Tuesday 15 November 2011

ജനസേവന ബിസിനസ്സ്‌ എത്ര ആദായകരം


പി. സുജാതന്‍


കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഈയിടെ ദാരിദ്യ്രരേഖ മാറ്റിവരച്ച്‌ ഇന്ത്യയുടെ സമ്പല്‍സംഋദ്ധിക്ക്‌ പുതിയ മാനമുണ്ടാക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം കമ്മീഷന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഒരു ഗ്രാമീണന്‍ ദിവസം 15 രൂപയും നഗരവാസി 20 രൂപയും ചെലവഴിക്കാന്‍ ശേഷി നേടിയാല്‍ ദാരിദ്യ്രരേഖ കടന്നു എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. പിന്നീടത്‌ യഥാക്രമം 26 രൂപ, 36 രൂപ എന്നിങ്ങനെ കമ്മീഷന്‍ പുതുക്കി തീരുമാനിച്ചു. ഡോക്ടര്‍ അര്‍ജുന്‍ സെന്‍ ഗുപ്ത അദ്ധ്യക്ഷത വഹിക്കുന്ന മറ്റൊരു കമ്മീഷന്‍ ൮൩ കോടി ജനങ്ങള്‍ ഇത്രയും തുക പോലും ഒരു ദിവസം ചെലവാക്കാന്‍ ഇല്ലാത്തവരായി ഇന്ത്യയിലുണ്ടെന്ന്‌ കണ്ടെത്തുന്നു. ദാരിദ്യ്രരേഖ വരച്ചും മായിച്ചും ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേഗ്‌ സിംഗ്‌ അലുവാലിയയും കൂട്ടരും നമ്മുടെ രാജ്യത്ത്‌ നടത്തുന്ന ആസൂത്രണ പരിപാടിക്ക്‌ ഒരു മറുവശമുണ്ട്‌. സമ്പന്നര്‍ നാള്‍ക്കുനാള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. രണ്ട്‌ ദശാബ്ദക്കാലത്തെ സാമ്പത്തിക വളര്‍ച്ച ആര്‍ക്കും വിസ്മരിക്കാനാവില്ല. സമതുലിതവും സ്ഥായിയുമല്ല ഈ വളര്‍ച്ച എന്നുമാത്രം.
 അസോസിയേഷന്‍ ഓഫ്‌ ഡെമോക്രാറ്റിക്‌ റീഫോംസും നാഷണല്‍ ഇലക്ഷന്‍ വാച്ചും ചേര്‍ന്ന്‌ ഈയിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിലെ കൌതുകക്കാഴ്ചകള്‍ ഏത്‌ ഇന്ത്യന്‍ പൌരനെയും വിസ്മയിപ്പിക്കും. നിസ്വാര്‍ത്ഥമായ ജനസേവനത്തിനിറങ്ങി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന്‌ അധികാര പദവികളിലെത്തിയവരുടെ ആസ്തി വെളിപ്പെടുത്തപ്പെട്ടു. കേന്ദ്രമന്ത്രിമാരില്‍ ചിലര്‍ സ്വയം പ്രഖ്യാപിച്ച സ്വത്തുവിവരപ്രകാരം അവരുടെ പ്രതിദിന വരുമാനം പോലും പലലക്ഷങ്ങള്‍ വരുന്നു. അത്തരത്തില്‍ കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും സമ്പന്നനായ അംഗം പ്രഭുല്‍ പട്ടേല്‍ ആണ്‌. 2009ല്‍ പൊതുതെരഞ്ഞെടുപ്പുവേളയില്‍ അദ്ദേഹം തണ്റ്റെ പക്കല്‍ 75 കോടി രൂപയുടെ വസ്തുവകകള്‍ ഉണ്ടെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ പ്രഖ്യാപിച്ചു. 
