Tuesday 15 November 2011

പരേതാത്മാക്കളുടെ നഗരക്കാഴ്ചകള്‍

പരേതാത്മാക്കളുടെ നഗരക്കാഴ്ചകൾ
നോവൽ
സണ്ണി തയങ്കരി
എസ്.പി.സി.എസ്
കോട്ടയം

പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ
ആധുനിക സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളേയും തിന്‍മകളേയും ദുഷ്പ്രവണതകളേയും ശക്തിയായി എതിര്‍ക്കുന്ന തൂലികയുടെ ഉടമയാണ്‌ ശ്രീ.സണ്ണി തായങ്കരി. അതിനു തക്ക ഉജ്ജ്വലമായ, ആകര്‍ഷകമായ ഒരു ശൈലി അദ്ദേഹത്തിനുണ്ട്‌. പുതുമയും ഭാവനയും യാഥാര്‍ത്ഥ്യവുമെല്ലാം ഈ ശൈലിയെ അലങ്കരിക്കുന്നു. പരേതാത്മാക്കളായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്‌ നാലു കൂട്ടരെയാണ്‌. ൧. മന്ത്രിയാത്മാവ്‌ ൨. പൊലീസാത്മാവ്‌ ൩. വക്കീലാത്മാവ്‌ ൪. പത്രാത്മാവ്‌. ഇവര്‍ തങ്ങളുടെ ജീവിതകാലത്ത്‌ ഉണ്ടായ അനുഭവങ്ങളെ മുന്‍നിര്‍ത്തി, ജീവിച്ചിരിക്കുന്നവരോട്‌ ഇപ്രകാരം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ഭൂതപ്രേതസംബന്ധികളായ അന്ധവിശ്വാസങ്ങള്‍ക്ക്‌ അടിമകളായി മന്ത്രവും തന്ത്രവും കുതന്ത്രവും ജീവനോപാധിയായി കൊണ്ടുനടക്കുന്നവരുടെ പിറകെ നടന്ന്‌ പണവും സമയവും നഷ്ടപ്പെടുത്തരുത്‌. ജീവിതകാലം മുഴുവന്‍ തിന്‍മകള്‍മാത്രം ചെയ്തിട്ടുള്ള അവര്‍ക്ക്‌ മരണശേഷമാണ്‌ നന്‍മതിന്‍മകളുടെ തിരിച്ചറിവ്‌ ഉണ്ടാകുന്നത്‌. 
ഇതുവായിക്കുമ്പോള്‍ പഴയ ഒരു ശ്ളോകം ഓര്‍മ്മ വരുന്നു. നകൃതം സുകൃതം കിഞ്ചിത്‌ ബഹുധാ ദുഷ്കൃതം കൃതം നജാനേ, ജാനകീജാനെ യമാഹ്വാനേ കിമുത്തരം? ആജീവനാന്തം ദുഷ്കര്‍മം മാത്രം ചെയ്ത ഒരുവന്‍ മരണസമയമടുത്തപ്പോള്‍ പശ്ചാത്താപനിമഗ്നനായി ചെയ്ത ആത്മഗതമാണിത്‌. ശ്ളോകത്തിണ്റ്റെ അര്‍ത്ഥമിതാണ്‌:-ഞ്ഞാന്‍ അല്‍പംപോലും സുകൃതം ചെയ്തിട്ടില്ല, എന്നാല്‍ ധാരാളം ദുഷ്കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്‌ താനും. 
അല്ലയോ സീതാപതിയായ ശ്രീരാമാ, മരിച്ചു പരലോകത്തു ചെല്ലുമ്പോള്‍ ചിത്രഗുപ്തന്‍ (മനുഷ്യന്‍ ചെയ്ത നന്‍മതിന്‍മകളുടെ കണക്കെടുത്ത്‌ ശിക്ഷ വിധിക്കുന്നവന്‍) ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ എന്താണുത്തരം പറയേണ്ടതെന്ന്‌ എനിക്കറിഞ്ഞുകൂടാ. പ്രസ്തുത ശ്ളോകത്തിണ്റ്റെ ആശയം ഈ നോവലിലെ പ്രമേയത്തിനും യോജിക്കുന്നതാണ്‌.

എന്തെന്നാല്‍, ആസന്നമരണത്തിണ്റ്റെ ചിന്തകളാണ്‌ ഇതിലെ പരേത്മാക്കളും പുലര്‍ത്തുന്നത്‌. ഇവര്‍ക്ക്‌ വൈകി കിട്ടിയ തിരിച്ചറിവാണെങ്കിലും, അത്‌ തിന്‍മകളില്‍ മുഴുകി കിടക്കുന്ന ആധുനിക സമൂഹത്തിണ്റ്റെ കണ്ണുകള്‍ തുറപ്പിക്കാന്‍ പര്യാപ്തമാണ്‌. മന്ത്രിമാരും പൊലീസുകാരും വക്കീലന്‍മാരും പത്രാധിപന്‍മാരുമെല്ലാം ഈ നോവല്‍ സനിഷ്കര്‍ഷം വായിച്ചാല്‍ തീര്‍ച്ചയായും അത്‌ അവര്‍ക്ക്‌ സ്വയം വിമര്‍ശനത്തിന്‌ പ്രേരണനല്‍കാതിരിക്കില്ല. ഇന്നു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെയാണ്‌ ഗ്രന്ഥകാരന്‍ യഥാതഥമായ്‌ ആവിഷ്കരിച്ചിരിക്കുന്നത്‌.

