Sunday 14 August 2011

തീണ്ടാരി


നൂറനാട്‌ മോഹൻ

"അമ്മായീ, ചോറുവിളമ്പി..."
"എനിക്കുവേണ്ട; നിനക്ക്‌ തീണ്ടാരിയാ."
"മുത്തശ്ശീ, ചോറുണ്ണാൻ വാ..."
"എനിക്കുവേണ്ട; നിനക്കും തീണ്ടാരിയാ..."
"അമ്മേ, ചോറുവിളമ്പി വെച്ചൂ..."
"എനിക്കുവേണ്ട; നീ തീണ്ടാരിപ്പെണ്ണിന്റെ കെട്ടിയോനാ... നീ തീണ്ടാരിപ്പെണ്ണിന്റെ അച്ഛനാ."
"അമ്മയെന്താ ഇപ്പറയുന്നത്‌! തീണ്ടാരിയില്ലാത്ത പെണ്ണുങ്ങളുണ്ടോ? അമ്മയൊരു സ്ത്രീയല്ലേ?"
"എന്റെ അമ്മാവിയമ്മ ഇങ്ങനെ എന്നോടും പറഞ്ഞിട്ടൊണ്ട്‌."
"എന്തായിപ്പോ ചെയ്യേണ്ടേ?"
"തീണ്ടാരിപ്പെണ്ണുങ്ങൾ നാലോസം പുറത്തിരിക്കട്ടെ."
"അപ്പോ ഞാനോ?"
"നിനക്കെന്ത്‌... ആണുങ്ങക്കെന്ത്‌?"
"ആണുങ്ങക്ക്‌ മലം, മൂത്രം, കഫം... ഒക്കെയുണ്ട്‌."
"പെൺചോരേടത്ര വരത്തില്ലെടാ അതൊക്കെ."
"കാണിക്കാൻ എനിക്കും ചോരയുണ്ട്‌..."
"ആണുങ്ങക്ക്‌ എന്തുചോര? പോടാ..."
"അമ്മ നോക്കിക്കോ..."
പെട്ടെന്ന്‌ മകൻ കത്തിമുന വിരലിൽ വരഞ്ഞു; ചോര ചിന്തി.
"അയ്യോ, മോനേ, വേണ്ടടാ... ഞാൻ ചോറുണ്ണാം... പെണ്ണുങ്ങളെങ്ങും പോകണ്ടാ... പോയി
തൊലയട്ടെ വെണ്ടയ്ക്കാ തീണ്ടാരി... മോളേ, ചോറെവിടെടീ...."