Tuesday 15 November 2011

നാളികേരത്തിണ്റ്റെ നാട്ടിലെനിക്കൊരു ......

കെ. എല്‍. മോഹനവര്‍മ്മ



ഒരിടത്തൊരു അപ്പൂപ്പനുണ്ടായിരുന്നു. ആയിരം വയസ്സിലേറെ പ്രായമുണ്ട്‌. അപ്പൂപ്പന്‍ ഗ്രാമത്തിണ്റ്റെ അടുത്തുള്ള മലയിലെ ഗുഹയിലാണ്‌ താമസം. ഈ അപ്പൂപ്പന്റെയത്രയും അറിവുള്ള ആരും അവിടെയെന്നല്ല, ലോകമായ ലോകത്തെങ്ങും ഉണ്ടായിരുന്നില്ല. വലിയ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നാട്ടുകാരൊക്കെ അപ്പൂപ്പണ്റ്റെയടുത്ത്‌ ഓടിച്ചെല്ലും. അപ്പൂപ്പന്‍ എല്ലാം കേള്‍ക്കും എന്നിട്ട്‌ പ്രശ്നത്തിന്‌ പരിഹാരം നിര്‍ദ്ദേശിക്കും. ആ പ്രദേശത്തെ ആള്‍ക്കാരുടെ സന്തോഷത്തിനും സമാധാനത്തിനും കാരണക്കാരന്‍ ശരിക്കും നോക്കിയാല്‍ അപ്പൂപ്പനായിരുന്നു. ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ അപ്പൂപ്പന്റെയടുത്ത്‌ ചെന്നു. അയാള്‍ പറഞ്ഞുഅപ്പൂപ്പാ, എനിക്ക്‌ ജീവിതം മുഴുവന്‍ സമൂഹത്തിണ്റ്റെ സഹായി ആയി കഴിയണം. എനിക്ക്‌ എപ്പോഴും എല്ലാവരേയും സഹായിക്കാനുള്ള മനസ്സും അതിനുള്ള ആരോഗ്യവും ഉണ്ടാകണം. അങ്ങിനെ പരോപകാരിയായി കഴിയാനുള്ള സാഹചര്യം ഉണ്ടാകുകയും വേണം. അതിന്‌ ഞാനെന്തു ചെയ്യണം? 
ആ ജ്ഞാനവൃദ്ധന്‍ സന്തോഷത്തോടെ ആ ചെറുപ്പക്കാരനെ അനുഗ്രഹിച്ചു. നല്ലത്‌, നീ ഒരു കാര്യം ചെയ്യൂ. ദാ ഒരു പാത്രം. അതില്‍ നിണ്റ്റെ ചോദ്യത്തിന്‌ ഉത്തരമുണ്ട്‌. പക്ഷേ വീട്ടില്‍ ചെന്നതിനുശേഷം മാത്രമേ നീ ഇതിണ്റ്റെ അടപ്പ്‌ തുറക്കാവു. നീ സമാധാനമായി പോകൂ. നിനക്ക്‌ നല്ലത്‌ വരും. ചെറുപ്പക്കാരന്‍ അപ്പൂപ്പനെ വണങ്ങി പാത്രവുമായി ഗുഹയ്ക്ക്‌ പുറത്ത്‌ കടന്നു. കുറച്ച്‌ ദൂരം പാത്രവും കൈയ്യില്‍ പിടിച്ച്‌ നടന്നപ്പോള്‍ ചെറുപ്പക്കാരന്‌ പാത്രത്തിലെന്താണുള്ള തെന്നറിയാനുള്ള ആകാംക്ഷ അടക്കാന്‍ കഴിഞ്ഞില്ല. അയാള്‍ അരുവിക്കരികെ വിശ്രമിക്കാനിരുന്നു. മെല്ലെ പാത്രത്തിണ്റ്റെ അടപ്പ്‌ തുറന്നു. ഠിം. പാത്രം അപ്രത്യക്ഷമായി. 
