Sunday 14 August 2011

നമ്മുടെ മനസ്സിലാണ്‌ ശരീരം




സ്വാമി നിർമ്മലാനന്ദഗിരിയുമായി മലയാളസമീക്ഷ ന്യൂസ് സർവ്വീസ് നടത്തിയ അഭിമുഖം



ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന സംഭാഷണമാണ്‌ സ്വാമി നിർമ്മലാനന്ദഗിരിയുടേത്‌. അദ്ദേഹം സാധാരണ സന്യാസിയാണെന്ന്‌ പറയാനോക്കില്ല. മതത്തിന്റെയോ ദൈവത്തിന്റെയോ മുൻഗണനകളിൽ നിന്ന്‌ വിട്ട്‌ സത്യം തേടി അദ്ദേഹം ആയുർവ്വേദം, ശാസ്ത്രം, പ്രകൃതി എന്നിവയിലേക്കാണ്‌ സഞ്ചരിക്കുന്നത്‌. സൂക്ഷ്മവും വിട്ടുവീഴ്ചയില്ലാത്തതുമായ കാഴ്ചകളിലൂടെ ഈ പൊതുയോഗ ജീവിതവ്യവഹാരത്തിന്റെ ഗ്യാരന്റിയായിട്ടുള്ള അർത്ഥശൂന്യതയെയും അസംബന്ധ നാടകത്തെയും സ്വാമി നിശിതമായി വിമർശിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നു. സ്വാമിയുമായി കൊച്ചി ചെറുപറമ്പത്ത്‌ റോഡിലുള്ള ആശ്രമത്തിൽ വച്ചു നടത്തിയ സംഭാഷണത്തിൽ നിന്ന്‌.


? ഈ ലോകജീവിതത്തെ സ്വാമി എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌?




സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്

സ്വാമി: = എനിക്ക്‌ ജീവിതം തമാശയായേ തോന്നിയിട്ടുള്ളു. ഭൂമിയിലല്ല മനുഷ്യർ യഥാർത്ഥത്തിൽ ജീവിക്കുന്നതെന്ന്‌ എനിക്ക്‌ തോന്നുന്നു. മറ്റെവിടെയോ ആണ്‌. ഇവിടെ നാം വെറും സന്ദർശകരാണ്‌ വിസ കാലാവധി തീരുമ്പോൾ മടങ്ങുന്നു. ഇത്‌ എന്റെ ലോകമല്ല. ഇവിടത്തെ വിചിത്ര ജീവിതം കാണാനാണ്‌  ഞാൻ വന്നിട്ടുള്ളത്‌. അതുകൊണ്ട്‌ എല്ലാം ആസ്വദിക്കാം. കുരങ്ങനെ കണ്ടാൽ നാം ആസ്വദിക്കും. കൂട്ടിൽ കിടക്കുന്ന ജീവികളെ കണ്ടാൽ നോക്കി നിൽക്കും. എനിക്ക്‌ ആസ്വാദ്യമല്ലാത്തത്തായി ഒന്നുമില്ല. ടിവിയിലെ പെണ്ണുങ്ങൾ സംസാരിക്കുമ്പോൾ ഞാൻ അവരുടെ ചുണ്ടുകൾ ചലിക്കുന്നത്‌ മാത്രമേ ശ്രദ്ധിക്കൂ. ഈ ചിന്ത എനിക്കു കിട്ടിയത്‌ പശു വിസർജ്ജിക്കുന്നത്‌ നോക്കി നിന്നപ്പോൾ കണ്ട കാഴ്ചയിൽ നിന്നാണ്‌. പശു ചാണകമിട്ട ശേഷം, ചാണകദ്വാരം ചുരുക്കുന്നത്‌ കാണാം. അത്‌ രസമുള്ള ഒരു കാഴ്ചയാണ്‌. എന്തും ആസ്വദിക്കാൻ എന്റേതായ പദ്ധതി ഞാൻ വികസിപ്പിച്ചിട്ടുണ്ട്‌.


 നാം ഇവിടം വിട്ട്‌ മറ്റൊരു ഗ്രഹത്തിൽ ചെന്നാൽ, അവിടെ വിചിത്രജീവികളെ കാണുകയാണെങ്കിൽ ആസ്വദിക്കില്ലേ? അതുപോലെ.


