Sunday 14 August 2011

ശ്രീപത്മനാഭൻ കിടപ്പിടം മാറ്റുന്നു


 

ചെമ്മനം ചാക്കോ

കുളിച്ചുകുറിയിട്ടു നാമവും ജപിച്ചീറൻ-
ധരിച്ചുവെളുപ്പിന്നുകൈകൂപ്പിയെത്തുന്നേരം
ഇല്ലില്ല ശ്രീകോവിലിൽ ശ്രീപത്മനാഭൻ, ഭക്ത-
വല്ലഭരന്തംവിട്ടുനിന്നുപോയ് കൽത്തൂണുപോൽ!

പോയകാലത്തെല്ലാമേ ഭഗവാൻ ശയിച്ചതാ,
മായിരംതലയുള്ള സർപ്പവുമങ്ങില്ലല്ലോ!
ഭക്തർവന്നവർവന്നോർനോക്കുന്നു വീണ്ടുംവീണ്ടും
ശുദ്ധശൂന്യമായല്ലോ തൃക്കോവിൽ കിടക്കുന്നു!

ചുറ്റുമോടുന്നൂഭക്തർ ദേവനെക്കണ്ടെത്തുവാ,-
നൊറ്റക്കൽത്തറയുടെ താഴെയും തിരയുന്നു.
നിധികുംഭങ്ങൾ കാക്കാനുള്ള സംവിധാനത്തിൽ
വിധികർത്താക്കൾക്കില്ല സുപ്രീംകോടതി തന്നിൽ
തൃപ്തിയെന്നറികയാൽ, തന്റെ കൈമുതൽ കാക്കാൻ
ശക്തി മറ്റാരെക്കാളുമുണ്ടെന്നു സംസ്ഥാപിക്കാൻ
ശ്രീപത്മനാഭൻ സ്വന്തം ശയനം മഹാനിധി-
ശേഖരമുറികൾക്കു മുന്നിലേയ്ക്കാക്കീ പോലും!

അത്രമേൽ ധനേശനായത്തീർന്ന പത്മനാഭന്നി-
ന്നെത്രമേലിരട്ടിയായ്‌ ഭക്തരും പദവിയും!
വാർത്തകേട്ടവർ കേട്ടോർ നിധിശേഖരംകാക്കും
മൂർത്തിയെക്കാണാൻ നൂറുകണക്കിനെത്തുന്നേരം
ആയിരം തലപൊക്കിയനന്തൻചീറ്റു,ന്നോടി-
പ്പോയിടാൻപെടുംപാടിൽകുടുങ്ങുന്നനേകംപേർ!
'ധനമോ വലു,തതോഭക്തിയോ?'പിടികിട്ടാ-
മനസ്സും പേറിക്കൊണ്ടുപായുന്നു ഭക്തൻ ഞാനും!