Tuesday 15 November 2011

പ്രണയത്തിന്റെ ചൂട്‌


സുധാകരന്‍ ചന്തവിള
പ്രണയം തെറ്റാണെന്നു പറയുന്നവരെല്ലാം മുഴുത്ത പ്രണയവുമായി നടക്കുന്നവരാകാം. അല്ലെങ്കില്‍ അവര്‍ പ്രണയപരാജയം സംഭവിച്ചവരാകാം. താന്‍ ഒറ്റയ്ക്കല്ല എന്ന്‌ ഒരാള്‍ക്ക്‌ തോന്നുന്നത്‌ അയാളെ മറ്റൊരാള്‍ പ്രണയിക്കുന്നു എന്ന തോന്നലുളവാകുമ്പോള്‍ മാത്രമാണ്‌. ഏറെക്കാലം പ്രണയിച്ചുനടക്കുന്നവരോട്‌ ചോദിച്ചാലും പ്രണയത്തെക്കുറിച്ച്‌ ആധികാരികമായി മനസ്സിലാക്കാന്‍ കഴിയില്ല. എങ്കിലും അവര്‍ക്കെല്ലാം പ്രണയിക്കാന്‍ അറിയാം എന്നുള്ളതാണ്‌ പ്രണയത്തിന്റെ പ്രത്യേകത. പ്രണയത്തിന്‌ ചിലപ്പോഴെല്ലാം പ്രത്യേകസമയവും കാലവും ആവശ്യമാകുന്നു. പൂവ്, പുല്‍ത്തകിടി, മരച്ചില്ല, താഴ്‌വാരം എന്നിവിടങ്ങളെല്ലാം പ്രണയാനുഭൂതികേന്ദ്രങ്ങളായി കമിതാക്കള്‍ കണ്ടെത്തുന്നത്‌ അതുകൊണ്ടാണ്‌.
ഉണങ്ങിവരണ്ട കരിയിലകള്‍ക്കുള്ളില്‍ പച്ചപിടിക്കുന്ന സ്വപ്നരേണുക്കളായി പ്രണയം എല്ലാവരിലും എപ്പോഴും കടന്നുവരാം. ചിലപ്പോള്‍ അത്‌ മൂകമാകാം, മറ്റുചിലപ്പോള്‍ വാചാലമാകാം. എങ്ങനെയാണെങ്കിലും വിട്ടുപിരിയാന്‍ കഴിയാത്ത, വ്യാഖ്യാനക്ഷമമല്ലാത്ത ഒരു അനുഭവമായി അതുമാറുന്നു. പ്രണയാനുഭവം ഒരര്‍ത്ഥത്തില്‍ മരണാനുഭവം പോലെയാണ്‌. അതിണ്റ്റെ തീവ്രത പ്രണയിക്കുന്നവര്‍ക്കേ അറിയാനാകൂ. ഇതുകൊണ്ടാണ്‌ 'രണ്ടുപേര്‍ തമ്മില്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു' എന്ന്‌ വിശ്വ പ്രശസ്തനായ കവി ഒക്ടോവിയോപാസ്‌ പറഞ്ഞത്‌. 'ചുംബനം' പ്രണയവികാരമായി അംഗീകരിക്കപ്പെട്ട ആവിഷ്കാരമാണല്ലോ?
പാശ്ചാത്യര്‍ക്ക്‌ ചുംബനം പ്രണയത്തിണ്റ്റെ ആദ്യവഴിയാണെങ്കില്‍ പൌരസ്ത്യര്‍ക്ക്‌ മിക്കവാറും അവസാന വഴിയാകുന്നു. പ്രണയം കണ്‍മണികളിലൂടെ കടന്നുവരുന്നു എന്നത്‌ ചരിത്രാതീതകാലത്തെ അനുഭവമാണ്‌. 'കണ്ണിണ കൊണ്ടു കടുകുവറുക്കുന്ന പെണ്‍മണിമാര്‍' എന്ന്‌ കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞത്‌ എത്ര അര്‍ത്ഥവത്താണ്‌. നമ്പ്യാര്‍ മാത്രമല്ല ലോകത്തിലെ വിഖ്യാതരായ എഴുത്തുകാരെല്ലാം സൌന്ദര്യത്തിണ്റ്റെ പ്രതീകങ്ങളായി കണ്ണിണകളെയും പുരികക്കൊടികളെയും വര്‍ണ്ണിച്ചിട്ടുണ്ട്‌. സാഹിത്യത്തില്‍ പ്രണയത്തിനുള്ള സ്ഥാനം ചെറുതല്ല. പ്രണയം എത്രത്തോളം തീവ്രവികാരമാണെന്ന്‌ നമുക്ക്‌ കാട്ടിത്തന്നത്‌ കുമാരനാശാനാണ്‌. 
