Tuesday 15 November 2011

നാളികേര കര്‍ഷകരും ലോക വ്യാപാര രംഗവും


ടി.കെ. ജോസ്‌ ഐഎഎസ്‌ 
ചെയര്‍മാന്‍
നാളികേര വികസന ബോർഡ്
 പ്രിയപ്പെട്ട കേര കര്‍ഷകരെ,
ആധുനിക കാലഘട്ടത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍, ലോകവിപണിയുടെ ഗതിവിഗതികള്‍ക്കനുസരിച്ച്‌ തങ്ങളുടെ ഉല്‍പാദനവും, ഉല്‍പന്നങ്ങളും ക്രമീകരിക്കുന്ന സാഹചര്യമാണുള്ളത്‌. നമ്മുടെ നാട്ടിലെ നാളികേരത്തിന്റെയും, കര്‍ഷകരുടേയും ഭാവിയും ഭാഗധേയവും നിര്‍ണ്ണയിക്കുന്നത്‌ സംസ്ഥാനത്തിനുള്ളിലേയോ, രാജ്യത്തിനുള്ളിലേയോ മാത്രം സംഭവഗതികളല്ല. അന്താരാഷ്ട്രവിപണിയിലെ വെളിച്ചെണ്ണയുടേയും കൊപ്രയുടേയും മറ്റ്‌ നാളികേരോല്‍പന്നങ്ങളുടേയും ഡിമാന്റും, ലഭ്യതയും, സമാന ഉപയോഗങ്ങളുള്ള ഭക്ഷ്യ-വ്യാവസായിക എണ്ണകളുടെ ഉല്‍പാദനം, വിപണിമിച്ചം, വിലയുടെ വ്യതിയാനങ്ങള്‍ എന്നിവയും നമ്മുടെ നാട്ടിലെ വെളിച്ചെണ്ണ-കൊപ്ര-നാളികേര വിപണിയിലെ വിലയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്‌. രാജ്യത്തിനുള്ളിലെ തന്നെ ഫോര്‍വേര്‍ഡ്‌ മാര്‍ക്കറ്റിലെ നീക്കങ്ങളും ചരട്‌വലികളും കര്‍ഷകരുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്‌.
കേരളം പോലെ തുണ്ടു തുണ്ടായി ക്കിടക്കുന്ന കൃഷിഭൂമിയില്‍ തെങ്ങ്‌ കൃഷി ചെയ്യുന്ന അസംഘടിതരായ കര്‍ഷകര്‍ക്ക്‌, തങ്ങളുടെ കൃഷിയില്‍ നിന്നുള്ള വരുമാനം നിലനിര്‍ത്തുന്നതിന്‌ കൂടുതല്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്‌. വിപണിയറിഞ്ഞ്‌ അന്തര്‍ദേശീയ വിപണികളിലെ വര്‍ത്തമാനകാല സംഭവങ്ങളും സമീപഭാവിയിലെ സാധ്യതകളും അറിഞ്ഞ്‌ വേണം ഇനി കര്‍ഷകര്‍ക്ക്‌, പ്രത്യകിച്ച്‌ തെങ്ങ്‌ കൃഷി ചെയ്യുന്നവര്‍ക്ക്‌ മുന്നോട്ട്‌ പോകാന്‍. ഈ സാഹചര്യത്തിലാണ്‌ ഈ ലക്കം മാസികആഗോളവത്ക്കരണം - ലോകവ്യാപാര സംഘടനയും നാളികേരവും' എന്ന വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്‌. 
കേരളത്തിലെ കേരോത്പാദനത്തിന്റെ ഏകദേശം 9൦ ശതമാനവും ആഭ്യന്തര ഉപഭോഗത്തിലേക്കാണ്‌ പോകുന്നത്‌. വിപണിയിലെ നാളികേരത്തിണ്റ്റേയും നാളികേര ഉല്‍പന്നങ്ങളുടേയും ഡിമാണ്റ്റ്‌ മുകളിലേക്ക്‌ തന്നെ. ഉല്‍പാദനമാണെങ്കില്‍ അതിനനുസരിച്ച്‌ വര്‍ദ്ധിക്കുന്നില്ല എന്ന്‌ മാത്രമല്ല, മറിച്ച്‌ അടുത്ത കാലങ്ങളില്‍ ഉല്‍പാദനം കുറയുകയാണുണ്ടായത്‌. എന്നിട്ടുമെന്തേ, നാളികേര കര്‍ഷകര്‍ക്ക്‌ ലാഭകരവും, സ്ഥിരവുമായ വില ലഭ്യമാകാത്തത്‌?
