Sunday 14 August 2011

വായനയുടെ പുതിയ അക്ഷാംശങ്ങൾ


 
വി.എം.വിനയകുമാർ


വായനക്കാരെ ഒരു വയലിനോടും നോവലിനെ അതിൽനിന്നും സംഗീതമുതിർക്കുന്ന ഒരു ബോയോടുമാണ്‌ സ്റ്റെന്താൾ താരതമ്യം ചെയ്തത്‌. നോവൽവായന വായനക്കാരന്റെ അത്യന്തം വ്യക്തിഗതമായ ഒരു പ്രകടനമാണെന്നും അവന്റെ പ്രാഗത്ഭ്യത്തിലാണ്‌ അതിന്റെ മികവിരിക്കുന്നതെന്നും സൂചിപ്പിക്കുകയായിരുന്നു സ്റ്റെന്താൾ. "ട/z എന്ന കൃതിയിൽ റൊളാങ്ങ് ബാർത്ത്‌ വാദിക്കുന്നത്‌ ഒരു പാഠം ഘടനാപരമായ മാതൃകയല്ലെന്നും അത്‌ വായനക്കാരനോട്‌ ഘടിപ്പിക്കാൻ ക്ഷണിക്കുന്ന പ്രരൂപങ്ങളുടെ ഒരു പരമ്പരയാണെന്നുമാണ്‌. പാഠം അർത്ഥ സൂചനകളുടെ ഒരു ശൃംഖലയാണ്‌. വായനക്കാരന്‌ അതിലേക്ക്‌ എവിടെ വേണമെങ്കിലും പ്രവേശിക്കാം. വായനക്കാരൻ പാഠത്തിന്റെ നിർമ്മാതാവാണ്‌, ഉപഭോക്താവല്ല. അവൻ പാഠം എഴുതുന്നതുപോലെയാണ്‌ പ്രവർത്തിക്കുന്നത്‌.


 ഒരു നോവലിന്റെ പാഠത്തെക്കുറിച്ചുള്ള അന്തിമമായ വിധിതീർപ്പു നടത്തുന്നതിന്‌ അതിന്റെ രചയിതാവിനെ ആശ്രയിക്കുന്നത്‌ അർത്ഥശൂന്യമായ ഒരു പ്രവൃത്തിയാണെന്ന്‌ പറയേണ്ടതുണ്ട്‌. എല്ലായ്പ്പോഴുംതന്നെ ഒരു പാഠത്തിന്റെ അർത്ഥം അതിന്റെ രചയിതാവിനെ കടന്നുപോകുന്നുവേന്ന്‌ ഗഡാമർ പറഞ്ഞത്‌ ഇവിടെ നമുക്ക്‌ ഓർക്കേണ്ടിയിരിക്കുന്നു. ആഖ്യാനത്തിന്റെ സാധ്യതകളെ പരിശോധിക്കുന്ന നോവലിസ്റ്റുകൾ കണ്ടുപിടിച്ചതു ബഹുമുഖമായ അർത്ഥസാധ്യതകളുടെ അന്തമില്ലാത്ത ഒരു അങ്ങോട്ടുമിങ്ങോട്ടുമുള്ള പ്രവർത്തനമായിരുന്നു.


 വായിക്കുന്നതിലൂടെ യാഥാർത്ഥ്യത്തെ സംബന്ധിക്കുന്ന ഔദ്യോഗിക ഭാഷ്യങ്ങൾ തിരസ്കരിക്കാനാവുമെന്ന്‌ കാണിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ്‌ നോവലെന്ന്‌ ഫ്രഞ്ച്‌ സൈദ്ധാന്തികന്മാരോടൊപ്പം ഡി.എച്ച്‌.ലോറൻസും കണ്ടെത്തിയിരുന്നു. ഏകമാനമായ യാഥാർത്ഥ്യം എന്ന സങ്കൽപത്തെ നമുക്ക്‌ തള്ളിക്കളയേണ്ടിയിരിക്കുന്നു. എല്ലാ ആഖ്യാനങ്ങളെ സംബന്ധിച്ചും ബഹുമുഖമായ വായന സാധ്യമാണെന്ന്‌ നമുക്ക്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. ശരിയായ ഒരൊറ്റ വായന എന്ന മിത്ഥ്യ ഇനിയും സാധ്യമല്ലെന്ന്‌ നാം മനസ്സിലാക്കേണ്ടതാണ്‌. പാഠത്തിന്റെ ബഹുവിധമായ അർത്ഥനിവേദനക്ഷമതയും (polysemantic nature )വായനക്കാരന്റെ മിത്ഥ്യാസൃഷ്ടിയും പരസ്പരം ഇടയുന്ന ഘടകങ്ങളാണെന്നും ഈ സംഘർഷത്തിൽ നിന്നാണ്‌ അർത്ഥസൃഷ്ടിക്കുള്ള വായനക്കാരന്റെ ആവശ്യം ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്‌

