Tuesday 15 November 2011

ആമയാകാന്‍ മോഹിച്ച ഒരു കുട്ടിയുടെ കഥ



ബക്കര്‍ മേത്തല
ബാലസാഹിത്യസമിതിയുടെ പി.ടി.ഭാസ്കരപണിക്കര്‍ അവാര്‍ഡ്‌ നേടിയ 'ഫസ്റ്റ്‌ റാങ്ക്‌' എന്ന പുസ്തകത്തെക്കുറിച്ച്‌.

സമകാലീന മലയാളബാലസാഹിത്യരംഗം സജീവവും ചടുലവുമാണ്‌. ഒരുപാടെഴുത്തുകാര്‍ തങ്ങളുടെ രചനാരംഗമായി ബാലസാഹിത്യത്തിണ്റ്റെ തട്ടകം തിരഞ്ഞെടുത്തു കഴിഞ്ഞു. അതിണ്റ്റെ ഫലസിദ്ധിയെന്നവണ്ണം എണ്ണമറ്റ കൃതികള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. പക്ഷേ ഈ കൃതികളില്‍ ബഹുഭൂരിപക്ഷവും മാറിയലോകത്തിണ്റ്റെ അഭിലാഷങ്ങളോട്‌ നീതി പുലര്‍ത്തുന്നവയല്ല. സൈബര്‍ യുഗത്തില്‍ പിറന്നുവീണ്‌ പിച്ചവെച്ച്‌ കളിച്ചുവളരുന്ന പുതിയതലമുറയ്ക്ക്‌ നല്‍കാന്‍, ഹേ ബാലസാഹിത്യകാരാ നിണ്റ്റെ കയ്യില്‍ എന്തുണ്ട്‌ എന്നൊരു വലിയചോദ്യം ബാലസാഹിത്യത്തിണ്റ്റെ അന്തരീക്ഷത്തില്‍ ഉയരുമ്പോള്‍ പകച്ചുനില്‍ക്കുന്നവരാണ്‌ എഴുത്തുകാരില്‍ ഭൂരിപക്ഷവും.

കുട്ടികളുടെ ചിന്തകളിലും ഭാവനകളിലും വന്ന ഈ കുതിച്ചുചാട്ടത്തിനൊപ്പം ചാടാന്‍ മറന്നവരും ചാടാന്‍ കഴിയാത്തവരും ചാടിനോക്കി പരുക്കുപറ്റിയവരും ഏറെയാണ്‌. പറയാന്‍ പുതുതായൊന്നുമില്ലാതെ പഴയവീഞ്ഞ്‌ പുതിയ കുപ്പിയിലെന്നവണ്ണം ഉണ്ടാക്കുന്ന വ്യാജനിര്‍മ്മിതികളും ഈ ശാഖയെ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്‌. ഈ സാഹിത്യകാലാവസ്ഥയിലാണ്‌ കെ.കെ.വാസുവിണ്റ്റെ 'ഫസ്റ്റ്‌ റാങ്ക്‌' ബാലസാഹിത്യസമിതിയുടെ അവാര്‍ഡ്‌ നേടുന്നത്‌. ദരിദ്രവും ദുര്‍ബ്ബലവും സഹതാപാര്‍ഹവുമായ സാമൂഹ്യ സാഹചര്യങ്ങളില്‍പ്പെട്ടിട്ടും തളരാതെ പതറാതെ ജീവിതത്തെ നേരിട്ട്‌ വിജയംവരിച്ച രാവുണ്ണിയുടെ കഥയാണ്‌ ഫസ്റ്റ്‌ റാങ്ക്‌ പറയുന്നത്‌.

വിരൂപനും സ്നേഹനിധിയുമായ ഉണ്ണിയേട്ടന്‍ രക്ഷകനെപ്പോലെ രാവുണ്ണിയുടെ സവിധത്തിലണഞ്ഞ കേശുമ്മാമന്‍, അനുകമ്പയും സഹായ മനഃസ്ഥിതിയുമുള്ള ഡോക്ടര്‍ രാജാറാം എന്നിവരുടെ ചിന്തയും മനുഷ്യത്വവുമാണ്‌, തെരുവിലടിഞ്ഞു പോകേണ്ടിയിരുന്ന ഒരു ജന്‍മത്തെ അതിജീവവനശേഷിയുള്ളതാക്കി വളര്‍ത്തിയെടുത്തത്‌. അജ്ഞാതയായ ഒരമ്മക്കു പിറന്ന്‌ മറ്റേതൊക്കെയോ അമ്മമാരുടെ അമ്മിഞ്ഞ നുണഞ്ഞ്‌ വളര്‍ന്ന അവണ്റ്റെ ഒരു സ്വപ്നം അവന്‍ അമ്മാവനോട്‌ പങ്കുവെക്കുന്നുണ്ട്‌.

