Tuesday 15 November 2011

രാമന്റെ യാത്ര മുതല്‍ ലാല്‍കൃഷ്ണയാത്ര വരെ


ഡോ.എം.എസ്‌. ജയപ്രകാശ്‌
ബി.ജെ.പി നേതാവ്‌ എല്‍.കെ.അധ്വാനി നടത്തുന്ന ജനചേതനയാത്ര പരശുരാമകേരളത്തിലും വരുമത്രെ. മാവേലിനാടിനെ പരശുരാമ കേരളമാക്കാന്‍ വളരെയധികം യാത്രവേണ്ടിവന്നിട്ടുണ്ടെന്നാണ്‌ പരശുരാമകഥക്കുള്ളിലെ ചരിത്രം പറയുന്നത്‌. വാമനന്‍ വരുമ്പോഴുണ്ടായിരുന്ന മാവേലിനാടിനെ പിന്നീട്‌ വന്ന പരശുരാമന്‍ കടലില്‍ നിന്നുപൊക്കിയെടുത്തു എന്ന കള്ളക്കഥ ആര്യവല്‍ക്കരണത്തിലൂടെ മാവേലിനാടിനെ(ചേരരാജ്യം) ചാതുര്‍വര്‍ണ്യ-ഹിന്ദുത്വ കേരളമാക്കിയതിണ്റ്റെ ചരിത്രമാണ്‌ വെളിപ്പെടുത്തുന്നത്‌. ലാല്‍കൃഷ്ണ അധ്വാനിയുടെ ആറാമത്തെ രഥയാത്രയാണിതെന്ന്‌ പറയാമെങ്കിലും ചരിത്രപരമായി ഇത്‌ ഏഴാമത്തെ ഹിന്ദുത്വയാത്രയാണെന്ന്‌ കാണാം. രാമായണം (രാമന്റെ അയനം അഥവാ യാത്ര) വെളിപ്പെടുത്തുന്ന   രാമന്റെ യാത്രയാണ്‌ ഹിന്ദുരാഷ്ട്രം ലക്ഷ്യമിട്ടുള്ള ആദ്യയാത്ര.B C 6൦൦ നും .A D 6൦൦നും ഇടക്കുള്ള ആയിരത്തോളം വര്‍ഷം നീണ്ടനിന്ന ബുദ്ധമത സ്വാധീനത്തില്‍ നിന്നും ഇന്ത്യയെ വീണ്ടെടുത്ത്‌ ഹിന്ദുത്വഭാരതം സൃഷ്ടിക്കാനുള്ള മസ്തിഷ്ക്കപ്രക്ഷാളനമാണ്‌ രാമന്റെ  യാത്രയിലൂടെ (രാമയണത്തിലൂടെ) തല്‍പരകക്ഷികള്‍ നടത്തിയത്‌. 
ബുദ്ധനെ രക്ഷകനായി ആദരിച്ചിരുന്ന ജനകോടികളുടെ മനസ്സില്‍ നിന്നും അദ്ദേഹത്തെ കുടിയിറക്കി രാമനേയും സീതയേയും പ്രതിഷ്ഠിക്കുകയാണ്‌ 'രാമന്റെ  യാത്ര'എന്ന രാമകഥയിലൂടെ തല്‍പരകക്ഷികള്‍ ചെയ്തത്‌. പുരാതന ഈജിപ്റ്റിലെ കവി ബാല്‍മിഷ്കി രാംസെ എന്ന രാജാവിനെപ്പറ്റി എഴുതിയ കൃതിയാവണം രാമായണത്തിണ്റ്റെ ആദിരൂപം. ഇന്ത്യയില്‍ എട്ടുതരം രാമകഥയുള്ളത്‌ പഠനാര്‍ഹമാണ്‌. പുറത്തുനിന്നുവന്ന കഥ പലതരത്തില്‍ വ്യാഖ്യാനിച്ചതാവാം. ഒരു കഥയില്‍ സീത  രാമന്റെ  സഹോദരിയാണ്‌. അയോദ്ധ്യ ഉള്‍പ്പെടെയുള്ള ബുദ്ധമതകേന്ദ്രങ്ങളിലൂടെ നടത്തിയിരിക്കുന്ന ഈയാത്ര ഒടുവില്‍ അവസാനിക്കുന്നതാകാട്ടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബുദ്ധമതകേന്ദ്രമായ ശ്രീലങ്കയിലാണ്‌. ഇന്നും ശ്രീലങ്ക ബുദ്ധമതക്കാരുടെ രാജ്യമാണ്‌. ബുദ്ധനുശേഷമാണ്‌ രാമകഥ രചിക്കപ്പെട്ടത്‌. രാമായണത്തിലെ അയോദ്ധ്യകാണ്ഡത്തില്‍ (101  സര്‍ഗം, 34ആം ശ്ലോകം) രാമന്‍ ബുദ്ധനെ കള്ളനെന്നു വിളിക്കുന്നത്‌ ശ്രദ്ധേയമാണ്‌.
