Sunday 14 August 2011

അഗ്നിഗീതം ഉപാസനാകാണ്ഡം


വായനാനുഭവം
പി.കെ.രാമകൃഷ്ണൻ


ഡോ.കെ.ജി.ബാലകൃഷ്ണൻ അഗ്നീഗീതം ജ്ഞാനകാണ്ഡത്തിന്റെ തുടർച്ചയായാണ്‌ ഉപാസനാകാണ്ഡം പ്രസിദ്ധപ്പെടുത്തുന്നത്‌. ഇത്‌ തന്റെ പത്താമുദയമാണെന്ന്‌ കവി പ്രസ്താവിക്കുന്നു. അദ്ദേഹത്തിന്‌ ഓരോ കവിതയും മനസ്സിന്റെ ഉദയമാണ്‌. ജ്ഞാനാർത്ഥിയായി ജീവിക്കുന്ന കവി ആർജ്ജിച്ച അറിവും അതു നൽകിയ ഊർജവും ആനന്ദവുമാണ്‌ അഗ്നികാണ്ഡം ജ്ഞാനകാണ്ഡത്തിലെ പ്രതിപാദ്യം. ഉപാസനാകാണ്ഡത്തിൽ കവി അറിവുമായി ത?യീഭവിച്ച അനുഭൂതിയാണ്‌ ആവിഷ്കരിച്ചിരിക്കുന്നത്‌. പ്രപഞ്ചത്തിൽ ആകെ വ്യാപിച്ചിരിക്കുന്ന അഗ്നി അറിവുതന്നെയാണ്‌. ജ്ഞാനാനുഭവം ആനന്ദജനകമാണ്‌. ഈ ആനന്ദത്തിന്റെ പ്രകാശനമാണ്‌ സൗന്ദര്യം-കല.
 ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ശാസ്ത്രം നൽകിയ സംഭാവനകൾ സ്വീകരിച്ച്‌ പ്രപഞ്ചോത്പത്തിയുടെയും ജീവോത്പത്തിയുടെയും രഹസ്യം അറിയാനാണ്‌ കവിയുടെ ശ്രമം. ഈ അന്വേഷണം മാനവസംസ്കാരത്തിന്റെ വികാസ പരിണാമങ്ങൾ ഗ്രഹിക്കാൻ കവിയെ പ്രാപ്തനാക്കുന്നു. ഒടുവിൽ കവി ആർഷ സംസ്ക്കാരകേദാരത്തിൽ എത്തിച്ചേരുന്നു. തത്ത്വമസിയുടെ പൊരുൾ ബോധ്യമാകുന്നു. കാലത്തിന്റെ നിലവറയിൽ ഋഷിമാർ സൂക്ഷിച്ച രത്നപേടകങ്ങൾ തുറന്നുനോക്കാൻ കവിയെ പ്രേരിപ്പിക്കുന്നത്‌ നിമിഷത്തിന്റെ ആവിർഭാവം അറിയാനുളള വാഞ്ഛയും അണുവിന്റെ ജനനരഹസ്യം നിർദ്ധരിക്കുവാനുളള ത്വരയുമാണ്‌.
 കവിയും ശാസ്ത്രജ്ഞനും തത്ത്വദർശിയും ജീവിതസത്യമാണ്‌ അന്വേഷിക്കുന്നത്‌. അവരുടെ ചിന്താപദ്ധതിയും ഉപകരണങ്ങളും വ്യത്യസ്തമാവാം എങ്കിലും ലക്ഷ്യം ഒന്നുതന്നെ . ഡോ.കെ.ജി. ബാലകൃഷ്ണൻ ശാസ്ത്രജ്ഞന്റെയും ദാർശനികന്റെയും കവിയുടെയും വീക്ഷണങ്ങളിലൂടെയാണ്‌ ജീവിതത്തെ ദർശിക്കുന്നത്‌. അതിനാൽ അദ്ദേഹത്തിന്റെ ദർശനം സമഗ്രവും തനതുമാണ്‌. ഒട്ടേറെ അനുഭവങ്ങളുടെ സഞ്ചയമാണ്‌  കവി മനസ്സ്‌ . അത്‌ ഓരോ അനുഭവത്തെയും സ്ഥൂലസൂക്ഷ്മ കാരണതലത്തിൽ അപഗ്രഥിച്ച്‌ അറിയാൻ സജ്ജമാണ്‌. ജീവിത സന്ദർഭങ്ങൾ കവിമനസ്സിനെ അനുഭൂതി സാന്ദ്രമാക്കുന്നു. ഈ വിശ്വം- അതിൽ ഒരു ബിന്ദുവായി സ്പന്ദിക്കുന്ന കവിയായ മനുഷ്യന്റെ അന്തഃരംഗത്തിൽ ഉയരുന്ന വെളിപാടുകൾ, അവ അതേപടി മറ്റുളളവരിൽ പകരാൻ കഴിയാത്തതിലുളള ആന്തരിക സംഘർഷം കവി അനുഭവിക്കുന്നുണ്ട്‌. ശബ്ദ രസ ഗന്ധ സ്പർശ രൂപങ്ങൾ അ​‍ിറയാനുളള പഞ്ചേന്ദ്രിയങ്ങളല്ലേ നമുക്കുളളൂ. അവ എത്രമാത്രം പ്രവർത്തനക്ഷമമാണെങ്കിലും അവകൊണ്ടുമാത്രം അനുഭവിക്കാൻ കഴിയാത്ത വിഭവങ്ങളാണ്‌ കവിക്ക്‌ മുന്നിലുളളത്‌. കണ്ണുകളഞ്ചുമുളളടക്കിയാൽ ഉണരുന്ന ആറാമിന്ദ്രിയം മനുഷ്യനു ജ?സിദ്ധമാണ്‌. ഉപയോഗിച്ച്‌ അർത്ഥലോപം സംഭവിച്ച പദങ്ങളും ഒളിമങ്ങിയ നിറങ്ങളും ആറാമിന്ദ്രിയത്തിന്റെ സംവേദനത്വം ആവിഷ്ക്കരിക്കാൻ പ്രാപ്തമല്ല . ഈ വിശ്വവിധാനീയതയെ അളക്കുവാൻ അളവുകോലുകൾ പോര, തിട്ടപ്പെടുത്തുവാൻ സംഖ്യകൾക്കാവില്ല. വൈപരീത്യങ്ങളെയും വൈവിദ്ധ്യങ്ങളെയും സോദ്ദേശ്യം ഇണക്കിയിരിക്കുന്ന സംവിധാനചാതുരി അനുഭവിക്കുവാനല്ലാതെ ആവിഷ്ക്കരിക്കാനുതകുന്ന ഉപാധികളില്ലാതെ കവി വീർപ്പുമുട്ടുന്നു.
