Tuesday 15 November 2011

മണികിലുക്കം

മണികിലുക്കം
ശ്രീജിത്ത് മൂത്തേടത്ത്
 ഊയ്യോണ്റ്റമ്മേ രക്ഷിക്കണേ... മഠത്തും പറമ്പ്‌ കുമാരന്‍ മണ്ടുകയാണ്‌. പ്രാണനും ഇറുക്കിപ്പിടിച്ച്‌. തിരിഞ്ഞ്നോക്കാതെ. അയാളുടെ ഓട്ടം കണ്ടാല്‍, തന്നെ പിടിച്ച്‌ തിന്നുവാന്‍ വരുന്ന ഏതോ ഭീകരസത്വത്തില്‍ നിന്നും രക്ഷപ്പെടുവാനാണെന്ന്‌ തോന്നും. പാതി ഇരുട്ട്‌ പുരണ്ടുതുടങ്ങിയ നാട്ടിടവഴിയിലൂടെ റേഷന്‍കടയില്‍ നിന്നും വാങ്ങിയ പഞ്ചസാരപ്പൊതിയും ശ്വാസവും ഇറുക്കിപ്പിടിച്ച്‌ അയാള്‍ വെളിയാറ താഴക്കുനിയിലൂടെ നടന്നു വരികയായിരുന്നു. റേഷന്‍ കടയില്‍ നിന്നും വരുമ്പോള്‍ എളുപ്പവഴിയാണത്‌. കാളി, കൂളികളുടെ സഞ്ചാരമുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നതിനാല്‍ വെളിയാറ താഴക്കുനി സന്ധ്യയോടടുത്താല്‍ വിജനമാണ്‌. 
പൊടുന്നനെ പിന്നില്‍ നിന്നും മണികിലുക്കം കേട്ട്‌ ഞെട്ടിത്തിരിഞ്ഞ്‌ നോക്കിയതായിരുന്നു കുമാരന്‍. എന്തോ ചുവന്ന തുണി കൊണ്ട്‌ മൂടിയ രൂപം കണ്ടപ്പോള്‍ കൂളിയുടെ രൂപം മനസ്സില്‍ തെളിഞ്ഞ്‌ വന്നു.
നെഞ്ചോടടുക്കിപ്പിടിച്ച ശ്വാസത്തിന്‍ പിടിവിട്ട്‌ പഞ്ചസാരപ്പൊതി സമീപത്തെ ആണിക്കുഴിയിലേക്ക്‌ വലിച്ചെറിഞ്ഞ്‌ അയാള്‍ ഒരു മരണപ്പാച്ചില്‍ പാഞ്ഞു. ഈ സമയം കുമാരണ്റ്റെ ഓട്ടം കണ്ടിട്ടോ, ഇനി മറ്റെന്തെങ്കിലും കണ്ടിട്ടോ എന്നറിയില്ല വെളിയാറക്കുന്നുമ്മല്‍ ബാലണ്റ്റെ മൂരിക്കുട്ടനും ബ്രാ യെന്ന്‌ നിലവിളിച്ച്‌ ഓട്ടം പടിച്ചിരുന്നു. കറവയുണ്ടായിരുന്ന പശുവിനെ കറന്ന്‌, കന്നുകുട്ടിയെ ബാക്കി പാല്‍ കുടിക്കാന്‍ തള്ളയുടെ അടുത്തുവിട്ട്‌, ബാലണ്റ്റെ ഭാര്യ മാത, താന്‍ പറിച്ച്‌ കൊണ്ട്‌ വച്ചിരുന്ന പച്ചപ്പുല്ല്‌ പശുവിന്നിട്ട്‌ കൊടുത്ത്‌, മുതുകത്തു പറക്കുന്ന ഈച്ചകളെ ആട്ടി താലോലിച്ച്‌ നില്‍ക്കുമ്പോഴാണ്‌ മൂരിക്കുട്ടന്‍ അലറിക്കൊണ്ട്‌ കുന്ന്‌ കയറി വരുന്നത്‌ കണ്ടത്‌.