ഇലക്ഷനില്‍ ജയിച്ച പ്രഭുല്‍ പട്ടേല്‍ വ്യോമയാന വകുപ്പുമന്ത്രിയായി. കഴിഞ്ഞ മേയ്‌ മാസം വരെയുള്ള കണക്ക്‌ പ്രകാരം പ്രഭുല്‍ പട്ടേല്‍ 122 കോടി രൂപയുടെ ആദായനികുതി അടച്ച ഇന്ത്യന്‍ പൌരനാണ്‌. അതായത്‌ 28മാസം കൊണ്ട്‌ അദ്ദേഹത്തിന്റെ സ്വത്തില്‍ 46കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി എന്ന്‌ സാരം. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന്‌ നഷ്ടത്തിലേക്ക്‌ പറക്കുമ്പോള്‍ വ്യോമയാനമന്ത്രി പ്രതിദിനം അഞ്ചുലക്ഷം രൂപ വീതം വരുമാനം ഉണ്ടാക്കിക്കൊണ്ടിരുന്നു. വ്യവസായ സ്ഥാപനം കടം കേറി നശിക്കുമ്പോള്‍ മുതലാളി സമ്പന്നനായിക്കൊണ്ടിരുന്നു. വ്യോമയാന വകുപ്പിലെ ഭരണമികവ്‌ പരിഗണിച്ച്‌ ക്യാബിനറ്റ്‌ പദവിയിലേക്ക്‌ പ്രഭുല്‍ പട്ടേല്‍ ഉയര്‍ത്തപ്പെട്ടു. വന്‍കിട വ്യവസായ വകുപ്പ്‌ മന്ത്രിയാണല്ലോ ഇപ്പോള്‍ അദ്ദേഹം. കേന്ദ്ര മന്ത്രിസഭയിലെ ഏറ്റവും സമ്പന്നന്‍ പ്രഭുല്‍ പട്ടേല്‍ ആണെങ്കില്‍ ചുരുങ്ങിയ കാലംകൊണ്ട്‌ കൂടുതല്‍ ആദായമുണ്ടാക്കി മുമ്പന്തിയിലെത്തിയത്‌ ഡി.എം.കെ അംഗമായ ഡോ. എസ്‌. ജഗത്രാക്ഷകന്‍ എന്ന സഹമന്ത്രിയാണ്‌.
പട്ടേല്‍ സാമ്പത്തിക വളര്‍ച്ചയില്‍ 53 ശതമാനം ഉയര്‍ച്ചയുണ്ടാക്കിയപ്പോള്‍ വാര്‍ത്താ വിനിമയ വകുപ്പിണ്റ്റെ സഹമന്ത്രിയായ ജഗത്രാക്ഷകന്‍ 1092 ശതമാനം ഉയര്‍ച്ച കൈവരിച്ചുകൊണ്ട്‌ തണ്റ്റെ സ്വത്ത്‌ 70 കോടി രൂപയാക്കി. 2009ല്‍ ഇദ്ദേഹത്തിദിവസം  ആസ്തി 5.9 കോടി രൂപയായിരുന്നു. വ്യോമയാന വകുപ്പ്‌ ഭരിക്കുന്നതിനേക്കാള്‍ ആദായകരമാണ്‌ വാര്‍ത്താവിനിമയ വകുപ്പിലെ സഹമന്ത്രി ഭരണമെന്ന്‌ പുഷ്പംപോലെ ജഗത്രാക്ഷകന്‍ തെളിയിച്ചു. പട്ടേല്‍ നാല്‌ കോടി രൂപ ഉണ്ടാക്കിയ കാലയളവില്‍ ജഗത്രാക്ഷകന്‍ 54 കോടിയിലധികം സമ്പാദിച്ചുകൊണ്ട്‌ രാജ്യത്തെ 'സേവിച്ചു'.
ചെറുപ്പക്കാരായ മന്ത്രിമാര്‍ ഊര്‍ജ്ജസ്വലരും ആദര്‍ശ നിഷ്ഠയുള്ളവരും ആയിരിക്കുമല്ലോ. ഐ.ടി വകുപ്പുമന്ത്രി മിലിന്‍ഡ്‌ ദോറെ 2009ല്‍ നിന്ന്‌ 2011൧ല്‍ എത്തുമ്പോള്‍ തണ്റ്റെ സ്വകാര്യ സമ്പാദ്യം 17 കോടി രൂപയില്‍ നിന്ന്‌ 33 കോടി രൂപയായി ഇരട്ടിപ്പിച്ചു. 2004ല്‍ ഈ കൊച്ചുമിടുക്കന്‍ വെറും 8.8 കോടി രൂപയാണ്‌ സ്വത്തായി പ്രഖ്യാപിച്ചിരുന്നത്‌. ദിവസം ഒരുലക്ഷം രൂപ ക്രമത്തില്‍ അദ്ദേഹത്തിണ്റ്റെ വരുമാനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയവും മന്ത്രിപ്പണിയും പാഴ്‌വേലയാണെന്ന്‌ ആരുപറയും? താരതമ്യേന വളരെ ഉയര്‍ന്ന സ്വകാര്യ സ്വത്തുള്ള ശരത്‌ പവാറിനെപ്പോലും മിലിന്‍ഡ്‌ ദോറെ കടത്തിവെട്ടി. മറ്റൊരു മഹാരാഷ്ട്രക്കാരന്‍ വിലാസ്‌ റാവു ദേശ്മുഖ്‌ 28 മാസ കാലയളവില്‍ ഒന്നേമുക്കാല്‍ കോടി രൂപയേ ദേശസേവനത്തിലൂടെ മുതല്‍കൂട്ടിയുള്ളൂ. 