ചില മന്ത്രമാര്‍ക്ക്‌ വിദേശത്തുവേരകളുള്ള ഭീകരസംഘടനകളുമായുള്ള ബന്ധം, വിദേശയാത്ര കഴിഞ്ഞുവരുമ്പോഴുള്ള സാമ്പത്തിക നേട്ടം, നാടിനെ നശിപ്പിക്കും വിധം ചില വിദേശകമ്പനികളുമായുള്ള ഉടമ്പടി, ധനമോഹവും അധികാര ഗര്‍വും കൊണ്ട്‌ വരുത്തിക്കൂട്ടിയ വിനകള്‍-ഇവയെല്ലാം മന്ത്രിയാത്മാവിനെ ഇപ്പോള്‍ പശ്ചാത്താപത്തിണ്റ്റെ പടുകുഴിയില്‍ വീഴ്ത്തുന്നു. അതുപോലെ, രാഷ്ട്രീയമേലാളന്‍മാര്‍ക്കു വേണ്ടി ഏത്‌ അധര്‍മ്മവും മനസ്സാക്ഷിക്കുത്തില്ലാതെ ചെയ്ത മനുഷ്യദ്രോഹിയായ പൊലീസാത്മാവും പശ്ചാത്താപാഗ്നിയില്‍ പതിക്കുന്നു.
ക്രിമിനലുകളുടെയും മാഫിയകളുടേയും താളത്തിനൊത്തു തുള്ളിയ വക്കീലാത്മാവും ഇപ്പോള്‍ ദുഃഖിക്കുകയാണ്‌. നിരപരാധികള്‍ക്ക്‌ കൊലക്കയറും അപരാധികള്‍ക്ക്‌ നിയമത്തിണ്റ്റെ പരിരക്ഷയും വാങ്ങിക്കൊടുത്ത്‌ യഥാര്‍ത്ഥക്രിമിനലാണ്‌ ഈ വക്കീലാത്മാവ്‌. ഇനിയുള്ളത്‌ പത്മാത്മാവാണ്‌. പണത്തിനുവേണ്ടി അക്ഷരവ്യഭിചാരം നടത്തിയ പത്രകുലപതിയാണയാള്‍ എന്ന പത്രമുതലാളിമാരെ അതിനിശിതമായ ഭാഷയിലാണ്‌ ഗ്രന്ഥകാരന്‍ വിമര്‍ശിക്കുന്നത്‌.

വിഡ്ഢികളായ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനദ്രോഹികളെ എക്കാലവും താങ്ങിനിര്‍ത്തുന്ന പത്രഭീകരരാണവര്‍ എന്നും അവരെ വിശേഷിപ്പിക്കുന്നു. പരലോകത്തു ചെന്നപ്പോള്‍ ദൈവത്തിണ്റ്റെ ന്യായവിധിയില്‍ ഇവരെല്ലാം പരിഭ്രാന്തരാണ്‌. ദൈവത്തിണ്റ്റെ ഓരോ ചോദ്യത്തിനു മുമ്പിലും അവര്‍ ചൂളിപ്പോകുന്നു. ദൈവത്തിന്‌ തണ്റ്റെ മക്കളില്‍ കരുണയും, എന്നാല്‍ അവരുടെ ദുഷ്ചെയ്തികളില്‍ കഠിനമായ അമര്‍ഷവുമുണ്ട്‌. സുഖമായി ജീവിക്കാന്‍വേണ്ട എല്ലാസൌകര്യങ്ങളും നല്‍കിയിട്ടും വഴിപിഴച്ചുപോയ തണ്റ്റെ മക്കളെ അദ്ദേഹം അതിരൂക്ഷമായി ശാസിക്കുന്നു. തങ്ങളുടെ പേരിലുള്ള കുറ്റപത്രം വായിച്ചുകേട്ടപ്പോള്‍ നാലുപരേത്മാക്കളും നിശ്ശബ്ദരായി നിന്നതേയുള്ളൂ. അവര്‍ക്കു മറുപടി പറയുവാന്‍ യാതൊന്നുമില്ല.

കുറ്റം സമ്മതിക്കുന്നുവെന്നതിണ്റ്റെ തെളിവാണത്‌. വക്രമാര്‍ഗ്ഗങ്ങളില്‍ക്കൂടി നേടയത്‌ ഉപയോഗിച്ചാണ്‌ തങ്ങളുടെ മക്കളെ സ്വന്തം ഇരിപ്പിടങ്ങളില്‍ പ്രതിഷ്ഠിച്ചതെന്ന്‌ അവര്‍ക്ക്‌ സമ്മതിക്കേണ്ടി വന്നു. നാലു പരേതാത്മാക്കള്‍ക്കും ദൈവം നല്‍കിയ കുറ്റപത്രം അനുവാചകര്‍ വായിച്ച്‌ മനസ്സിലാക്കട്ടെ. അവ ഇവിടെ ഉദ്ധരിച്ചാല്‍ അവതാരിക നീണ്ടുപോയേക്കാം. ഒന്നുമാത്രം പറയാം.