ദെന്താപ്പോ പറ്റ്യത്‌ ?
ബാലേട്ടാ ങ്ങളൊന്നിങ്ങോട്ടോടി ബരീന്‍പറമ്പു പണിക്കാരനായ ബാലന്‍ അലക്കു കല്ലില്‍ കാലുരച്ച്‌ കഴുകി, ചെളികളയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭാര്യയുടെ പരിഭ്രമിച്ചുള്ള വിളി കേട്ട്‌ ഓടി വന്നു. അപ്പോഴേക്കും മൂരിക്കുട്ടന്‍ ഓടിക്കിതച്ച്‌ മുറ്റത്തു കേറിയിരുന്നു. ഇനിക്കിപ്പോ ന്താ പറ്റ്യേ വെറക്ക്ന്ന്ണ്ടല്ലോ. പരിഭ്രമിച്ചു നില്‍ക്കുന്ന മൂരിക്കിടാവിണ്റ്റെ മുതുകത്ത്‌ ബാലന്‍ തഴുകി. അപ്പോഴും അത്‌ ഭയന്നെന്ന വണ്ണം വിറക്കുന്നുണ്ടായിരുന്നു. കഴുത്തില്‍ കെട്ടിയിരുന്ന മണി ണീം.. ണീം.. ന്ന്‌ മുഴങ്ങി. മൂരിക്കുട്ടണ്റ്റെ മുതുകിനൊപ്പം ബാലണ്റ്റെ കയ്യും വിറച്ചു. ബാലന്‍ മൂരിക്കുട്ടനെ കൂടെ ആലയില്‍ കെട്ടി, പുല്ലിട്ട്‌ കൊടുത്ത്‌, കുളിക്കാന്‍ പോയി. തണ്റ്റെ മൂരിക്കുട്ടന്‍ എന്തിനാണാവ്വോ ഇങ്ങനെ പേടിച്ചോടിയതെന്ന്‌ മനസ്സിലാവാതെ മാത ഇടവഴിയിലേക്ക്‌ എത്തിനോക്കി. 
വെളിയാറകുന്നിണ്റ്റെ താഴ്‌വര വിജനമായിരുന്നു. ഇടവഴിയുടെ ഇരുവശവും ഉയര്‍ന്ന്‌ നിന്നിരുന്ന കൊള്ളിണ്റ്റെ പള്ളയില്‍ ഐരാണിപ്പൂക്കള്‍ കണ്ണ്‍ചിമ്മിത്തുടങ്ങിയിരുന്നു. മണിയൊച്ച കേട്ട്‌ തിരിഞ്ഞ്‌ നോക്കാതെ ഓടിയ കുമാരന്‍ ഇതിന്നകം മഠത്തും പറമ്പ്‌ വീട്ടിണ്റ്റെ മുറ്റത്തെത്തിയിരുന്നു.