ഇത്തരുണത്തിലാണ്‌, കൃഷിയേയും കാര്‍ഷികവിപണിയേയും നിയന്ത്രിക്കുന്ന ആന്തരികവും ബാഹ്യവുമായ വിവിധ ഘടകങ്ങളെക്കുറിച്ച്‌ നാം ഗൌരവമായി അറിയുകയും പഠിക്കുകയും ചെയ്യേണ്ടതിണ്റ്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്‌. ലോകവ്യാപാരസംഘടനയില്‍ ൧൯൯൫ ജനുവരി മാസം ൧-ാം തീയതി മുതല്‍ ഇന്ത്യയും അംഗമാണ്‌. ലോക വ്യാപാര സംഘടന നമ്മുടെ മുമ്പില്‍ ഒരു വലിയ വാതില്‍ തുറന്നിരിക്കുകയാണ്‌. മുന്‍പ്‌ ഇല്ലാതിരുന്ന വാതിലാണത്‌. 
അന്താരാഷ്ട്ര വിപണിയില്‍ മറ്റു രാജ്യങ്ങളുമായി നമുക്ക്‌ മത്സരിക്കാം. വിപണികളെ അറിഞ്ഞ്‌ ഉല്‍പാദനം നടത്തുകയും വാങ്ങുകയും വില്‍ക്കുകയും ആവാം. മുന്‍കാലങ്ങളിലേതുപോലെയുള്ള നിയന്ത്രണങ്ങളും സംരക്ഷണങ്ങളുമില്ല; അഥവാ കുറവാണ്‌. എന്നാല്‍ ഇതേ വാതിലിലൂടെ തന്നെ അസംഖ്യം മത്സരാര്‍ത്ഥികള്‍ നമ്മുടെ രാജ്യത്തിണ്റ്റെ വിപണിയിലേക്കും കടന്ന്‌ വരുന്നു. ഇറക്കുമതിക്ക്‌ ലോകവ്യാപാര സംഘടന നിഷ്ക്കര്‍ഷിക്കുന്ന പരിധിയില്‍ കൂടുതല്‍ നികുതി ഈടാക്കാനാവില്ല. അങ്ങനെയാണ്‌ ഫിലിപ്പീന്‍സ്‌, ശ്രീലങ്ക, തായ്ലന്‍ഡ്‌, ഇന്തോനേഷ്യ, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‌ പായ്ക്കറ്റിലാക്കിയ കരിക്കിന്‍ വെള്ളവും, തേങ്ങാപ്പാലും, തേങ്ങാപ്പൊടിയും, എണ്ണയും, നീരയുമെല്ലാം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും വിപണിയിലെത്തിയത്‌. 
കൂടിയ ഉല്‍പാദനക്ഷമതയും കുറഞ്ഞ ഉല്‍പാദനച്ചെലവുമുള്ള രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ മൂല്യവര്‍ദ്ധന വരുത്തിയ, ഗുണമേന്‍മയും മികച്ച പാക്കേജിംഗുമുള്ള ഉല്‍പന്നങ്ങളും വിപണിയിലെത്തുന്നു. വിലയേക്കാളും ഗുണമേന്‍മയ്ക്കും സൌകര്യപ്രദമായ ഉപയോഗത്തിനുമാണ്‌ ഉപഭോക്താക്കള്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നത്‌. ഒരു വിദേശരാജ്യത്തിനും, തങ്ങളുടെ വിപണിയിലേക്ക്‌ കടന്നുവരുന്ന രാജ്യങ്ങളെ വിവേചനത്തോടെ കാണാന്‍ പറ്റില്ല. അതായത്‌ യുഎസ്‌എയിലേക്ക്‌, ബ്രസീലില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഓരേ ഉല്‍പന്നം എത്തിയാല്‍ വ്യത്യസ്ത ഇറക്കുമതി ചുങ്കം ചുമത്താനാവില്ല. ഏതെങ്കിലും രാജ്യത്തിന്‌ പ്രത്യേക പരിഗണനയും ലഭിക്കുന്നില്ല. എല്ലാവര്‍ക്കും ഒരേപോലെയുള്ള നികുതിയും നിരക്കും ഉണ്ടാവണം, അതുപോലെതന്നെ ലോകവ്യാപാര സംഘടന നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന പരിധിക്ക്‌ മുകളില്‍ ഇറക്കുമതിച്ചുങ്കം ചുമത്താനുമാവില്ല.