.
 പുതിയ വായനയുടെ വൈഷമ്യവും പഴയത്തിൽ നിന്നുള്ള വ്യത്യാസവും കൊണ്ട്‌ ആധുനികരായ ചില വിമർകർ വായനയെ രചന(writing)യെന്നു വിളിക്കുവാൻ ഇഷ്ടപ്പെടുന്നു. വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള വ്യത്യാസങ്ങൾ ഇവിടെ അപ്രത്യക്ഷമാകുന്നതാണ്‌ നാം കാണുന്നത്‌.
 എല്ലാ പാഠവും വിവിധങ്ങളായ അർത്ഥസൊ‍ാചനകൾ അവശേഷിപ്പിച്ച്‌ നിലകൊള്ളുകയാണ്‌ ചെയ്യുന്നത്‌. കൃതിയിലുള്ളത്‌ വായനയിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ട ചില മുലമാതൃകകളോ നിർദ്ദേശങ്ങളോ (റോമാൻ ഇൻഗർസന്റെ ഭാഷയിൽ ​‍മാത്രമാണ്‌.

 ഒരു സാഹിത്യകൃതിയുടെ അർത്ഥവും അതിന്റെ രചയിതാവിന്റെ ഉദ്ദേശവും തമ്മിൽ യുക്തിപൂർവ്വമായ ബന്ധമൊന്നുമില്ലെന്ന്‌ പറയേണ്ടതുണ്ട്‌. ഒരാൾക്ക്‌ മനസ്സിലായി എന്നുപറഞ്ഞാൽത്തന്നെ അയാൾക്ക്‌ അത്‌ വ്യത്യസ്തമായി മനസ്സിലായി എന്നാണ്‌ അർത്ഥമെന്ന്‌ ഗഡാമർ പറയുകയുണ്ടായി. എല്ലായ്പ്പോഴും എല്ലാവരാലും ശരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരൊറ്റ അർത്ഥകൽപന ഇല്ലെന്നു തന്നെയാണ്‌ ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത്‌.
 "ശൈലിയും അതിന്റെ പ്രതിരൂപവും" എന്ന കൃതിയിൽ  ബാർത്ത്‌ പാഠത്തെ ഉള്ളിൽ കാമ്പുള്ള ഒരു ആപ്രിക്കോട്ടു പഴമായി സങ്കൽപിക്കുന്നതിൽ അർത്ഥമില്ലെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അനേകം അടരുകളുള്ള ഒരു ഉള്ളിയോടാണ്‌ പാഠത്തെ ബാർത്ത്‌ താരതമ്യം ചെയ്യുന്നത്‌. പാഠത്തിന്റെ അനന്തമായ പുറംമൂടികൾ ചോദിച്ച്‌ അകത്തേക്കുചെല്ലാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. കാരണം അതിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന കേന്ദ്രസ്ഥാനിയായ ഒരു കമ്പോ രഹസ്യമോ വെട്ടിച്ചുരുക്കാനാവാത്ത തത്വമോ ഇല്ലെന്നതാണ്‌ കാര്യം. പാഠമെന്നാൽ അർത്ഥതലങ്ങളുടെ ക്രമീകരണം മാത്രമാകുന്നു. പാഠം പരിനിഷ്ഠതമോ ആത്യന്തികമോ ആയ ഒരാശയത്തിന്റെ ആവിഷ്കാരമാണ്‌ എന്ന ആശയത്തെയാണ്‌ ഇവിടെ ആക്രമിക്കുന്നത്‌. പാഠമെന്നാൽ അർത്ഥോത്പാദനത്തെ ചെറുത്തുനിൽക്കുകയും അപഹസിക്കുകയും ചെയ്യുന്ന അനേകം പ്രരൂപങ്ങളുടെ പരമ്പരയാണ്‌.