ചെറുപ്പക്കാരന്‍ ഒരു മരമായി മാറി. അവന്‍ ഒരു തെങ്ങായി മാറി. അങ്ങിനെയാണ്‌ ലോകത്തില്‍ ആദ്യമായി തെങ്ങുണ്ടായത്‌. ചെറുപ്പക്കാരണ്റ്റെ ആഗ്രഹം സാധിച്ചു. ഇന്നും ആ ചെറുപ്പക്കാരണ്റ്റെ അവാന്തര തലമുറകള്‍ അവണ്റ്റെ ആഗ്രഹം പോലെ സമൂഹത്തിണ്റ്റെ സഹായി ആയി തണ്റ്റെ ശരീരവും മനസ്സും പൂര്‍ണ്ണമായി മറ്റുള്ളവര്‍ക്ക്‌ നല്‍കിക്കൊണ്ട്‌ സേവനം നടത്തുന്നു. മലേഷ്യയില്‍ നിന്നാണ്‌ ഇന്ത്യയില്‍ തെങ്ങ്‌ എത്തിയതെന്ന്‌ പ്രശസ്ത ഭാരതീയ ചരിത്രകാരന്‍ കൊസാംബി അഭിപ്രായപ്പെടുന്നത്‌. ക്രിസ്ത്വബ്ദം ആദിശതകങ്ങളില്‍ ഇന്ത്യയുടെ കിഴക്കേതീരങ്ങളിലാണത്രെ തെങ്ങിണ്റ്റെ തുടക്കം. പക്ഷെ പെട്ടെന്ന്തന്നെ ഇന്ത്യയിലെ എല്ലാ ആഘോഷങ്ങളുടേയും പൂജകളുടേയും അവശ്യവിഭവമായി തേങ്ങ മാറി. ആറാംനൂറ്റാണ്ടിന്‌ മുമ്പ്‌ ഇന്ത്യയുടെ മിക്കഭാഗങ്ങളിലും തേങ്ങ അറിയപ്പെട്ടിരുന്നില്ല. നമ്മുടെ കേരളത്തിലെ അമ്പലങ്ങളില്‍ തന്നെ തേങ്ങ ഉടയ്ക്കുന്നത്‌ ഭഗവാനെ പ്രീതിപ്പെടുത്തുന്ന ആചാരമാക്കി മാറ്റിയതിന്‌ ഏറെ പഴക്കമില്ല. തെങ്ങ്‌ കേരളത്തില്‍ വന്നത്‌ എന്നാണെന്ന്‌ സത്യം പറഞ്ഞാല്‍ ഒരു ചരിത്രകാരനും അറിഞ്ഞുകൂടാ. ൯ മുതല്‍ ൧൪ വരെയുള്ള നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ സഞ്ചരിച്ച അറബികള്‍ രചിച്ച യാത്രവിവരണങ്ങള്‍ ക്രോഡീകരിച്ച മുഹമ്മദ്‌ ഹുസൈന്‍ നയ്നാ പറയുന്നത്‌. മലബാറിനെ എല്ലാവരും കുരുമുളകിണ്റ്റെ രാജ്യം എന്നല്ലാതെ തേങ്ങയുടെ രാജ്യം എന്ന്‌ വിശേഷിപ്പിച്ചിട്ടില്ല എന്നാണ്‌. 