ഇത്‌ വലിയൊരു അവസരവും സാധ്യതയും നമുക്ക്‌ നല്‍കുകയാണ്‌. ഇവിടെയാണ്‌ ഉല്‍പന്നത്തിണ്റ്റെ മൂല്യവര്‍ദ്ധനവ്‌, ഗുണമേന്‍മ, പാക്കേജിംഗ്‌, മൂല്യക്ഷമത എന്നിവ പ്രസക്തമാവുന്നത്‌. ലോകവ്യാപാര സംഘടനയുടെ നിരവധിയായ നിയന്ത്രണങ്ങളും അവസരങ്ങളും വളരെ സങ്കീര്‍ണ്ണമാണ്‌. അവയില്‍ ഒന്നോ രണ്ടോ കാര്യങ്ങളെക്കുറിച്ച്‌ പരാമര്‍ശിച്ചു എന്ന്‌ മാത്രം. ഈ അവസരങ്ങളെ, നമ്മുടെ കര്‍ഷകര്‍ക്ക്‌ എങ്ങനെ എത്രമാത്രം പ്രയോജനപ്രദമാക്കുവാന്‍ കഴിയും. ഇന്ത്യയിലെ നാളികേര കര്‍ഷകര്‍ക്ക്‌ ഈ അവസരങ്ങള്‍ എങ്ങനെ സാധ്യതകളാക്കി മാറ്റാം? കേരളത്തിലെ കേരകര്‍ഷകര്‍ക്ക്‌ ഇക്കാര്യത്തില്‍ എങ്ങനെ മുന്നേറാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ ഗഹനമായ ചിന്തകളും പഠനങ്ങളും ചര്‍ച്ചകളും ആവശ്യമാണ്‌. അതിനാണ്‌ വിദഗ്ദ്ധരായവരുടെ ആശയങ്ങളും, ലേഖനങ്ങളും ഈ ലക്കത്തില്‍ സമാഹരിക്കുവാന്‍ ശ്രമിക്കുന്നത്‌. ആഗോളവത്ക്കരണത്തിണ്റ്റെ കാലഘട്ടത്തിലെ അവസരങ്ങളുടെ മറുവശം തന്നെയാണ്‌ നാം നേരിടുന്ന വെല്ലുവിളികള്‍. കാലഹരണപ്പെട്ട കൃഷിരീതികളും, പരമ്പരാഗതമായ സാങ്കേതിക വിദ്യകളും, തുണ്ടുതുണ്ടാക്കപ്പെട്ട ഭൂമിയും, ആധുനിക യന്ത്രസാമഗ്രികളുടെ അഭാവവും നമ്മുടെ കാര്‍ഷിക മേഖലയിലെ ഉത്പാദനക്ഷമതയെ ബാധിക്കുന്നു. ശാസ്ത്രീയ കാര്‍ഷിക ഗവേഷണങ്ങളുടെ വേഗതക്കുറവും, ഗവേഷണഫലങ്ങള്‍ ലാബില്‍ നിന്നും ഫാമിലെത്താനുള്ള നീണ്ട കാലാവധിയും തടസ്സങ്ങളും, മാറ്റങ്ങളുടെ മുമ്പില്‍ പകച്ചുനില്‍ക്കുന്ന കാര്‍ഷിക രീതികളും എല്ലാം നമ്മുടെ വെല്ലുവിളികള്‍തന്നെ.