വിയര്‍ത്ത്‌ കുളിച്ച്‌, വിറച്ചുകൊണ്ട്‌ അയാള്‍ കോലായിലുണ്ടായിരുന്ന കട്ടിലിലേക്ക്‌ വീണു. ഈയ്യോ ണ്റ്റെ കെട്ടിയോനെന്തോ പറ്റ്യേ... കുമാരണ്റ്റെ പരാക്രമം കണ്ട്‌ ജാനു അലക്കിത്തോരാനിട്ട്‌ കൊണ്ടിരുന്ന മുണ്ടും നിലത്തിട്ട്‌ ഓടി വന്നു. കുമാരന്‍ മച്ചിന്‍മുകളിലേക്ക്‌ തുറിച്ച്‌ നോക്കി കിടന്ന്‌ വിറക്കുകയാണ്‌. ജാനു നെഞ്ചത്തടിച്ച്‌ നിലവിളിക്കാന്‍ തുടങ്ങി. അയല്‍വീട്ടുകാരായ നാണുവും ഗോപാലനും ബഹളം കേട്ട്‌ ഓടിവന്നു. അവര്‍ തുള്ളിവിറക്കുന്ന കുമാരണ്റ്റെ കയ്യും കാലും പിടിച്ചുവച്ചു. അപസ്മാരം പിടിച്ചവനെ പോലെയായിരുന്നു അയാള്‍. ന്തു പറ്റി കുമാരാ, ഞ്ഞി വെറക്കാണ്ട്‌ കാര്യം പറ. കുമാരണ്റ്റെ കണ്ണുകള്‍ തുറിച്ചുതന്നെയിരുന്നു. വാ തുറന്നെങ്കിലും നാക്കു പൊങ്ങിയില്ല. നല്ല പനീണ്ട്‌. ജാന്വേ ഞ്ഞ്യൊര്‌ ശീല നനച്ചിങ്ങെട്ത്തോ. ജാനു ശീല നനച്ചു കൊണ്ടുവന്നു കുമാരണ്റ്റെ നെറ്റിയിലിട്ടു. ന്തോ കണ്ട്‌ പേടിച്ചതാ. ആന്നോ കുമാരാ ? - നാണു ചോദിച്ചു. കുമാരന്‍ അതെയെന്ന മട്ടില്‍ തലയിളക്കി. അയാളുടെ കാതുകളില്‍ മണിയൊച്ച മുഴങ്ങിക്കൊണ്ടിരുന്നു. 
കണ്ണ്‌ ചിമ്മുമ്പോള്‍ ചുവന്ന മുണ്ടു ചുറ്റി കണ്ണ്‌ തുറിച്ച്‌ രക്തമിറ്റുന്ന നാവുനീട്ടുന്ന കൂളി ഉറയുന്നു. എനിക്കാദ്യം തന്നെ തോന്നീട്ട്ണ്ട്‌, ഓന്‍ ദെവസോം വെളിയാറ താഴക്കുനീക്കൂട്യല്ലേ വര്‍വാ ആട കാളീടേം കൂളീടേം ഒക്കെ നടപ്പുള്ളതാ. ഗോപാലന്‍ പറഞ്ഞു. എത്രവട്ടം പറഞ്ഞിട്ട്ള്ളതാ ഓനോട്‌ മയിമ്പിന്‌ അയിലൂടെ വരര്‍തെന്ന്‌ ന്നിട്ടിപ്പം ന്തായി ?- കുമാരണ്റ്റെ അമ്മ മാണിക്കാമ്മ കോലായിന്‍ തുമ്പത്ത്‌ തലയില്‍ കയ്യും വച്ചിരുന്നു. ഇനീപ്പം ന്താ ചെയ്യാ ? - ജാനു കണ്ണീരു തുടച്ചു. മറ്റെന്ത്‌ ചെയ്യാനാ പൊട്ടമ്മീത്തല്‍ കണ്യാളെ കാണ്വന്നെ. ഓറിപ്പോ ആടണ്ടാവ്വോചെന്ന്വോക്ക്വാ. കണ്യാള്‌ കെടക്ക്ന്നണ്റ്റെ മുമ്പ്‌ തന്നെ പോണം. ജാന്വോ ഞ്ഞ്യാ ചൂട്ടിങ്ങോട്ടെട്ക്ക്‌. ഗോപാലന്‍ മുറ്റത്തേക്കിറങ്ങി. തൊടിയിലും ഇടവഴികളിലും ഇരുട്ടു