? ഇന്നത്തെ ജീവിതത്തെ രൂപപ്പെടുത്തുന്നത്‌ ആരെല്ലാ
മാണ്‌

= സ്വാമി: മതങ്ങൾ, ചാനലുകൾ, സിനിമകൾ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ എന്നീ ശക്തികളാണ്‌ ഇന്നത്തെ ജീവിതത്തെ രൂപപ്പെടുത്തുന്നത്‌. ആര്‌ എന്ത്‌ കഴിക്കണം, ഉടുക്കണം, എന്ത്‌ വസ്ത്രം ധരിക്കണം എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരാണ്‌ തീരുമാനിക്കുന്നത്‌. ചുരുക്കത്തിൽ  സ്വന്തമായി മുഖമില്ലാത്തവരാണ്‌ നമ്മൾ. ഒരാളെ അനുകരിച്ചാണ്‌ ജീവിക്കുന്നതെന്ന്‌ അറിയാത്തവരാണ്‌ നമ്മൾ. മറ്റുള്ളവർ പറയുന്നതുകേട്ട്‌ മാത്രം ജീവിക്കുന്നവർക്ക്‌ എന്ത്‌ മുഖമാണുള്ളത്‌? സ്വന്തമായി ഒന്നുമില്ല എന്ന്‌ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും.


? ഇന്നത്തെ കലാപ്രവർത്തനത്തെ എങ്ങനെ നോക്കിക്കാണുന്നു

= സ്വാമി: ഇന്ന്‌ കലാപ്രവർത്തനമില്ല. സ്വന്തമായി യാതൊരു അഭിരുചിയില്ലാത്തവരെയും കലാശാലകളിലേക്കും കലാപഠനകേന്ദ്രങ്ങളിലേക്കും അയയ്ക്കുകയാണ്‌. അവിടെ ചിലർ കാണിക്കുന്നതുകണ്ട്‌ അതുപോലെ കാണിക്കുകയാണ്‌. കലാകാരന്മാരെ നിർമ്മിക്കുന്ന കേന്ദ്രങ്ങളിൽ ഇതിനായുള്ള സജ്ജീകരമുണ്ട്‌. ഇതിലൂടെ മനുഷ്യരുടെ ഹോർമോണുകൾക്കും എൻസൈമുകൾക്കും മാറ്റം വരുന്നു എന്നതാണ്‌ യഥാർത്ഥ്യം. ഇത്‌ രോഗമുണ്ടാക്കും. സ്വാഭാവികമായ ആന്തര നിർബന്ധത്തിന്റെ പേരിൽ കല ആസ്വദിക്കുകയോ സൃഷ്ടിക്കുകയോ ചെയ്താൽ ഹോർമോണുകളുടെ എൻസൈമുകളും നോർമലാകും. മനുഷ്യശരീരത്തിനായി വ്യായാമം വേണമെന്ന്‌ പറയുന്നവരുടെ കാര്യം ആലോചിക്കു. നിങ്ങൾ എന്തെങ്കിലും പ്രവൃത്തിയെടുത്താൽ, ആ പ്രവൃത്തിയും വ്യായാമവും ലാഭമാണ്‌. മുളകരച്ചാൽ,മുളകരഞ്ഞുകിട്ടുന്നതിനൊപ്പം, ശരീരത്തിനു വ്യായാമവുമാകും. കുളിക്കുന്നതിനിടയിൽ നീന്തിയാൽ കുളിയും നീന്തലും നടക്കും. നീന്താൻ വേണ്ടി കുളിക്കുയല്ല. തൂമ്പയെടുത്ത്‌ കിളക്കുമ്പോഴും ഇതു സംഭവിക്കുന്നു. ഇന്ന്‌ ഇതുപോലുള്ള സ്വാഭാവിക വ്യായാമമില്ല. പകരം ഒരു കാറെടുത്ത്‌ രണ്ട്‌ കിലോമീറ്റർ പോയി, ഒരിടത്ത്‌ നടക്കുകയാണ്‌! ഈ നടപ്പുകൊണ്ട്‌ ഒരു പ്രയോജനവും ലഭിക്കുകയില്ല. കാരണം ശരീരം ഇത്തരം കൃത്രിമ വ്യായാമങ്ങളോട്‌ പ്രതികരിക്കുന്നത്‌ വിപരീതദിശയിലായിരിക്കും. ഇത്തരം നിർബന്ധിത വ്യായാമം, ശരീരത്തിലെ കോശങ്ങളെ സമ്മർദ്ദത്തിലാക്കും. ഇതുകൊണ്ട്‌ മനസ്സിനു പ്രത്യേകിച്ചൊരു നേട്ടവുമില്ല. പ്രയോജനവുമില്ലാത്ത അഭ്യാസമാണിത്‌.


