശ്യത്തിന്റെ മൂക്കുകയർ പൊട്ടിക്കാൻ വെമ്പുന്ന ഒരു കാലമാണ്‌ യുവത്വം പലർക്കും എന്നു വേണമെങ്കിൽ പറയാം. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതികരിച്ചും ചില സാമൂഹ്യഇടപെടലുകൾ നടത്തിയതും ഈകാലത്താണ്‌. കവിത അകനെഞ്ചെരിച്ചതും വരണ്ട ഉപ്പുപരലുകളായി കവിളിൽ പറ്റിപ്പിടിച്ചതും നിലാത്തലോടലായതും അഗ്നിയായി കത്തിപ്പടർന്നതും യൗവ്വനത്തിൽ തന്നെയാണ്‌. അത്‌ പൂർണ്ണമായും വെളിപ്പെടുത്തുന്നതാണ്‌ 'കവിതയിങ്ങനെ' എന്ന ആദ്യകാല കവിത. ശ്രുതിഭേദം ചെയ്ത മൗനസംഗീതത്തിന്റെ ഇടർച്ചകളായിരുന്നോ, ചുറ്റുവട്ടത്തുനിന്നും കരളിലേയ്ക്ക്‌ കരഞ്ഞുകയറിയ നോവക്ഷരങ്ങളുടെ വേവൊഴുക്കുകളായിരുന്നോ സങ്കടക്കൈലേസിൽ കവിത പൊതിഞ്ഞു കെട്ടാനുള്ള കാരണം?
 ഈ ചോദ്യം അസാധാരണമായ കാവ്യസാന്നിദ്ധ്യം ഉള്ളതാണ്‌. എന്തായാലും ചെറുപ്പം ചെറുത്തുനിൽപുകളുടെ ഒരു കാലം കൂടിയാണ്‌. കവിത അയാൾക്ക്‌ അപ്പോൾ കവചവും പരിചയും ആയി മാറും.

കവിത ചൊല്ലാനുള്ളതാണെന്ന്‌ ഒരിക്കൽ പറഞ്ഞു. വായനയിലും ചൊല്ലലിലും എന്താണ്‌ വ്യത്യാസം കാണുന്നത്‌?
 ചൊല്ലുമ്പോൾ കവിതയുടെ ഉദ്ഭവകാലത്തേയ്ക്ക്‌ സഞ്ചരിക്കുകയും കലർപ്പില്ലാത്ത അനുഭൂതികളിൽ പ്രവേശിക്കുകയും ചെയ്യുന്നു. അച്ചടിയിൽ ഈ സഞ്ചാരവും പ്രവേശനവും പരിമിതിയുടെ കാൽനടയായേ സാധിക്കൂ. വായനയേക്കാൾ ശക്തമായ ഒരു ഗ്രാഹ്യരീതിയാണു ചൊല്ലൽ.

വ്യക്തികളെ പ്രകീർത്തിച്ച്‌ അല്ലെങ്കിൽ അധികരിച്ച്‌ കവിത എഴുതുന്ന സ്വഭാവം ശ്രീകുമാറിന്‌ നന്നെ കുറവാണ്‌. ഇടപ്പള്ളിക്ക്‌ ഒരു മാനസഗീതം, കൈലാസൻ എന്നീ കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്‌. സമൂഹത്തിനെ ബോധ്യപ്പെടുത്തേണ്ടതായ വാസ്തവസംസ്കാരത്തിന്റെ ഗുണപാഠങ്ങൾക്കായി ഒരു ഹ്രസ്വജീവിതം മുഴുവൻ എരിച്ചുതീർത്തത്താണോ കൈലാസൻ എന്ന കവിതയിലേയ്ക്കുള്ള പ്രവേശ കാരണം. അതോ സൗഹൃദമോ?
 കൈലാസൻ സാധാരണ സൗഹൃദത്തിനപ്പുറമുള്ള ഒരു സവിശേഷ വ്യക്തിത്വം ആയിരുന്നു. മനുഷ്യനെക്കുറിച്ചും മതരാഹിത്യത്തെക്കുറിച്ചും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച കൈലാസന്‌ കൈലാസത്തോളം ഉയരവും കാൽ വിരലോളം വിനയവും ഉണ്ടായിരുന്നു. ഇടപ്പള്ളിയെപ്പോലെ കൈലാസനും ഹ്രസ്വജീവിതത്തിലൂടെയാണ്‌ നമ്മോടു സംസാരിച്ചതു. ഈ രണ്ടു പ്രതിഭകളും എന്നെ വേട്ടയാടിയതിന്റെ ഫലമാണ്‌ ആ കവിതകൾ.