കനത്തിരുന്നു. മണ്ണട്ടകളുടെ സംഗീതം. അന്തരീക്ഷത്തിന്നൊരാശ്വാസമെന്നപോലെ ഒരു ശീതക്കാറ്റു വീശി. ചൂട്ടില്‍ നിന്നും തീനാളങ്ങള്‍ ആളിപ്പടര്‍ന്നു. ഇരുട്ടു കട്ടപ്പിടിച്ച ഇടവഴികളിലൂടെ ഗോപാലന്‍ ചൂട്ടുവീശി മുന്നില്‍ നടന്നു. നാണുവും, ജാനുവും, പനിച്ച്‌ വിറച്ച്‌ കൊണ്ട്‌ കുമാരനും ഗോപാലനെ അനുഗമിച്ചു. വേഗം വരണേ കുമാരാ.. ഞാനിവിടെ ഒറ്റക്കാ - മാണിക്കാമ്മ കോലായിലന്‍ തുമ്പത്ത്‌ നിന്ന്‌ വിളിച്ചു പറഞ്ഞു. ഏതാണ്ടിതേ സമയം മറ്റൊരു ജാഥ വെളിയാറക്കുന്നിറങ്ങി വരുന്നുണ്ടായിരുന്നു. ജാഥാംഗങ്ങളില്‍ ചൂട്ടും പിടിച്ച്‌ മുന്നില്‍ നടക്കുന്നത്‌ ബാലന്‍ തൊട്ടു പിന്നില്‍ മാത, ഏറ്റവും പിന്നില്‍ മണികിലുക്കിക്കൊണ്ട്‌ മൂരിക്കുട്ടന്‍. മൂരിക്കുട്ടണ്റ്റെ കടിഞ്ഞാണ്‍ മാതയുടെ കയ്യില്‍. പേടിച്ചു വിറച്ച മൂരിക്കുട്ടനെ ബാലന്‍ ആലയില്‍ കെട്ടി പുല്ലിട്ട്‌ കൊടുത്തിട്ടും അത്‌ തിന്നാന്‍ കൂട്ടാക്കിയിരുന്നില്ല. നിന്നു വിറച്ചു കൊണ്ടിരുന്നു. കണിയാളെ കൊണ്ട്‌ ഒന്ന്‌ ഊതിക്കാമെന്ന നിര്‍ദ്ദേശം വച്ചത്‌ മാതയാണ്‌. ഇരു ജാഥകളും സംഗമിച്ച്‌ പൊട്ടന്‍മീത്തല്‍ തറവാടിണ്റ്റെ മുറ്റത്തെത്തുമ്പോള്‍ അച്ച്യുതക്കണിയാള്‍ തണ്റ്റെ ചുവപ്പ്‌ പട്ട്‌ മേല്‍മുണ്ട്‌ ഊരി അഴയിലിട്ട്‌ എണ്ണ പുരട്ടി കുളിമുറിയില്‍ ഭാര്യ അമ്മാളുവമ്മ വെള്ളം ചൂടാക്കി വച്ചിരുന്നു. ചൂട്ടും വീശി വരുന്ന ജാഥകണ്ട്‌ ഏതോ പിരിവുകാരാണെന്നു കരുതി കണിയാള്‍ അകത്തേക്കു വലിയാന്‍ നോക്കിയതാണ്‌.
മണികിലുക്കം കേട്ടപ്പോള്‍ കാര്യം മനസ്സിലാവാതെ നിന്നു. മുറ്റത്തു നിരന്നു നില്‍ക്കുന്ന ആളുകളെയും, മൂരിയെയും കണ്ട്‌ കണിയാള്‍ അമ്പരന്നു. അഴയില്‍ തൂങ്ങിക്കിടന്ന ചുവന്ന പട്ട്‌ കണ്ടിട്ടാണോ എന്നറിയില്ല, മൂറിക്കുട്ടന്‍ ശരോന്ന്‌ മൂത്രമൊഴിച്ചു. ചാണകവുമിട്ടു. നാണുവും, ഗോപാലനും, ബാലനും കോലായിലേക്ക്‌ കയറി. കണിയാള്‍ ഒരു വെറ്റിലയെടുത്ത്‌ ഞെട്ട്‌ കളഞ്ഞ്‌ ചുണ്ണാമ്പ്‌ തേച്ച്‌, പുകയിലയും അടക്കയും കൂട്ടി അണ്ണാക്കിലേക്ക്‌ തള്ളിവച്ച്‌ കവടി തഞ്ചിയെടുത്ത്‌ മേശപ്പുറത്തുവച്ചു. രാശിപ്പലകയിലെ ചതുരങ്ങളില്‍ കുഞ്ഞു ശംഖുകള്‍ നിറഞ്ഞു. ഗോപാലനും, ബാലനും വന്ന കാര്യം വിശദീകരിച്ചപ്പോള്‍ അച്ച്യുതക്കണിയാള്‍ കണ്ണുകളടച്ച്‌ ചിന്താധീനനായി. അന്ന്‌ വൈകുന്നേരം ആരും കാണാതിരിക്കാന്‍ തണ്റ്റെ ചുവന്ന മേല്‍മുണ്ട്‌ തലയിലിട്ട്‌ മൂടി, വെളിയാറത്താഴക്കുനിയില്‍ വയലില്‍ വീണുകിടന്ന അടക്ക പെറുക്കിയ കാര്യം മനസ്സില്‍ തെളിഞ്ഞ്‌ വന്നു. മുറുക്കാന്‍ പറ്റിയ നല്ല വണ്ണമുള്ള പഴുക്കടുക്ക വീണുകിടക്കുന്നതു കണ്ടപ്പോള്‍ മനസ്സില്‍ നുരഞ്ഞ്പൊന്തിയ ആഗ്രഹത്തെ അടക്കാന്‍ കഴിഞ്ഞില്ല. മോഷണമാണെന്ന ബോധ്യമുണ്ടായിട്ടും ആരും ആ സമയത്ത്‌ അതുവഴി വരില്ലെന്ന ധൈര്യത്തിലാണ്‌ അതിന്‌ തുനിഞ്ഞത്‌. പെട്ടന്ന്‌ ആരോ അലറിവിളിച്ച്‌ ഓടുന്നതും, മണിയൊച്ച മുഴങ്ങുന്നതും കേട്ട്‌, പേടിച്ച്‌, പെറുക്കിയ അടക്ക മുഴുവന്‍ തിരികെ നിലത്തിട്ട്‌ കാളി കൂളികളോട്‌ മാപ്പു പറഞ്ഞ്‌ ഏത്തമിട്ട്‌ വിറച്ചുനിന്ന നിമിഷങ്ങളെ ശപിച്ചുകൊണ്ട്‌ കണിയാള്‍ തലകുലുക്കി. വായിലെ കൊഴുത്ത മുറുക്കാന്‍ മുറ്റത്തേക്ക്‌ നീട്ടിത്തുപ്പിക്കൊണ്ട്‌ അയാള്‍ പറഞ്ഞു. ഊം.. മനസ്സിലായി. ന്നാലും സാരംല്ല. പരിഹാരംണ്ട്‌. - ഒരു കറുത്ത ചരട്‌ ജപിച്ച്‌ കുമാരണ്റ്റെ കയ്യില്‍ കെട്ടിക്കൊടുത്തു. ഇനി കന്നുകാലികളെ സന്ധ്യക്ക്‌ അവിടെ കെട്ടണ്ട. ആ സ്ഥലം അത്ര നന്നല്ല. മനസ്സിലായോ?മൂരിക്കുട്ടന്‍ അഴയില്‍ ഞാണ്ട്‌ കിടന്ന ചുവന്ന മുണ്ടില്‍ നോക്കി തലകുലുക്കിയപ്പോള്‍ വീണ്ടും മണികിലുങ്ങി.
കണിയാള്‍ അറിയാതൊന്നു ഞെട്ടി. അയാള്‍ മൂരിയുടെ ചെവിയില്‍ ജപിച്ചൂതി. കുമാരനും, ബാലനും നല്‍കിയ ദക്ഷിണ വാങ്ങി മുണ്ടിണ്റ്റെ കോണ്‍തലക്കല്‍ തിരുകി ഇരു സംഘത്തേയും യാത്രയാക്കി, തിരിച്ച്‌ കോലായിലേക്ക്‌ കയറി, ചാരുകസേരയില്‍ കിടന്ന്‌, നഷ്ടപ്പെട്ടു പോയ പഴുക്കടക്കകളെപ്പറ്റി ഓര്‍ക്കാതിരിക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അകലെ വഴിയിലെവിടെയോ മണികിലുങ്ങുന്നുണ്ടായിരുന്നു.