? മനസ്സും ശരീരവും തമ്മിലുണ്ടായിരിക്കേണ്ട ഐക്യം എങ്ങനെയാണ്‌

= സ്വാമി: നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ സൂക്ഷ്മാംശമാണ്‌ മനസ്സ്‌. കാണുന്നതും കേൾക്കുന്നതും തൊട്ടറിയുന്നതും രുചിച്ചറിയുന്നതും മണത്തറിയുന്നതുമെല്ലാം ചേർന്നുണ്ടാകുന്ന സൂക്ഷ്മതലമാണ്‌ മനസ്സ്‌. അത്‌ സൂക്ഷ്മമായാണ്‌ പുറത്തുള്ളവയെ ഗ്രഹിക്കുന്നത്‌. മനസ്സിന്റെ ലോകം അഗാധമാണ്‌. ശരീരം വേദനിച്ചതിനേക്കാൾ ഓർക്കുക മനസ്സ്‌ വേദനിച്ചതായിരിക്കും. പ്രവൃത്തി സ്ഥൂലവും മാനസിക വ്യാപാരം സൂക്ഷ്മവുമാണ്‌. എഴുതാനോ വായിക്കാനോ ഇരിക്കുമ്പോൾ മനസ്സിന്റെ സൂക്ഷ്മാംശങ്ങളിലുള്ള ശ്രദ്ധ ആവശ്യമാണ്‌. നമ്മുടെ മനസ്സിലാണ്‌ ശരീരം. മനസ്സിനെ വേണ്ട പോലെ സെറ്റ്‌ ചെയ്താണ്‌ ശരീരത്തെ അതിൽ ഇരുത്തേണ്ടത്‌. മൈൻഡ്‌ സെറ്റാണ്‌ ആദ്യം വേണ്ടത്‌. മനസ്സിൽ ശരീരം ഇരിക്കുകയാണ്‌. ആകാശം സൂക്ഷ്മമായിരിക്കുന്നതുപോലെയാണ്‌. മനസ്സിന്റെ അവസ്ഥയും. ആകാശത്തിൽ വായു ഇരിക്കുന്നു എന്ന്‌ പറയാം. കലത്തിനുള്ളിലും പുറത്തും ആകാശമാണ്‌. ആകാശം സർവ്വവ്യാപിയും സൂക്ഷ്മവുമാണ്‌. മനസ്സും അതുപോലെയാണ്‌. ശരീരം സ്ഥൂലമാണ്‌. മനസ്സ്‌ സൂക്ഷ്മവും സർവ്വവ്യാപിയുമാണ്‌. മനസിന്റെ സ്ഥാനം എവിടെയാണെന്ന്‌ ചോദിച്ചാൽ അത്‌ ബ്രെയിനാണ്‌.

? നഗരവും ഗ്രാമവും തമ്മിലുള്ള സംഘർഷം ഇന്നുണ്ടോ

=സ്വാമി: ഇന്ന്‌ ഗ്രാമം എവിടെയാണുള്ളത്‌? ഗ്രാമത്തിലും നഗരത്തിലുമായി രണ്ട്‌ ജീവിതമില്ല. സാങ്കേതിക ശാസ്ത്രവും കലാശാലകളും ചേർന്ന്‌ ഗ്രാമത്തെ ഇല്ലാതാക്കി. ഗ്രാമജീവിതത്തെ ഇല്ലാതാക്കി. ഗ്രാമീണ മനസ്സും ഇല്ല. ഇന്ന്‌ ഏത്‌ ഗ്രാമത്തിലും ചാനലും ഇംഗ്ലീഷ്‌ മീഡിയം സ്കൂളും ഉണ്ട്‌. മാതാപിതാക്കളോടൊപ്പം താമസിക്കുന്ന മക്കളുമില്ല. ഓരോരുത്തർ വീടുവച്ച്‌ മാറിതാമസിക്കുകയാണ്‌. പഴയ കൃഷികൾ ഒന്നുംതന്നെയില്ല. വാണിജ്യത്തിനായുള്ള ഉൽപാദനം മാത്രമേയുള്ളു. ജൈവ വൈവിധ്യം ഇല്ലാതായി. വിവിധയിനം സസ്യങ്ങൾ ജീവികൾ എല്ലാം നശിച്ചു. കൃഷിയും വ്യവസായമായി. ഗ്രാമങ്ങളിലെ മത്സ്യകൃഷിപോലും കൃത്രിമമാണ്‌. മത്സ്യക്കുഞ്ഞിന്റെ ചെകിളക്കടിയിൽ കുത്തിവച്ചാണ്‌ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത്‌. മീൻമുട്ടകൾ കോരി വേറോയോരിടത്ത്‌ കൃത്രിമസാഹചര്യത്തിൽ വച്ചാണ്‌ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത്‌.

