Sunday 14 August 2011

ലൈംഗികദാരിദ്ര്യം


രാജനന്ദിനി


 മലയാളിയുടെ പ്രഭാതങ്ങൾ ഞെട്ടലോടെയാണ്‌ ആരംഭിക്കുന്നത്‌. ഏതു പത്രമെടുത്താലും മുൻപേജുകളിൽ അതിനുള്ള വകയുണ്ടാകും. ഒരു സ്ത്രീ പീഢനമെങ്കിലും റിപ്പോർട്ടു ചെയ്യാത്ത ദിവസങ്ങളില്ല. അക്രമങ്ങൾ ബാലികാ ബാലന്മാരിലേയ്ക്കും പടർന്നെത്തിയിരിക്കുന്നു എന്നത്‌ ഭയാനകമാണ്‌. മനുഷ്യമനസ്സിലെ ആർദ്രതയും സ്നേഹവും വറ്റി വരണ്ടിരിക്കുന്നു. പുതിയ തലമുറയ്ക്ക്‌ സ്നേഹത്തിന്റെ ബാലപാഠം പോലുമറിയില്ല എന്നത്‌ വേദനിപ്പിക്കുന്ന സത്യമാണ്‌. ഈ അഴിമതിക്കും അക്രമങ്ങൾക്കും പരിഹാരം തേടുമ്പോഴും ഇത്തരം വാർത്തകൾ പേജുകൾ നിറച്ചുകൊണ്ട്‌ പത്രങ്ങൾ നമ്മുടെ പ്രഭാതങ്ങളെ ഭയപ്പെടുത്തുന്നു.


 പ്രതിഷേധം കൊണ്ടോ ശിക്ഷാനടപടികൾ കൊണ്ടോ പരിഹരിക്കാൻ കഴിയുന്നതല്ല ഇത്തരം ചെയ്തികൾ. ഇത്‌ മനുഷ്യമനസ്സുകളിൽ നിന്ന്‌ വേരോടെ പിഴുതെറിയണമെങ്കിൽ ഈ സ്വഭാവവൈകല്യങ്ങൾ എങ്ങനെ കടന്നുകൂടുന്നു. എന്നു കണ്ടുപിടിച്ച്‌ അതിനുള്ള പരിഹാരമാണ്‌ തേടേണ്ടത്‌. പലതരം രോഗങ്ങൾക്കും നാം പ്രതിരോധ കുത്തിവയ്പുകൾ എടുക്കാറുണ്ട്‌. എന്തുകൊണ്ടാണ്‌ മനസ്സിനുള്ള പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച്‌ ചിന്തിക്കാത്തത്‌?
 ഊഷരമായ മണ്ണിൽ ഒരു വിത്തിന്‌ മുളപൊട്ടാനോ ആഴത്തിൽ വേരോടാനോ തളിർക്കാനോ കഴിയാത്തതുപോലെ തന്നെയാണ്‌ സ്നേഹിക്കാനറിയാത്ത, അതിന്‌ സമയമില്ലാത്ത മാതാപിതാക്കളുടെ കുട്ടികൾ മുളയിലെ മുരടിച്ചു പോകുന്നതും ആത്മചൈതന്യമില്ലാത്തവരായിത്തീരു
ന്നതും. പൊരിവെയിലിലൂടെ നടന്നു വരുന്ന ഒരാൾക്ക്‌ വഴിയരികിലെ തണൽമരം ആശ്വാസം പകരുന്നതുപോലെ തന്നെയാണ്‌, സമൂഹത്തിലെ പ്രതികൂല സാഹചര്യങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളുമായി വീട്ടിലെത്തുന്ന കുട്ടികൾക്ക്‌ സ്നേഹവും പരിചരണവും ആത്മവിശ്വാസവും നൽകി മാറോടുചേർക്കാൻ മാതാപിതാക്കൾ തയ്യാറാകുമ്പോൾ വീട്‌ അവർക്കൊരു തണലാകുന്നത്‌. മാതാപിതാക്കൾ ആശ്വാസകേന്ദ്രമാകുന്നു.

