Tuesday 15 November 2011

തെങ്ങ്‌ പുനരുദ്ധാരണ പദ്ധതിയില്‍ മാത്രം അടുത്ത വര്‍ഷം 5 ലക്ഷം തെങ്ങിന്‍ തൈകളുടെ ആവശ്യം


രമണി ഗോപാലകൃഷ്ണന്‍
ഒരു കേരരഹിത കേരളത്തിന്‌ വേണ്ടിയല്ല നമ്മള്‍ തെങ്ങ്‌ പുനരുദ്ധാരണപദ്ധതി നടപ്പിലാക്കുന്നതെന്ന്‌ എല്ലാവരും ഓര്‍ക്കുന്നത്‌ നന്നായിരിക്കും. തെങ്ങ്‌ പുനരുദ്ധാരണ പദ്ധതിയുടെ ൯-ാം സംസ്ഥാനതല മോണിറ്ററിംഗ്‌ കമ്മിറ്റിയോഗവേളയില്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മീഷണറുമായ ശ്രീ. കെ. ജയകുമാര്‍ ഐഎഎസ്‌ ണ്റ്റെ മുന്നറിയിപ്പാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. ഈ മുന്നറിയിപ്പിണ്റ്റെ പശ്ചാത്തലം എന്താണെന്നല്ലേ! തെങ്ങുപുനരുദ്ധാരണ പദ്ധതിയില്‍ ൬.൫൦ ലക്ഷം രോഗബാധിത തെങ്ങുകള്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂറ്‍ ജില്ലകളില്‍ നിന്ന്‌ മുറിച്ച്‌ മാറ്റിയപ്പോള്‍ പകരം നട്ടത്‌ ൭൧൦൦൦ തൈകള്‍ മാത്രം - വെറും ൧൧ ശതമാനത്തിലും താഴെ. ഇത്‌ തികച്ചും ആശങ്കാജനകം തന്നെ.

തെങ്ങ്‌ വെട്ടിമാറ്റുന്നതിനോടൊപ്പം തന്നെ രോഗാവസ്ഥയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന തെങ്ങുകളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം കേരളത്തിലെ തെങ്ങുകളുടെ ഏകദേശം മൂന്നിലൊന്ന്‌ പ്രായാധിക്യത്താല്‍ ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകളാണെന്ന വിലയിരുത്തലും നമ്മെ അലോസര പ്പെടുത്തുന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ നമ്മളെ തുറിച്ചുനോക്കുമ്പോള്‍ മുറിച്ചുമാറ്റപ്പെടുന്ന തെങ്ങുകള്‍ക്ക്‌ പകരം കേവലം ൧൧ ശതമാനം മാത്രം തൈകള്‍ നടുന്ന സ്ഥിതിവിശേഷമാണെങ്കില്‍ നമ്മുടെ സംസ്ഥാനം ഒരു കേരരഹിത കേരളമായിത്തീരുമോയെന്ന ആശങ്കയില്‍ കഴമ്പില്ലാതില്ല. ആശാവഹമല്ലാത്ത ഈ അവസ്ഥയുടെ കാരണങ്ങളും യോഗം അവലോകനം ചെയ്തു. കാതലായ പ്രശ്നം ഗുണമേന്‍മയും അത്യുത്പാദനശേഷിയുമുള്ള തെങ്ങിന്‍ തൈകളുടെ ലഭ്യതക്കുറവ്‌ തന്നെയാണെന്ന നാളികേര വികസന ബോര്‍ഡ്‌ ചെയര്‍മാന്‍ ശ്രീ. ടി. കെ. ജോസ്‌ ഐഎഎസ്‌ ണ്റ്റെ അഭിപ്രായത്തോട്‌ എല്ലാവരും യോജിച്ചു. കാര്‍ഷിക സര്‍വ്വകലാശാല, കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം തുടങ്ങി നാളികേര വികസന ബോര്‍ഡ്‌ ഉള്‍പ്പെടെയുള്ള ഗവ. സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന തൈകളുടെ പരിമിതമായ എണ്ണം നല്ല തൈകള്‍ കര്‍ഷകരുടെ കൈകളിലെത്തിക്കുവാന്‍ തടസ്സമാകുന്നു.