ഈ നോവലിന്റെ ജീവനാഡിയായി വര്‍ത്തിക്കുന്നത്‌ ആ കുറ്റപത്രമാണ്‌. ഇനി അങ്ങോട്ടുള്ള എല്ലാ അധ്യായങ്ങളിലും വിവരിക്കുന്നത്‌ കുറ്റപത്രത്തില്‍ പറയുന്ന ഓരോ ദുഷ്കൃത്യങ്ങളുടെ സ്വഭാവമാണ്‌. ദൈവം വീണ്ടും ചോദിച്ചു-എന്തെങ്കിലും ന്യായവാദങ്ങള്‍ ഉന്നയിക്കാനുണ്ടോ നിങ്ങള്‍ക്ക്‌? അതിനും ഉത്തരമില്ല. പരേത്മാക്കളുടെ അപേക്ഷയിതായിരുന്നു. ഞങ്ങള്‍ക്ക്‌ ഭൂമിയില്‍ ഒരവസരംകൂടിതന്നാല്‍ ഞങ്ങള്‍ ഭൂമിയെ സ്വര്‍ഗ്ഗമാക്കും. അവര്‍ പറയുന്നതില്‍ തെല്ലും വിശ്വാസമില്ലെങ്കിലും കരുണാമൂര്‍ത്തിയായ ദൈവം അപരാധികളില്‍ മനം അലിഞ്ഞ്‌ ഇപ്രകാരം പറഞ്ഞു: ശരി: നാം നിങ്ങളെ ഭൂമിയിലേക്ക്‌ അയക്കാം. ഭൂമിയില്‍ ചെന്ന്‌ തങ്ങളുടെ പിന്‍ഗാമികളോട്‌ സ്വന്തം അനുഭവങ്ങളെ മുന്‍നിര്‍ത്തി ദുഷ്കര്‍മ്മങ്ങള്‍ ചെയ്താലുണ്ടാകുന്ന ഭീകരമായ നരകയാതനകളെപ്പറ്റിപ്പറഞ്ഞ്‌ മനഃപരിവര്‍ത്തനം വരുത്താമെന്നായിരുന്നു പരേതാത്മക്കളുടെ പ്രതീക്ഷ. അതിനിടയില്‍ ദൈവം ഒരു വ്യവസ്ഥകൂടി കല്‍പ്പിച്ചു. ഭൂമിയിലെ ഏഴു ദിനരാത്രങ്ങള്‍ മാത്രമേ അദൃശ്യാത്മാക്കളായി നിങ്ങള്‍ക്ക്‌ സഞ്ചരിക്കാന്‍ സാധിക്കൂ. പരേത്മാക്കള്‍ക്ക്‌ ആശ്വാസമായി. അത്രയുമെങ്കിലും സര്‍വ്വേശ്വരന്‍ കനിഞ്ഞല്ലോ.

അവര്‍ അവിടത്തോടുപറഞ്ഞ്‌ ഭയഭക്ത്യാദരങ്ങളോടെ താണുവണങ്ങി, ഭൂമിയിലേക്ക്‌ പുറപ്പെട്ടു. അടുത്ത അധ്യായം മുതലാണ്‌ പരേതാത്മാക്കള്‍ ഭൂമിയില്‍ കാണുന്ന ഓരോരോ കാഴ്ചകളെ വര്‍ണ്ണിക്കുന്നത്‌. ദൈവം ചോദിച്ച ഒരു ചോദ്യത്തിണ്റ്റെ പ്രസക്തി അപ്പോള്‍ അവര്‍ക്ക്‌ അനുഭവപ്പെട്ടു. ആ ചോദ്യം ഇതാണ്‌: നിങ്ങളുടെ പിന്‍ഗാമികള്‍ നിങ്ങളെക്കാള്‍ പതിന്‍മടങ്ങ്‌ ദുര്‍മാര്‍ഗ്ഗികളും അക്രമികളുമാണെന്ന്‌ നിങ്ങള്‍ക്കറിയുമോ? - അങ്ങനെ ആയിത്തീരാന്‍ തങ്ങള്‍തന്നെയാണ്‌ കാരണക്കാര്‍ എന്ന നഗ്നസത്യം അവര്‍ക്ക്‌ മനസ്സാ അംഗീകരിക്കേണ്ടിവന്നു. ഓരോ നഗരങ്ങളിലായി അവര്‍ ചുറ്റിത്തിരിഞ്ഞു. ഓരോ സ്ഥലത്തും വ്യത്യസ്ഥമായ കാഴ്ചകളാണ്‌ അവര്‍ കണ്ടത്‌. ചിലത്‌ വിസ്മയജനകം, ചിലത്‌ ഭയാനകം, ചിലത്‌ ബീഭത്സം, ചിലത്‌ ലജ്ജാവഹം, മറ്റുചിലത്‌ അവിശ്വസനീയം. എങ്കിലും നേരില്‍കണ്ട കാഴ്ചകളെ അവര്‍ക്ക്‌ വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആരവം ഒഴിഞ്ഞ ഒരു ചെറുനഗരമാണ്‌ ആദ്യം അവരുടെ ദൃഷ്ടിയില്‍പ്പെട്ടത്‌. നിസ്സംഗതയാണ്‌ അതിണ്റ്റെ മുഖമുദ്ര. വര്‍ത്തമാനകാലത്തിണ്റ്റെ നിലനില്‍പ്പിനായുള്ള ഗുണ്ടകളും മാഫിയകളും മാത്രമേ അവിടെ നിര്‍മ്മിക്കപ്പെടുന്നുള്ളു. നെയ്ത്തുശാലകള്‍ അടഞ്ഞുകിടക്കുന്നു.

