Tuesday 13 September 2011

ബാപ്പ


 

 

 

 

ബി.ഷിഹാബ്



സാന്ത്വനസ്പര്‍ശമായ് നില്‍ക്കും ബാപ്പ
കൂരയില്‍ നിത്യ ശൂന്യത കുടി വച്ച്
തിരിച്ചു വരാത്ത യാത്ര പോയിട്ട്
ഓര്‍മ്മയില്‍ പതിറ്റാണ്ടിന്റെ പെരുക്കം.

എങ്കിലുമിന്നൊരു കൊതി
ബാപ്പയെയൊന്നു കണ്ടെങ്കില്‍
സമയ ദൂരത്തിന്റെ വ്യാപ്തി ഒരു നാള്‍ എന്നെയും
കടന്ന് തിരിഞു നോക്കാതെ പോകും.
ഒന്നോര്‍ത്താല്‍ നാമേവരുമാവഴിയ്ക്കുള്ള യാത്രയില്‍.

ഏതോ കയ്യില്‍ സുരക്ഷിതനെങ്കിലും
സര്‍വ്വചരാചരങളും യാത്രയില്‍
എനിക്കൊപ്പം നടക്കുന്നുവെങ്കിലും
ഒറ്റയ്ക്കെന്ന മിഥ്യാബോധം ഞടുക്കുന്നിടയ്ക്കിടെ.

പിന്‍വിളികള്‍ നൂറ് നൂറുണ്ടെങ്കിലും
തിരിഞു നില്‍ക്കുവാനാര്‍ക്കുമാവില്ലല്ലൊ?
യാത്രയിലിപ്പോള്‍
കൂടെ കൂടിയ ശ്വാവും
ഞാനും മാത്രം.

ഇനി ഒരിക്കലും കാണില്ലെന്നും;
ഒന്നു കണ്ടെങ്കിലെന്നും മനസ്സ്.

നിത്യതയുണ്ടോ?
നിത്യതയില്‍ കാണുമോ?
സമയ സ്ഥല ബോധം
മനസ്സില്‍ ഉറച്ചതില്‍ പിന്നെ
സനാതനചിന്തകള്‍
ജ്വലിച്ചതില്‍ പിന്നെ
സാന്ത്വനിപ്പിക്കുന്നു നിത്യതാബോധം.

ഖിയ്യാമം നാളുണ്ടോ?
മൌത്തില്‍ മലക്ക് അസ്രായില്‍
സൂറെന്ന കാഹളത്തില്‍
ഊതുന്ന നാള്‍ വരെ
കാത്തിരിയ്ക്കാം ഞാന്‍

പുതിയ ജന്മങളുണ്ടോ?
വര്‍ണ്ണലതകളില്‍
'സല്‍പുഷ്പ"ങളായ്
സരോവരങളില്‍
വര്‍ണ്ണമരാളങളായ്
പുതിയ ജന്മങളില്‍
ഒരുമിച്ച് പിറവി ഉണ്ടാകുമോ?

ജ്ഞാനതീരത്തെത്താത്തൊരു
തീര്‍ത്ഥാടകന്‍ ഞാന്‍
ഒന്നിനുമൊരു രൂപവുമില്ല
ചിന്തകള്‍
കൂട്ടിമുട്ടാതെ
സ്വപ്നങള്‍ സ്വപ്നങളായ്.





--