തെങ്ങുകൃഷി ചെയ്യുന്ന മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉത്പാദനത്തിലും, ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിലും മികവുപുലര്‍ത്തുന്ന അഞ്ച്‌ പ്രധാന രാജ്യങ്ങളുണ്ട്‌. ഫിലിപ്പീന്‍സ്‌, ഇന്തോനേഷ്യ, മലേഷ്യ, തായ്ലണ്ട്‌, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളാണവ. ഇവിടെ നിന്നുള്ള നാളികേരോല്‍പന്നങ്ങള്‍ ഇന്ത്യയിലെയും വികസിത രാജ്യങ്ങളിലെയും വിപണിയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഈ രാജ്യങ്ങളിലെ തെങ്ങുകൃഷി തെങ്ങ്ണ്ണതേങ്ങണ്ണ കൊപ്രണ്ണ വെളിച്ചെണ്ണ എന്ന പാടിപ്പഴകിയ താളത്തിലല്ല പോവുന്നത്‌. വെളിച്ചെണ്ണയുള്‍പ്പെടെ അഞ്ചോ ആറോ മികച്ച ഉല്‍പന്നങ്ങള്‍ വിളഞ്ഞ നാളികേരത്തില്‍ നിന്നുണ്ടാക്കി അന്താരാഷ്ട്ര വിപണിയില്‍ ഈ രാജ്യങ്ങള്‍ മികച്ച സ്ഥാനം നേടിയിട്ടുണ്ട്‌. ഉത്പാദിപ്പിക്കപ്പെടുന്ന നാളികേരത്തില്‍ നാല്‍പത്‌ ശതമാനവും കരിക്കായി ഉപയോഗിക്കുന്നതിനു ലക്ഷ്യമിട്ടിരിക്കുന്ന രാജ്യങ്ങളു മുണ്ടിതില്‍.
ഇവയൊക്കയാണ്‌ നമ്മുടെ രാജ്യത്തിനു പുറത്തുള്ള വെല്ലുവിളികള്‍. കേരളത്തിലെയും, രാജ്യത്തിനുള്ളിലെയും വെല്ലുവിളികള്‍ ഏവര്‍ക്കും അറിയാവുന്നവയും പലതവണ ചര്‍ച്ച ചെയ്തിട്ടുള്ള തുമാണ്‌. ലോകവ്യാപാര സംഘടനയുടെ നിഴലില്‍ പ്രവര്‍ത്തിക്കു മ്പോഴും, അവസരങ്ങളുടെയും വെല്ലുവിളികളുടെയുമൊപ്പം നമ്മുടെ ശക്തികള്‍ എന്തൊക്കെയെന്ന്‌ തിരിച്ചറിഞ്ഞ്‌ ആ ശക്തികളെ വര്‍ദ്ധിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിനാകണം ഇനി നമ്മുടെ ശ്രദ്ധ പതിയേണ്ടത്‌. നമ്മുടെ ദൌര്‍ബല്യങ്ങള്‍ ഈ രംഗത്ത്‌ എന്തൊക്കെയാണ്‌? അവയെപ്പറ്റി അറിഞ്ഞു മനസ്സിലാക്കി, ഈ ദൌര്‍ബല്യങ്ങളെ തരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ കൂട്ടായി ഒരുക്കുകയും ചെയ്താല്‍ നമ്മെ സംബന്ധിച്ചിടത്തോളം, അന്താരാഷ്ട്ര നാളികേര ഉല്‍പന്ന രംഗത്ത്‌ ഒരു ശക്തിയായി മാറാനും, അതുവഴി സംസ്ഥാനത്തെ നാളികേരകര്‍ഷര്‍ക്ക്‌ ഭേദപ്പെട്ട വിലനിലവാരവും മെച്ചെപ്പെട്ട സ്ഥിര വരുമാനവും ഉറപ്പുവരുത്താനും കഴിയും എന്ന്‌ പ്രതീക്ഷിക്കുന്നു.
