Tuesday 15 November 2011

ബിംബകല്‍പനകളുടെ ലാവണ്യം

ബിംബകല്‍പനകളുടെ ലാവണ്യം
ഒ.വി. ഉഷ
 മലയാള കവിതയ്ക്കു മുമ്പില്‍ ഉണര്‍ന്നിരിക്കുന്ന ഒരു കവി ചേതന 'അക്ഷരാര്‍ത്ഥങ്ങളില്‍' സ്പന്ദിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഭാഷയ്ക്കുള്ളിലെ ഒരു പ്രത്യേക ഭാഷയായ കവിതയുടെ ഭാഷയ്ക്കായുള്ള അതിണ്റ്റെ വെമ്പലും പ്രകടമാണ്‌. ബിംബങ്ങളാണ്‌ കവിതയുടെ ഭാഷയും ഏറ്റവും സജീവമായി ഏതൊരു കവിയുടെയും കാഴ്ചയെ പ്രകാശിപ്പിക്കുന്നത്‌. 
ഈ ഉപാധി സാമാന്യം ശ്രദ്ധേയമായ ലാവണ്യത്തോടെ പ്രദീപിന്ന്‌ ഉപയോഗിക്കാനാവുന്നുണ്ട്‌. 'കിനാവിണ്റ്റെ പേടകം' (എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്‌) യാത്രകളില്‍ പലതരത്തിലും വിധത്തിലും കിനാവും സങ്കല്‍പവും കലരുന്നു. ചിന്തകള്‍ക്ക്‌ സന്തോഷത്തിണ്റ്റെയും പ്രതീക്ഷയുടെയും സങ്കടത്തിണ്റ്റെയുമൊക്കെ നിറങ്ങള്‍ പിടിക്കുന്നു. രണ്ടും മൂന്നും വര്‍ഷം മറുനാട്ടില്‍ അധ്വാനിച്ച്‌ തന്നെ കാത്തിരിക്കുന്നവരും താന്‍ കാണാന്‍ കാത്തിരിക്കുന്നവരുമായ മനുഷ്യരെയും ജനിച്ച നാടിനെയും കുറിച്ചുള്ള പച്ചപ്പുള്ള കിനാക്കളുമായി തിരികെപ്പോരുന്ന പ്രവാസികളെക്കൊണ്ടുവരുന്ന വിമാനം അങ്ങനെ ഒരു കിനാവിണ്റ്റെ പേടകമായി മാറുന്നു.
സ്വയം കഴുത്തില്‍ കുരുക്കുന്ന കിനാവള്ളി (ചിന്തകള്‍) മനുഷ്യാവസ്ഥയെ എടുത്തുകാട്ടുന്നു. നമ്മള്‍ സ്വന്തം കൈകളില്‍ കഴുത്തുഞ്ഞെരിഞ്ഞു പിടയ്ക്കുന്ന നീരാളികളാണ്‌. അവനവനെയും സമൂഹത്തെയും പറ്റിക്കാന്‍ ശ്രമിക്കുന്ന ഹൃസ്വദൃഷ്ടികള്‍. നാം ചെയ്യുന്നതെന്തെന്നറിയാത്ത അറിവുകെട്ടവര്‍. അതുകൊണ്ട്‌ സമകാലികനായ മനുഷ്യന്‍ 'ദൈവനീതിക്കിരക്കട്ടെ' എന്നാണ്‌ കവിക്ക്‌ പറയാനുള്ളത്‌. കുഴിച്ചിട്ടിട്ട്‌ ഏറെക്കാലം കഴിഞ്ഞും വേരുപിടിക്കാത്ത വഴിക്കല്ലുകളും നമ്മെ പലതും ബോധ്യപ്പെടുത്തുന്നു. അവര്‍ ജീവിതപന്ഥാവിലെ നാഴികക്കല്ലുകളെ ഓര്‍മ്മിപ്പിക്കുന്നു. ഒരു വഴിക്കല്ലിനെയും അതിണ്റ്റെ പഴക്കം കണക്കിലെടുത്ത്‌ നാം 'മുത്തച്ഛനാ'ക്കുകയോ കഥകളില്‍ ചേര്‍ക്കുകയോ ചെയ്യുന്നില്ല.
എന്നിട്ടും വഴിക്കല്ലുകള്‍, 'കടന്നുവന്ന വഴികളെ മറക്കാതിരിക്കുക' എന്ന സന്ദേശംകൂടി നമുക്ക്‌ തരുന്നു. അവനവനെയും ചുറ്റുപാടുകളെയും ശ്രദ്ധിച്ചുകൊണ്ട്‌ ഉള്ളാലെ സദാ സഞ്ചരിക്കുന്നു ഈ കവി. ഈ സഞ്ചാരത്തിന്‌ വാജികളായി സ്വരങ്ങളുണ്ട്‌, സംഗീതസ്വപ്നവേഗങ്ങളുണ്ട്‌. നീതികിട്ടാതെ വലയുന്ന സാധാരണക്കാരെക്കുറിച്ചുള്ള സന്താപമുണ്ട്‌. അവരുടെ ജീവിതങ്ങളെ ഭരിക്കുന്ന അക്ഷരങ്ങള്‍ എവിടെയോ ഒക്കെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു.