ജീവനുണ്ടെന്ന്‌ തോന്നിക്കാന്‍ സഹായിക്കുന്ന ഏതാനും കടകള്‍ മാത്രമേ അവിടെയുള്ളൂ. അവിടെ വില്‍ക്കുന്നതോ? തമിഴ്നാട്ടുകാരണ്റ്റെ പച്ചക്കറികളും, ചൈന, തായ്‌വാന്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉത്പന്നങ്ങളും! പൌരാണിക സംസ്കാരത്തിണ്റ്റെ ബാക്കിപത്രംപോലെ, ചരിത്രത്തിണ്റ്റെ ഓര്‍മ്മപ്പെടുത്തലായി, സമ്പന്നമായ ഗതകാലമഹിമകള്‍ അസ്ഥിപഞ്ജരങ്ങളായി അവിടെ നിലകൊള്ളുന്നു. നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളെ വര്‍ണ്ണിക്കുമ്പോഴാണ്‌ നമ്മുടെ ആളുകളുടെ അപരിഷ്കൃതമായ ജീവിതരീതി നാം മനസ്സിലാക്കുന്നത്‌. മന്ത്രിയാത്മാവിന്‌ ആ ദൃശ്യംകണ്ടിട്ട്‌ സഹിക്കുന്നില്ല. പത്രാത്മാവ്‌ വസ്തുതകള്‍ നിരത്തിവച്ച്‌ ജനാധിപത്യത്തിന്റെദൌര്‍ബല്യത്തെ വിമര്‍ശിക്കുന്നു. പൊലീസാത്മാവ്‌ സര്‍വരേയും പഴിക്കുന്നു.

