Sunday 14 August 2011

ആൾക്കൂട്ടത്തിൽ ഉയർന്ന്‌





സുജിത്ത്‌ ബാലകൃഷ്ണൻ




പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിൽക്കുമ്പോൾ ഞാൻ അറിയാതെ ഉയർന്നവനാവും. താഴെ ഉറുമ്പുകളേക്കാൾ ഒരൽപം വലിപ്പത്തിലുള്ള മനുഷ്യർ തലങ്ങും വിലങ്ങും നടന്ന്‌ നീങ്ങുന്ന ചെറു ആൾക്കൂട്ടങ്ങളെ ഞാൻ പുഞ്ചിരിയോടെ നോക്കും. എല്ലാം എനിക്കു താഴെ, എന്റെ അധീനതയിൽ നടക്കുന്ന സംഭവങ്ങൾ മാതിരി, പുച്ഛം കലർന്നൊരു ചിരിയോടെ താത്വികമായി നോക്കും. തിരിച്ചറിയാനാവാത്തവരുടെ ആൾക്കൂട്ടത്തെ നോക്കിയല്ലേ തത്വജ്ഞാനിയാവാൻ പറ്റൂ. വളരെ സങ്കീർണ്ണമായ അജ്ഞാതമായ ആൾക്കൂട്ടത്തിന്‌ നടുവിലാണ്‌ ഞാനിപ്പോൾ, അത്രമാത്രം മനസ്സിലാക്കുക.

 അമ്മയെ കണ്ടിട്ടോ മിണ്ടിയിട്ടോ വർഷങ്ങൾ പതിനൊന്ന്‌ കഴിഞ്ഞു. ആദ്യം ചെറിയ അകലം, അകന്നകന്ന്‌ പിന്നീട്‌ യോജിക്കാനാവത്ത സമുദ്രവിടവുകൾ. തന്റേയോ അമ്മയുടേയോ മരണത്തിന്‌ മുമ്പ്‌, അതാദ്യമേതുമായ്ക്കൊള്ളട്ടെ, ഇനിയൊരു കൂടിക്കാഴ്ച, അതുണ്ടാവുമെന്ന്‌ കരുതാൻ തന്നെ പ്രയാസം. ചിതലരിച്ച അസ്ഥിത്വത്തിന്റെ വേരുകൾ മാത്രമാണിന്ന്‌ അമ്മയുടെ ഓർത്തെടുക്കുന്ന സ്നേഹം. അമ്മയാണ്‌ സ്നേഹത്തിന്റെ ആഴി, നിസ്വാർത്ഥ സ്നേഹത്തിന്റെ നിറകുടം എന്നൊക്കെ തട്ടിവിട്ട്‌ 'അമ്മയുടെ ദിനം' ടിവിക്കാരാഘോഷിക്കുമ്പോൾ പല്ലിറുമ്മി ഓഫ്‌ ചെയ്യും. "ത്‌ ഫൂ എന്ന തുപ്പലമിട്ടുമായി. അമ്മ മണ്ണാങ്കട്ട...പിന്നെപ്പിന്നെ ഒരു നിർവ്വികാരത... തമോഗർത്തത്തിന്റെ ആഴത്തിലുള്ള ഇരുട്ട്‌. ജ്ഞാനത്തേക്കാൾ വലുതായി ഈ ഉലകിൽ പ്രേമം മാത്രമേ ഉള്ളുവേന്ന്‌ ഉമ്പർട്ടോ എക്കോ പറഞ്ഞതോർക്കുന്നു. അതിനും മുമ്പ്‌ ഏതെങ്കിലും ദ്രാവിഡനോ ആര്യനോ പറഞ്ഞിട്ടുണ്ടെങ്കിൽ കുലജന്മദോഷം. മിസ്റ്റർ 'എക്കോ' ഞാനെന്റെ തിന്നുതീർത്ത എന്റെയീ ഹൃദയത്തിലെവിടെയെങ്കിലും പ്രേമത്തിന്റെ പൂമ്പൊടികൾ തെളിഞ്ഞ്‌ നിൽക്കുന്നുവേങ്കിൽ കാട്ടിത്തരുക. പ്ലീസ്‌. കണ്ണാടിക്കുപ്പിയിലിട്ട്‌ എനിക്കെന്നും കാണണം, അനുഭവവേദ്യമാകാത്ത കവിത പോലെ.