 അവരുടെ പ്രശ്നങ്ങൾ ഹൃദയപൂർവ്വം അറിയാനും ഒരു സുഹൃത്തായി കൂടെ നിൽക്കാനും കഴിയുമ്പോൾ കുട്ടികളിൽ നന്മയുടെ വിത്തുകൾ മുളപൊട്ടും. അച്ഛനമ്മമാരുടെ ചെയ്തികൾ സുസൂക്ഷ്മം വീക്ഷിക്കുന്ന കുട്ടികൾ അവരുടെ ജീവിതത്തിലും അതാണ്‌ പകർത്തുക എന്ന്‌ ഓർക്കേണ്ടതുണ്ട്‌. പകരം നാമെന്താണ്‌ ചെയ്യുന്നത്‌? സ്നേഹത്തിന്‌ പകരമായി പണം നൽകി തൃപ്തിപ്പെടുത്തുന്നു. പണത്തിന്‌ നേടാൻ കഴിയുന്നത്‌ ഭൗതികസുഖങ്ങളാണ്‌. അത്‌ കുട്ടികളെ ഒരിക്കലും നന്മയിലേക്ക്‌ നയിക്കില്ല.


 ഏവരുടേയും ആത്യന്തികമായ ലക്ഷ്യം പണം സമ്പാദിക്കുക എന്നതായിക്കഴിഞ്ഞപ്പോൾ കുട്ടികളുടെ സംരക്ഷണം ജോലിക്കാരുടെ കൈകളിലായി. വിദ്യാഭ്യാസപരമായും സാംസ്കാരികമായും താഴ്‌ന്ന നിലവാരത്തിലുള്ള ഇത്തരക്കാർ കുട്ടികളിൽ എന്തെല്ലാം വൈകൃതങ്ങളാണ്‌ കോറിയിടുക എന്ന്‌ ചിന്തിക്കാത്തതെന്താണ്‌? ഒരു കുഞ്ഞിന്റെ അടിസ്ഥാന സ്വഭാവം രൂപപ്പെട്ടു വരുന്ന പ്രായത്തിൽ ആരുടെ ശിക്ഷണമാണ്‌ അവർക്ക്‌ ലഭിക്കുന്നത്‌ എന്നത്‌ ഒരു പ്രധാനപ്പെട്ട വസ്തുതയാണ്‌. അണുകുടുംബങ്ങളിൽ നിന്നും പരമാണുകുടുംബങ്ങളിലേക്ക്‌ എത്തിനിൽക്കുന്ന നാം നമ്മുടെ കുട്ടികൾക്ക്‌ നിഷേധിക്കുന്ന സ്നേഹമാണ്‌ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മൂല്യബോധം. ഉന്നത സംസ്കാരമുള്ള ആ പഴമനസ്സുകളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരായിരിക്കും എന്ന്‌ നാം ഓർക്കാത്തതെന്ത്‌?


 ഒരു വിത്ത്‌ പൊട്ടിമുളച്ച്‌ തളിരായി മരമായി വളർന്ന്‌ കഴിയുമ്പോഴാണ്‌ അതിലുണ്ടാവുന്ന പൂവിന്റെയും കായയുടെയും മണവും രുചിയും നാം തിരിച്ചറിയുന്നത്‌. അതുവരെ ആ വൃക്ഷത്തിൽ ഉണ്ടാകാൻ പോകുന്ന ഫലങ്ങളെക്കുറിച്ച്‌ നാം അജ്ഞരാണ്‌. ഇതുപോലെ തന്നെയാണ്‌ കുട്ടികളുടെ കാര്യത്തിലും സംഭവിക്കുന്നത്‌. നമ്മുടെ സംരക്ഷണയിൽ നിന്നും മാറി നിൽക്കുന്ന ഘട്ടത്തിലാണ്‌ അവരുടെ യഥാർത്ഥ സ്വഭാവങ്ങളും വൈകല്യങ്ങളും നാം തിരിച്ചറിയുക. അപ്പോഴേക്കും എല്ലാം നമ്മുടെ നിയന്ത്രണത്തിൽ നിന്നും വിട്ടുപോയിട്ടുണ്ടാകും.