അവിടെകണ്ട ഭീകരദൃശ്യങ്ങള്‍ അയാളുടെ മനം മടുപ്പിച്ചു. ഗൃദ്ധ്രദൃഷ്ടിയായ ഗ്രന്ഥകാരണ്റ്റെ കണ്ണുകള്‍ ചെന്നെത്താത്ത സ്ഥലങ്ങളില്ല, സംഭവങ്ങളില്ല. അമിത ലാഭേച്ഛയോടെമാത്രം പ്രവര്‍ത്തിക്കുന്ന വന്‍കിട വ്യവസായി മുതല്‍ അമിത ചാര്‍ജ്‌ യാത്രക്കാരില്‍നിന്ന്‌ വാങ്ങുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍വരെ അയാളുടെ നിരീക്ഷണത്തിലുണ്ട്‌. എല്ലാക്കാര്യങ്ങളും പരേതാത്മാക്കളില്‍കൂടി വിവരിക്കുകയാണ്‌.
വെള്ളപ്പൊക്കകാലത്ത്‌ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, വൈദ്യുതി പ്രശ്നം, പാവങ്ങള്‍ക്ക്‌ അനുവദിച്ച സൌജന്യറേഷണ്റ്റെ തിരിമറി, എം.പി.ഫണ്ടിണ്റ്റെ ദുരുപയോഗം, മുനിസിപ്പല്‍ അധികൃതരുടെ അഴിമതി, കുട്ടനാടന്‍ പ്രദേശത്തിണ്റ്റെ ദുരവസ്ഥ, കര്‍ഷകത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍, ജലഗതാഗത വകുപ്പിണ്റ്റെ അനാസ്ഥ, ഹൌസ്ബോട്ടുകള്‍ നിക്ഷേപിക്കുന്ന മാലിന്യപ്രശ്നം, ഹൌസ്ബോട്ടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അനാശ്യപ്രവര്‍ത്തനങ്ങള്‍, ടൂറിസത്തിണ്റ്റെ വികൃതമുഖങ്ങള്‍, പാടശേഖരങ്ങള്‍ നികത്തിയുള്ള റിസോര്‍ട്ട്‌ നിര്‍മ്മാണം, വിദ്യാലയങ്ങളുടെ ദുഃസ്ഥിതി, ദുരിതാശ്വാസകേന്ദ്രത്തിലെ അസൌകര്യങ്ങള്‍, സുനാമി വരുത്തിവച്ച നാശനഷ്ടങ്ങള്‍, കരിമണല്‍ ഘനനം, പത്രറിപ്പോര്‍ട്ടര്‍മാരുടെ അനാവശ്യവും ക്രൂരവുമായ ചോദ്യങ്ങള്‍-അതും യുവതികളോട്‌ - കടല്‍തീരത്തെ കടല്‍ഭിത്തി നിര്‍മ്മാണം, മത്സ്യതൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, രാവും പകലും നാടെങ്ങും അരങ്ങേറുന്ന മോഷണങ്ങളും വാന്‍ കവര്‍ച്ചകളും, റിയാലിറ്റി ഷോകളില്‍ വഞ്ചിതരാകുന്ന യുവതികള്‍, റോഡപകടങ്ങള്‍, ഗതാഗതക്കുരുക്ക്‌, തട്ടുകടകളില്‍നിന്ന്‌ തള്ളുന്ന മാലിന്യങ്ങള്‍, പരസ്യമായി നടക്കുന്ന മദ്യപാനം, വ്യാജമദ്യ വില്‍പന, നടുറോഡിലെ മരണക്കുഴി, അപകടത്തില്‍പ്പെടുന്നവരെ സഹായിച്ചാല്‍ പൊലീസ്‌ സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടി വരുമോയെന്ന്‌ ഭയന്ന്‌ ഒഴിഞ്ഞു നില്‍ക്കുന്ന സാധാരണക്കാര്‍, രോഗികളെ പിഴിഞ്ഞ്‌ കീശവീര്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍, അവര്‍ കെട്ടിപ്പടുക്കുന്ന രമ്യഹര്‍മങ്ങള്‍, മെഡിക്കല്‍ കോളേജിലെ വൃത്തികെട്ട പരിസരങ്ങള്‍, രോഗികള്‍ അനുഭവിക്കേണ്ടിവരുന്ന പലവിധ വിഷമതകള്‍, ബഹുജനചൂഷണം നടത്തുന്ന സ്വകാര്യ ആശുപത്രികള്‍, പെണ്‍വാണിഭത്തിന്‌ ഇരയായി മരണമടയുന്ന കുരുന്നു പെണ്‍കുട്ടികള്‍, രാഷ്ട്രീയക്കാരുടെ നിരര്‍ത്ഥകമായ മുദ്രാവാക്യങ്ങള്‍, ഭരണ-പ്രതിപക്ഷ വിദ്യാര്‍ത്ഥികള്‍ മാറിമാറി നടത്തുന്ന പഠിപ്പുമുടക്കുകള്‍, ഗുണ്ടാവിളയാട്ടം, മന്ത്രിമാരുടെ കപടവാഗ്ദാനങ്ങള്‍, കരിഞ്ചന്തയും കള്ളക്കടത്തും, കുടിയിറക്കപ്പെട്ട്‌ വഴിയാധാരമാകുന്ന സാധുമനുഷ്യര്‍, ജനങ്ങളെ ദ്രോഹിക്കുന്ന ബന്ദുകള്‍, ഹര്‍ത്താലുകള്‍, വഴിതടഞ്ഞ്‌ റോഡ്‌ കൈയ്യടക്കി പോകുന്ന ഉഗ്രന്‍ ജാഥകള്‍ മുതലായ വൈവിധ്യമാര്‍ന്ന ബഗുതരം കാഴ്ചകളാണ്‌ പലയിടങ്ങളിലായി പരേത്മാക്കള്‍ക്ക്‌ കാണേണ്ടി വന്നത്‌.
ഇവയേക്കാളൊക്കെ അത്ഭുതകരമായി അവര്‍ കണ്ടത്‌ സ്വാമി ലോകൈശ്വരാന്ദയുടെ അതിവിശാലവും അത്യാഡംബരപൂര്‍ണ്ണവുമായ ആശ്രമവും അവിടെ നടക്കുന്ന ബഹുവിധ നടപടിക്രമങ്ങളുമാണ്‌. അദ്ധ്യാത്മിക ലോകത്തിനു മുഴുവന്‍ അപമാനമുണ്ടാക്കുന്ന ഹീനപ്രവൃത്തിയാണ്‌ അവര്‍ അവിടെ ദര്‍ശിച്ചത്‌. സംസ്കാരത്തിന്റെ ഗിരിഗൃംഗത്തില്‍ വസിക്കുന്നവരെന്ന്‌ ബഹുജനം വിശ്വസിച്ചുപോരുന്ന ഇക്കൂറ്‍, മൃഗങ്ങളേയും ലജ്ജിപ്പിക്കുന്നവിധത്തിലുള്ള അധമപ്രവൃത്തികളിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌ എന്നുകാണുമ്പോള്‍ ആരും അമ്പരന്നുപോകും. 
ഈ നോവലിലെ ഇരുപതും ഇരുപത്തൊന്നും അധ്യായങ്ങളിലായി ആധ്യാത്മിക രംഗങ്ങളിലെ അത്യുന്നതരുടെ-സ്വാമിമാരുടെയും സ്വാമിനിമാരുടെയും-വിക്രിയകള്‍ തുറന്നുകാട്ടുകയാണ്‌ ഗ്രന്ഥകാരന്‍. ധാടിയും മോടിയും കലര്‍ന്ന ആശ്രമത്തിന്റെ വര്‍ണന വായിക്കുമ്പോള്‍ നാം ഏതോ മാസ്മരിക ലോകത്തിലാണെന്ന തോന്നലാണ്‌ ഉണ്ടാവുക. ഈവക കാര്യങ്ങള്‍ ഇന്നു നടക്കുന്നുണ്ടോ, അതിശയോക്തിയല്ലേയെന്ന്‌ ആരും സംശയിക്കേണ്ടാ. നിത്യേന പത്രങ്ങള്‍ വായിച്ചും ടി.വിയില്‍ കണ്ടും അനുഭവസ്ഥര്‍ എഴുതുന്ന ലേഖനങ്ങള്‍ വായിച്ചും നാം ഗ്രഹിച്ചിട്ടുള്ള സംഗതികളെ മറകൂടാതെ വെളിപ്പെടുത്തുകയാണ്‌ നോവലിസ്റ്റ്‌. പലരും പറയാന്‍ മടിക്കുന്ന നഗ്നയാഥാര്‍ത്ഥ്യങ്ങളെ അദ്ദേഹം വെട്ടിത്തുറന്നു പറയുന്നു.