 ഇതെന്റെ മാത്രം പ്രശ്നമാണോയെന്ന്‌ ചികഞ്ഞ്‌ പരിശോധിച്ചതാണ്‌, പലവട്ടം. ഹിപ്പോക്രാറ്റിക്കൽ സമൂഹത്തിലെ ഉദ്ധരണികൾ, സെൽഫ്‌ മാർക്കറ്റിംഗിന്റെ നിർവൃതിയിലോടുന്നവർ, കപതയുടെ കുത്തൊഴുക്കിൽ തേടിയെത്തുമെന്ന്‌ കാത്തിരിക്കുന്നവരുടെ മൂഡത്തം. അതിലൊരുവനാണീ ഞാനും. ഒഴുകിയകലുന്ന ആൾക്കൂട്ടത്തെ എന്റെയെന്ന്‌ സങ്കൽപിച്ച്‌ ഉയർന്ന്‌ നിൽക്കുന്ന നപുംസകം, ആണോ???

 കാമാതുരമായ ക്രൂരപ്രകോപനത്തിൽ സംതൃപ്തിയടയുന്ന സമൂഹത്തിൽ, ഭയമെന്ന വികാരത്തെ ചൂഷണം ചെയ്ത്‌ സൃഷ്ടിയെടുത്ത നീ ഉൾവലിയുകയാണോ ദൈവമേ. നിന്നോടെനിക്ക്‌ ദയതോന്നുന്നു. കുറ്റങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ട സർവ്വതിന്റേയും നാഥനായി വാഴ്ത്തപ്പെട്ട, നീ ഭീരുവിനെപ്പോലെ അസ്തിത്വം കുഴിച്ച്‌ മൂടുകയാണോ...കൂയ്‌...കൂയ്‌ കൂയ്‌...കൂയ്‌... ഞാനടുത്തൊരു പടം കണ്ടിരുന്നു... പോണോഗ്രാഫിയുടെ സാധ്യതകളെ നമ്മൾ കൂടുതൽ മനസ്സിലാക്കേണ്ടവരല്ലേ. പണം പെരുകുമ്പോൾ സുന്ദരിയായ യുവതിയെ സൂര്യന്‌ താഴെ, മണൽപ്പുറത്ത്‌, ഒരുഭാഗത്ത്‌ ആർത്തിരമ്പുന്ന തിരമാലകൾ ശൂന്യമായ മറുഭാഗം അപ്പോൾ ഭോഗിക്കുകയെന്നതൊക്കെ ഔട്ട്‌ ഓഫ്‌ ഫാഷനായില്ലേ. ഇതിലൊക്കെ എന്ത്‌ ത്രില്ലിപ്പോൾ. സിനിമയിലെ നായകനായ മേഷീൻ, ചെറിയ അവസ്ഥകളിൽ ജീവിച്ച്‌ വന്ന 18 കാരിയുമായുള്ള നീലച്ചിത്രം സ്വനം കണ്ട, അഭ്രപാളിയിലെ നായികയാവാമെന്നുള്ള മോഹത്തിന്റെ ചവിട്ടുപടി. ജെസ്സി നിങ്ങളുടെ മകളാണെന്നോർത്ത്‌ നോക്കുക. മേഷീൻ ജെസ്സിയെ ക്രൂരമായി ഭോഗിക്കുകയാണെന്ന്‌ പോട്ടെ... ഇടയിലൊക്കെ കൊടിയ മർദ്ദനം. മദഗജം പൊട്ടിയൊലിക്കുന്നവന്റെ ക്രൂരത.

ഒടുക്കം... ചെറുപലകകൾ മുറിക്കുന്ന പല്ലുകളുള്ള വാളുകൊണ്ട്‌ അവളുടെ കഴുത്തറുത്ത്‌ കൊല്ലുകയാണ്‌... ക്ലൈമാക്സ്‌...എല്ലാം പണക്കൊഴുപ്പിന്റെ മൂന്നിലെ വ്യത്യസ്തത്ത. ഒന്ന്‌ മടുക്കുമ്പോൾ മറ്റൊന്ന്‌ തേടിപ്പോകാനുള്ള അവന്റെ അവകാശമല്ലേ.

