Sunday 14 August 2011

ആനന്ദധാര



 ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ

ഈ തിരകളെ തഴുകിവന്നെത്തുമീ
നേരിയ സംഗീതമെവിടെ നിന്നെത്തുന്നുവോ?
ആടിക്കാറ്റിലലഞ്ഞുലഞ്ഞെത്തുമീ സംഗീതമെനിക്ക്
എത്രകേട്ടാലും മതിയാവാത്തതെന്തേ?

ആകാശഗം‍ഗയിൽനിന്നോ നിലാവിന്റെ നാട്ടിൽ നിന്നോ
ആർത്തിരമ്പും ആഴിയുടെ ആഴങ്ങളിൽ നിന്നോ
എവിടെ നിന്നെവിടെ നിന്നെത്തുമീ
ഗാനകല്ലോലിനി.

തപ്ത നിശ്വാസങ്ങളിലെനിക്കാശ്വാസമായി
കൊടും വേദനയിലൊരു വേനൽമഴയായ്
ഊഷരഭൂവിലൊരു തുഷാരബിന്ദുവായ് നി
എവിടെ നിന്നെത്തുന്നുവോ?
ഇതിനു ശ്രുതിചേർത്തതാര്‌?
ഇതിനു താളമിട്ടതാര്‌?
ഇതൊരു ലയമായ് എന്നിലേക്കടി
ഞ്ഞെനിക്ക് മാത്രമായി തീർന്നതോ?
വിശ്വമാകെ നിറഞ്ഞുനിൽക്കുമീ
സംഗീതത്തിനു കതോർത്തുനിൽക്കുമ്പോഴും
അതെന്നു വേർതിരിച്ചറിയുമ്പോഴും
ഞാനനുഭവിക്കുമീ പരമാനന്ദം;
എൻ ഹൃദയകവാടം തുറന്നു ഞാ-
നെന്നിലേക്കാവാഹിപ്പിച്ച്
എന്നിൽക്കുടിയിരുത്തി
ഞാനനുഭവിക്കുമീ പരമാനന്ദം;
എരിതീയിലെണ്ണകോരുവോർ
മുതലക്കണ്ണീരൊഴുക്കുവോർ
നാവിനു മൂർച്ചകൂട്ടുവോർ
ഈ ഗാനമൊന്നു കേട്ടിരുന്നുവെങ്കിൽ
ഇതൊരുണർത്തു പാട്ടായിരുന്നെങ്കി-
ലെന്നാശിക്കുന്നു ഞാൻ;

കാരിരുമ്പിനെപ്പോലും
ദയാർദ്രമാക്കും
ഈ മൃദുസ്വരമീ ലോലസംഗീത-
മെനിക്കെന്നുമാനന്ദധാര.