Tuesday 15 November 2011

ഒരു മനഃപ്രയാസത്തിന്റെ കഥ



ബി.പ്രദീപ്കുമാർ
അന്ന് എവിടെയോ പോകാൻവേണ്ടി ഓഫീസിൽനിന്ന് അവധിയെടുത്തതായിരുന്നു അയാൾ. യാത്രയ്ക്കുശേഷം തിരികെവന്ന് ചില സാധനങ്ങൾ വാങ്ങുവാനായി സൂപ്പർ മാർക്കറ്റിൽ കയറി. സാധനങ്ങൾ തെരെഞ്ഞുകൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ ബെല്ലടിച്ചു. അയാൾ ഫോൺ അറ്റൻഡു ചെയ്തു. മറുവശത്തു പരിചയമില്ലാത്ത ഒരാളായിരുന്നു.
ഹലോ, ടോണി സാറല്ലേ?.”
അതെ,” അയാൾ പറഞ്ഞു.
“സാറേ ഞാൻ പാറക്കുന്നിൽനിന്നു വിളിയ്ക്കുകാ. ഞാൻ സാറിന്റെ ഓഫീസിൽ പോയിരുന്നു. അവിടെനിന്നു കിട്ടിയതാ സാറിന്റെ നമ്പർ. ഇലക്ട്രിക്ക് ലൈനിനു കീഴിലുള്ള എന്റെ സ്ഥലത്തു വീടുവയ്ക്കാനുള്ള അനുമതിയ്ക്കായി ഞാൻ സാറിന്റെ ഓഫീസിൽ ഒരു അപേക്ഷ കൊടുത്തിട്ടുണ്ട്. സാറു സ്ഥലത്തുവന്നു നോക്കണമെന്ന് അവിടെനിന്നു പറഞ്ഞു. സാറിനു എന്നാണു വരാൻ പറ്റുന്നതെന്ന് അറിയാനായി വിളിച്ചതാ. സാറേ, സർക്കാരിന്റെ ഒരു സ്കീമിൽപ്പെടുത്തി ബാങ്കുവായ്പ്പ അനുവദിച്ചുകിട്ടും. പക്ഷെ ഉടനെതന്നെ അപേക്ഷ ബാങ്കിൽ എത്തിക്കണം. ഞാൻ കുറെദിവസമായി പനിപിടിച്ചു കിടപ്പിലായിരുന്നതു കാരണം താമസിച്ചുപോയി. സാറെ പെട്ടെന്നൊന്നു ശരിയാക്കിത്തരാമെങ്കിൽ ഉപകാരമായിരുന്നു.”
ടോണി ഒരു നിമിഷം ചിന്തിച്ചിട്ടു പറഞ്ഞു,
ഒരു കാര്യം ചെയ്യൂ. നാളെ ഒരു രണ്ടുമണിയാവുമ്പോൾ ഓഫീസിലേയ്ക്കു വരിക. ഞാനും കൂടെ വന്ന് നിങ്ങളുടെ സ്ഥലം പരിശോധിക്കാം. വീടു പണിതു കഴിയുമ്പോൾ ഇലക്ട്രിക്ക് ലൈനുമായി അവശ്യമായ അകലം ഉണ്ടാവുമോ എന്ന് വെരിഫൈ ചെയ്യണം, ഓ.കെ.?” ടോണി ചോദിച്ചു.
പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കു മുൻപുതന്നെ അയാൾ ഒഫീസിലെത്തി. ഉടൻതന്നെ ടോണി അയാളൊടൊപ്പം ഇറങ്ങി. അല്പദൂരം പോകാനുണ്ട്. അയാൾ ഒരു ഓട്ടോ റിക്ഷായാണു വിളിച്ചുകൊണ്ടു വന്നിരിക്കുന്നത്. കാറല്ലാത്തതിൽ ടോണിക്കു നീരസം തോന്നി. പെട്ടെന്നുതന്നെ അയാൾ മനസ്സിൽ സ്വയം ശാസിച്ചു-പാവപ്പെട്ട ഒരു മനുഷ്യനാണു വന്നിരിക്കുന്നയാൾ. അയാൾ അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കുന്ന വീടിന്റെ പ്ളാൻ ടോണി നോക്കിയിരുന്നു. ഒരു ചെറിയ വീട്-ഒരു അടുക്കള, രണ്ട് ബെഡ് റൂം, ഒരു ഊണുമുറി, ഒരു ചെറിയ സ്വീകരണ മുറി, ഒരു ബാത് റൂം, അത്രതന്നെ. മുറികളെല്ലാം വളരെ ചെറുത്. ആകെ നാലു സെന്റ് സ്ഥലമാണുള്ളത്. സ്ഥലത്തിനു മുകളില്ക്കൂടി 220 കെ.വി. ഇലക്ട്രിക്ക് ലൈൻ പോകുന്നു. നിവൃത്തിയില്ലാത്തവരല്ലേ ഇങ്ങനെയുള്ള സ്ഥലത്തു വീടു വയ്ക്കൂ?.ആ ചെറുപ്പക്കാരനു കെട്ടിടങ്ങൾ പെയിന്റു ചെയ്യുന്നതാണു പണി. സാമ്പത്തികസ്ഥിതി അത്ര മെച്ചമൊന്നുമല്ല.
അയാളുടെ സ്ഥലം ഒരു കുന്നിന്മുകളിലാണു​‍്. ഓട്ടോറിക്ഷാ ബുദ്ധിമുട്ടിയാണു​‍് ആ കുന്നുകയറിയത്. ഓട്ടോറിക്ഷാ നിർത്തിയപ്പോൾ അയാളോടൊപ്പം ടോണി പുറത്തിറങ്ങി. ഇപ്പോൾ നിലവിൽ ചെറിയ കെട്ടുറപ്പില്ലാത്ത ഒരു വീടാണുള്ളത്. അതു പൊളിച്ചുകളഞ്ഞിട്ട് അവിടെ പുതിയ വീടുവയ്ക്കാനാണു​‍്. ടോണി മുകളിലേയ്ക്കു നോക്കി. വീടിന്റെ മുകളില്ക്കൂടി 220 കെ.വി. വൈദ്യുതി ലൈൻ പോകുന്നു. മനുഷ്യനെ ദഹിപ്പിക്കാൻ നില്ക്കുന്ന ഒരു ഭീകരരൂപിയാണത് എന്നാണു ടോണിക്കു തോന്നിയത്. അതിനു കീഴിൽ നില്ക്കാൻ അയാൾക്കു പേടി തോന്നി. ലൈനിനും മുകളിൽ കത്തിനില്ക്കുന്ന സൂര്യൻ ടോണിയുടെ കണ്ണുകളെ ബലമായി അടപ്പിച്ചുകളഞ്ഞു.. 220 കെ.വി. ലൈനിനടിയിലൊക്കെ വീടുവച്ചു താമസിക്കുന്ന ഇവരെ സമ്മതിക്കണം.
            ഒറ്റനില വീടാണു​‍്. തന്നിരിക്കുന്ന ഡ്രോയിങ്ങ് പ്രകാരം പണിയുകയാണെങ്കിൽ ലൈനിൽനിന്ന് അവശ്യത്തില്ക്കൂടുതൽ അകലമുണ്ടാവും. അതിനാൽ വീടുപണിയുന്നതിൽ പ്രാശ്നമൊന്നുമില്ല. അനുമതി കൊടുക്കാവുന്നതാണു​‍്-ടോണി മനസ്സിൽ പറഞ്ഞു.
സാറെ, വീടുപണിയുന്നതിൽ കുഴപ്പമില്ലല്ലോ. ലൈനിൽ നിന്ന് ക്ളിയറൻസൊക്കെ ഉണ്ടല്ലോ?,” അയാൾ പ്രതീക്ഷയോടെ ചോദിച്ചു.