അതുകൊണ്ട്‌ നാളെയുടെ എറ്റവും മുന്‍ഗണന നല്‍കേണ്ട പ്രവര്‍ത്തനങ്ങളില്‍ നല്ല തെങ്ങിന്‍ തൈകളുടെ ഉത്പാദനവും വിതരണവും സ്ഥാനം പിടിക്കണം. തെങ്ങ്‌ പുനരുദ്ധാരണ പദ്ധതി ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂറ്‍ എന്നീ മൂന്ന്‌ ജില്ലകളിലായി ൧൮ ബ്ളോക്കുകളില്‍ നടപ്പിലാക്കി വരുന്നു. ൯ ബ്ളോക്കുകളിലെ പദ്ധതി നടത്തിപ്പ്‌ ഏകദേശം പൂര്‍ത്തിയായി. ശേഷിക്കുന്ന ൧൪ ബ്ളോക്കുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടി ഈ വര്‍ഷം തുടങ്ങും. ഏകദേശം ൧൦ ലക്ഷത്തോളം തെങ്ങുകള്‍ ഈ പ്രദേശത്ത്‌ നിന്നും വെട്ടിമാറ്റുമെന്ന്‌ കണക്കാക്കപ്പെടുന്നു. ഇതില്‍ ഏകദേശം ൫൦ ശതമാനമെങ്കിലും പകരം തൈകള്‍ നട്ടുപിടിപ്പിക്കണ മെങ്കില്‍, ൫ ലക്ഷത്തിലധികം തൈകള്‍ വേണ്ടിവരുമെന്ന്‌ യോഗം വിലയിരുത്തി.


ഉത്പാദനക്ഷമത കൂടിയ, ഉയരംകുറഞ്ഞ തൈകള്‍ പുനര്‍നടീലിനു ലഭ്യമാക്കുവാന്‍ കഴിഞ്ഞാല്‍ വരും നാളുകളില്‍ നമ്മുടെ ഉത്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാക്കാം. ഇത്തരം തൈകളുടെ ലഭ്യത ഉറപ്പ്‌ വരുത്താന്‍ പ്രധാനമായും രണ്ട്‌ മാര്‍ഗ്ഗങ്ങളാണ്‌ സ്വീകരിക്കാനുള്ളത്‌. ഒന്ന്‌ ഗവ. നഴ്സറികളുടെ സൌകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഉത്പാദനം വര്‍ദ്ധിപ്പിക്കണം. നാളികേര വികസന ബോര്‍ഡിണ്റ്റെ നേര്യമംഗലത്തും, മാണ്ഡ്യയിലുമുള്ള ഫാമുകള്‍ വഴി ഏകദേശം ഒന്നേകാല്‍ ലക്ഷം തൈകള്‍ ലഭ്യമാക്കുവാന്‍ തയ്യാറെടുക്കുകയാണ്‌. കാര്‍ഷിക സര്‍വ്വകലാശാലയും കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനവും ശ്രമിച്ചാല്‍ മറ്റൊരു ൨൫൦൦൦ തൈകളിലധികം വരില്ല. ഈ സാഹചര്യത്തില്‍ ബാക്കി ൩-൩.൫ ലക്ഷം തൈകളുടെ ഉറവിടം ഉറപ്പാക്കേണ്ടിയിരിക്കുന്നു. ഈ അവസരത്തില്‍ വായനക്കാരുടെ ശ്രദ്ധ കഴിഞ്ഞ ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന സങ്കരയിനം തൈകളുടെ ഉത്പാദന പ്രക്രിയ, നഴ്സറി പദ്ധതികള്‍, തൈകളുടെ തെരഞ്ഞെടുപ്പ്‌ മാനദണ്ഡം എന്നീ വിഷയങ്ങളിലേക്ക്‌ ക്ഷണിക്കുന്നു. സങ്കരയിനം തൈകള്‍ കര്‍ഷകര്‍ സ്വയം ഉത്പാദിപ്പിക്കേണ്ടതിണ്റ്റെ പ്രസക്തി ഇത്തരുണത്തില്‍ ഏറിവരികയാണെന്ന്‌ സൂചിപ്പിച്ചിരുന്നല്ലോ. ഗുണമേന്‍മയുള്ള കുറിയ യിനം മാതൃവൃക്ഷങ്ങള്‍ തെരഞ്ഞെടുത്ത്‌ ഗുണ മേന്‍മയുള്ള നെടിയ യിനത്തിണ്റ്റെ പൂമ്പൊടി ഉപയോഗിച്ച്‌ പരാഗണം നടത്താമെന്നും ഇതിനുള്ള പരിശീലനം ബോര്‍ഡിണ്റ്റെ ഡി.എസ്‌.പി. ഫാമുകളില്‍ നിന്നും ആവശ്യക്കാര്‍ക്കു നല്‍കുമെന്നും സൂചി പ്പിച്ചിരുന്നു.

