Tuesday 13 September 2011

കേരളത്തിലെ ചില പ്രധാന നഗരങ്ങളുടെ സ്കാനിംഗ്‌ റിപ്പോർട്ടുകൾ



\

മണർകാട്‌ ശശികുമാർ


തിരുവനന്ദപുരം
വൻകുടലിൽ പീത്തവിരകൾ
കടിച്ചുതൂങ്ങിയ സർക്കാർ ഉത്തരവുകൾ
കൊല്ലം
കിഡ്ണിക്കുപകരം സായിപ്പിന്റെ
നിറവും ച്ചറവുമുള്ള കശുവണ്ടി.
പത്തനംതിട്ട
പടയണിപ്പാട്ടുപാടുന്ന കവിയുടെ
തിരഞ്ഞെടുപ്പു ചിഹ്നമുള്ള കുറത്തിക്കാസറ്റ്‌
ചെവിച്ചെണ്ടയിൽ കരീലാഞ്ചിക്കാടിളക്കുന്നു.
കോട്ടയം
ഡുവോഡിനത്തിൽ മാംസളമായ
അക്ഷരവടിവിൽ ചുവന്ന റബ്ബർബാന്റ്‌,
അഗ്നേയഗ്രന്ഥിയിൽ മൽബറിപ്പഴങ്ങൾ.
ഇടുക്കി
കാട്ടുരാജാവിന്റെ സെറിബെല്ലത്തിൽ
കഞ്ചാവുതൈകളുടെ വിശാല നഴ്സറി.
ആലപ്പുഴ
തൊണ്ടു ചീഞ്ഞ മനസ്സുമായി
വഞ്ചിപ്പാട്ടുകേട്ടു കുണുങ്ങുന്ന
പുന്നമടപ്പെണ്ണിന്റെ ശ്വാസകോശം
നിറയെ ആഫ്രിക്കൻ പായൽ.
എറണാകുളം
ജന്മജന്മാന്തരസുകൃതത്തിന്റെ
റിഫൈനറിയിലേയ്ക്ക്‌
എണ്ണക്കുഴലുകൾ
തൃശൂർ
ഹൃദയത്തിന്റെ ഇടത്തെ വേൺട്രിക്കിളിൽ
കവിതയുടെ ഉണങ്ങാത്ത കുറ്റികൾ
പാലക്കാട്‌
അണ്ഡാശയത്തിൽ മുളയിട്ടനെൽവിത്തുകൾ
അപ്പന്റിക്സിൽ വരണ്ട പാറക്കെട്ടുകൾ
മലപ്പുറം
വലതുവശത്തുവരേണ്ട ആന്തരാവയവങ്ങൾ
ഇടതു ഭാഗത്ത്‌
കോഴിക്കോട്‌
ചാലിയാർ പുഴയുടെ കറുപ്പുള്ള ഗന്ധർവ്വന്റെ
കരളിനുപകരം കറുത്ത ഹൽവ്വ.
മാനന്തവാടി
മൂത്രാശയത്തിൽ മുദ്രവച്ച
സുഗന്ധദ്രവ്യങ്ങൾ.
കണ്ണൂർ
ഗിരിവർഗ്ഗക്കാരിപ്പെണ്ണിന്റെ കാട്ടുപാട്ടു
കുടുങ്ങിയ തൊണ്ടയിൽ ചോറപ്പുണ്ണ്‌.
കാസർഗോഡ്‌
ആമാശയത്തിൽ ആടിത്തളർന്ന
നാഗകാളിത്തെയ്യം.