Tuesday 13 September 2011

സ്നേഹത്തെ തിരിച്ചു പിടിക്കുക




സുധാകരൻ ചന്തവിള

സേ​‍്നഹത്തിന്റെ കുറവ്‌ സമൂഹത്തിലും കുടുംബത്തിലും ഒരുപോലെ അനുഭവപ്പെടുന്ന കാലമാണിത്‌. പരസ്പര വിശ്വാസമില്ലാത്ത സഹോദരങ്ങളും അച്ഛനമ്മമാരും ഭാര്യാഭർത്താക്കന്മാരും നമ്മുടെ ചുറ്റുവട്ടത്ത്‌ സർവ്വസാധാരണമാണ്‌. കമ്പോള സംസ്കാരത്തിന്റെ വരവോടെ സ്നേഹവും കമ്പോളത്തിൽ ലഭിക്കുന്ന  ഒരു വസ്തുവായി മാറി.
'വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ'-എന്ന കവി വാക്യംപോലെ സ്നേഹത്തിലധിഷ്ഠിതമായ ജീവിതത്തിനു മാത്രമേ ആഴത്തിൽ അടുക്കാനും അൽപമൊക്കെ അകളാണും കഴിയൂ. ഓരോ മനുഷ്യനും ഓരോ ശരീരവും മനസ്സും പ്രകൃതിയുമാണ്‌. തമ്മിൽ അടുക്കാവുന്നതും പങ്കുവയ്ക്കാവുന്നതുമായ വിഷയങ്ങളിൽ ഒത്തുതീർപ്പ്‌ ചെയ്യുകയാണ്‌ പലരും പലപ്പോഴും ചെയ്യുന്നത്‌.

കുടുംബം എന്ന സങ്കൽപം പൂർവ്വനിശ്ചയപ്രകാരം ഉണ്ടാക്കപ്പെടുന്ന ഒരു സംവിധാനമായി നിലനിൽക്കുന്നു. ഇങ്ങനെയാകണം, അങ്ങനെയാകണം എന്നൊക്കെ പലരും പറഞ്ഞുപഠിപ്പിച്ച ഒരു പാഠപുസ്തകംപോലെ അത്‌ മുമ്പിൽ ഉണ്ട്‌. അതിലൊരു പാഠഭേദം വരുത്തിയാൽ എന്തോ സംഭവിച്ചു എന്ന തോന്നൽ ഉണ്ടാകുന്നു. പല ചടങ്ങുകളും സംവിധാനങ്ങളും കാലഹരണപ്പെട്ടതാണെങ്കിലും നല്ല ചില അംശങ്ങളും ഈ മുൻവിധികളിൽ ഉണ്ടെന്നു കാണാം. എങ്കിലും ആർക്കോവേണ്ടി ജീവിക്കുക എന്ന അവസ്ഥ അന്തസ്സുള്ള, അഭിമാനമുള്ള ഒരാൾക്ക്‌ സാധ്യമല്ല. ഏതു ജീവിതത്തിനും സ്വന്തമായൊരർത്ഥവും ഇടവും നേടാൻ കഴിയുമ്പോഴാണ്‌  ജീവിതം സന്തോഷനിർഭരമാകുന്നത്‌. അല്ലാതെ
'കരുതുവതിഹ ചെയ്യ വയ്യ ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാവിചാരം
പരമഹിതമറിഞ്ഞുകൂടായുസ്‌-സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം' എന്നപോലെയാകരുത്‌. ആഗ്രഹിച്ചതു ചെയ്യാൻ കഴിയാതെയും വരുതി ലഭിച്ചതു ചെയ്യാൻ മനസ്സനുവദിക്കാതെയുമുള്ള അവസ്ഥ എല്ലാവരുടെ ജീവിതത്തിലും കുറെയൊക്കെ ഉണ്ടാകാം. ആയുസ്ഥിരതയില്ലാത്ത അതിനിന്ദ്യമായ ഈ ജീവിതം പരമമായ സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നു. സ്വാതന്ത്ര്യമാണ്‌ മനുഷ്യമനസ്സിന്റെ, ജീവിതത്തിന്റെ ഏറ്റവും വലിയ സാക്ഷാത്കാരം എന്നാണ്‌ ഈ ശ്ലോകത്തിലൂടെ കുമാരനാശാനും പറയാൻ ശ്രമിച്ചതു.