നല്ല കുറിയയിനം വിത്തു തേങ്ങകള്‍ പാകി ചെറിയ ശതമാനം പ്രകൃതിദത്ത സങ്കരയിനം (ചഇഉ) തൈകള്‍ ലഭ്യമാക്കാമെന്നും ലേഖനത്തില്‍ വിവരിച്ചിരുന്നു. കോക്കനട്ട്‌ പ്രൊഡ്യൂസേഴ്സ്‌ സൊസൈറ്റികളും കേര ക്ളസ്റ്ററുകളുമെല്ലാം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിയണം. സങ്കരയിനം വിത്തുതേങ്ങകള്‍ ഉണ്ടാക്കി നഴ്സറി നടത്തുകയും തൈകളുടെ ലഭ്യത സുഗമമാക്കുകയും ചെയ്യണം. ൨൫൦൦൦ തൈയ്യുത്‌ പാദിപ്പിക്കുന്ന നഴ്സറികള്‍ക്ക്‌ ൨ ലക്ഷം രൂപ സബ്സിഡി നല്‍കുന്ന പ്രയോജനവും ലഭിക്കും. ബോര്‍ഡ്‌ ഇപ്പോള്‍ നടപ്പിലാക്കിവരുന്ന തെങ്ങിണ്റ്റെ ചങ്ങാതിക്കൂട്ടം പരിശീലനത്തില്‍ ചങ്ങാതിമാരെ കൃത്രിമ പരാഗണത്തിനു കൂടി പ്രാപ്തരാക്കുവാന്‍ നടപടിയെടുത്തു കഴിഞ്ഞു. ൨൫൦൦൦ മികച്ച മാതൃ വൃക്ഷങ്ങള്‍ കണ്ടെത്തി കൃത്രിമ പരാഗണത്താല്‍ വിത്തുതേങ്ങ കളുണ്ടാക്കി മികച്ചയിനം ഡി എച്ച്‌ ടി തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള യത്നം താമസിയാതെ തുടങ്ങും. ഈ ലക്ഷ്യത്തി ലെത്താന്‍ മറ്റൊരു മാര്‍ഗ്ഗം കൂടി സ്വീകരിക്കാന്‍ ബോര്‍ഡ്‌ ആലോചിച്ച്‌ വരികയാണ്‌.

