Tuesday 15 November 2011

കുടുംബത്തിന്‌ കൂട്ടായി കുട്ടിത്തെങ്ങുകള്‍


ടി. എസ്‌. വിശ്വന്‍
രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ കുലച്ച്‌ തുടങ്ങുന്നതും ഇരുപത്തിയഞ്ച്‌ വര്‍ഷമെങ്കിലും വിളവ്‌ തരുന്നതുമായ വിവിധയിനം കുറിയതെങ്ങുകള്‍ നമുക്കുണ്ട്‌. എളുപ്പത്തില്‍ കായ്ഫലം തന്നുതുടങ്ങുന്നതും അധികം ഉയരം വയ്ക്കാത്തതുമായ സങ്കരയിനം തെങ്ങുകളും ഇന്നും പ്രചാരത്തിലുണ്ട്‌. തെങ്ങില്‍ കയറി വിളവെടുപ്പിന്‌ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കുട്ടിതെങ്ങുകളുടെ കൃഷിയും കൂടുതല്‍ വികസിപ്പിക്കേണ്ടതാണ്‌. അതിശയോക്തിയല്ല, നൂറ്‌ വര്‍ഷം പിന്നിടാന്‍ ശേഷിയുള്ളവയാണ്‌ നാടന്‍ തെങ്ങുകള്‍ എന്നു കേള്‍ക്കുന്നത്‌.

ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന അത്തരം തെങ്ങുകളെ ചൂണ്ടി അതിന്‌ നൂറ്‌ വയസ്സായെന്ന്‌ പറയുന്ന മുത്തശ്ശിമാരുണ്ട്‌. പക്ഷെ ഉയരം കൊണ്ടും, പ്രായം കൊണ്ടും അവയില്‍ കയറി വിളവെടുക്കുക അസാദ്ധ്യം! അത്തരം കൊന്നത്തെങ്ങുകളെ വെട്ടിമാറ്റുന്നതിന്‌ കൂലിച്ചെലവും ക്ളേശങ്ങളും ദുഃസ്സഹമാണ്‌. മൂപ്പെത്തിയതും കേടില്ലാത്തതുമായ തെങ്ങുകള്‍ ഉപയോഗിച്ച്‌ ഉരുപ്പിടികള്‍ നിര്‍മ്മിക്കുന്നവരെ കണ്ടെത്തുന്നതും ഇന്ന്‌ അപ്രായോഗികമാണ്‌. ഇക്കാരണങ്ങളാലാവണം ഉയരം കുറഞ്ഞ തെങ്ങിനങ്ങള്‍ കൃഷി ചെയ്യുന്നതിന്‌ മുന്നോട്ടുവരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത്‌. ഉയരം കുറഞ്ഞ തെങ്ങിനങ്ങള്‍അഞ്ചു മുതല്‍ പത്ത്മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നവയാണ്‌ കുറിയ (ഡ്വാര്‍ഫ്‌) ഇനങ്ങള്‍. പതിനെട്ട്‌ ഓലകള്‍ വിരിഞ്ഞ്‌ തീരുമ്പോള്‍ കുലവരുന്നതായ ചാവക്കാട്‌ പച്ചയെന്ന പതിനെട്ടാം പട്ട (പച്ചത്തെങ്ങ്‌)യും ഗൌരീഗാത്രമെന്നറിയപ്പെടുന്ന ചാവക്കാട്‌ ഓറഞ്ചും കുറിയഇനത്തില്‍പെടുന്നു. പൊതുവേ, മുപ്പത്‌ വര്‍ഷമെങ്കിലും വിളവ്‌ തരാനുള്ള കഴിവും ഇവയ്ക്കുണ്ടാവും. മഞ്ഞ, പച്ച, ഓറഞ്ച്‌ നിറങ്ങളിലുള്ള കായ്കള്‍ തരുന്നവയാണ്‌ ഈ വിഭാഗത്തില്‍പ്പെടുന്നത്‌.