 ഞാനോരാൾക്കൂട്ടത്തിന്‌ നടുവിലാണെന്ന്‌ നേരത്തെ പറഞ്ഞിരുന്നു. അതിനിടയിൽ നിൽക്കുമ്പോഴാണ്‌ തത്വജ്ഞാനം അണപൊട്ടിയൊഴുകുന്നത്‌. ലുങ്കിയുടുത്തവർ, മാക്സിയിട്ടവർ, മൂക്കത്ത്‌ വിരൽ വച്ചവർ, കുട്ടികൾ, മൊബെയിൽ ഫോണിൽ ദൃശ്യം പകർത്തുന്നവർ, പോലീസുകാർ കൃത്യമായി രേഖപ്പെടുത്താൻ കഴിയാത്ത പിന്നേയും കുറേപേർ. അതിനിടയിലീ ഞാനും.
 എനിക്കുനേരെ ആറോ ഏഴോ പ്രായമുള്ള ബാലികയുടെ ചേതനയറ്റ വികൃതശരീരം മരപ്പൊത്തിനിടയിൽ കഷ്ണം കഷ്ണമായി തിരുകിയിരിക്കുകയാണ്‌.

കേട്ടുപഴകിയ വൃത്താന്തം പൊടുന്നനെ സത്യമായി മുന്നിൽ തെളിഞ്ഞപ്പോഴുള്ള അന്ധാളിപ്പ്‌ എന്നിൽ പ്രകടമായിരുന്നു. പിടഞ്ഞ്‌ വീഴുമ്പോഴുള്ള അവളുടെ നോവലിന്റെ തീവ്രത എനിക്കൂഹിച്ചെടുക്കാൻ എത്രയാലോചിച്ചിട്ടും കഴിയുന്നില്ല. അതിൽ നിന്നൊക്കെ രക്ഷപ്പെടാനാവുമീ ആദ്ധ്യാത്മിക ചിന്തകൾ.
 ഇനി മുഴുവൻ ഔദ്യോഗിക കാര്യങ്ങളാണ്‌ ഇൻക്വസ്റ്റ്‌, പോസ്റ്റുമോർട്ടം, ചോദ്യം ചെയ്യൽ, വാർത്തകൾ, അറസ്റ്റ്‌, കോടതി, ശിക്ഷ, വെറുതെ വിടൽ, തൂക്കിക്കൊല്ലൽ, അങ്ങനെ പോകട്ടെ, ഞാൻ പതുക്കെ നടന്നു.

 കർക്കിടകത്തിലെ മഴ പാറ്റിയ ഈർപ്പത്തിന്റെ സ്പർശം നുകർന്ന്‌ ടാറിട്ട റോഡിന്‌ വശത്തുള്ള മണ്ണിലൂടെ ഈ ക്രൂരത എന്നെക്കൊണ്ട്‌ ചെയ്യാനാവുമോ എന്ന ചോദ്യം തിളച്ചുരുകുന്ന ആദ്ധ്യാത്മിക ബോധത്തിന്‌ മുകളിൽ നിരത്തി ഞാൻ വേഗം നടന്നു. ഈ ചോദ്യത്തിനുത്തരം ഇപ്പോഴല്ലേ, അൽപം കഴിഞ്ഞ്‌ എല്ലാം ശാന്തമാകുമ്പോൾ, ഭ്രാന്തമായ രതിയെ പ്രകോപിപ്പിച്ച്‌ നിർവൃതിയടയുന്ന മാനസികാവസ്ഥയിൽ ഈ ചോദ്യത്തിനുത്തരം തേടാം. അതുവരെയീ കാര്യങ്ങൾക്കൽപവിരാമമിടാം.

 മലയാളം ആന്റിയുടെയോ, ഹോട്ട്‌ മലയാളം നടിയുടേയോ നഗ്നത കാണാൻ എന്റെ മനസ്സ്‌ വെമ്പീ. എത്ര കണ്ടും മടുക്കാത്ത ഈ രതിയെ പ്രകോപിപ്പിച്ച്‌ നിർവാണമടയാൻ യൂ ട്യൂബിനും സാധിക്കുന്നില്ലല്ലോ...സേർച്ച്‌ സ്പേസിൽ പുതിയ എന്തെങ്കിലുമൊക്കെ ടൈപ്പ്‌ ചെയ്താൽ ഇന്ന്‌ പുതിയ ഇരകളെന്തെങ്കിലും കുടുങ്ങാതിരിക്കില്ല. ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി. ആൾക്കൂട്ടത്തിൽ നിന്നകന്നകന്ന്‌ നീങ്ങുമ്പോൾ ഞാൻ കൂടുതൽ കൂടുതൽ ചെറുതായിക്കൊണ്ടിരുന്നു.