Tuesday 15 November 2011

സൂര്യതുഷാരം


ജനാര്‍ദ്ദനന്‍ വല്ലത്തേരി
അമ്മയ്ക്കു പിന്നില്‍ ഒരു ദേവീശില്‍പം പോലെ എന്നെത്തന്നെ കടാക്ഷിച്ചുകൊണ്ട്‌ നില്‍ക്കുകയായിരുന്നു, അവള്‍. ആദ്യദര്‍ശനത്തിണ്റ്റെ രാഗാനുഭൂതിയില്‍ നിന്നും സ്വയമുണര്‍ത്താന്‍, ഞാന്‍ അവളുടെ അമ്മയോട്‌ ചോദിച്ചു: 'എന്താ മോളുടെ പേര്‌?'അവള്‍ക്ക്‌ ചേരുന്ന ഒരു പേരും ഈ ഭൂമുഖത്തുണ്ടാവുകയില്ലെന്ന്‌ എനിക്ക്‌ തോന്നി. അത്‌ ശരിയുമായിരുന്നു. വളരെ പതുക്കെ, ഒരു നെടുനിശ്വാസത്തിണ്റ്റെ നനവു മുറ്റിയ സ്വരത്തില്‍ അവളുടെ അമ്മ പറഞ്ഞു: 'ഇവള്‍ക്ക്‌ പേരൊന്നും ഇട്ടില്യ!' 'പത്തു പതിനേഴ്‌ വയസ്സായിട്ടും പേരിടാത്തൊരു ശിശുവാണോ ഈ നില്‍ക്കുന്നത്‌?'തെല്ലൊരമ്പരപ്പോടെ ഞാന്‍ ചോദിച്ചുപോയി. 
തമാശ പറയുകയായിരുന്നില്ല. ഒന്നു ചിരിക്കാന്‍, അവള്‍ക്കു ചിരിക്കേണ്ടതുപോലുമില്ലായിരുന്നു. അവളുടെ ചുണ്ടുകളില്‍ ഒരു വിചിത്രശലഭം എപ്പോഴും ചിറകു വിരിച്ചു നിന്നിരുന്നു. അവളെ കണ്ടിരിക്കുമ്പോള്‍, എനിക്കൊന്നും കേള്‍ക്കണമെന്നേ ഇല്ലായിരുന്നു. അപ്പോഴാണ്‌ എനിക്കറിഞ്ഞു കൂടാത്ത ഏതോ ബധിരഭാഷയില്‍ അവളെന്തോ മന്ത്രിച്ചത്‌ പരിഭാഷപ്പെടുത്തുന്നപോലെ അവളുടെ അമ്മ പറഞ്ഞത്‌:
'ഇവള്‍ക്ക്‌ ഒരു പേരിണ്റ്റെ ആവശ്യോല്യാ, മോനെ!' അത്രയും കൂടി കേട്ടപ്പോള്‍, എനിക്ക്‌ ബോധ്യമായി: അമ്മയും മോളും കൂടി എന്നെ വാരുകയാണെന്ന്‌, വിഷണ്ണനായി, ഞാനൊരു തത്വം പറഞ്ഞു: 
'പൊന്നുംകുടത്തിനെന്തിനാ പൊട്ട്‌!'അമ്മയുടെ മുഖമൊന്നു തെളിഞ്ഞു, അതു കേട്ടപ്പോള്‍, പക്ഷേ, അവളുടെ മുഖത്തെ മയില്‍പ്പീലികണ്ണുകള്‍ വിടരുകയോ കൂമ്പുകയോ ചെയ്തില്ല. ആരും ചോദിക്കാത്ത ഏതോ ഒരു ചോദ്യത്തിനുള്ള മറുപടി ഒരു രഹസ്യമായി അവളുടെ മന്ദഹാസത്തില്‍ തൂവിനിന്നു. അവള്‍ ഒന്നും മിണ്ടുന്നില്ല. 
കേള്‍ക്കാത്ത സ്വരത്തിണ്റ്റെ മാധുര്യം. ഒന്നറിയണമല്ലോ. എന്നും കാണാറുള്ള പരസ്യചിത്രത്തിലെ ആ മണ്ടന്‍ ചോദ്യമാണ്‌, അപ്പോഴെണ്റ്റെ വായില്‍ വന്നത്‌: 'ഏതു കോളേജിലാ പഠിക്കുന്നത്‌?" 
'അവള്‍ക്ക്‌ ചെവി കേട്ടുകൂടാ, 
കുട്ടി!' എനിക്ക്‌ എണ്റ്റെ കേള്‍വി നശിച്ചത്‌ പോലെ തോന്നി, അമ്മ അതു പറഞ്ഞു കേട്ടപ്പോള്‍:
'അവള്‍ സംസാരിക്ക്യേംല്യാ.
'എനിക്കു എണ്റ്റെ സംസാരശേഷിയും നശിച്ചപോലെ തോന്നി, അതുകൂടി കേട്ടപ്പോള്‍. ഇതു കേള്‍ക്കാനല്ല ഞാന്‍ വന്നതും കൊതിച്ചതും. ഞാനറിയാതെ ഞാന്‍ എണീറ്റു പോയി.
അവള്‍ക്കു പറയാനും എനിക്കു കേള്‍ക്കാനും ഇനി എന്താണുള്ളത്‌. 
യാത്ര ചോദിക്കാന്‍ ഒരു വാക്ക്‌ പോലും വേണ്ട. ഒരു നോട്ടം മതി. ഞാന്‍ അവളുടെ കണ്ണുകളിലേക്കുറ്റു നോക്കി. എങ്കിലും ആ സൂര്യതുഷാരങ്ങള്‍ വിടരുകയോ കൂമ്പുകയോ ചെയ്തില്ല. അപ്പോള്‍ അവള്‍ക്കുവേണ്ടി അവളുടെ അമ്മതന്നെ എന്നോട്‌ പറഞ്ഞു:
'എണ്റ്റെ മോള്‍ക്ക്‌ കണ്ണും കണ്ടൂടാ, എണ്റ്റീശ്വരാ..... ! ' ഹ



--