ഉയരം കുറഞ്ഞ ഇനങ്ങള്‍ ചാവക്കാട്‌ ഓറഞ്ച്‌, ചാവക്കാട്‌ ഗ്രീന്‍, ഗംഗാബോന്തം തുടങ്ങിയ സ്വദേശിയിനങ്ങളും മലയന്‍ യെല്ലോ, മലയന്‍ ഗ്രീന്‍, മലയന്‍ ഓറഞ്ച്‌ എന്നീ വിദേശ ഇനങ്ങളുമാണ്‌. കേരളത്തിണ്റ്റെ പലഭാഗങ്ങളിലും ഇത്തരം തെങ്ങുകള്‍ നന്നായി വളരുകയും നല്ല വിളവ്‌ തരുകയും ചെയ്യുന്ന കാഴ്ച നാം കാണുന്നുണ്ട്‌. ഇളനീര്‍ വ്യവസായത്തെ സഹായിക്കുന്നതും ഇത്തരം കുറിയ ഇനങ്ങളാണെന്നുള്ളത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. വീട്ടുമുറ്റത്ത്‌ ഏതാനും കുട്ടിത്തെങ്ങുകളുണ്ടെങ്കില്‍ വീട്ടമ്മയ്ക്ക്‌ പാചക ആവശ്യത്തിന്‌ ഒരു നാളികേരമെടുക്കാന്‍ ആരെയും ആശ്രയിക്കേണ്ട. കുട്ടികള്‍ക്ക്‌ പോലും അനായാസേന വിളവെടുക്കാം. നല്ല സംരക്ഷണം നല്‍കിയാല്‍ വളര്‍ച്ചയിലും വിളവിലും തിളങ്ങുന്നവയാണ്‌ ഹ്രസ്വഇനം തെങ്ങുകള്‍. കടുംപച്ച, ഓറഞ്ച്‌, ചുവപ്പ്‌, മഞ്ഞ നിറങ്ങളില്‍ കായ്കള്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ച്ചയും വീട്ടുമുറ്റത്തിന്‍്‌ അലങ്കാരം. സങ്കരയിനങ്ങള്‍മേല്‍സൂചിപ്പിച്ച കുറിയയിനങ്ങളും പരമ്പരാഗത നാടന്‍ ഇനങ്ങളും സങ്കലനം ചെയ്തുണ്ടാകുന്ന ഡി എച്ച്‌ ടി തെങ്ങുകള്‍ കര്‍ഷകര്‍ക്കിടയില്‍ ഏറെ സമ്മതിയാര്‍ജ്ജി ച്ചിട്ടുണ്ട്‌. ഇവയുടെ നാളികേരമാകട്ടെ വലിപ്പമുള്ളവയും കാമ്പിന്‌ കനമുള്ളവയുമാണ്‌. ഡി എച്ച്‌ ടി വിഭാഗത്തിലെ തെങ്ങുകള്‍ ആവശ്യത്തിന്‌ ലഭ്യമാക്കുന്നപക്ഷം നാളികേരോത്പ്പാദനരംഗത്ത്‌ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാം. അധികം ഉയരം വയ്ക്കാത്തതിനാല്‍ യന്ത്രം ഉപയോഗിച്ചും അല്ലാതെയും യഥാസമയങ്ങളില്‍ വിളവെടുക്കാം.

