Tuesday 15 November 2011

മരണത്തിന്‍റെ അടയാളവാക്യം.

 രാജു ഇരിങ്ങൽ




ഒന്ന്:

അഹംബോധത്തിന്‍റെ കൃത്യതയില്‍ നിന്ന്
ഓരോ കാലടികളും
ഈ ഭൂമിയെ വിറപ്പിക്കുന്നു. 
പെരുക്കന്‍ കാലുകളുടെ പെരുമ്പറപ്പില്‍
അയ്യോ എന്ന ആധിയില്‍ 
മരണത്തിന്‍റെ ജീവമുഖം ഉറവയെടുക്കുന്നു.
മണ്ണിനു മേല്‍ ശവക്കച്ചയൊരുക്കി
പിറക്കാനെന്ന പോലെ
ചിതല്‍പുറ്റില്‍ നിന്ന് അവസാനത്തെ അഗ്നി  ഇറങ്ങിപ്പോകുന്നു.
രണ്ട്:

കുഞ്ഞുന്നാളില്‍ ഉറുമ്പുകളുടെ നിര നോക്കി പോകുമായിരുന്നു
നിധി തേടി പോകുന്ന കവര്‍ച്ച ക്കാരനെപോലെ
പുറകെ കൂടുമായിരുന്നു. 
പഞ്ചസാരയും, ധാന്യമണികളും, 
പേരറിയാത്ത എത്ര എത്ര ദ്രവ്യങ്ങള്‍..!
കൊള്ള സാമാനങ്ങള്‍ നിറച്ച ഗുഹാമുഖം
അടയാള വാക്യം പറഞ്ഞ് തുറക്കുകയും അടക്കുകയും ചെയ്യുമായിരുന്നു.

കാലം പെരുമഴ പോലെ ഒലിച്ചു പോയപ്പോള്‍
ഒരു വയസ്സന്‍ വൃക്ഷം 
ഗുഹയിലേക്ക് വേരുകളാഴ്ത്താന്‍ പാടു പെടുന്നു.
വെറുതെ ഇരിക്കുമ്പോള്‍ എന്നും ഓര്‍ത്തിരുന്ന
അടയാള വാക്യം മനസ്സിലേക്ക് തെളിഞ്ഞ് വരുന്നു
നാവിന്‍റെ തുമ്പത്ത് വന്ന് 
അകത്തേക്ക് ഒച്ച വച്ച് കടന്നു പോകുന്നു.