Tuesday 13 September 2011

നിരാകാരന്റെ ചിരി




പ്രേംജി


ഓത്തുപള്ളിയ്ക്ക്‌ വെളിയിൽ വെയിൽകാഞ്ഞുകിടന്ന നാസറുദ്ദേ‍ീൻ മുല്ലയെക്കണ്ടതും അള്ളാപ്പിച്ച മൊല്ലാക്കയ്ക്ക്‌ പെരുവിരൽത്തുമ്പുവരേയ്ക്കും കലി കയറി.
'പള്ളീക്കേറാത്ത വെലാല്‌'
മൊല്ലാക്ക പിറുപിറുത്തുകൊണ്ട്‌ നടന്നകലുന്നതുകണ്ട്‌, കുഞ്ഞാമിനയും അപ്പുക്കിളിയും ഓത്തുപള്ളി വിട്ടിറങ്ങി മുല്ലയെ തട്ടിയുണർത്തി. പ്രഭാതത്തിലെ സുഖനിദ്രയ്ക്ക്‌ ഭംഗം സംഭവിച്ചുവേങ്കിലും കിളിയുടെ നിഷ്കളങ്കമായ മുഖം കണ്ടതും മുല്ലയ്ക്കെന്തോ അതിയായ സന്തോഷം തോന്നി.
'മുള്ളോ, ഓട്‌ കദ പദഞ്ഞുതാ', കിളി ചിണുങ്ങാൻ തുടങ്ങി...
'എന്താ ക്ലിയേ, അനക്ക്‌ സുഖാ? മുല്ല ആരാഞ്ഞു...
കിളി അവന്റെ വലിയ തല കുലുക്കിക്കൊണ്ട്‌ ചേറ്‌ നിറഞ്ഞ പല്ലുകാട്ടിച്ചിരിച്ചു.
'കുഞ്ഞാമിനേ, മൊല്ലാക്കാണ്‌ ഇന്നത്തെ വെള്ളേപ്പോം കറീം അന്റെ വകയാ? മുല്ലകിളി പറഞ്ഞു.
'മുല്ലാ, ഒരു കത പറഞ്ഞ്‌ താ, കുഞ്ഞാമിന മുല്ലയ്ക്ക്‌ സ്വസ്ഥത നിഷേധിച്ചു.
'എന്തു കഥയാ അനക്ക്‌ വേണ്ടത്‌? ഹോജരാജാവിന്റെയോ? ബദരീങ്ങളുടെയാ? റബ്ബുൽ ആലമീനായ തമ്പുരാന്റെയാ?'
'അതൊന്നും ബേണ്ട'
പിന്നെ?
'ജന്നത്തിന്റെ കത പറയീൻ'
'മുള്ളോ, കദ പദയീൻ...'കിളി വീണ്ടും ചിണുങ്ങി...
'ജന്നത്തെന്നുവച്ചാൽ എന്താ?'
കിളി വാ പൊളിച്ചു.
'സുവർക്കം', കുഞ്ഞാമിന തന്റെ ശബ്ദകോശം തുറന്നു...
'മിടുക്കി, സുവർക്കമല്ല സ്വർഗ്ഗം' മുല്ല കഥ തുടങ്ങി. 'പണ്ട്‌ പണ്ട്‌ പണ്ട്‌ റബ്ബുൽ ആലമീനായ തമ്പുരാൻ സ്വർഗ്ഗം പടയ്ക്കാനായി അഞ്ച്‌ തരം മുത്തുകളെടുത്തു. എന്നിട്ടെല്ലാംകൂടി തുടക്കവും ഒടുക്കവുമില്ലാത്ത ഒരു നൂലിൽക്കോർത്തിട്ടു...ഒന്നാമത്തെത്തരം മുത്തിന്റെ പേരെന്താന്നറിയാമോ?'
ഇല്ലെന്ന്‌ ഇരുവരും തലയാട്ടി അറിയിച്ചു.
'ഒന്നാം മുത്തിന്റെ പേര്‌ സത്യം', മുല്ല പറഞ്ഞു.
'സത്യന്നൊരു മുത്തോ?' കുഞ്ഞാമിന കയർത്തു...