പേടിക്കേണ്ട ഷാജീ, ധൈര്യമായിട്ടു പണിയാം.”
ഇതിന്റെ ഓഡർ എപ്പോൾ കിട്ടും സാറേ?.”
“ഇന്നിപ്പോൾ ഞങ്ങളുടെ ഓഫീസ് മേധാവി സ്ഥലത്തില്ല. ഓർഡറിൽ അദ്ദേഹമാണു​‍് ഒപ്പിടേണ്ടത്. ഷാജി നാളെ രാവിലെ വന്നോളൂ. ഞാൻ പേപ്പറെല്ലാം റെഡിയാക്കി ഞങ്ങളുടെ സാറിന്റെ മേശപ്പുറത്ത് വച്ചേക്കാം. പിന്നെ അദ്ദേഹം ഒപ്പിടേണ്ട കാര്യമേ ഉള്ളൂ. നാളെ രാവിലേതന്നെ വന്ന് അദ്ദേഹത്തെക്കണ്ട് നിങ്ങളുടെ കാര്യമെല്ലാം പറയണം. അത്യാവശ്യമാണെന്നും പറയണം. പുള്ളി ഒപ്പിട്ടു തരും.”
“സാറേ, നാളെ മൂന്നു മണിക്കു മുൻപ് ഇതു കൊണ്ടു കൊടുത്താൽ നന്നായിരിക്കുമെന്ന് ബാങ്ക് മാനേജർ പറഞ്ഞു.”
“അതിനെന്താ, നാളെ അത് ഒപ്പിട്ടു കിട്ടും പേടിക്കേണ്ട.”
ഷാജിയോട് ടോണി അത് ഉറപ്പിച്ചാണു പറഞ്ഞതെങ്കിലും യഥാർത്ഥത്തിൽ അയാൾക്ക് അത്ര ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. ഓഫീസ് മേധാവി വകതിരിവില്ലാത്ത ഒരുത്തനാണു​‍്. ഓഫീസിൽ എന്തെങ്കിലും ആവശ്യത്തിനു വരുന്നവരിൽനിന്നെല്ലാം പൈസ കിട്ടണമെന്ന് അയാൾക്കു നിർബ്ബന്ധമാണു​‍്. പൈസ കൊടുക്കാൻ മടിക്കുന്നവരിൽനിന്ന് അതു പിടിച്ചു വാങ്ങിക്കാനുള്ള വേലത്തരമെല്ലാം അയാൾ പ്രയോഗിക്കും. കിട്ടിയില്ലെങ്കിൽ എത്രനാൾ വേണമെങ്കിലും ഫയൽ പിടിച്ചു വയ്ക്കാൻ അയാൾക്കു യാതൊരു മടിയുമില്ല. നാണമില്ലാത്തവൻ!.
പിറ്റെ ദിവസം രാവിലെതന്നെ ടോണി ഷാജിയുടെ ഫയലിൽ ഒഫീസ് മേധാവി ഒപ്പിടേണ്ട പേപ്പറെല്ലാം റെഡിയാക്കി അദ്ദേഹത്തിന്റെ മേശപ്പുറത്ത് വച്ചു. പത്തരയായപ്പോഴേയ്ക്കും ഷാജി എത്തി. ഓഫീസ് മേധാവി അപ്പോഴും എത്തിയിരുന്നില്ല. അദ്ദേഹം മേധാവിയല്ലേ, ആരുണ്ടു ചോദിക്കാൻ?. പതിനൊന്നു മണിയായപ്പോഴും ആളെ കാണുന്നില്ല. ഇനി അയാളിന്നു വരാനുള്ള ഭാവമില്ലേ?. ടോണിക്കു ടെൻഷനായി. ആ പാവം ഷാജിയുടെ പേപ്പർ ഇന്നു കൊടുക്കാൻ പറ്റാതെ വരുമോ? ഒരാളോട് ഒരു കാര്യം ചെയ്തുകൊടുക്കാമെന്നേറ്റിട്ട് ആ സമയത്ത് അതു നടന്നില്ലെങ്കിൽ ടോണിക്കു വലിയ മനഃപ്രയാസമാണു​‍്.