അത്‌ അവന്‌ ഒരാമയാകണം എന്ന സ്വപ്നമായിരുന്നു. ആമയാല്‍ വെള്ളത്തിണ്റ്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ട്‌ ജലപാളികള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ കഴിയുമല്ലോ എന്ന ചിന്തയായിരുന്നു രാവുണ്ണിയെ ഇത്തരമൊരു സ്വപ്നത്തിണ്റ്റെ ഉടമയാക്കിയത്‌. അരക്ഷിതമായ ഏതൊരു ബാല്യവും കണ്ടുപോയേക്കാവുന്ന ഒരു സ്വപ്നം. ഒരു ശത്രുവിനും തന്നെ പിടിക്കാന്‍ കഴിയാതിരിക്കുംവിധം ഒരു സുരക്ഷിതത്വം അവന്‍ ആഗ്രഹിച്ചിരുന്നു.

ചുറ്റും ശത്രുക്കള്‍ അണിനിരന്ന ഒരു ജീവിതമാണ്‌ പിന്നീട്‌ അവന്‌ ലഭിക്കുന്നതും. പക്ഷേ, ആമയാവുക എന്നുള്ളത്‌ ഒരു സ്വപ്നം മാത്രമാണെന്നും തന്ത്രപരമായും ധീരതയോടെയും നേരിടേണ്ടിവരുന്ന ജീവിതാവസ്ഥകളാണ്‌. കണ്‍മുമ്പിലുള്ളതെന്നും അവന്‍ തിരിച്ചറിയുമ്പോള്‍ അവസരത്തിനൊത്തുയരാന്‍ കഴിയുന്നുണ്ട്‌. വിരൂപനായ ഉണ്ണി സ്വയംതൊഴില്‍ ചെയ്ത്‌ പണം സമ്പാദിക്കുകയും ഇംഗ്ളീഷ്‌ പഠിക്കുകയും കെ.ഡി.മാധവനെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്നുണ്ട്‌.
ഉണ്ണിയുടെ പണവും ധൈര്യവും സ്നേഹവുമെല്ലാം രാവുണ്ണിയുടെ ജീവിതത്തിനു തണലായും തുണയായും മാറുകയാണ്‌. ഒരു അവധൂതനെപ്പോലെ അലയുകയും ഇടക്ക്‌ പ്രത്യക്ഷനാവുകയും ചെയ്തുകൊണ്ട്‌ കേശുമ്മാന്‍ രാവുണ്ണിയുടെ ജീവിതത്തിലേക്ക്‌ ലക്ഷ്യബോധത്തിണ്റ്റെയും ചിന്തയുടെയും തിരികൊളുത്തുന്നുണ്ട്‌. പ്രായോഗികപാഠങ്ങളുടെയും അറിവിണ്റ്റെയും വെളിച്ചം പ്രസരിപ്പിക്കുന്നുമുണ്ട്‌. കെ.ഡി.മാധവനെ അടിച്ചത്‌ ഉണ്ണിയാണെങ്കിലും അതിണ്റ്റെ ശിക്ഷ അനുഭവിക്കേണ്ടിവന്നത്‌ രാവുണ്ണിയാണ്‌. രാവുണ്ണിക്ക്‌ ടി.സി.കൊടുത്ത്‌ പറഞ്ഞയച്ചില്ലെങ്കില്‍ സ്കൂളില്‍ പ്രശ്നമുണ്ടാക്കുമെന്ന്‌ കെ.ഡി.ഭീഷണിപ്പെടുത്തിയപ്പോള്‍ രാവുണ്ണി സ്കൂളില്‍നിന്ന്‌ പുറത്താവുകയും ചെയ്തു.