കൊപ്രയുടെ തൂക്കത്തിലും എണ്ണയുടെ അളവിലും കുറവില്ലാത്തതിനാല്‍ വിപണിയിലും ഗണ്യമായ പുരോഗതി കൈവരിക്കാം. കീട, രോഗ പ്രതിരോധശേഷിയുടെ കാര്യത്തിലും ഡി എച്ച്‌ ടി തെങ്ങുകള്‍ ഏറെ മുന്നിലാണ്‌. പ്രധാന ഡി എച്ച്‌ ടി ഇനങ്ങള്‍ താഴെപ്പറയുന്നവയാണ്‌ ചന്ദ്രസങ്കര - ചാവക്കാട്‌ കുറിയ ഓറഞ്ച്‌ (ഗൌരിഗാത്രം) എച്ച്‌ പശ്ചിമതീര നെടിയന്‍ കല്‍പസങ്കര - ചാവക്കാട്‌ കുറിയ പച്ച (പതിനെട്ടാം പട്ട) എച്ച്‌ പശ്ചിമതീര നെടിയന്‍ കല്‍പ സംഋദ്ധി - മലയന്‍ കുറിയ മഞ്ഞ എച്ച്‌ പശ്ചിമതീര നെടിയന്‍കുറിയ ഇനങ്ങളുടേയും സങ്കരയിനം തെങ്ങുകളുടേയും തൈകള്‍ ലഭിക്കുന്നതിന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫാമുകളേയും അംഗീകൃതവും അതേസമയം വിശ്വസനീയമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ നഴ്സറികളേയും ആശ്രയിക്കാവുന്നതാണ്‌. കാര്‍ഷിക സര്‍വ്വകശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിത്ത്‌ ഉല്‍പാദന കേന്ദ്രങ്ങളേയും വിപണനകേന്ദ്രങ്ങളേയും സമീപിച്ച്‌ അവയുടെ ലഭ്യത ഉറപ്പാക്കാം. കേന്ദ്ര തോട്ടവിളഗവേഷണ സ്ഥാപനത്തെ ബന്ധപ്പെട്ട്‌ മികച്ച സങ്കരയിനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്‌. നാട്ടില്‍ തന്നെ ആവശ്യത്തിന്‌ ഗൌരീഗാത്രം, പതിനെട്ടാം പട്ട, മലയന്‍ മഞ്ഞ, മലയന്‍ ഓറഞ്ച്‌, മലയന്‍ ഗ്രീന്‍ തുടങ്ങിയ കുറിയ ഇനങ്ങള്‍ കായ്ഫലം തരുന്ന അവസ്ഥയില്‍ നില്‍ക്കുന്നുണ്ട്‌.

വേനല്‍കാലത്ത്‌ അവയില്‍ നിന്നും വിത്ത്‌ തേങ്ങ ശേഖരിച്ച്‌ പാകിയാല്‍ നല്ലതോതില്‍ കുറിയയിനങ്ങളുടേയും ചെറിയ അളവില്‍ സങ്കരയിനം തൈകളുടേയും ക്ഷാമം പരിഹരിക്കാം. കുട്ടിത്തൈകള്‍ ഉത്പാദിപ്പിക്കുന്നതിലും പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കാവുന്നതേയുള്ളൂ. കുടുംബശ്രീ, സ്വാശ്രയസംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ അതാത്‌ പ്രദേശത്തെ കുറിയ ഇനങ്ങളില്‍ നിന്നും വിത്ത്‌ തേങ്ങ ശേഖരിച്ച്‌ പോളിത്തീന്‍ ബാഗുകളില്‍ പാകി മുളപ്പിക്കാം. തൈകള്‍ പാകുമ്പോള്‍ രണ്ട്‌ വര്‍ഷക്കാല മെങ്കിലും സുരക്ഷിതമായിരിക്കാന്‍ പാകത്തില്‍ വലിപ്പമുള്ള കൂട (യമഴ) തെരഞ്ഞെടുക്കണം. ചകിരിച്ചോര്‍ കമ്പോസ്റ്റ്‌, പൊടിഞ്ഞ കാലിവളം, വളാംശമുള്ള മണ്ണ്‌ എന്നിവ കൂട്ടിയോജിപ്പിച്ച്‌ ഈ കൂടകളില്‍ നിറച്ചശേഷം വിത്തുതേങ്ങ പാകാം.

പിന്നീട്‌ ദ്രവരൂപത്തില്‍ വളങ്ങള്‍ നല്‍കി സംരക്ഷിക്കാം. രണ്ട്‌ വര്‍ഷം കൊണ്ട്‌ ഓലകള്‍ വിരിഞ്ഞ്‌ ഒരു ചെറിയ തൈത്തെങ്ങിണ്റ്റെ രൂപത്തിലാകുന്ന ഈ കുട്ടിത്തെങ്ങുകള്‍വാങ്ങാന്‍ ആവശ്യക്കാര്‍ ഏറും. എന്തിന്‌ ഗൃഹപ്രവേശത്തിനോ, പിറന്നാളിനോ പാരിതോഷികം നല്‍കുന്നത്‌ ഒന്നോ രണ്ടോ കുട്ടിത്തെങ്ങുകളാകാം. ചിന്ത, തണ്ണീര്‍മുക്കം, ചേര്‍ത്തല, ആലപ്പുഴ



--