Tuesday 15 November 2011

നിമിഷപ്രഭ


രഹ്‌നാ രാജേഷ്
കാതരമായ കൌമാരം
ലോലമായ്‌ തഴുകുമ്പോള്‍
കാറ്റിനോടു പറഞ്ഞു:
സ്നേഹവിശുദ്ധിയാല്‍
എന്നെ ചികിത്സിച്ചാലും;
ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ.

നഷ്ടവസന്തങ്ങളുടെ
ആര്‍ദ്രതയില്‍
പ്രണയം അവളെ
ഏകാകിനിയായ സഞ്ചാരിയാക്കി.
വിടരാന്‍ വിതുമ്പുന്ന മുഖവും
വിരിയാന്‍ വിലക്കുള്ള മനവും
ഉഷ്ണക്കാറ്റുകളും
തളര്‍ത്തിക്കൊണ്ടേയിരുന്നു.

കിനാവിണ്റ്റെ പാതിചാരിയ
ജാലകത്തിലൂടെ
പ്രണയനിലാവിലേക്ക്‌
കണ്ണുകെട്ടിയ ഗാന്ധാരിയായി
ഒഴുകിപ്പരന്നു.
നിമിഷപ്രഭയില്‍
തപിപ്പിക്കാനും കുളിര്‍പ്പിക്കാനും
ഒരു സ്വയംപ്രഭ.

പുറത്തെടുക്കാനാവാത്ത
വാക്കുകളുടെ നിലവിളി
തൊണ്ടയില്‍ക്കുരുങ്ങി
ആത്മഹത്യക്കും അപമൃത്യുവിനും
ഇടയ്ക്കുള്ള
ശിഥിലപ്രണയത്തിന്റെ
അടിക്കുറിപ്പായി,
മൂന്നാംപേജിലെ ഒരുവാര്‍ത്തയായി
അവളൊടുങ്ങി.