കേരളത്തിലെ കോളേജുകളുടെ ഭിത്തികളിൽ ജസ്സി എന്ന കവിതയുടെ ഏതെങ്കിലും വരികൾ പ്രണയസ്വാസ്ഥ്യമായോ അസ്വാസ്ഥ്യമായോ പറ്റിപ്പിടിച്ചു കിടപ്പുണ്ടാവും. അത്‌ ആ കാലത്തിന്റെ പ്രത്യേകത കൊണ്ടല്ല എന്ന്‌ അടിവരയിടുന്നതാണ്‌ ഇന്നും ആ കവിത തന്നെ വേദികളിൽ ചൊല്ലാൻ ആവശ്യപ്പെടുന്നതിന്റെ പിൻബലം. ഇതൊരു വാസ്തവമെന്നിരിക്കെ, താങ്കൾക്കെന്താണ്‌ തോന്നുന്നത്‌?
 എനിക്ക്‌ അത്ഭുതം തോന്നിയിട്ടുണ്ട്‌. ജസ്സിയേക്കാളും പ്രായം കുറഞ്ഞ തലമുറ ഈ കവിത ആവശ്യപ്പെടുന്നത്‌ ജസ്സി അവരുടേതായതുകൊണ്ടാവാം. അതെ, ജസ്സി അവരുടെ കവിതയാണ്‌. എല്ലാ മാധ്യമങ്ങളും തിരസ്കരിച്ചിട്ടും ജസ്സിക്ക്‌ ജീവൻ കൊടുത്തത്തവരാണ്‌.

ഇതുവരെ ഏകദേശം എത്രവേദികളിൽ കവിത ചൊല്ലിയിട്ടുണ്ടാവും?
 അതിന്റെ കണക്കുസൂക്ഷിച്ചിട്ടില്ല. എന്റെ ഓർമ്മയിലുള്ള ഏറ്റവും സഫലമായ കവിത ചൊല്ലൽ കോഴിക്കോട്‌ ബസ്റ്റാന്റിലെ അന്ധഗായകനായ മഞ്ചേരി അസീസിനു വേണ്ടി വീണ വിൽപനക്കാരൻ ചൊല്ലിയതാണ്‌. മറ്റൊരവിസ്മരണീയ മുഹൂർത്തം ചെങ്ങറ സമരഭൂമിയിലെ പതിനായിരത്തിലധികം വരുന്ന ഭൂരഹിതരോട്‌ കീഴാളൻ ചൊല്ലിയതാണ്‌. പിന്നെയൊരോർമ്മ, കന്യാകുമാരിയിലെ കടലോരത്തിരുന്ന്‌ ഒരു സുഹൃത്തിനുവേണ്ടി കരഞ്ഞുകൊണ്ട്‌ ജസ്സി' ചൊല്ലിയതാണ്‌.

കവിതയുടെ കാഴ്ചപ്പെരുമയിൽ മനസ്സുതുളുമ്പി നിൽക്കുമ്പോൾ നാളിതുവരെ തന്നോടൊപ്പം കണ്ണിരുളാതിരിക്കാൻ ചൂട്ടുകറ്റ തെളിയിച്ച്‌ ഒപ്പം നിന്ന കൂട്ടുകാരിക്ക്‌ എത്ര കൂലിയാൽ സ്വപ്നമളന്നുകൊടുക്കും?
 കൂട്ടുകാരിയേക്കാൾ മുൻപുകൂടിയതാണ്‌ എനിക്കു കവിത. ജസ്സിയും മറ്റും പിറന്നതിനുശേഷമാണ്‌ സൂഷമ എന്റെ ജീവിതത്തിന്‌ നിറസാന്നിദ്ധ്യമായത്‌. എന്റെ സ്വപ്നങ്ങൾ മാത്രമല്ല ദുഃഖങ്ങളും സുഷമയ്ക്ക്‌ അവകാശപ്പെട്ടതാണ്‌. അതുപോലെത്തന്നെ എന്റെ വായനക്കാർക്കും.

പകൽകാളയെന്ന കവിത അവസാനിക്കുന്നതിങ്ങനെയാണ്‌;
'വാക്കെന്നൊടുക്കത്തെയായുധം
വാക്കിൻകുഴൽ
നിന്റെനേർക്കുചൂണ്ടുന്നുഞ്ഞാൻ'
ഈ വരികൾ പൂർണ്ണമായും അന്വർത്ഥമാകുന്നത്‌ പിന്നീടുള്ള കവിതകളിലാണ്‌. ഖേദപൂർവ്വം അതിന്റെ ഒന്നാമങ്കമായിരുന്നോ?
 അങ്ങനെ ഞാനാലോചിച്ചിട്ടില്ല.