 മറ്റൊന്ന്‌ ഭക്ഷണകാര്യമാണ്‌. സമയക്കുറവുമൂലം വൈകുന്നേരങ്ങളിൽ ഭക്ഷണം ഹോട്ടലിൽ നിന്നും വാങ്ങുന്നവരാണ്‌ ഏറെയും. രാവിലെ ടിന്നിലടച്ചതോ പാക്കറ്റിൽ വാങ്ങാൻ കിട്ടുന്നതോ ഉപയോഗിക്കുന്നു. ഒരാഴ്ചയിലധികം ഫ്രിഡ്ജിലിരുന്ന ഭക്ഷണം ചൂടാക്കിക്കഴിക്കുന്നതിലൂടെ ശരീരത്തിൽ എത്രമാത്രം വിഷാംശം കടന്നുകൂടുമെന്ന്‌ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? ആറു വയസ്സിൽ ഡയബറ്റിക്സ്‌ വരുന്ന കുട്ടികളും എട്ടു വയസ്സിൽ ഋതുമതികളാകുന്ന ബാലികമാരും അശാസ്ത്രീയമായ നമ്മുടെ ഭക്ഷണരീതികളുടെ നേർക്കാഴ്ചയാണ്‌. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഭൂരിഭാഗം മലമായും മധ്യഭാഗം ശരീരമായും സൂക്ഷ്മഭാഗം മനസ്സായും മാറുമെന്നാണ്‌ പ്രകൃതിജീവനത്തിൽ പറയുന്നത്‌. അപ്പോൾ മനസ്സിന്‌ പോഷണം തരുന്ന ഭക്ഷണം കൂടി നമ്മൾ തിരഞ്ഞെടുക്കേണ്ടതുണ്ട്‌. വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിൽ സ്നേഹംകൂടി ചാലിച്ചു ചേർത്തിട്ടുണ്ടാകും. ഒരു കുഞ്ഞിന്‌ ഇങ്കു കുറുക്കി ചൂടാറ്റി അതിന്റെ മധുരവും ചൂടും പാകമാണോ എന്നറിയാൻ ഒരു തുള്ളിയെടുത്തു നാവിൽ വയ്ക്കുന്ന നിമിഷം ഒരമ്മയുടെ ജീവിതത്തിലെ അനർഘനിമിഷങ്ങളിലൊന്നാണ്‌. അവിടെ കുഞ്ഞിനോടുള്ള പ്രതിബദ്ധതയും സ്നേഹവും കരുതലും ഒത്തുചേർന്ന്‌ ഊർജ്ജപ്രവാഹമായി രക്തത്തിലൂടെ ഓരോ ജീവാണുക്കളിലും നിറയുന്നുണ്ട്‌. അത്‌ ആത്മാവിന്റെ പോഷണമാണ്‌.

ഇന്ന്‌ എത്ര അമ്മമാർക്ക്‌ അതിന്‌ കഴിയുന്നുണ്ട്‌ എന്നു പരിശോധിക്കുക. ഡേ കീയറുകളിൽ ശൈശവം പിന്നിടുന്ന കുട്ടികൾക്ക്‌ നാം എന്താണ്‌ നൽകുന്നത്‌? ആലോചിക്കണം. കുടുംബമെന്ന തണലിൽ കഴിയുന്നവർ നിസ്സാരമെന്നു തോന്നാവുന്ന ഇത്തരം കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലാതെ കുട്ടികൾ വഴിതെറ്റുമ്പോൾ വിലപിക്കുകയല്ല വേണ്ടത്‌? 10 വയസ്സിലും13 വയസ്സിലും ബലാത്സംഗം ചെയ്യാൻ മുതിരുന്ന ബാലന്മാർ. പട്ടിണിയിൽ വയറെരിയുമ്പോഴും കാമം കത്തിജ്വലിക്കുന്ന വികളാംഗൻ. മകളെ അന്യർക്ക്‌ കാഴ്ചവച്ച്‌ പണം നേടുന്ന അച്ഛൻ. പൊതുവായ ഇടങ്ങളിലും സ്ത്രീയുടെ സാമീപ്യം വിവേകം നഷ്ടപ്പെടുത്തുന്ന പുരുഷന്മാർ. എവിടേക്കാണ്‌ മലയാളികൾ പോകുന്നത്‌?


 പുതുതലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ്‌ സ്ത്രീകളെ ഉത്ബുദ്ധരാക്കുക എന്നത്‌. ഒരു ഒറ്റക്കയ്യനുപോലും പീഢിപ്പിക്കാൻ മാത്രം പെൺകുട്ടികൾ ദുർബ്ബലരായതെങ്ങനെ? അമിതമായ ചാരിത്ര്യബോധമാണ്‌ അവളെ ചെറുത്തുനിൽപിൽ തോൽപ്പിക്കുന്നത്‌. ചാരിത്രബോധമാണ്‌ അവളെ ചെറുത്തു നിൽപിൽ തോൽപ്പിക്കുന്നത്‌. ചാരിത്ര്യനഷ്ടം വന്ന സ്ത്രീക്ക്‌ സമൂഹം ഭ്രഷ്ട്‌ കൽപിക്കുന്നു. വിവാഹസ്വപ്നങ്ങൾ തകർത്തുകൊണ്ട്‌ പുരുഷന്മാർ അവളെ അവഗണിക്കുന്നു. എന്തിനാണത്‌? ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി എന്തുകുറ്റമാണ്‌ സമൂഹത്തോട്‌ ചെയ്തത്‌? ഒരു മൽപ്പിടുത്തത്തിൽ ആരെങ്കിലും ഒരാളെ ജയിക്കൂ. അത്രയും പ്രാധാന്യം മാത്രമേ ബലാൽസംഗത്തിനും കൊടുക്കേണ്ടതുള്ളൂ. എങ്കിൽ അവൾക്ക്‌ കൂടുതൽ കരുത്തോടെ പ്രതികരിക്കാൻ കഴിയും.

ഇത്തരം ലൈംഗിക വൈകൃതങ്ങളെ എതിർക്കാൻ അക്രമത്തിന്‌ ഇരയാകുന്നവർ മാത്രമല്ല മറ്റു സ്ത്രീകളും ഒറ്റക്കെട്ടായി നിന്നാൽ പൊതുഇടങ്ങളിലെ ലൈംഗീകചൂഷണം ഒരു പരിധിവരെ ഇല്ലാതാവും. ഒരു പോരാട്ടത്തിൽ തോറ്റു പോയാൽ ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല. മാനഭംഗം എന്നു പറയുന്നതെന്താണ്‌? മാനം സ്ത്രീക്കു മാത്രമാവുന്നതെങ്ങനെ? വിവാഹത്തിന്‌ മുമ്പ്‌ ചാരിത്ര്യവും വിവാഹശേഷം പാതിവൃത്യവും കൽപിച്ചു നൽകി സ്ത്രീയെ മഹത്വവൽക്കരിക്കുന്നതെന്തിനാണ്‌?

 ഇവ രണ്ടും ഒരു മിഥ്യാബോധം മാത്രമാണ്‌. ആത്മപരിശോധന നടത്തിയാൽ ഈ ആഭരണങ്ങൾ നഷ്ടപ്പെടാത്തവരായി ഒരു ശതമാനംപോലും കാണില്ല എന്നതാണ്‌ സത്യം. പിന്നെ ആരെ ബോധിപ്പിക്കാനാണീ അഭിനയം? സ്ത്രീകൾ ആയുധമേന്തി പടക്കളത്തിലിറങ്ങിയതുപോലെ നടക്കുന്നതെന്തിന്‌? ആയുധമേന്തിയ പുരുഷന്മാരെ കാവൽ നിർത്തുന്നതെന്തിന്‌? അത്‌ അവളെ സമൂഹത്തിൽ നിന്നും വേർപെടുത്തി നിർത്തുന്ന ഏർപ്പാടാവും. അനാവശ്യമായ വേർതിരിവുകൾ ഇല്ലാതെ സ്വതന്ത്രമായി ഇടപഴകാൻ അവളെ അനുവദിക്കുക.

