Tuesday 15 November 2011

ലോകനീതി


എം.ആര്‍. മാടപ്പള്ളി
ബധിര കര്‍ണ്ണ മതിങ്കലതെന്തിനു-
കരുതലോടുര ചെയ്‌വതു നന്‍മകള്‍;
കരുതണം മരണം വരെ മാനവര്‍-
ദുരിത വാരിധി നീന്തി ജയിക്കുവാന്‍

ദുരപെരുത്തൊരു മാനവരെപ്പൊഴും-
ധരമുടിപ്പതിനായി നടന്നിടും;
ഇരപിടിപ്പതു മാത്രമതാണവര്‍-
ക്കിതരചിന്തകളില്ലൊരു ലേശവും.

പ്രതിഫലം കരുതീടരുതേതിനും-
ഇതര ചിന്തകളും ഗതിമുട്ടിടാ;
മതി വരാതുപകാര മതെപ്പൊഴും-
മതി, യിഹത്തില്‍ മതിസ്സുഖമേകുവാന്‍.

മരണമെപ്പൊഴതെങ്ങനെയെത്തുമേ-
ന്നറിയുവാന്‍ കഴിയാത്തതു കാരണം;
ദുരപെരുത്തിരവും പകലും നരര്‍-
ധരയിലാകെ വിഷം വിതറുന്നഹോ.

കരുണ കാട്ടുക ജീവികളില്‍ സദാ-
കരുണ കിട്ടിടുവാന്‍ ദിനവും ക്രമാല്‍;
കരുണവിട്ട പ്രവര്‍ത്തികളാല്‍ സ്വയം-
കുരുതിയാക്കരുതേ കരുണാകരാ.