 ഒരാളിന്റെ ജീവിതം എന്ന്‌ ആരംഭിക്കുന്നു എന്ന്‌ കൃത്യമായി പറയാൻ കഴിയില്ല. എങ്കിലും വിവാഹബന്ധത്തോടു കൂടി ജീവിതം ആരംഭിക്കുന്നതായി പൊതുവെ പറഞ്ഞുവരുന്നു. വിവാഹം അപ്രതീക്ഷിതമല്ല. വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പ്‌ സ്ത്രീപുരുഷന്മാരിൽ രൂപപ്പെട്ടുവരുന്നത്‌ യൗവ്വനാരംഭത്തോടെയാണല്ലോ? ഇങ്ങനെ ഊടുംപാവും വച്ചുവളരുന്ന, ജീവിതസ്വപ്നങ്ങൾ പൂവണിയുന്ന മുഹൂർത്തമായി വിവാഹം മാറുന്നു. നമ്മുടെ പരമ്പരാഗത കീഴ്‌വഴക്കങ്ങൾ അനുസരിച്ച്‌ വിവാഹജീവിതം മുതൽ പരസ്പരം പരിചയപ്പെട്ടുവരുന്ന  ദമ്പതിമാരെയാണ്‌ കണ്ടുവരുന്നതെങ്കിൽ, ഇന്ന്‌ സ്ഥിതി ഏറെ മാറി. അവരവർക്ക്‌ ഇഷ്ടപ്പെട്ട  വധൂവരന്മാരെ യഥേഷ്ടം തിരഞ്ഞെടുക്കാൻ സാധിക്കുന്നു. ആയതിനാൽ സ്ത്രീയും പുരുഷനും തമ്മിൽ മുൻകൂട്ടി അറിഞ്ഞും കേട്ടും ജീവിതത്തെ നിർമ്മിക്കാൻ ശ്രമിക്കുന്നു. എന്നിട്ടും ജീവിതത്തിൽ സ്നേഹരാഹിത്യം കൊണ്ടുള്ള വഴക്കും  വേർപിരിയലുകളും സംഭവിക്കുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹബന്ധത്തിൽ സംഭവിക്കുന്നതിനെക്കാൾ എത്രയോ  ഇരട്ടി  പ്രശ്നങ്ങൾ പ്രേമവിവാഹ ദാമ്പത്യത്തിൽ സംഭവിക്കുന്നു.

 ഓരോ ദമ്പതിമാരുടെയിടയിലും  പ്രശ്നങ്ങൾ വ്യത്യസ്തമാകാം.  എങ്കിലും പ്രധാനമായി കണ്ടുവരുന്നത്‌, വിശ്വാസമില്ലായ്മയും പരസ്പര സംശയവുമാണ്‌. ഇതിനുകാരണം, ഇവർ ആത്മാർത്ഥമായി സ്നേഹിക്കുന്നില്ല എന്നതാണ്‌. ഉണ്ടെങ്കിൽ തന്നെ  സ്നേഹിക്കാൻ വേണ്ടി, അല്ലെങ്കിൽ ഒരുമിച്ചു ജീവിക്കാൻ വേണ്ടി മാത്രം സ്നേഹിക്കുന്നു എന്നതാകാം. സാമ്പത്തികവും വിദ്യാഭ്യാസപരവും  തൊഴിൽപരവും ലൈംഗികപരവുമായ വിഷയങ്ങൾ ഇവയിൽ ഉൾച്ചേർന്നിരിക്കുന്നു. ഒരർത്ഥത്തിൽ ലൈംഗികതയാണ്‌ ജീവിതത്തിന്റെ അടിത്തറയെന്ന ഫ്രോയിഡിയൻ ചിന്ത കുടുംബബന്ധത്തെ എപ്പോഴും നയിക്കുന്ന ഘടകമാണെന്ന്‌ സമ്മതിച്ചേ പറ്റൂ. പ്രായബോധം, സൗന്ദര്യബോധം, അനുഭൂതി, ആസക്തി, വിഷാദം  ഇങ്ങനെ പലതും ബാധകമാകുന്നു. ഏറെ പ്രായം കൂടിയ പുരുഷനെ വിവാഹം കഴിക്കേണ്ടിവരുന്ന സ്ത്രീ, തുല്യ പ്രായക്കാരായി വിവാഹം ചെയ്യുന്ന ദമ്പതിമാർ ഇങ്ങനെ ജൈവപരമായ വ്യത്യാസങ്ങൾക്കപ്പുറത്ത്‌  ചിലതുകൂടി ഉണ്ടെന്നു കാണാം.  ഇണയെ തൃപ്തിപ്പെടുത്താനറിയാത്ത പുരുഷൻ, പുരുഷനെ ലൈംഗികകാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കാത്ത സ്ത്രീ, കുട്ടികളുണ്ടായിക്കഴിഞ്ഞാൽ ലൈംഗിക കാര്യങ്ങൾ അനാവശ്യമാണെന്നു വിശ്വസിക്കുന്ന സ്ത്രീ, മുൻകൂട്ടിയുറപ്പിച്ച സമയത്തുമാത്രം ഭാര്യയെ പ്രാപിക്കണമെന്ന്‌ കരുതുന്ന ഭർത്താവ്‌, ഇതൊക്കെ  ഇന്നത്തെ കുടുംബങ്ങളിൽ ധാരാളമുണ്ടെങ്കിലും പലരും പുറത്തു പറയാതെ ജീവിക്കുകയാണ്‌. അദമ്യമായ ജീവിതരതിയും ആഴമേറിയ ലൈംഗിക തൃഷ്ണയും പേറി നടക്കുന്നവരാണ്‌ കേരളത്തിലെ ദമ്പതിമാരിൽ അധികവുമെന്ന്‌ കാണാൻ കഴിയും.