"യഥാഹി ചോര സ തഥാഹി  ബുദ്ധ, തഥാഗതം നാസ്തികമത്രവിദ്ധി" എന്നാണ്‌ ആ ഭാഗത്ത്‌ പറഞ്ഞിരിക്കുന്നത്‌. ഹുയാന്‍സാങ്ങ്‌ (എ.ഡി.7൦൦) നല്‍കുന്ന വിവരണത്തില്‍ 3൦൦൦ ബുദ്ധഭിക്ഷുക്കള്‍ അയോദ്ധ്യയിലുണ്ടായിരുന്നതായി പറയുന്നു. 1൦൦ ആശ്രമങ്ങളും 1൦ ബുദ്ധവിഹാരങ്ങളുമുണ്ടായിരുന്നതായും അദ്ദേഹം പറയുന്നുണ്ട്‌. 
എ.ഡി.അഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫാഹിയാന്‍, ബ്രാഹ്മണര്‍ നശിപ്പിച്ചു കളഞ്ഞ ബുദ്ധനുമായി ബന്ധപ്പെട്ട ആല്‍മരത്തെപ്പറ്റി പറയുന്നുണ്ട്‌. അയോദ്ധ്യയില്‍ കണ്ടത്‌ രാമക്ഷേത്രത്തിണ്റ്റെ അവശിഷ്ടമല്ല മറിച്ച്‌ ചാതുര്‍വര്‍ണ്യശക്തികള്‍ തകര്‍ത്തുകളഞ്ഞ ബുദ്ധവിഹാരങ്ങളുടേതാകണം. ബുദ്ധവിഹാരങ്ങള്‍ തകര്‍ത്ത്‌ ക്ഷേത്രമാക്കുന്ന പരിപാടിയുടെ ആവര്‍ത്തനമാണ്‌ ബാബറിമസ്ജിദ്‌ തകര്‍ത്ത്‌ അത്‌ രാമക്ഷേത്രമാണെന്ന്‌ പറയുന്നതില്‍ കാണുന്നത്‌. ആര്‍.എസ്‌.ശര്‍മ്മയുടെ പഠനങ്ങളിലും ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്‌. രാമകഥ അയോദ്ധ്യയിലും ശ്രീലങ്കയിലും മറ്റും കേന്ദ്രീകരിച്ച്‌ അവതരിപ്പിക്കുന്നതില്‍ ബുദ്ധമത പാരമ്പര്യത്തെ തമസ്കരിക്കുന്ന തന്ത്രമുണ്ട്‌. മാത്രമല്ല രാമായണത്തില്‍ പറയുന്ന സ്ഥലങ്ങളെല്ലാം തന്നെ മുമ്പ്‌ ബുദ്ധമതം ശക്തമായി നിലനിന്നിരുന്ന സ്ഥലങ്ങളാണെന്നു കാണാം. തിരു +ആതന്‍ +കൂറ്‍ തിരുവിതാംകൂറായിത്തീര്‍ന്നു. ഇതിലെ ആതന്‍ ബുദ്ധനായിത്തീര്‍ന്നു. 