                         1342ല്‍ ഇബ്നുബതൂത്ത മാലിദ്വീപില്‍ യാത്രചെയ്തതിന്റെ വിവരണം നടത്തിയപ്പോള്‍ വിശദമായി അവിടുത്തെ തെങ്ങുകളെക്കുറിച്ച്‌ എഴുതി. പക്ഷേ കോഴിക്കോട്ട്‌ നിന്നും കൊല്ലത്തേക്ക്‌ കായല്‍ വഴി യാത്ര ചെയ്തതിനെക്കുറിച്ച്‌ എഴുതിയതില്‍ തെങ്ങിനെപ്പറ്റി മിണ്ടിയതേയില്ല. അക്കാലത്തുതന്നെ കേരളത്തിന്റെ ഉള്‍നാടുകളിലൂടെ സഞ്ചരിച്ച നിക്കോളോ കോണ്ടി ഇഞ്ചിയേയും കുരുമുളകിനേയും മറ്റനേകം വൃക്ഷലതാദികളേയുംകുറിച്ച്‌ പറയുന്നുണ്ടെങ്കിലും അവിടൊന്നും കേരവൃക്ഷത്തിണ്റ്റേ പേരില്ല. അതുപോകട്ടെ നമ്മുടെ ഒറിജിനല്‍ വടക്കന്‍ പാട്ടുകളിലും ഒരിടത്തും തെങ്ങും തേങ്ങയും കയറും കാണാനില്ല. പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യ യാത്രാവിവരണമായ ഉണ്ണുനൂലി സന്ദേശത്തിലും കായംകുളം, കൊല്ലം എന്നീ അക്കാലത്തെ പ്രധാന തുറമുഖങ്ങളിലെ വാണിജ്യം വിവരിക്കുമ്പോള്‍ ചരക്കുകകളുടെ കൂട്ടത്തില്‍ തേങ്ങയോ തെങ്ങുല്‍പ്പന്നങ്ങളോ പ്രത്യക്ഷപ്പെടുന്നില്ല. അതുപോലെ കയര്‍ ഒരു വ്യാപാരച്ചരക്കായി രംഗപ്രവേശം ചെയ്യുന്നതും വളരെക്കഴിഞ്ഞാണ്‌. ൧൫൦൩ ല്‍ ക്യൂറിയോ മോറിയോ ദ്വീപില്‍ നിന്നും പോര്‍ത്തുഗീസുകാര്‍ പിടിച്ചെടുത്തൊരു കപ്പലിണ്റ്റെ അലാസുകള്‍ കയര്‍ നിര്‍മ്മിതമായിരുന്നു. അതുകണ്ട്‌ കയറിണ്റ്റെ ഈ ഉപയോഗം മനസ്സിലാക്കിയ പോര്‍ച്ചുഗീസു കാരാണത്രെ ഈ തെങ്ങുല്‍പന്നത്തിന്‌ വിപണനസാധ്യത യുണ്ടാക്കിയത്‌. 
പക്ഷേ തെങ്ങ്‌ കേരളത്തിന്റേതാണ്‌. ആദ്യം പറഞ്ഞ മലേഷ്യന്‍ നാടോടിക്കഥ ഇന്ന്‌ ശരിക്കും കേരളത്തിണ്റ്റെ കഥയാണ്‌. മലയാളം ഒരു സ്വതന്ത്രഭാഷയായി രൂപം കൊണ്ട്‌ നമ്മുടേതായ പഴഞ്ചൊല്ലുകള്‍ പ്രചാരത്തില്‍ കൊണ്ടുവരുന്നതിനുമുമ്പ്‌ തന്നെ തെങ്ങിണ്റ്റെ ഗുണം നാം അറിഞ്ഞിരുന്നു. മലയാളത്തിന്റേതെന്ന്‌ പറയാവുന്ന നമ്മുടെ ആദ്യത്തെ പഴഞ്ചൊല്ലുകളില്‍ പ്രധാനമായ ഒന്ന്‌ തെങ്ങിനെക്കുറിച്ചായിരുന്നു. തെങ്കിലെ വെള്ളം ചങ്കില്‌ ചെന്നാല്‌ ചങ്കരനാനയും ചിങ്ക കളിക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ നാടന്‍ മദ്യമുണ്ട്‌. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പത്രങ്ങളില്‍ വാര്‍ത്ത വരുത്തുന്ന മിഡില്‍ ക്ളാസ്സിന്റെ മദ്യമായതിനാല്‍ നാം ഒരിക്കലും ഗ്രാമങ്ങളില്‍ പുരാതനകാലം മുതല്‍ അവിടുത്തെ കായ്കനികളില്‍ നിന്നുണ്ടാക്കുന്ന ലഹരി പാനീയത്തെ ശ്രദ്ധിക്കാറില്ല. 
