Tuesday 15 November 2011

ചില ജീവിതചിത്രങ്ങള്‍


 എം.ടി. വാസുദേവന്‍ നായര്‍



വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഡാര്‍ജിലിംഗ്‌ പ്രദേശത്ത്‌ സഞ്ചരിക്കുമ്പോള്‍ നേപ്പാളി ഭാഷയില്‍ കവിതയെഴുതുന്ന ഒരു ചെറുപ്പക്കാരനെ എനിക്ക്‌ ആതിഥേയരില്‍ ഒരാള്‍ പരിചയപ്പെടുത്തി. അയാള്‍ നല്ല കവിതകളെഴുതുന്നു. നേപ്പാളി ഭാഷയില്‍ ആനുകാലികങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും വലിയ പ്രചാരമില്ല. അതുകൊണ്ട്‌ പുറത്തുള്ളവര്‍ അവിടത്തെ എഴുത്തുകാരെ അത്ര അറിയില്ല.

വിവര്‍ത്തനങ്ങളിലൂടെ അവരുടെ കൃതികള്‍ മുഖ്യധാരയില്‍ എത്തിച്ചേരുന്നതും അപൂര്‍വ്വമാണ്‌. ഭാഷയുടെ പരിമിതികൊണ്ട്‌ ഞങ്ങള്‍ക്ക്‌ അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അയാളുടെ കണ്ണുകളിലെ പ്രകാശവും മൌനത്തിണ്റ്റെ വാചാലതയും എന്നെ ആകര്‍ഷിച്ചു. പിറ്റേന്ന്‌ നഗരത്തില്‍ നടക്കുമ്പോള്‍ അയാളെ വീണ്ടും കണ്ടു. ചെറിയൊരു മുറിയിലിരുന്ന്‌ അയാള്‍ ബോര്‍ഡുകള്‍ വരയ്ക്കുന്നു. ചായത്തിണ്റ്റെ മണമുള്ള ചെറിയ മുറിയില്‍ പല ഘട്ടത്തിലുള്ള പരസ്യബോര്‍ഡുകളാണ്‌. അയാള്‍ നന്നായി ബോര്‍ഡുകള്‍ വരയ്ക്കും. അതുകൊണ്ട്‌ ധാരാളം ഓര്‍ഡറുകള്‍ വന്നുകൊണ്ടിരിക്കും. വിശപ്പടക്കാന്‍ വേണ്ടതിലേറെ വരുമാനം കിട്ടുന്നു. കവിതയില്‍നിന്ന്‌ ഒന്നും കിട്ടില്ല. പക്ഷെ ആത്മാവിന്റെ വിശപ്പടക്കാന്‍, നഗരം ഉറങ്ങുമ്പോള്‍ തണ്റ്റെ ചെറിയ മുറിയുടെ ഷട്ടര്‍ പകുതി താഴ്ത്തിയിട്ട്‌ അയാള്‍ ആലോചിക്കുന്നു, എഴുതുന്നു, വെട്ടിത്തിരുത്തുന്നു, വീണ്ടും വരികള്‍ക്ക്‌ രൂപം കൊടുക്കുന്നു.

പുഷ്പരാജന്റെ  കയ്യെഴുത്തുപ്രതി മുമ്പില്‍ എത്തിയപ്പോള്‍, ഞാന്‍ ആ നേപ്പാളി യുവാവിനെ എന്തുകൊണ്ടോ ഓര്‍ത്തുപോയി. നേരത്തെ വന്ന കത്തുകളില്‍ നിന്നും അച്ചടിച്ച ചില കഥകളില്‍ നിന്നും മനസ്സിലായിട്ടുണ്ട്‌: പുഷ്പരാജന്‍ ജീവിക്കാന്‍ വേണ്ടി നിത്യതൊഴിലെടുക്കുന്നു. ഇളം പ്രായത്തിലേ അക്ഷരങ്ങളോട്‌ ആദരവു തോന്നിയതുകൊണ്ട്‌ വായിക്കുന്നു, എഴുതാന്‍ ശ്രമിക്കുന്നു. സ്വന്തമായ ഒരാന്തരലോകം സൃഷ്ടിച്ചിട്ടില്ലെങ്കില്‍ നിലനില്‍പ്പിനര്‍ത്ഥമില്ല എന്ന്‌ വിശ്വസിക്കുന്നു.
കൂനിച്ചിമലയുടെ അടിവാരത്തിലെ കാക്കതൂക്കിയിലെ മാറുന്ന ജീവിതസമസ്യകളെയാണ്‌ ഈ ചെറുനോവലില്‍ പുഷ്പരാജന്‍ അവതരിപ്പിക്കുന്നത്‌. പരിഷ്കാരസമൂഹത്തിലെന്ന പോലെ അവിടെയും ദുരാശകളും വഞ്ചനകളും പകകളുമുണ്ട്‌. കാക്കതൂക്കിയിലെ കാണിക്കാര്‍ക്ക്‌ സ്വന്തം വിശ്വാസങ്ങളുണ്ട്‌. അവരുടെ നിഷ്ക്കളങ്കതയെ മുതലെടുത്ത്‌ സമ്പന്നരായിത്തീരുന്നവരുണ്ട്‌. സ്നേഹത്തിണ്റ്റെയും രോഷത്തിണ്റ്റെയും ത്യാഗത്തിണ്റ്റെയും ജീവിതസന്ധികളിലൂടെ അവിടത്തെ മനുഷ്യര്‍ കടന്നുപോകുന്നു. എല്ലാം ജീവണ്റ്റെ അടയാളങ്ങളാണല്ലോ.

പുഷ്പരാജണ്റ്റെ അക്ഷരപൂജയുടെ ഫലം മഹത്തായ സാഹിത്യകൃതിയായി മാറിയിരിക്കുന്നു എന്നൊന്നും ഞാന്‍ പറയുന്നില്ല. നമുക്ക്‌ അത്ര പരിചയമില്ലാത്ത ചില ജീവിതചിത്രങ്ങള്‍ ഇതില്‍ തെളിയുന്നുണ്ട്‌. അതിലൊരു ആത്മാര്‍പ്പണമുണ്ടെന്ന്‌ നമുക്ക്‌ ബോധ്യമാവുന്നു. ജീവിതസാഹചര്യങ്ങളെ കണക്കിലെടുക്കുമ്പോള്‍ നമുക്കിതിനെ ശ്രദ്ധിക്കാതെ വയ്യ. പുഷ്പരാജന്‌ ആശംസകള്‍ നേരുന്നു. എം.ടി. വാസുദേവന്‍ നായര്‍