 ജ്ഞാനകാണ്ഡത്തിലും ഉപാസനാകാണ്ഡത്തിലുമായി ഇരുനൂറ്റിപതിമൂന്ന്‌ കവിതകൾ ഉണ്ട്‌. ഇവയിലൊന്നിലും സമകാലിക ജീവിതത്തിന്റെ സന്ത്രാസമോ തത്രപ്പാടോ പ്രതിപാദിക്കുന്നില്ല. ഇത്‌ ആരെയും അത്ഭുതപ്പെടുത്തും. എന്നാൽ വർത്തമാന ജീവിത പ്രശ്നങ്ങളിൽ നിന്ന്‌ കവി ഒളിച്ചോടുകയല്ല. പ്രഭാവർമ്മ പറഞ്ഞപോലെ ? പാരമ്പര്യത്തിന്റെ സ്വാഭാവിക തുടർച്ചയെന്നോണം വരുന്ന ആധുനികതയും ഈ കവിതകളിൽ നിന്ന്‌ പ്രസരിക്കുന്നു. നമ്മുടെ ഭാഷയെ, സംസ്ക്കാരത്തെ, ഭാവുകത്വത്തെ എല്ലാറ്റിനുമുപരി മനസ്സിനെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഈ കവിത. സർവോപരി ദർശനപരമായ ഭാവഗരിമയുടെ ചൈതന്യങ്ങളെ നമ്മുടെ മനസ്സിലേക്ക്‌ ഈ കവിതകൾ എത്തിക്കുന്നു?.
 ഉപാസനാകാണ്ഡത്തിലെ കവിതകൾ വിഷയത്തിലും പ്രതിപാദനത്തിലും പുതുമയുള്ളവയാണ്‌. മുൻവിധിയോടുകൂടി ചെല്ലുന്നവർ നിരാശരാവും. സംഗീതാത്മകമായ വൃത്തങ്ങൾ, അലങ്കാര പ്രചുരിമയുടെ മായക്കാഴ്ചകൾ എല്ലാം ഈ കവിതകളിൽ ഒഴിവാക്കിയിരിക്കുന്നു. ഈ കവിതകൾ പാടിരസിക്കാനുളളവയല്ല ; അന്തർശോധനക്ക്‌ ഉപകരിക്കുന്നവയാണ്‌. കലിഡോസ്കോപ്പ്‌ ചലിപ്പിക്കുന്നതിനനുസരിച്ച വർണ ചിത്രങ്ങൾ വിരിയുന്നതുപോലെയാണ്‌ കവിയുടെ മനസ്സിൽ പുതുപുത്തൻ ആശയങ്ങൾ നിറയുന്നത്‌. ഉപാസനാകാണ്ഡത്തിലെ കവിതകൾ വർണ നാദ ലയ സൗന്ദര്യം അനുഭവവേദ്യമാക്കുന്നു. ഇവ സത്യ ശിവസൗന്ദര്യങ്ങളുടെ അഡ്ജെഥമാണ്‌.
 ഉപാസനാകാണ്ഡത്തിലെ നൂറ്റിയെട്ട്‌ കവിതകളിൽ നിന്ന്‌ മികച്ച പത്തുകവിത തിരഞ്ഞടുക്കാൻ പറഞ്ഞാൽ ആരും വിഷമിച്ചുപോകും. അവ ഭാവുകത്വത്തിന്റെ തോത്‌ അനുസരിച്ച്‌ മാറാം. എങ്കിലും പൂർവികർ പ്രയോഗിച്ച താലീപുലകം ന്യായേന എന്നെ ആകർഷിച്ച നാലഞ്ച്‌ കവിതകളുടെ പേര്‌ പറയാം- ?പകൽ? ജ്ഞാനോദയത്തിലെ പ്രകാശമാണ്‌ ഇതിലെ പ്രതിപാദ്യം. ?ഈണം? മഴയെക്കുറിച്ചുളള കൊച്ചുകവിതയാണ്‌. മഴയെക്കുറിച്ച്‌ ഇത്ര സൂക്ഷ്മവും സുന്ദരവുമായി ആരും എഴുതിയതായി അറിവല്ല . ആകാശത്ത്‌ നിന്ന്‌ നൂലുകൾ ഞാന്നു വരുന്ന മഴ നമ്മുടെ കണ്ണിനുമാത്രമല്ല ആത്മാവിനുകൂടി കുളിർമയും ആനന്ദവും നൽകുന്നു. ബാഹ്യലോകത്തുനിന്ന്‌ പഞ്ചേന്ദ്രിയങ്ങൾ ആവാഹിക്കുന്ന അനുഭവങ്ങൾ ചിതാകാശത്തിൽ എന്തെന്ത്‌ ചലനങ്ങൾ സൃഷ്ടിക്കുന്നുവേന്ന്‌ ബോദ്ധ്യപ്പെടുത്തുന്നു. ബഹിർമുഖമായല്ല അന്തർമുഖമായാണ്‌ കവി ഭാവന വിരാജിക്കുന്നത്‌. കവിമനസ്സിന്റെ ഇംഗിതം, ഉപാസന എന്നിവ പ്രതിബിംബിക്കുന്ന കവിതയാണ്‌ താമസം.

