Tuesday 13 September 2011

ഈര്‍ച്ച, ഈര്‍ച്ചവാള്‍, ആപ്പ്, ഈര്‍ച്ചക്കാരന്‍, ഈര്‍ച്ച മില്‍‍...


 ചിത്രകാരൻ

ഈര്‍ച്ചപ്പണിയെടുക്കുന്ന തൊഴിലാളികളെ വീരാധനയോടെ നോക്കിക്കണ്ടിരുന്ന കാലമുണ്ടായിരുന്നു. (35 വര്‍ഷം മുന്‍പ്)ചെറുതും, വലുതുമായ ഈര്‍ച്ച വാളുകളുമായി, പ്രത്യേകം കെട്ടിയുയര്‍ത്തിയ പ്ലാറ്റ്ഫോമുകള്‍ക്കു മുകളിലും താഴേയുമായി നിന്ന് വലിയ മരത്തടികള്‍ പലകകളായും ഉരുപ്പടികളായും അളവുതെറ്റാതെ ഈര്‍ന്നെടുക്കുന്ന വിദ്യ നല്ലൊരു കാഴ്ച്ചതന്നെയായിരുന്നു .

മരത്തടികള്‍ പലകകളാക്കുംബോള്‍ ഈര്‍ച്ചവാള്‍ ജാമാകാതെ സൂക്ഷിക്കാന്‍ മരത്തിന്റെ വിടവില്‍ ആപ്പ് വക്കുന്ന പരിപാടി ഇപ്പോഴും കാര്‍ട്ടൂണുകളിലും ഹാസ്യകഥകളിലുമൊക്കെയായി അപൂര്‍വ്വമായെങ്കിലും ഉപയോഗിച്ചു കാണുന്നുണ്ട്.

കുട്ടിക്കാലത്ത് ഈര്‍ച്ചമില്ലുകളില്‍ നിന്നും ഈര്‍ച്ചപ്പൊടി (ഒരു കുട്ടിച്ചാക്കു നിറയെ ഈര്‍ച്ചപ്പൊടി -മരപ്പൊടി-ലഭിക്കാന്‍ വില 25 പൈസ) വാങ്ങാന്‍ അതിരാവിലെ പരിസരത്തെ കുട്ടികളുമായി തിക്കി തിരക്കി ക്യൂ നിന്നിരുന്നത് ഇന്നു രാവിലെ അയല്‍പ്പക്കത്തെ പറമ്പില്‍ ഈര്‍ച്ചപ്പണി നടക്കുന്നതു കണ്ടപ്പോള്‍ ഓര്‍മ്മയിലേക്ക് ഓടിയെത്തി :)

ഈര്‍ച്ചപ്പൊടി പ്രത്യേകമായ വൃത്താകൃതിയിലുള്ള ഇരുംബുകൊണ്ടുള്ള അടുപ്പില്‍ ടൈറ്റാക്കി നിറച്ച് ഉമിയില്‍ തീയിടുന്നതുപോലെ നീറി നീറി അല്‍പ്പാല്‍പ്പമായി കത്തിക്കുന്ന പതിവുണ്ടായിരുന്നു അന്ന്. ഒരു ദിവസത്തെ പാചകമെല്ലാം ഒരൊറ്റ ഈര്‍ച്ചപ്പൊടി അടുപ്പുകൊണ്ട് സാധിക്കും.

ഈര്‍ച്ച, ഈര്‍ച്ച മില്‍, ഈര്‍ച്ചവാള്‍, ആപ്പ്, ഈര്‍ച്ചക്കാരന്‍ തുടങ്ങിയ വാക്കുകള്‍ തുടച്ചുമിനുക്കി വക്കാന്‍ ഓര്‍മ്മിപ്പിച്ച ഈര്‍ച്ചക്കാര്‍ക്കു നന്ദി.