സ്വാതന്ത്ര്യം ക്രിയാത്മകതയെ വളർത്തുന്നു. അസ്വാതന്ത്ര്യം കാപട്യത്തെയും, നിയന്ത്രണം സ്വന്തം അവബോധത്തിൽ നിന്നാണ്‌ ഉണ്ടാവേണ്ടത്‌. പുറമെ നിന്നുള്ള പ്രേരണകൾ കൊണ്ടല്ല.
 മറ്റൊന്ന്‌ പുരുഷന്മാരുടെ ലൈംഗിക ആസക്തിയാണ്‌. പൊതു ഇടങ്ങളിൽ വച്ച്‌ സ്ത്രീകളെ കടന്നുപിടിക്കാൻ മാത്രം എന്താണ്‌ അവനിൽ സംഭവിക്കുന്നത്‌? ഭക്ഷണം ലഭിക്കാത്തവന്‌ ഭക്ഷണത്തോട്‌ ആർത്തി തോന്നുക സ്വാഭാവികമാണ്‌. കുടുംബബന്ധങ്ങളുടെ ശൈഥില്യം ലൈംഗികദാരിദ്ര്യത്തിന്‌ കാരണമായിട്ടുണ്ട്‌. പുറമെ ശാന്തമെന്നു തോന്നുമെങ്കിലും പലരുടേയും കിടപ്പറകൾ യുദ്ധക്കളങ്ങളാണ്‌. ചിലർ നിശബ്ദരായി തന്നെ ഒരേ കുടുംബത്തിൽ രണ്ടു ലോകങ്ങളിൽ കഴിയുന്നു. ഊഷ്മളമായ ബന്ധങ്ങൾ ദമ്പതിമാർക്കിടയിൽ അപൂർവ്വമായിക്കൊണ്ടിരിക്കയാണ്‌.


 നമ്മുടെ ശരീരം പലവിധ ഊർജ്ജങ്ങളുടെ കേന്ദ്രമാണല്ലോ. ലൈംഗികതയിൽ നിന്നുള്ള ഊർജ്ജമായാലും കോപത്തിൽ നിന്നുള്ളതായാലും വേദനയിൽ നിന്നുള്ളതായാലും പുറത്തേക്കൊഴുകേണ്ടത്‌ ശരീരത്തിന്റെ ആവശ്യമാണ്‌. കുടുംബപ്രശ്നങ്ങൾ വരുമ്പോൾ ലൈംഗികനിഷേധം ഒരു വജ്രായുധമായി പ്രയോഗിക്കാതിരുന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക്‌ ഒരു പരിധിവരെ പരിഹാരമാകും. ലൈംഗികച്ചൂഷകരിൽ ഏറിയ പങ്കും മധ്യവയസ്കരാണ്‌ എന്നത്‌ ഇതിന്‌ തെളിവാണ്‌. ലൈംഗിക ദാരിദ്ര്യം സ്ത്രീകളും നേരിടുന്ന പ്രശ്നമായിരിക്കാം. പക്ഷേ പെട്ടെന്ന്‌ ഉത്തേജിതനാകുന്ന തരത്തിലാണ്‌ പ്രകൃതി പുരുഷനെ വിഭാവനം ചെയ്തിരിക്കുന്നത്‌ എന്നതാണ്‌ പൊതു ഇടങ്ങളിലെ അക്രമങ്ങൾക്ക്‌ കാരണമെന്നു വേണം അനുമാനിക്കാൻ.