കിളിക്കൊന്നും തിരിഞ്ഞില്ല. മുല്ലയ്ക്ക്‌ വല്ലായ്മ തോന്നിയെങ്കിലും കഥ നിറുത്തിയില്ല...
'രണ്ടാം മുത്തിന്റെ പേര്‌ സമത്വം...' മുല്ല തുടർന്നു.
'സമത്തമെന്നാലെന്താത്‌? കുഞ്ഞാമിന നിഷ്കളങ്കമായി ചോദിച്ചു.
'അതോ, നീയും ഈ ക്ലിയും ഞാനും തുമ്പീം തേരട്ടേം എല്ലാം പടച്ചോന്റെ മുന്നിൽ ഒന്നാ'
'ഇതൊരു പൊട്ടക്കതയാ', കുഞ്ഞാമിന കയർത്തുകൊണ്ട്‌ ഓത്തുപള്ളിയിലേയ്ക്ക്‌ മടങ്ങി. മുല്ല വിഷണ്ണനായി.
'കഥ തുടരുക മുല്ലാ,' കിളി വ്യക്തമായിപ്പറഞ്ഞു.
മുല്ലയ്ക്ക്‌ അദ്ഭുതമൊന്നും തോന്നിയില്ല.
'മൂന്നാം മുത്ത്‌ സാഹോദര്യം...നാലാം മുത്ത്‌ സഹിഷ്ണുത...' മുല്ല ഒരു നിമിഷം ശ്വാസം കിട്ടാതെ പിടഞ്ഞു. 
'അഞ്ചാം മുത്ത്‌ സമാധാനം' കിളി പൂരിപ്പിച്ചു.
മുല്ലയ്ക്ക്‌ സന്തോഷംകൊണ്ട്‌ തന്റെ ഹൃദയം വലിഞ്ഞുപൊട്ടുമോയെന്ന്‌ സംശയം തോന്നി.
'തുടക്കവും ഒടുക്കവുമില്ലാത്ത ആ നൂലിന്റെ പേരെന്താ? മുല്ല ചോദിച്ചു.
'സ്നേഹം' കിളി പറഞ്ഞു. 
'ഇനിപ്പറയൂ, ആ സ്വർഗ്ഗത്തിന്റെ പേരെന്താ കിളിയേ?'
മുല്ലയും കിളിയും ഒരു നിമിഷം പരസ്പരം കണ്ണുകളിലേക്ക്‌ നോക്കിയിരുന്നു.
'ഇസ്ലാം'കിളി മൊഴിഞ്ഞു.
തന്റെ എല്ലാ അലച്ചിലുകളും സാർത്ഥകമാകുന്നതിന്റെ ആനന്ദത്തിൽ മുല്ല ആകാശത്തേയ്ക്ക്‌ കണ്ണുകളുയർത്തി... പടച്ചോനേ... എല്ലാ വേദനകളും നിനക്കുള്ളതാകുന്നു...എല്ലാം നീയാകുന്നു...
'വെലാലെ നീയീ വിഡ്ഢീന്റൊപ്പം ചുറ്റിത്തിരിയാ...' കാരപ്പൊന്തക്കാട്ടിൽ നിന്നും മടങ്ങിയെത്തിയ അള്ളാപ്പിച്ച മൊല്ലാക്ക കിളിയുടെ ചെവി തിരിച്ച്‌ പൊന്നാക്കി. അയാളുടെ ക്രോധത്തിന്റെ കനലിൽ നാസറുദ്ദേ‍ീൻ മുല്ലയുടെ ദേഹം ചുട്ടുപൊള്ളാൻ തുടങ്ങി.
മൊല്ലാക്കയുടെ വിരൽത്തുമ്പിൽ ചെവിയർപ്പിച്ച്‌ ഓത്തുപള്ളിയിലേക്ക്‌ മടങ്ങുമ്പോൾ കിളി തിരിഞ്ഞുനോക്കി. മുല്ലയുടെയും കിളിയുടെയും കണ്ണുകൾ വേദനയ്ക്കിടയിലും കൂട്ടിമുട്ടി. അവരുടെ ചുണ്ടുകളിൽ  അലൗകികമായൊരു പുഞ്ചിരി വിടർന്നു. നിരാകാരന്റെ ചിരി.