ഛത്തീസ്ഘട്ടിലെ മൌവപ്പൂക്കളില്‍ നിന്ന്‌ സ്വന്തം വീടുകളില്‍ തന്നെ വാറ്റുന്ന മൌവ്വയും, പശ്ചിമതീരത്ത്‌ പറങ്കിമാങ്ങയില്‍ നിന്നുണ്ടാക്കുന്ന ഫെനിയും, ഉത്തരേന്ത്യയില്‍ ശിവരാത്രിക്കും, ദസ്രയ്ക്കും ഭക്തജനം കഴിക്കുന്ന ഭാംഗുമെല്ലാം ഇന്ത്യന്‍ ഗ്രാമീണണ്റ്റെ സത്വത്തിണ്റ്റെ ഭാഗമാണ്‌. നമുക്ക്‌ അത്‌ കള്ളായിരുന്നു. നാടന്‍ തെങ്ങിന്‍ കള്ള്‌. നാളികേരവും കയറും വെളിച്ചെണ്ണയും കേരളത്തിണ്റ്റെ സിംബലാണെന്ന്‌ പറയാതെ വയ്യ. സിംബല്‍ പണ്ട്‌ കുരുമുളകും ഇപ്പോള്‍ ഗോഡ്‌ ഓണ്‍ ടൂറിസവും ആണല്ലോ. കേരളത്തിണ്റ്റെ പേര്‌ വന്നത്‌ കേരത്തില്‍ നിന്നാണോ അല്ലയോ എന്നതിന്‌ ഒരു സര്‍വ്വകലാശാല റിസര്‍ച്ച്‌ പേപ്പറിന്റെ പ്രസക്തിയേയുള്ളൂ. അതുപോലെ തെങ്ങുല്‍പ്പന്നങ്ങളുടെ വിപണനമൂല്യം അക്കങ്ങളില്‍ കേരളത്തിലെ ജിഡിപി യുടെ ശതമാനമല്ല താനും. പക്ഷേ തെങ്ങ്‌ കേരളത്തിണ്റ്റെ സൈക്കേയാണ്‌. 
 കേരളം എന്ന്‌ കേള്‍ക്കുമ്പോള്‍തന്നെ ആരും മലയാളി മാത്രമല്ല ഇവിടെ കേരളത്തില്‍ വന്ന്‌ പോകുന്ന, കേരളത്തിണ്റ്റെ ചിത്രം ടെലിവിഷനിലോ, വെബ്സെറ്റുകളിലോ മാത്രം കണ്ടിട്ടുള്ള വിദേശികളും, മറുഭാഷക്കാരുപോലും ആദ്യം മനസ്സില്‍ കാണുന്ന പച്ചപ്പ്‌ കുരുമുളക്‌ വള്ളിയുടേതോ, നെല്‍പാടങ്ങളുടേയോ അല്ല, പ്രത്യുത കാറ്റിലാടുന്ന തെങ്ങോലകളുടെയാണ്‌. കേരവൃക്ഷത്തിന്റെ നാട്‌. ബീഹാറുകാരന്‍ ആനകള്‍ ഇവിടെ വന്ന്‌ തലയെടുപ്പോടെ നമ്മുടെ പ്രിയപ്പെട്ട ഗുരുവായൂർ കേശവന്‍മാരായി മാറുന്നത്‌ മറ്റൊന്നും കൊണ്ടല്ല, വെറും തെങ്ങോലയുടെ രുചി കാരണമാണെന്ന്‌ നമുക്കറിയാം.
ആനയില്ലാതെ കേരള ടൂറിസമില്ല. പ്രവാസികളായ നമ്മുടെ സഹോദരീസഹോദരന്‍മാരെ കേരളത്തിലേക്ക്‌ ഗൃഹാതുരത്വത്തോടെ മഹാബലിയെപ്പോലെ മുറതെറ്റാതെ വരുത്തുന്നതിന്‌ സഹായിക്കുന്ന മുഖ്യഘടകം ഒരു സിംബലായി എടുത്താല്‍ അത്‌ തെങ്ങാണ്‌ എന്ന്‌ നമുക്കറിയാം. ഈ ഗൃഹാതുരത്വം നിലനിര്‍ത്തിയില്ലെങ്കില്‍ മണിയോര്‍ഡര്‍ ഇക്കോണമിയില്‍ കെട്ടിപ്പടുത്ത നമ്മുടെ കേരളത്തിണ്റ്റെ അടിസ്ഥാന സാമ്പത്തിക ശിലകള്‍ ആടിയുലയും എന്ന്‌ തീര്‍ച്ചയാണ്‌. നമുക്കതുകൊണ്ട്‌ പാടിക്കേള്‍പ്പിക്കാം. നാളികേരത്തിണ്റ്റെ നാട്ടിലെനിക്കൊരു..........