എന്നാല്‍ താന്‍കാരണം വിദ്യാഭ്യാസം മുടങ്ങിപ്പോയ രാവുണ്ണിയുടെ പഠനം പൂര്‍ത്തീകരിക്കേണ്ടത്‌ തണ്റ്റെ ഉത്തരവാദിത്വമായി ഉണ്ണി ഏറ്റെടുക്കുകയും മറ്റൊരു സ്കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തുകയും ചെയ്തു. ഒരു ജീവന്‍ അപകടത്തില്‍നിന്നും രക്ഷിച്ചതിനുകിട്ടിയ പ്രതിഫലവും കടപ്പാടുമുപയോഗിച്ച്‌, തനിക്ക്‌ ലഭിക്കാതെപോയ സ്കൂള്‍ജീവിതം രാവുണ്ണിക്ക്‌ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ ഉണ്ണി പരിശ്രമിച്ചു. അത്‌ നടക്കുകയും ചെയ്തു. പള്ളിക്കാരുടെ ഇംഗ്ളീഷ്‌ മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലില്‍ പ്രവേശനം നേടിക്കൊടുക്കാനും അവന്‌ സാധിച്ചു. വരേണ്യതയുടെ രക്തം സിരകളിലോടുന്ന അധ്യാപകരും രക്ഷകര്‍ത്താക്കളും ഇന്നും നമ്മുടെ സമൂഹത്തില്‍ ഏറെയാണ്‌. അഭിശപ്തമായ ഈ വികാരംവച്ചു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരുംകൂടി രാവുണ്ണിയെ ആ സ്കൂളില്‍നിന്നും പടിയിറക്കുന്നു. കാലമെറെമാറിയാലും അറിവെത്ര ആര്‍ജ്ജിച്ചാലും സാമൂഹ്യബോധം ഇടയ്ക്കിടെ ആത്മപരിശോധനയ്ക്ക്‌ വിധേയമാക്കി പുതുക്കപ്പെടാത്ത ഇത്തരം കഥാപാത്രങ്ങള്‍ അനേകം രാവുണ്ണിമാരുടെ ജീവിതങ്ങള്‍ എറിഞ്ഞുടയ്ക്കുന്നു. പക്ഷേ, ചില ജീവിതങ്ങള്‍ എത്ര ആഞ്ഞെറിഞ്ഞാലും ഉടയാതെ തകരാതെ തറയില്‍നിന്നും പിടഞ്ഞെണീക്കും. രാവുണ്ണിയുടെ ജീവിതവും അങ്ങിനെയായിരുന്നു.

സ്കൂളില്‍നിന്നും പുറത്താക്കിയിട്ടും ഉണ്ണിയേട്ടണ്റ്റെ വീട്ടിലിരുന്ന്‌ പഠിച്ച്‌ പരീക്ഷ എഴുതി ഫസ്റ്റ്‌ റാങ്ക്‌ നേടി അധികാരികളുടെയും സമൂഹത്തിണ്റ്റെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ രാവുണ്ണിക്ക്‌ ഒരുനാള്‍ കഴിഞ്ഞു. അവനെ തിരസ്കരിച്ചവര്‍ ലജ്ജിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിരസ്കൃതനായ അവന്‍ പുരസ്കൃതനായി. ഈ നോവലിലെ സന്തോഷ്മാഷ്‌ നന്‍മയുള്ള അധ്യാപകരുടെ പ്രതിനിധിയാണ്‌. രാവുണ്ണിയെ അകാരണമായി പുറത്താക്കിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച്‌ ജോലി രാജിവെച്ച സന്തോഷിണ്റ്റെ സഹാനുഭൂതി രാവുണ്ണിയുടെ ജീവിതത്തിലേക്ക്‌ ആര്‍ദ്രതയുടെ നദിയായി ഒഴുകുന്നു.

വ്യക്തിത്വമുള്ള കഥാപാത്രമാണ്‌ ഇതിലെ സന്തോഷ്മാഷ്‌. തങ്ങളെ ആക്രമിച്ച കെ.ഡി.മാധവന്‍ രക്താര്‍ബുദം വന്ന്‌ മരിക്കാന്‍ കിടക്കുമ്പോള്‍ വിരോധഭാവം മാറ്റിവച്ച്‌ സന്ദര്‍ശിച്ച്‌ സാന്ത്വനിപ്പിക്കുന്ന ഉണ്ണിയും രാവുണ്ണിയും മനുഷ്യജീവിതത്തിണ്റ്റെ വിഭിന്നമായ ചിലതലങ്ങളിലേക്ക്‌ വായനക്കാരനെ കൊണ്ടുപോകുന്നത്‌. വിരോധങ്ങളെ സ്നേഹമസൃണതകൊണ്ട്‌ തുടച്ചുനീക്കുന്ന ഒരു മാന്ത്രികതലമാണത്‌. വായനക്കാരായ കുട്ടികളില്‍ സ്നേഹഭാവവും കാരുണ്യസ്പര്‍ശവും ഉണ്ടാക്കാനുതകുന്നതും ജീവിതത്തെ നേരിടാന്‍ ആത്മവിശ്വാസം പകരുന്നതുമായ ഒരു കഥാതന്തുവാണ്‌ ഫസ്റ്റ്‌ റാങ്ക്‌ എന്ന നോവലായി വികസിതമായിട്ടുള്ളത്‌.

പ്രതികൂല സാഹചര്യങ്ങളോട്‌ പടവെട്ടി ജീവിതവിജയത്തിണ്റ്റെ ഉന്നതങ്ങളിലെത്താനുള്ള പ്രേരണകൊടുക്കാന്‍ ഈ കൃതിയുടെ വായന കുട്ടികള്‍ക്ക്‌ ഉപകരിക്കും. ശില്‍പഭദ്രതയുടെ കാര്യത്തില്‍ ശ്രദ്ധകൊടുത്തിരുന്നെങ്കില്‍ ഈ കൃതി കുറേക്കൂടി മനോഹരമായേനേ.