ശാസ്ത്രജ്ഞര്‍ക്കും ഗവേഷണകേന്ദ്രങ്ങള്‍ക്കും മാത്രമല്ല, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്‍പ്പെടെ തെങ്ങുകൃഷി ഗൌരവമായി കാണുന്ന ഏതൊരാള്‍ക്കും സങ്കരയിനം തെങ്ങിന്‍ തൈകളുണ്ടാക്കുന്നതിന്‌ കഴിയുമെന്ന്‌ വരണം. ബിരുദാനന്തര ബിരുദ കോഴ്സുകളുളള കോളേജു കളിലെ ബോട്ടണി ഡിപ്പാര്‍ട്ടുമെണ്റ്റുകള്‍ക്ക്‌ ഈ മേഖലയില്‍ പ്രോജക്ടുകള്‍ നല്‍കിയും ഈ പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ ശ്രമിച്ചുവരികയാണ്‌. ഒച്ചിഴയും വേഗത്തിലുള്ള തൈയ്യുത്പാദനത്തിനെ മറികടക്കുവാന്‍ ഇത്തരം തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചേ പറ്റൂ. സങ്കരയിനം തൈകള്‍ ഉത്പാദിപ്പിച്ച്‌ വില്‍ക്കുന്ന മധുരയിലെ ഡി. ജെ. ഫാമിനെക്കുറിച്ച്‌ അറിയാത്തവര്‍ ചുരുക്കം. ബുക്ക്‌ ചെയ്ത്‌ ൧.൫-൨ വര്‍ഷം വരെ കാത്തിരുന്ന്‌ നാലും അഞ്ചും തൈകള്‍ കരസ്ഥമാക്കി തൃപ്തിയടയുന്ന അനുഭവമാണ്‌ നമ്മള്‍ കണ്ടുവരുന്നത്‌. നമ്മുടെ നാട്ടിലെ പുരോഗമന കര്‍ഷകരോ, നാളികേര ഉത്പാദക സംഘങ്ങളോ, സര്‍ക്കാരേതര സ്ഥാപനങ്ങളോ, ബോട്ടണി ബിരുദാനന്തര ബിരുദ കോഴ്സുകളുള്ള കോളേജുകളോ സങ്കരയിനം തെങ്ങിന്‍തൈ ഉത്പാദനമേഖലയിലേക്ക്‌ കടന്ന്‌ വന്നാല്‍ നിരവധി ഡി. ജെ. ഫാമുകള്‍ നമ്മുടെ നാട്ടിലും ഉണ്ടാവില്ലേ എന്ന്‌ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. ഉത്പാദനക്ഷമതയിലൂന്നിയുള്ള വികസനപ്രവര്‍ത്തന ങ്ങള്‍ക്കേ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇനി പ്രസക്തിയുള്ളൂ. കാരണം വികസിപ്പിക്കാനിനി സ്ഥലമില്ലായെന്നത്‌ തന്നെ.

കൂടുതല്‍ ഉത്പാദനം കുറച്ച്‌ സ്ഥലത്ത്‌ നിന്ന്‌. കേരവിസ്തൃതി കൂട്ടുന്നതിന്‌ ഇനി പരമ്പരാഗതമല്ലാത്ത പ്രദേശങ്ങളിലേക്ക്‌ ശ്രദ്ധ പതിയണം. കൂടുതല്‍ ലാഭേച്ഛയാല്‍ മറ്റ്‌ വിളകളിലേക്ക്‌ കണ്ണ്‌ നട്ടിരിക്കുന്ന കര്‍ഷകര്‍ക്ക്‌ അത്തരമൊരു വിളമാറ്റം ധൃതഗതിയിലാ ക്കാനുള്ള അവസരം നമ്മള്‍ കൊടുത്തുകൂടാ. പകരം അത്യുത്പാദനശേഷിയും ഗുണമേന്‍മയുമുള്ള സങ്കരയിനം തൈകള്‍ പരമാവധി ഉത്പാദിപ്പിച്ചെടുക്കുവാന്‍ ആവശ്യക്കാര്‍ തയ്യാറാകണം - നാളികേര വികസന ബോര്‍ഡുപോലുള്ള സ്ഥാപനങ്ങളുടെ സഹായത്താല്‍. ഡെ. ഡയറക്ടര്‍, നാളികേര വികസന ബോര്‍ഡ്‌, കൊച്ചി