 ഇണചേരുക എന്നത്‌ ഒരു ജീവിയുടെ ജന്മാവകാശമാണ്‌. അതിനെ നിഷേധിക്കാൻ ആർക്കും അവകാശമില്ല. കപട സദാചാരവാദികൾ വാളുയർത്തിപ്പിടിച്ചതുകൊണ്ട്‌ ഇവിടെ വ്യഭിചാരം നടക്കാതിരിക്കുന്നില്ല. വേണ്ടത്‌ ഇതാണ്‌. വ്യവസ്ഥിതികൾ കാലാകാലങ്ങളിൽ മാറേണ്ടതുണ്ട്‌. ആരോഗ്യകരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുക. വേർതിരിവുകൾ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുകയെയുള്ളൂ. മറച്ചുവയ്ക്കുന്നതെന്തും ഒളിഞ്ഞു നോക്കാനുള്ള വാസന. നിഷേധിക്കുന്നത്‌ സ്വന്തമാക്കാനുള്ള താൽപര്യം ഇതൊക്കെ മനഃശ്ശാസ്ത്രപരമായ കണ്ടെത്തലുകളാണ്‌. സ്ത്രീ-പുരുഷ സൗഹൃദങ്ങൾ അതിന്റെ സ്വാഭാവികതയിൽ നിലനിന്നുപോകുമ്പോൾ അത്യാകർഷക സ്വഭാവം ഇല്ലാതാകും. ഭാര്യയുടെ നല്ല പുരുഷ സുഹൃത്തിനെ സ്വന്തം സുഹൃത്തായും ഭർത്താവിന്റെ സ്ത്രീ സുഹൃത്തിനെ സ്വന്തം കൂട്ടുകാരിയായി കാണാനും ഹൃദയവിശാലതയുണ്ടാവണം. എല്ലാ ബന്ധങ്ങളും ലൈംഗികപരമല്ല എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.

സ്ത്രീ സ്വാതന്ത്ര്യം നേടുമ്പോൾ അത്‌ പുരുഷനുമീതെയുള്ള ആധിപത്യമായി കരുതാതിരിക്കുകയും വേണം. ഒരു ദാമ്പത്യജന്മം മുഴുവൻ പരസ്പരം കുറ്റാന്വേഷണത്തിന്‌ ചിലവഴിക്കാതെ തമ്മിൽ വിശ്വസിക്കുക. സ്നേഹത്തിലൂന്നിയ ഈ വിശ്വാസമാണ്‌ അദൃശ്യമായ ഒരു ചരടായി അവരെ ബന്ധിപ്പിക്കുന്നത്‌ എന്ന്‌ തിരിച്ചറിയണം. അവകാശങ്ങൾ വെറും ജലരേഖകളാണ്‌. അത്‌ മാനസിക ഉല്ലാസത്തിന്‌ തീരെ ഉപകരിക്കില്ല. സ്നേഹത്തിന്റെ അനന്തസാധ്യതകൾ അതിനുമപ്പുറത്താണ്‌. അത്‌ തിരിച്ചറിയാൻ കഴിയുന്നവർക്ക്‌ ജീവിതം അനായാസമായ ഒരു ഉല്ലാസയാത്രയായി അനുഭവപ്പെടും.

തീർച്ച. മൂല്യാധിഷ്ടിതവും സ്വതന്ത്ര്യവും സ്നേഹപൂർണ്ണവുമായ മനസ്സുകൾക്കു മാത്രമേ ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കാൻ കഴിയൂ. നാം ഓരോരുത്തരും അതിന്‌ ശ്രമിക്കുമ്പോൾ ഈ അവസ്ഥയ്ക്ക്‌ മാറ്റം വരാതിരിക്കില്ല. ഒരു ആന്തരിക ലോകവും വേറൊരു ബാഹ്യലോകവും നമുക്കാവശ്യമില്ല. ഒരു മനുഷ്യന്‌ ഒരേയൊരു ആന്തരവാഹ്യലോകം. അത്‌ എത്ര സുന്ദരമായ ലോകമാണെന്ന്‌ ഓർത്തുനോക്കുക. വിലയിരുത്തുക.