 സാധാരണ വാർത്താവിനിമയത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തി ഒരു നോവൽ വായിക്കുന്നതിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന അപകടത്തെപ്പറ്റി ഫ്രാങ്ക്‌ കെർമോഡ്‌ പരാമർശിക്കുന്നുണ്ട്‌. നോവലിന്റെ പര്യവസാനവും അതിന്റ സന്ദേശവും തിരക്കിയാണ്‌ സാധാരണ വായന പുരോഗമിക്കുന്നത്‌. ഇതിന്റെ ഫലമായി നോവലിന്റെ വിപുലമായ ഭാഗങ്ങൾ വായിക്കപ്പെടാതെ പോകുന്നു. നോവലിന്റെ പ്രകടമല്ലാത്ത ഭാഗങ്ങൾ രഹസ്യമാക്കി വെക്കപ്പെടുകയും വളരെ അവധാനതാപൂർണ്ണമായ പരിശോധനക്കു മാത്രം വെളിയിൽ കൊണ്ടുവരാവുന്നതായി അവശേഷിപ്പിക്കുകയും ചെയ്യുന്നു. മിക്ക വായനക്കാരും കൃതികളെ വേണ്ടത്ര വായിക്കാതിരിക്കുക (underread)യാണ്‌ ചെയ്യുന്നത്‌. നോവലിസ്റ്റുകളും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. എളുപ്പം യോജിക്കാൻ സാധിക്കുന്ന ആഖ്യാനപ്രസ്താവനകളോടും ബുദ്ധിപരമായി പരിഹരിക്കാവുന്ന പ്രശ്നങ്ങളോടും പൊതുവേ വായനക്കാർക്ക്‌ പ്രിയമാണുള്ളത്‌. ഇതേ കാരണത്താൽ നോവലിലേക്കു കടന്നുകയറിവായിക്കുന്ന {overread}വരോട്‌ എഴുത്തുകാർക്ക്‌ ഇഷ്ടക്കുറവാണുള്ളത്‌.

പ്രോഫസർമാർക്ക്‌ തിരക്കുണ്ടാക്കാൻ മാത്രമായി താനൊരു പുസ്തകം രചിച്ചു എന്ന്‌ ജെയിംസ്‌ ജോയ്സ്‌ ഒരിക്കൽ പരിഹാസരൂപത്തിൽ പറയുകയുണ്ടായി. പല്ലവഗ്രാഹികളായ ഒരുകൂട്ടം വായനക്കാരുടെ കൈയിൽ ഇ.എം.ഫോസ്റ്ററുടെ 'എ പാസ്സേജ്‌ ടു ഇന്ത്യ' ആദ്യകാലത്ത്‌ ഇന്ത്യൻ ജീവിതത്തെയും രാഷ്ട്രീയത്തെയും പറ്റിയുള്ള ഒരു ചർച്ചയായി മാത്രം തീർന്നതിനെപ്പറ്റിയാണു ഇവിടെ ഓർക്കേണ്ടത്‌. ഒ.വി.വിജയന്റെയും മുകുന്ദന്റെയും കൃതികളെ സംബന്ധിച്ചും ഈ ഉപരിതല വായന തെറ്റായ വിശകലനങ്ങൾക്ക്‌ വഴിതെളിച്ചു. ആ പാഠങ്ങൾക്കു പിന്നിൽ മറഞ്ഞിരുന്ന ദാർശനികമായ അർത്ഥതലങ്ങൾ ശരാശരിവായനക്കാരുടെ തലക്കുമീതെകൂടി പോയി.