കേന്ദ്രമന്ത്രിമാരില്‍ പകുതിയിലേറെപ്പേര്‍ കോടിയിലേറെ സ്വത്തുണ്ടാക്കിയവരാണ്‌. ഏറ്റവും കുറഞ്ഞ സമ്പാദ്യം ഒരു കോടിയിലേറെ സൈനികശക്തിയുള്ള പ്രതിരോധവകുപ്പ്‌ ഭരിക്കുന്ന എ.കെ ആണ്റ്റണിയുടേതാണ്‌. വെറും രണ്ടുലക്ഷം രൂപ. കുട്ടികളില്‍ സമ്പാദ്യശീലം പോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന രക്ഷാകര്‍ത്താക്കള്‍ ഒരിക്കലും ആണ്റ്റണിയെ അവര്‍ മാതൃകയാക്കാന്‍ പ്രേരിപ്പിക്കരുത്‌. കേന്ദ്രമന്ത്രിമാര്‍ മാത്രമല്ല, സംസ്ഥാനം ഭരിക്കുന്നവരും ഭരിക്കാന്‍ നിശ്ചിതവകുപ്പ്‌ കിട്ടാത്ത എം.പിമാരും എം.എല്‍.എമാരും ജനസേവനത്തിലൂടെ സമ്പന്ന സോപാനങ്ങള്‍ കയറി. കൂടാതെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍, അവരുടെ ആശ്രിതര്‍, ബന്ധുക്കള്‍ തുടങ്ങിയവരും കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ജീവിതനിലവാരം മെച്ചപ്പെടുത്തി രാജ്യപുരോഗതിയില്‍ ഭാഗഭാക്കായി. 
ആന്ധ്രയിലെ വൈ.എസ്‌ ജഗന്‍ മോഹന്‍ റെഡ്ഢി 30വയസ്സ്‌ കഷ്ടിച്ച്‌ എത്തിയ ഒരു യുവനേതാവാണ്‌. കടപ്പ മണ്ഡലത്തില്‍ നിന്നുള്ള എം.പി കഴിഞ്ഞ 28 മാസംകൊണ്ട്‌ തണ്റ്റെ സ്വത്ത്‌ 72 കോടി രൂപയില്‍ നിന്ന്‌ 425 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. ദിവസം ശരാശരി 50 ലക്ഷം രൂപയാണ്‌ അദ്ദേഹത്തിണ്റ്റെ വരുമാനമെന്ന്‌ അനുമാനിക്കാം. കോണ്‍ഗ്രസ്‌ നേതൃത്വവുമായി കലഹിച്ച്‌ പിരിഞ്ഞ്‌ ആന്ധ്രയില്‍ മാര്‍ച്ച്‌ നടത്തിയതാണ്‌ ഈ കാലയളവിലെ അദ്ദേഹത്തിണ്റ്റെ മുഖ്യസേവനം. 
ഇവിടെ എടുത്തെഴുതിയ വരുമാനക്കണക്കുകള്‍ ബഹുമാന്യരായ നമ്മുടെ നേതാക്കള്‍ സ്വയം വെളിപ്പെടുത്തിയവയാണ്‌. അവര്‍ നിയമപ്രകാരം ആദായനികുതി അടച്ച തുക. തീര്‍ച്ചയായും സ്വന്തം സ്വത്തുവിവരങ്ങളില്‍ അവര്‍ വെള്ളം ചേര്‍ത്ത്‌ കാണില്ലെന്ന്‌ വിശ്വസിക്കാം. എന്നാല്‍ പത്തും പന്ത്രണ്ടും വീടുകള്‍ വിവിധ നഗരങ്ങളില്‍ പല പേരുകളിലുള്ളവര്‍ ആദായക്കണക്കില്‍ അവയെല്ലാം ഉള്‍പ്പെടുത്തിയാല്‍ എന്തായിരിക്കാം യഥാര്‍ത്ഥ ചിത്രം?
ദിവസം   50 ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ ശരാശരി വരുമാനമുള്ള നേതാക്കള്‍ നമുക്കുണ്ട്‌. ക്രിക്കറ്റ്‌ കളിക്കാരനും സിനിമതാരത്തിനും രാഷ്ട്രീയതാരങ്ങള്‍ക്കും ഉള്ളതാണ്‌ ഇന്ത്യാ മഹാരാജ്യം. പ്രശസ്തിയും പണവും അവരെ തേടിവരുന്നു. സിനിമയിലും ക്രിക്കറ്റിലും തിളങ്ങാന്‍ നൈസര്‍ഗ്ഗികമായ വാസനയുണ്ടാകണം. നീണ്ടകാല പരിശീലനം വേണം. രാഷ്ട്രീയതാരത്തിണ്റ്റെ നിക്ഷേപമെന്ത്‌? നേതൃപാടവം? അതായത്‌ ചര്‍മ്മബലം, തൊലിക്കട്ടി? വളരുന്ന ഇന്ത്യയ്ക്ക്‌ നമോവാകം. !