Tuesday 15 November 2011

കരച്ചില്‍



ചെമ്മനം ചാക്കോ
പെറ്റമ്മ പറയുന്നു: "പാലു കുടിച്ചിട്ടു
തെറ്റാതെ ചൊന്നാലും-'അ,ആ,ഇ, ഈ... "
കുട്ടികിണുങ്ങുന്നു, പാല്‍തട്ടിമാറ്റുന്നു,
പറ്റില്ലെന്നര്‍ത്ഥത്തില്‍ തലയാട്ടുന്നു.

പോറ്റമ്മ പറയുന്നു: "കോളകുടിച്ചിട്ടു
പെട്ടെന്നു ചൊല്ലെടാ-'എ,ബി,സി,ഡി... "
കുട്ടിചിരിക്കുന്നു, കോള കുടിക്കുന്നു,
പെട്ടെന്നു ചൊല്ലുന്നു: "എ,ബി,സി,ഡി... "

പെറ്റമ്മ തലയില്‍ തലോടിപ്പറയുന്നു:
"കുട്ടിപ്പാട്ടൊന്നു നീ പാടൂ കുട്ടാ!
-'കാക്കേ, കാക്കേ, കൂടെവിടെ?"
കുട്ടിയോ കൊഞ്ഞനം കുത്തിപ്പറയുന്നു:
"കാക്കയും കീക്കയും വേണ്ട വേണ്ട!

" പോറ്റമ്മ സെണ്റ്റു പുരട്ടിപ്പറയുന്നു:
"ബേബിപ്പാട്ടൊന്നു നീ പാടിയാട്ടെ,
-'ജാക്ക്‌ ആന്‍ജില്‍ വെന്റപ്‌ ദഹില്‍"
ഏറ്റുപിടിച്ചുടന്‍ പാടുന്നുകുട്ടിയും:
"റ്റു ഫെച്ചേ പെയിലോ വാട്ട... "

പെറ്റമ്മ ചോദിച്ചു: "ചൊല്ലിയ പാട്ടിന്റെ
അര്‍ത്ഥമെന്താണെടാ, പൊന്നുമോനേ?"
"അര്‍ത്തവും കിര്‍ത്തവും; പണിയൊന്നുമില്ലെങ്കില്‍
പോറ്റമ്മ തന്റെ തുണിയലക്ക്‌!

" ചെവിയില്‍ പിടിക്കുന്നു പെറ്റമ്മ; പൊന്നുമോന്‍
അലറിക്കരയുന്നു: "അയ്യോ, പാവോ!"
"ഇംഗ്ളീഷില്‍ കരയെടാ, ബാസ്റ്റാര്‍ഡേ!" പോറ്റമ്മ
വടികൊണ്ട്മുച്ചൂടടിച്ചിടുന്നു!