അവയില്‍ 'പുറംലോകമറിയാത്ത കുറെ തിരുത്തലുകള്‍ മാത്രം' അതുകൊണ്ടുകൂടിയായിരിക്കും 'അഴലിണ്റ്റെ പാടങ്ങള്‍' അവര്‍ക്കാധാരമാവുന്നത്‌. ആ വിഷാദഭൂമിയില്‍ 'നുകപ്പാടുകളുടെ ചിത്രങ്ങളും ശിരോലിഖിതങ്ങളും' കൂടിപ്പിണയുന്നു. അവിടെ മനുഷ്യര്‍'കൈവിട്ട കല്ലും പതിപ്പിച്ചൊരാട്ടും തിരികെപ്പിടിക്കാന്‍' കഴിയാതെ നിസ്സഹായരാവുന്നു. ഒരു പക്ഷെ അര്‍ഹിക്കുന്ന സന്താപങ്ങളാവണം മനുഷ്യന്‌ ചാര്‍ത്തിക്കിട്ടുന്നത്‌. കാരണം മനുഷ്യന്‍ ഇന്ന്‌ 'അലിവറ്റുപോകുന്ന കലികാലസന്തതി'യാണ്‌.
വൃദ്ധരായ അച്ഛനമ്മമാരെ വലിച്ചെറിയുന്നവന്‍. സായാഹ്നം ഒരു പഴയ ബിംബമാണെങ്കിലും ആ പേരിലുള്ള കവിത അവസാനിക്കുന്നത്‌ നന്ദികെട്ട മക്കളെക്കുറിച്ചു തപിക്കുന്നുവെങ്കിലും, അവരെ ന്യായീകരിക്കുന്ന സ്നേഹവായ്പിലാണ്‌. 'നാമറിഞ്ഞില്ല വളര്‍ന്നുവളര്‍ന്നവര്‍ നാമറിയാത്ത വളര്‍ച്ചയെത്തി'ഇന്നത്തെ കലികാലസന്തതികള്‍ സ്വന്തം വലിപ്പത്തെക്കുറിച്ചഹങ്കരിക്കുന്നവരാണ്‌. ഇരുട്ടില്‍ സൂര്യനുപകരം വരുന്ന ഈ മിന്നാമിന്നികള്‍ തങ്ങള്‍പോയാല്‍ വെളിച്ചം പോയി എന്നു കരുതുന്നവരാണ്‌. 'ദൈവനീതിക്കിരക്കട്ടെ മനുഷ്യന്‍' എന്ന ചിന്തയോടൊപ്പം 'ദൈവത്തിനായി വടംവലിയോ?' എന്ന ആകുലത (ദൈവത്തിണ്റ്റെ നാമത്തില്‍) കവി പങ്കുവയ്ക്കുന്നു. നശ്വരതയുടെ അവബോധത്തില്‍. 'ഇന്നലെക്കണ്ട മുഖങ്ങള്‍ മറയവെ ഈശ്വരനിശ്ചയമോര്‍ക്ക നിസംശയം'എന്നു തത്വവിചാരവും ചെയ്യുന്നു. ജീവിതത്തിലേര്‍പ്പെടുന്ന അഴലിണ്റ്റെ ചളിക്കുണ്ടില്‍ മനസ്സ്‌ ഒട്ടാതിരിക്കട്ടെ എന്ന ശ്രദ്ധയും വിവേകവും പുലര്‍ത്തുന്നു.
ആത്മാര്‍ത്ഥയോടെ ഈ കവി. വൃത്തങ്ങളെ പാടെയുപേക്ഷിച്ച്‌ പലപ്പോഴും ക്ളിഷ്ടതയുള്ള ഗദ്യത്തില്‍ കവിത രചനാ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഈ കവി പാരമ്പര്യം നമുക്കു സമ്മാനിച്ച ഈടുവെയ്പുകളെ മാനിക്കുകയും വൃത്തങ്ങളെ ആശ്രയിക്കാനൊരുങ്ങുകയും ചെയ്യുന്നതും അഭിനന്ദനമര്‍ഹിക്കുന്നു. പ്രദീപിണ്റ്റെ 'അക്ഷരാര്‍ത്ഥങ്ങള്‍' എന്ന കവിതാ സമാഹാരം സഹൃദയലോകത്തിനു മുമ്പാകെ ആശംസകളോടെ, സന്തോഷത്തോടെ അവതരിപ്പിക്കുന്നു.