ആശാണ്റ്റെ നായികമാര്‍ അത്യന്തം പ്രണയപരവശകളായിരുന്നു. വീണപൂവിലെ പേരില്ലാത്ത പൂവ്‌ (സ്ത്രീ) മുതല്‍ കരുണയിലെ വാസവദത്ത വരെ എടുത്തുകാട്ടാവുന്ന തെളിവുകളാണ്‌. 
പ്രണയത്തിനുവേണ്ടി ശരീരവും മനസ്സും ത്യജിക്കാമെന്ന്‌ കാണിച്ചുതന്ന സ്ത്രീകഥാപാത്രങ്ങളാണവര്‍. സ്നേഹത്തിനുവേണ്ടി നൂറാവര്‍ത്തി ചാകാന്‍പോലും തയ്യാറായ അത്തരം നായികമാര്‍ ഉയര്‍ത്തുന്ന പ്രണയം പൂര്‍ണ്ണമായും മാംസനിബദ്ധമല്ലെന്നു പറയാനാകുമോ?വിശ്വപ്രസിദ്ധ നോവലിസ്റ്റായ ദസ്തയേവ്സ്കിയുടെ നോവലുകളില്‍ പ്രണയത്തെ അതിണ്റ്റെ ഏറ്റവും തീവ്രമായ അവസ്ഥയില്‍ ആവിഷ്കരിച്ചിട്ടുള്ളത്‌ കാണാം. കാമവും പ്രണയവുമെല്ലാം ഉന്‍മാദാവസ്ഥയും കടന്ന്‌ കൊലപാതകത്തില്‍ എത്തിച്ചേരുന്നതായി അദ്ദേഹം നമുക്ക്‌ കാട്ടിത്തരുന്നു. സാഹിത്യത്തിലെ പ്രണയം ജീവിതത്തിലെ പ്രണയത്തെക്കാള്‍ മോഹനവും പവിത്രവുമായി നില്‍ക്കുന്ന സന്ദര്‍ഭങ്ങളുണ്ട്‌. എങ്കിലും ജീവിതത്തിലെ പ്രണയം സാഹിത്യത്തെ സ്വാധീനിക്കുന്നതിനെക്കാള്‍ സാഹിത്യത്തിലെ പ്രണയം ജീവിതത്തിലെ പ്രണയത്തെ സ്വാധീനിക്കുകയാണ്‌ ചെയ്യുന്നത്‌. അപ്പോഴും മാതൃകയാക്കാന്‍ കഴിയാത്ത കന്യകമാരുടെ 'കമ്രശോണസ്ഫടിക വളകള്‍' പോലുള്ള പ്രണയങ്ങളും കാണാതിരിക്കാനാവില്ല. പ്രണയത്തിണ്റ്റെ നിറം ചുവപ്പാണെന്ന്‌ പ്രണയിക്കുന്നവര്‍ക്കറിയില്ലെങ്കിലും, പൊട്ടിപ്പോകുമ്പോള്‍ മാറിമാറിയണിയുന്ന ചുവന്ന കണ്ണാടി വളകള്‍ പോലുള്ള പ്രണയമാണ്‌ ഇപ്പോള്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്നത്‌. 
എന്തായാലും തീക്കുണ്ടം പോലെ തിളങ്ങുന്ന പ്രണയം ആരെയാണ്‌ ആകര്‍ഷിക്കാത്തത്‌. അതിണ്റ്റെ ചൂടും തിളപ്പും തണുക്കാത്തതാണ്‌. തണുത്താല്‍ അതിനെ പ്രണയമെന്ന്‌ പറയാന്‍ കഴിയില്ല. ഏതുപ്രായത്തിലെ പ്രണയത്തിനും അതാതിണ്റ്റേതായ ചൂട്‌ ഉണ്ടായിരിക്കും. ആ ചൂടാണ്‌ പ്രണയത്തെ മനോഹരവും ചൈതന്യവത്തുമാക്കുന്നത്‌.