 താമസം
1.
അഴകേ, നിന്നെത്തേടി-
യലയുമനന്തത്തിൽ-
ചിരസംഗീതം നിന്റെ,
നീലമാം നിറം നിന്റെ !
അമൃതം നൈരന്തര്യം,
നിർന്നിമേഷത; വിണ്ണായ്‌-
പ്പടരുമപാരത്തി-
ലിത്തിരിയിടമന്റെ !
2.
 അഴകേ,  നിനക്കായെ-
  ന്നുളളിലെ വിധു, വാക്കാ-
 യൊഴുകും മധു, മൃദു-
  സ്പർശമാം സമീരണം !
 നിമിഷം പ്രതി നിന-
  ക്കർഘ്യമായ്‌ സന്തോഷാശ്രു ;
 കനിവേ,  വിളംബമെ-
  ന്തിനിയും സുനന്ദമേ !
 വരുവാൻ? വിരൽത്തുമ്പാ-
  ലെൻശിരോലിഖിതത്തിൽ-
 ത്തിരളും വരവർണ്ണ-
  മേഴിനും മിഴിവേകാൻ !

  അഗ്നിഗീതം ജ്ഞാനകാണ്ഡത്തിലും ഉപാസനാകാണ്ഡത്തിലുമായി പലപേരിൽ പലരൂപത്തിൽ ഇരുനൂറ്റി പതിമൂന്ന്‌ കവിതകളുണ്ട്‌. വ്യഷ്ടിയും,സമഷ്ടിയും; നിമിഷവും കാലവും; സൂക്ഷ്മവും സ്ഥൂലവും പോലെ വൈവിധ്യങ്ങളെയെല്ലാം ഇണക്കുന്ന ചിന്തയുടെ ഒരു അന്തർധാര ഈ കവിതകളിലൂടെ ഒഴുകുന്നത്‌ സൂക്ഷ്മനയനങ്ങൾക്ക്‌ ഗോചരമാണ്‌. അഗ്നിഗീതം ജീവിതത്തെക്കുറിച്ച്‌ ഉൾക്കാഴ്ച നൽകുന്ന മഹാകാവ്യമാണ്‌. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ സാമഗാനം എന്ന്‌ അഗ്നിഗീതകാണ്ഡങ്ങളെ വിശേഷിപ്പിക്കാം.