ഇതിനെ സംസ്കൃതവല്‍ക്കരിച്ച്‌ തിരുഅനന്തപുരമാക്കിയതും ശ്രദ്ധേയമാണ്‌. കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹത്തിണ്റ്റെ പേരില്‍നിന്നാണ്‌ കുട്ടനാട്‌ ഉണ്ടായത്‌, കുട്ടണ്റ്റെ -നാട്‌ - കുട്ടന്‍ ബുദ്ധണ്റ്റെ പര്യായമാണ്‌. മേല്‍പ്പറഞ്ഞതുപോലെ രാമനും പരിവാരവും കടന്നുപോകുന്ന എല്ലാ സ്ഥലങ്ങളും ബുദ്ധമത സ്വാധീനം ശക്തമായി നിലനിന്നിരുന്നവയാണ്‌. കിഷ്കിന്ദാകാണ്ഡത്തില്‍ സീതയെക്കണ്ടെത്താന്‍ സുഗ്രീവന്‍ ആളെ അയക്കുന്ന സ്ഥലങ്ങളില്‍ ചോള, ചേര,പാണ്ഡ്യ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. (41.64.12) ഈ രാജ്യങ്ങള്‍ ത്രേതായുഗത്തിലെ രാജ്യങ്ങളാണെന്ന്‌ സാമാന്യചരിത്രബോധമുള്ളവരാരും പറയില്ല. ബുദ്ധമത കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിനെ മുരിചി പത്തനം എന്നാണ്‌ രാമായണത്തില്‍ പറഞ്ഞിരിക്കുന്നത്‌ (മുസരിസ്‌) എ.ഡി. ആദ്യനൂറ്റാണ്ടുമുതല്‍ നിലനിന്നിരുന്ന രാജ്യങ്ങളാണിവ. ഈ രാജ്യങ്ങളെപ്പറ്റി രാമായണം രചിച്ച്‌ വാല്മീകിക്ക്  അറിയാമെന്ന്‌ വ്യക്തം. 
സുന്ദരകാണ്ഡത്തില്‍ ലങ്കാദഹനം നടക്കുന്നുണ്ടല്ലോ. അവിടെ ഹനുമാന്‍ തകര്‍ക്കുന്ന 'അശോകവാഡിക' അശോകചക്രവര്‍ത്തിയുടെ പേരിലുള്ള പൂന്തോട്ടത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. 'ചൈത്യമന്ദിരങ്ങളും'തകര്‍ക്കപ്പെട്ടു. ബുദ്ധമതക്കാരുടെ മന്ദിരങ്ങളാണ്‌ ചൈത്യമന്ദിരങ്ങള്‍ എന്നറിയപ്പെടുന്നത്‌. ബി.സി മൂന്നാം നൂറ്റാണ്ടില്‍ അശോകനും മക്കളായ മഹേന്ദ്രനും സംഗമിത്രയും ശ്രീലങ്കയിലെത്തിയാണ്‌ അവിടെ ബുദ്ധമതം സ്ഥാപിച്ചത്‌.
സഹ്യപര്‍വ്വതത്തിലെ ഒരുഭാഗത്തിന്‌ മഹേന്ദ്രഗിരി എന്നു പേരുവന്നത്‌ ഈ സാഹചര്യത്തിലാണ്‌. ഹനുമാന്‍ ലങ്കയിലേക്ക്‌ ചാടുന്നത്‌ ഈ മഹേന്ദ്രഗിരിയില്‍ നിന്നാണെന്ന്‌ പരാമര്‍ശവും ശ്രദ്ധേയമാണ്‌. ശബരിമല ഉള്‍പ്പെടുന്ന സഹ്യപര്‍വ്വതസാനുക്കളില്‍ നൂറിലധികം ബുദ്ധമത കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നതായി ചൈനീസ്‌ സഞ്ചാരി ഹുയാന്‍സാങ്ങ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു കാലത്ത്‌ ബുദ്ധമതവുമായി ബന്ധപ്പെട്ടിരുന്ന എല്ലാകേന്ദ്രങ്ങളെയും ഹൈന്ദവമാക്കുകയും ജനങ്ങളെ അവിടങ്ങളില്‍ നിന്ന്‌ അയിത്തം കല്‍പ്പിച്ച്‌ മാറ്റിനിര്‍ത്തുകയും ചെയ്തു. 
ശബരിമലയില്‍ ഈമാറ്റിനിര്‍ത്തല്‍ നയം നടക്കാതെപോയി. അവിടെ വാവരും ,യേശുദാസും മറ്റുള്ളവരും നിറഞ്ഞുനില്‍ക്കുകയാണല്ലോ. രാമജന്‍മഭൂമി പ്രശ്നം ഉയര്‍ത്തുന്നതും രാമായാണമാസം ആചരിക്കുന്നതും ഈ രാമഭക്തി നിലനിര്‍ത്താനുള്ള രാഷ്ട്രീയതന്ത്രമാണ്‌. 'ഭാവി ഭാരതം കാവി ഭാരതം' എന്ന മോഹം പൂവണിയും എന്നു തോന്നുന്നില്ല.