സ്ത്രീപുരുഷ തുല്യത പറഞ്ഞു നടക്കുന്ന ഇക്കാലത്ത്‌ തുല്യത എന്നത്‌ പൂർണ്ണമായി നടപ്പിലാക്കാൻ കഴിയില്ലെന്ന്‌ ഏവർക്കും അറിയാം. കുടുംബത്തെ മനോഹരവും ഭാവനാപൂർണ്ണവുമാക്കുന്നതിൽ പുരുഷനെക്കാൾ പങ്ക്‌ സ്ത്രീ ഏറ്റെടുത്തേ മതിയാവൂ. പരസ്പരം  മനസ്സിലാക്കാനും  ഉൾക്കൊള്ളാനുമുള്ള പാടവമാണ്‌ ഇരുപക്ഷവും  ആർജ്ജിക്കേണ്ടത്‌. വാക്കിലും നോക്കിലും സാമീപ്യസമ്പർക്കാദികളിലെല്ലാം ഒരുപോലെ ശ്രദ്ധിക്കേണ്ട ദാമ്പത്യം മനസ്സുകൾകൊണ്ട്‌  അകലുകയും ശരീരങ്ങൾ കൊണ്ട്‌ അടുക്കുകയും ചെയ്യുന്നതാകരുത്‌.
പരസ്പരം ക്ഷമിക്കാനും സഹിക്കാനുമുള്ള മനസ്സ്‌ ഉത്തമ ദാമ്പത്യത്തിന്‌  അത്യാവശ്യമാണ്‌. സഹധർമ്മിണി, ക്ഷമ, ധര, ധരിത്രി എന്നിങ്ങനെയുള്ള ഭൂമിയുടെ പര്യായങ്ങൾ സ്ത്രീക്കും ചേർന്നതാണ്‌.


ഇതിനർത്ഥം പുരുഷന്റെ ആട്ടും തുപ്പും സഹിച്ചു കിടക്കണമെന്നല്ല. പണത്തിനും പ്രതാപത്തിനും പ്രഭുത്വത്തിനും അപ്പുറമാണ്‌ ജീവിതമെന്ന്‌ സ്നേഹം കൊണ്ട്‌  തിരിച്ചറിയണം. അഹങ്കാരം, അൽപത്വം  അവകാശത്തിന്മേലുള്ള ധിക്കാരം ഇവ മാറ്റിവയ്ക്കണം. കുട്ടികളിൽ വളരെ ചെറുപ്പം മുതലേ സ്നേഹാദിവികാരങ്ങൾ വളർത്തിയെടുക്കാൻ അച്ഛനമ്മമാർ ശ്രദ്ധിക്കണം. ഓരോ പ്രായത്തിലും കുട്ടികൾ അറിയേണ്ടത്‌  അറിയാനും അറിയിക്കാനും  ശ്രമിക്കണം. ലൈംഗികത പാപമല്ലെന്നും ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും  ബോധ്യപ്പെടുത്തണം.


സംസ്കാരത്തെയും സാഹിത്യത്തെയും മാനവികതയെയും സ്പർശിക്കുന്ന ചിന്തകളിലേക്കും വായനയിലേക്കും  നയിക്കാനുള്ള ദിശാബോധമുള്ള വിദ്യാഭ്യാസം വഴി കുട്ടികളിൽ നന്മയുടെ സ്നേഹമൂല്യങ്ങൾ സൃഷ്ടിച്ചെടുക്കാം. എങ്കിൽ ആത്മഹത്യകൾപോലുള്ള വലിയ വിപത്തുകളിൽ നിന്നും സമൂഹത്തെ ഒരളവോളം പിടിച്ചുനിർത്താൻ കഴിയും.