അതിലേക്കു സ്വീകരിച്ച ഉപാധികളാണ്‌ പരേതമാക്കള്‍. നിര്‍ഭയനായ ഒരു സാഹിത്യകാരനെയാണ്‌ നാം നോവലില്‍ ദര്‍ശിക്കുന്നത്‌. അന്യായത്തേയും അധര്‍മ്മത്തേയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്ന ഒരു ജനസേവകന്‍. ഭര്‍ത്തൃഹരിയുടെ നീതിശതകത്തിലെ ഒരു ശ്ളോകം ഈ നോവലിന്‌ ഏറ്റവും യോജിക്കുന്നതാണ്‌. ധീരന്‍മാരുടെ സ്വഭാവം വിവരിക്കുമ്പോള്‍ അദ്ദേഹം പറയുകയാണ്‌- നിന്ദന്തു നീതിനിപുണാഃ യദിവാസ്തുവന്തു ലക്ഷ്മിഃ സമാവിശതു ഗച്ഛതുവായഥേഷ്ടം അദ്യൈവവാ മരണമസ്തു യുഗാന്തരേവാന്യായാത്പഥഃ പ്രവിചലന്തി പദം നധീരാഃ-എന്ന്‌. (നീതിജ്ഞന്‍മാര്‍ നിന്ദിക്കട്ടെ; അല്ലെങ്കില്‍ സ്തുതിക്കട്ടെ. സമ്പത്ത്‌ യഥേഷ്ടം ഉണ്ടാവുകയോ നശിക്കുകയോ ചെയ്യട്ടെ. മരണം ഇന്നുതന്നെയോ അല്ലെങ്കില്‍ കുറേക്കാലം കഴിഞ്ഞോ സംഭവിക്കട്ടെ. എന്തുതന്നെയായാലും ധീരന്‍മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍നിന്ന്‌ ഒരടിപോലും തെറ്റിനടക്കുകയില്ല. )ഇത്രമാത്രം ധൈര്യമായി കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥകാരന്‍ ധിക്കാരിയാണെന്ന്‌ ആരും കരുതരുത്‌. തികഞ്ഞ ഈശ്വരവിശ്വാസിയാണദ്ദേഹം. ഒന്നാമദ്ധ്യായത്തില്‍ ദൈവത്തിണ്റ്റെ മഹത്വത്തേയും ശക്തിയേയും ആണ്‌ അദ്ദേഹം വാഴ്ത്തുന്നത്‌. മനുഷ്യരാശി നാശോന്‍മുഖമാകുന്നത്‌ കണ്ട്‌ മനംനൊന്തിട്ടാണ്‌ അദ്ദേഹം ഈ നോവലെഴുതിയത്‌. സമൂഹത്തിണ്റ്റെ തിന്‍മകളുടെ നേരെ ക്രിസ്തുവും മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുദേവനും മറ്റും ധര്‍മ്മരോക്ഷം പ്രകടിപ്പിച്ചിട്ടുള്ളവരാണ്‌.