ഷാജി അയാളുടെ ക്യാബിനിലേയ്ക്കു കയറി വന്നു. മുഖത്തു നിരാശ.
പുള്ളിക്കാരൻ ഇതുവരെ എത്തിയില്ലല്ലോ ഷാജീ. ഇനി ഇന്നു വരാതിരിക്കുമോ എന്നും അറിഞ്ഞുകൂടാ,” ടോണി അത്ര ശുഭാപ്തിവിശ്വാസമില്ലാത്തുതുപോലെ പറഞ്ഞു.
ഏതായാലും ഉച്ചവരെ നോക്കാം സാറേ,” ടോണിയെ ആശ്വസിപ്പിക്കുന്നതുപോലെയാണു​‍് അയാൾ അതു പറഞ്ഞത്.
ഏതായാലും അധികം താമസിയാതെ അദ്ദേഹമെത്തി. ആദ്യംതന്നെ ഷാജി അദ്ദേഹത്തിന്റെ മുറിയിൽ കയറി. പിറകെ ടോണിയും കയറി കാര്യമെല്ലാം വിശദമായി പറഞ്ഞു. അപേക്ഷാഭാവത്തിൽ നില്ക്കുകയാണു ഷാജി.
ഫയൽ ഞാനൊന്നു നോക്കട്ടെ,” മേധാവി മൊഴിഞ്ഞു.
            ടോണി പുറത്തിറങ്ങി തന്റെ ക്യാബിനിലേയ്ക്കു പോയി. ഷാജി തന്റെ ദയനീയ സ്ഥിതി വിവരിക്കുവാനാവണം, അല്പനേരം കൂടി നിന്നിട്ടാണു പുറത്തിറങ്ങിയത്.
ഒരു മണിയായിട്ടും അയാൾ ഒപ്പിട്ടില്ല.ഷാജി ഓഫീസ് വരാന്തയിൽ നിരാശനായി നില്ക്കുന്നു. ടോണിക്ക് എന്തെന്നില്ലാത്ത മനപ്രയാസമായി. അയാൾ തന്റെ മേലുദ്യോഗസ്ഥനെ മനസ്സിൽ ആവോളം തെറി വിളിച്ചു-തെണ്ടി!.
സമയം പോവുകയാണു​‍് . ഓഫീസ് മേധാവിയടക്കം എല്ലാവരും ഊണു കഴിച്ച് തിരിച്ചെത്തി. ടോണിക്ക് മറ്റൊരിടത്തു പരിശോധനയ്ക്കു പോകാനുണ്ട്. ഇക്കാര്യത്തെക്കുറിച്ച് തീരുമാനമാകാതെ പോവാനും മനസ്സു തോന്നുന്നില്ല. ക്ഷമ നശിച്ച ടോണി ഓഫീസ് വരാന്തയിലേയ്ക്കിറങ്ങിച്ചെന്ന് ഷാജിയെ ഒരു മൂലയിലേയ്ക്കു വിളിച്ചുനിർത്തി. എന്നിട്ട് ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തിയശേഷം തന്റെ പോക്കറ്റിൽനിന്ന് അഞ്ഞൂറു രൂപയുടെ ഒരു നോട്ടെടുത്ത് ഷാജിയുടെ കയ്യിൽ കൊടുത്തു. എന്നിട്ടു പറഞ്ഞു,
താൻ ഇതു കൊണ്ട് ആ വൃത്തികെട്ടവന്റെ കയ്യിൽ കൊട്. എന്നാലേ താനിന്ന് ആ പേപ്പറും വാങ്ങിച്ചുകൊണ്ട് ഇവിടെനിന്നു പോവൂ.”
ഒരു നിമിഷംകൂടി അവിടെ നില്ക്കാതെ ടോണി പുറത്തേയ്ക്കിറങ്ങി അപ്രത്യക്ഷനായി.