ജസ്സി, ആത്മഹത്യാമുനമ്പ്‌, രാഹുലൻ ഉറങ്ങുന്നില്ല, ചാർവാകൻ, കീഴാളൻ, മനുഷ്യപ്രദർശനം, കറുത്ത നട്ടുച്ച, ഗദ്ദൂർ തുടങ്ങി പല കവിതകളും മീറ്റിംഗുകളിൽ പലരും എന്നോട്‌ ചൊല്ലാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. അങ്ങനെ സാധാരണ ജനങ്ങളിൽ ശ്രീകുമാറിന്റെ കവിത കൺതുറന്നു നിൽക്കുമ്പോൾ പ്രധാന മാധ്യമങ്ങൾ ചിലപ്പോളൊക്കെ കണ്ണടയ്ക്കുന്നുമുണ്ട്‌. ഈ തമസ്കരണം പഴയതുപോലെ ഇല്ലെങ്കിലും താങ്കളുടെ അഭിപ്രായമെന്താണ്‌?
 മാധ്യമങ്ങൾ എന്റെ മാനസിക നിലയെ സ്പർശിക്കാറില്ല. ഒരു മാധ്യമവും ഒരു നിരൂപകനും ഒരു പത്രാധിപനും മലയാള കവിതയുടെ അവസാന വാക്കും അല്ല.

മാതൃഭൂമി വാരികയിൽ വന്ന നീണ്ട അഭിമുഖവും ഒന്നാംപുറം പേജിലെ പടവും തലക്കെട്ടും ഉണ്ടാക്കിയ പ്രതികരണങ്ങളിൽ നിന്നും മലയാളിയെ എങ്ങനെ വേർതിരിക്കാം?
 സഭ്യേതരമായി പ്രതികരിക്കുന്ന വിശ്വാസികൾ എന്നും സ്നേഹത്തോടെ പ്രതികരിക്കുന്ന അവിശ്വാസികൾ എന്നും തിരിക്കാമെന്ന്‌ പലപ്പോഴും കൗതുകത്തോടെ ഞാൻ ഓർത്തിട്ടുണ്ട്‌. മൃദുവായി പ്രതികരിച്ച വിശ്വാസികളേക്കാൾ സഭ്യേതരമായി പ്രതികരിച്ച വിശ്വാസികളായിരുന്നു കൂടുതൽ. എന്നാൽ ഒരു അവിശ്വാസിപോലും ഉന്നതസാംസ്കാരിക നിലവാരം വിട്ട്‌ പ്രതികരിച്ചില്ല. ഈ പ്രതികരണം എനിക്കു തന്ന പാഠം അന്ധവിശ്വാസത്തേക്കാൾ മഹത്തരമാണ്‌ അവിശ്വാസം എന്നതാണ്‌.

ശ്രീകുമാർ എന്ന വ്യക്തി ആരാണ്‌?
 ഒരുപിടിയും കിട്ടിയിട്ടില്ല. എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്‌. ഞാൻ സ്നേഹത്തിന്റെ കൂടാരത്തിലെ ഒരു അഭയാർത്ഥി ആണ്‌ എന്നാണ്‌.

കവിത തന്ന പരുക്കുകൾക്കപ്പുറമാണ്‌ അതുതന്നെ മുത്തങ്ങൾ അല്ലേ; എങ്ങനെ കാണുന്നു?
 ഉണ്ട്‌ പലപ്പോളും അങ്ങനെ തോന്നിയിട്ടുണ്ട്‌. പരുക്കുകൾ പുരട്ടിയ സ്നേഹമരുന്നായി കവിത പ്രവർത്തിച്ചിട്ടുണ്ട്‌.

പുതിയ കവിതയെപ്പറ്റി എന്താണ്‌ പറയാനുള്ളത്‌? പുതിയ കവികളിലുള്ള പ്രതീക്ഷയോ?
 വളരെ കൂടുതലാണ്‌. മലയാളത്തിലെ പുതിയ കവിത വളരെ സജീവമാണ്‌. പുതിയ കുട്ടികൾ കവിതയുടെ ഉഷ്ണഭൂമിയിൽ അലഞ്ഞുതിരിയുന്നത്‌, ഞാൻ കാണുന്നുണ്ട്‌. പ്രത്യേകിച്ചും പുതിയ കാലത്തെ പെൺകവിത സ്വത്വബോധത്തിന്റെ പതാകകൾ എല്ലാ താഴ്‌വരകളിലും ഉയർത്തുന്നത്‌ ഞാൻ കാണുന്നുണ്ട്‌.

 മതി. ശശികുമാറെ,ഇതുതന്നെ ധാരാളം.
ഞാനും അവസാനിപ്പിച്ചു. പിന്നെയും ചോദ്യങ്ങൾ ബാക്കി. നഗ്നകവിത, യുവസാഹിത്യകാരന്മാരുടെ സെക്യുലർ ക്യാമ്പുകൾ അങ്ങനെ പലതും. ശ്രീകുമാറിന്റെ ഏകമകൻ അച്ചു എന്നു വിളിക്കുന്ന 'നേശിൽ ശ്രീകുമാറിനെ'പ്പറ്റി ചോദിക്കാൻ വിട്ടുപോയി. ഏതായാലും ബാക്കിയായ ചോദ്യങ്ങളും ഉത്തരങ്ങളും മറ്റൊരു ഇന്റർവ്യൂവിലേയ്ക്ക്‌ മാറ്റിവയ്ക്കാം.