കള്ളക്കച്ചവടക്കാരെ ചാട്ടവാറ്‌ കൊണ്ട്‌ അടിച്ചാണ്‌ ക്രിസ്തു ദേവാലയത്തില്‍ നിന്നും പലായനം ചെയ്യിച്ചത്‌. ആ ധാര്‍മ്മിക ബോധമാണ്‌ നോവല്‍ കര്‍ത്താവിനെയും ഭരിക്കുന്നത്‌. തിന്‍മയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതില്‍ക്കൂടി ജനങ്ങളെ സാന്‍മാര്‍ഗികമായി ഉദ്ബുദ്ധരാക്കുക എന്നതാണ്‌ ഗ്രന്ഥകാരണ്റ്റെ ലക്ഷ്യം. അതായത്‌, ഇരുളില്‍നിന്നും വെളിച്ചത്തിലേക്ക്‌ നയിക്കുക. തമസോമാ ജ്യോതിര്‍ ഗമയ, അസതോമാ സത്ഗമയ എന്ന ഉപനിഷത്‌ വാക്യത്തിണ്റ്റെ സന്ദേശമാണ്‌ ഈ നോവലും ഉള്‍ക്കൊള്ളുന്നത്‌.
ഇതൊരു നോവലാണോയെന്ന്‌ സംശയിക്കുന്നവരുണ്ടാകാം. അവര്‍ വായിച്ച്‌ ശീലിച്ചിട്ടുള്ള നോവലുകളില്‍നിന്നും തികച്ചും വ്യത്യസ്ഥ സ്വഭാവത്തിലുള്ളതാണ്‌ ഈ നോവല്‍. വ്യക്തിതകള്‍ക്കും കുടുംബങ്ങള്‍ക്കും അവര്‍ ഉള്‍പ്പെട്ട സമുദായത്തിനുമല്ല ഇതില്‍ പ്രാമുഖ്യം. ജീവിതത്തിണ്റ്റെ നാനാതുറകളില്‍ വര്‍ത്തിക്കുന്ന മനുഷ്യസമൂഹത്തെയാണ്‌ ഇതില്‍ ചിത്രണം ചെയ്തിരിക്കുന്നത്‌. അവര്‍ തിന്‍മകളിലേക്ക്‌ ആഴ്ന്നിറങ്ങുന്നത്‌ കാണുമ്പോള്‍ ഗ്രന്ഥകാരണ്റ്റെ ഹൃദയം ശോകനിര്‍ഭരമാകുന്നു. സന്‍മാര്‍ഗചാരികള്‍ പോലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട്‌ ദുര്‍മ്മാര്‍ഗ്ഗചാരികളായി തീരുന്ന ദുഃഖകരമായ കാഴ്ച ഈ നോവലില്‍ ഉടനീളം ദൃശ്യക്കാം. 
അവരെ വീണ്ടും നന്‍മയിലേക്ക്‌ കൊണ്ടുവരാനാണ്‌ നോവലിസ്റ്റിണ്റ്റെ ശ്രമം. അതുപൂര്‍ണ്ണമായി ഫലിച്ചുവോ എന്ന്‌ അദ്ദേഹത്തിനു തന്നെ സംശയമുണ്ട്‌. ദൈവത്തിണ്റ്റെ സ്വന്തം നാട്‌ സാത്താന്‍ കയ്യടക്കുന്ന കാഴ്ച! മക്കളേ, നിങ്ങളെ നയിക്കുന്നവന്‍ നരകാധിപനായ ലൂസഫര്‍ ആണ്‌. നിങ്ങളേയും ഈ ലോകത്തേയും അവ നശിപ്പിക്കും എന്ന്‌ സന്‍മാര്‍ഗ്ഗത്തിന്റെ സ്വരം ഉദ്ബോധിപ്പിക്കുമ്പോള്‍, ഭൂനിവാസികളുടെ മറുപടി നോക്കുക:അതേ, ഞങ്ങളുടെ അധിപന്‍ ലൂസിഫര്‍ ആയിക്കൊള്ളട്ടെ. അദൃശ്യനായ ഈശ്വരനെക്കാള്‍ നല്ലത്‌ ദൃശ്യനായ ലൂസിഫര്‍ ആണ്‌.

ലോകാധിപധിയായ ശക്തനായ അദ്ദേഹത്തിണ്റ്റെ കൂട്ടാളികളായ ഞങ്ങള്‍ എന്തിനെ ഭയപ്പെടണം? അപ്പോഴേക്കും ആശ്രമത്തിലെ ഹോമകുണ്ഡങ്ങളെ അഗ്നിനാളങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഒരു കൂട്ടം ദുര്‍മന്ത്രവാദികളുടെ മന്ത്രതന്ത്ര ധ്വനിയാല്‍ അന്തരീക്ഷം മുഖരിതമായി. പിന്നീട്‌ സംഭവിച്ചതൊന്നും ഗ്രന്ഥകാരന്‍ വിവരിക്കുന്നില്ല. പരേത്മാക്കള്‍ ഭയപ്പെട്ട്‌ പിന്‍മാറിയെന്നുവേണം അനുമാനിക്കാന്‍.