ഉത്പാദനച്ചിലവ്‌ കുറച്ചുകൊണ്ടും, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ടും, ഉല്‍പന്നങ്ങളുടെ വൈവിധ്യ വല്‍ക്കരണം കൊണ്ടും, നൂതന സാങ്കേതിക വിദ്യയുപയോഗിച്ചു കൊണ്ടും, ഒറ്റ ഉല്‍പന്നതിനുമേലുള്ള അമിതമായ ആശ്രിതത്വം കുറച്ചുകൊണ്ടും, കര്‍ഷക കൂട്ടായ്മകള്‍ വളര്‍ത്തിക്കൊണ്ടും മാത്രമെ നമുക്ക്‌, ഈ രംഗത്ത്‌ ഇനി മുന്നേറാനാവൂ. ലോകവ്യാപാര സംഘടനയുടെ കാലഘട്ടത്തില്‍ നാം സ്വയം കൂടുതല്‍ അറിയുകയും സഹ ഉത്പാദകരെയും മത്സരാര്‍ത്ഥികളെയും കൂടുതല്‍ ആഴത്തില്‍ അറിഞ്ഞു മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്‌. നമ്മുടെ ശക്തി ദൌര്‍ബല്യങ്ങളറിയുന്നതുപോലെ തന്നെയോ അതിനേക്കാള്‍ പ്രധാനമോ ആണ്‌, സഹ ഉത്പാദക രാജ്യങ്ങളെ അറിഞ്ഞു മനസ്സിലാക്കുന്നത്‌. അതുപോലെ തന്നെ പ്രധാനമാണ്‌ സ്വദേശത്തെയും വിദേശത്തെയും വിപണിയെ അടുത്തറിയുക എന്നത്‌. വിപണിയുടെ ചലനങ്ങളെ അടുത്തറിഞ്ഞ്‌ നിരീക്ഷിച്ചു പഠിക്കേണ്ടതും അതേപോലെ തന്നെ പ്രധാനമാണ്‌. ഇന്ത്യയിലെ, ഗ്രേപ്പ്‌ ഗ്രോവേഴ്സ്‌ അസോസിയേഷന്‍ ഇപ്രകാരമുള്ള വിപണി പഠനത്തില്‍ വളരെ പ്രാഗത്ഭ്യം നേടിക്കഴിഞ്ഞ കര്‍ഷക കൂട്ടായ്മയാണ്‌.
ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ, വാഴപ്പഴ കൃഷിക്കാരും ഈ രംഗത്ത്‌ നേട്ടങ്ങള്‍ സ്വന്തമാക്കി യവരാണ്‌. ഇത്തരത്തിലുള്ള വിപണിസ്പന്ദനങ്ങള്‍ മനസ്സിലാക്കിത്തന്നെയാണ്‌ പല വിദേശ രാജ്യങ്ങളും, ആപ്പിളും, ഓറഞ്ചും, മറ്റു നിരവധി പഴവര്‍ഗ്ഗങ്ങളും സാമാന്യേന സ്ഥിരതയാര്‍ന്ന നിരക്കില്‍, (എന്നാല്‍ ആഭ്യന്തര ഉല്‍പന്നത്തേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക്‌) ഇന്ത്യന്‍ വിപണിയിലെത്തിച്ച്‌, വില്‍പ്പന നടത്തുന്നത്‌. 
നമ്മുടെ ഉല്‍പന്നങ്ങളുടെ ഗുണമേന്‍മയാണ്‌ അടുത്ത പ്രധാനപ്പെട്ട രംഗം. ശാസ്ത്ര സാങ്കേതികവിദ്യയിലെ നൂതന മുന്നേറ്റങ്ങളെ സ്വാംശീകരിച്ചും ഉപഭോക്താവിണ്റ്റെ ആവശ്യങ്ങളറിഞ്ഞും വിപണിക്കുവേണ്ട ഉല്‍പന്നങ്ങ ളുണ്ടാക്കാന്‍ നമുക്ക്‌ കഴിയണം. 
ഇങ്ങനെ, അറിവും സാങ്കേതികവിദ്യയും നൂതന ഗവേഷണങ്ങളും ഉപയോഗപ്പെടുത്തി ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കര്‍ഷക കൂട്ടായ്മകള്‍ വളര്‍ത്തി വലുതാക്കി, വിപണിയില്‍ വിജയിക്കുകയും വിപണിയെ നിയന്ത്രിക്കുകയും ചെയ്യുന്നവരാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. നാളികേരോത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും ഉത്പാദക കമ്പനികളും വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനും പ്രവൃത്തിപഥത്തിലേക്ക്‌ കൊണ്ടുവരാനും കഴിഞ്ഞാല്‍ മാത്രമേ നമുക്ക്‌ ഈ രംഗത്ത്‌ മുന്നേറാനാകൂ. അതിനായി കേരളത്തിലെ കേര കര്‍ഷകരുടെയും കൃഷിയെ സ്നേഹിക്കുന്നവരുടെയും ശ്രദ്ധയും സഹായവും പ്രതീക്ഷിച്ചുകൊണ്ട്‌,
സ്നേഹാദരങ്ങളോടെ, 
ടി.കെ. ജോസ്‌ ഐഎഎസ്‌