എന്തെന്നാല്‍ മക്കളുടെ ഭീഷണികേട്ട്‌ അവര്‍ നടുങ്ങിയതായ്‌ മുന്‍പ്‌ പറയുന്നുണ്ട്‌. ദൈവം വിചാരിച്ചാലും നന്നാകാത്ത ലോകം! പിന്നെ ഒരു എഴുത്തുകാരന്‍ ലോകത്തെ നന്നാക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കുന്നതെങ്ങനെ? എങ്കിലും ഇതൊക്കെ കണ്ടിട്ട്‌ സാഹിത്യകാരന്‌ കയ്യുംകെട്ടിയിരിക്കാന്‍ സാധ്യമല്ല. മന്ത്രിയുടെ മകന്‍ മന്ത്രിയും ഐ.പി.എസ്കാരണ്റ്റെ മകന്‍ ഉന്നതനായ പൊലീസ്‌ മേധാവിയും വക്കീലിണ്റ്റെ മകന്‌ സംസ്ഥാന സര്‍ക്കാരിണ്റ്റെ എ.ജിയും പത്രമുടമയുടെ മകന്‍ ഏറെ വളര്‍ന്ന്‌ പത്രസ്ഥാപനങ്ങളുടെയും ടിവിചാനലുകളുടെയും അധിപനും ആയതുകണ്ട്‌ അയാള്‍ക്ക്‌ എങ്ങനെ അടങ്ങിയിരിക്കാന്‍ കഴിയും? 
ഇന്നത്തെ ലോകസാഹചര്യങ്ങളോട്‌ ഏറ്റുമുട്ടി വിജയിക്കാന്‍ ഒരു എഴുത്തുകാരനും സാധിക്കുമെന്നു തോന്നുന്നില്ല. പണ്ട്‌ അത്‌ സാധിക്കുമായിരുന്നു. സമൂഹത്തിന്‌ സമൂല മാറ്റം വരുത്തിയവനാണ്‌ സാഹിത്യകാരന്‍. കവിതയില്‍ക്കൂടിയും നാടകത്തില്‍ക്കൂടിയും നോവലില്‍ക്കൂടിയും അവന്‌ അത്‌ സാധിച്ചു. ഇന്ന്‌ സ്ഥിതിഗതികള്‍ മാറി. പണവും പ്രതാപവും അധികാരഗര്‍വ്വും ദുഷിച്ച കൂട്ടുകെട്ടും - വ്യവസ്ഥിതികള്‍ തമ്മിലും പാര്‍ട്ടികള്‍ തമ്മിലും - ജനങ്ങളെ അടക്കിഭരിക്കുന്നു.

അവര്‍ നിസ്സഹായരാണ്‌. നിരാലംബരാണ്‌, അവശരും ആര്‍ത്തരുമാണ്‌. ഇക്കൂട്ടരുടെ സങ്കടം സ്വന്തം ദുഃഖമായി കരുതിയാണ്‌ സണ്ണിതായങ്കരി ഈ സാഹസത്തിനു തയ്യാറായത്‌. അധര്‍മ്മമാണ്‌ ഞങ്ങളുടെ ധര്‍മ്മമെന്ന്‌ പ്രഖ്യാപിക്കാന്‍ ആധുനിക സമൂഹത്തിന്‌ ഒരുമടിയുമില്ല. പണ്ട്‌ കലി പറഞ്ഞതും ഇതുതന്നെ. പരപീഡനം എനിക്കു വ്രതമെന്നറിക പരിചെഴുമധര്‍മ്മമെന്‍ മതമേഎന്നാണയാള്‍ നളനോട്‌ പറഞ്ഞത്‌. എന്നാല്‍ ബലവും അധികാരവുമെല്ലാം നളണ്റ്റെ മുന്നില്‍ അസ്തപ്രഭമായി. 
അതുപോലെ ഒരു നവീന നളന്‍ ആധുനിക യുഗത്തിലും ആവിര്‍ഭവിക്കുമെന്ന്‌ നമുക്കു പ്രതീക്ഷിക്കാം. അപ്പോള്‍ കലിയുഗം മതി കൃതയുഗം വന്നുചേരും. ചുരുക്കിപ്പറയട്ടെ ഇത്രമാത്രം സാമൂഹിക വികലതകളെ ഒന്നൊന്നായി വിശകലനം ചെയ്ത്‌ വിമര്‍ശിക്കുന്ന ഒരു നോവല്‍ ഇതുപോലെ മറ്റൊന്ന്‌ മലയാളത്തിലുണ്ടെന്ന്‌ തോന്നുന്നില്ല. ഇത്രയധികം കാര്യങ്ങള്‍ ഒന്നിച്ച്‌ ഗ്രഹിക്കാന്‍ പറ്റുന്ന ഒരുനോവലും വേറൊന്നില്ല.

പൈങ്കിളി സാഹിത്യത്തില്‍ അഭിരമിക്കുന്നവര്‍ക്ക്‌ ഇത്തരമൊരു നോവല്‍ ഇഷ്ടപ്പെട്ടില്ലെന്നു വരാം. എന്നാല്‍, തിന്‍മയില്‍ നിന്ന്‌ നന്‍മയിലേക്ക്‌ ഉയരാന്‍ ശ്രമിക്കുന്ന ഒരു ജനസമൂഹത്തിന്‌ പ്രത്യാശയ്ക്കു വക നല്‍കുന്ന ഒന്നാണ്‌ ഈ നോവലെന്ന്‌ നിസ്സംശയം പറയാം. നമ്മുടെ നോവല്‍ പ്രസ്ഥാനത്തില്‍ ഈ കൃതി സഹൃദയരാല്‍ ശ്രദ്ധിക്കപ്പെടുമെന്നത്‌ തീര്‍ച്ചയാണ്‌. അനീതികള്‍ക്കും അധര്‍മ്മങ്ങള്‍ക്കുമെതിരെ പടവാളുയര്‍ത്തുന്ന ശ്രീ.സണ്ണി തായങ്കരിയോട്‌ കേരളീയര്‍ ഗാഢമായി കടപ്പെട്ടിരിക്കുന്നു.