? ഇന്ന്‌ ആത്മീയതയോ ആത്മീയ ജീവിതമോ ഉണ്ടോ

= സ്വാമി: ഇന്ന്‌ ആദ്ധ്യാത്മികതയുടെ പേരിൽ നടക്കുന്നവരൊന്നും മാസ്റ്റേഴ്സല്ല. അവർ സത്യാന്വേഷികളുമല്ല. ആത്മീയത തേടി നടക്കുന്നവരും ഇല്ല. ഇന്നത്തെ ആദ്ധ്യാത്മിക പ്രഭാഷണം വെറും സ്റ്റേജ്‌ മാനേജ്‌മന്റാണ്‌. കോളേജിൽ ലക്ചറർമാർ, ഒരു വിഷയത്തെപ്പറ്റി പഠിച്ചു കുട്ടികൾക്ക്‌ വേണ്ടി പ്രസംഗിക്കുന്നതുപോലെയാണിത്‌. ഇന്നത്തെ ആദ്ധ്യാത്മിക പ്രഭാഷകർ കേൾക്കാൻ വന്നിരിക്കുന്നവരുമായി ബന്ധമില്ലാതിരിക്കാൻ, സ്റ്റേജിൽ ഇരിപ്പുറപ്പിക്കുന്നു. സ്റ്റേജ്‌ വിട്ട്‌, ഇവരുമായി എപ്പോഴെങ്കിലും ഒറ്റയ്ക്ക്‌ സംസാരിക്കാനിരുന്നാൽ, അവർ സെക്സിനെക്കുറിച്ചാവും പറയുക.

 ജീവിതത്തെ തൊടാത്ത ആത്മീയത യഥാർത്ഥമല്ല. ആത്മീയത തൊഴിലാണിന്ന്‌.

? ഇന്ന്‌ ഹിമാലയത്തിൽ പോകുന്നവർ ഏറിവരുകയാണല്ലോ

=സ്വാമി: ഹിമാലയത്തിനു ഒരു ഏകാന്തത്തയുണ്ടായിരുന്നു. അത്‌ വശീകരിക്കുന്നതുമാണ്‌. ഹിമാലയത്തെപ്പറ്റി കേട്ടറിഞ്ഞിട്ടുള്ള കഥകളും പലരെ അവിടം കാണാൻ പ്രേരിപ്പിക്കുന്നു. പക്ഷേ, ഇന്ന്‌ ധാരാളം പേർ പോകുന്നതിനു മറ്റ്‌ പല കാരണങ്ങളുമുണ്ട്‌. മനുഷ്യജീവിതത്തിലെ മരവിപ്പ്‌ ഒരു കാരണമാണ്‌.

 ലക്ഷ്യസ്ഥാനം ഹിമവാനാണെങ്കിൽ പിന്നെ, തിരിച്ചുവരുന്നത്‌. തിരിച്ചുവന്ന്‌ ജനനിബിഡമായ ഇടങ്ങളിൽ താമസിക്കുന്നതെന്തിന്‌? എന്തോ നേടിയെന്ന്‌, തിരിച്ചുവന്ന പലരും പറയാറുണ്ട്‌. ഇതൊരു മാർക്കറ്റിംഗ്‌ തന്ത്രമായാണ്‌ കാണേണ്ടത്‌. പലതും പയറ്റി, ജീവിതത്തിൽ ശോഭിക്കാൻ കഴിയാത്തവർ വേറൊരിടത്ത്‌ എന്തെങ്കിലും ചെയ്താലേ രക്ഷ കിട്ടു. ഹോട്ടൽ നടത്തി പൊളിഞ്ഞവൻ, ചൈനീസ്‌ ഭക്ഷണം വിൽക്കുന്ന കട തുടങ്ങിയാൽ വിജയിക്കുമോ? ഹിമാലയത്തിൽ പോയവനാണെന്ന ഖ്യാതികൊണ്ട്‌ മറ്റു പലതും നേടാമെന്ന്‌ കരുതുന്നവരാണധികവും.


 നൂറ്‌ പേരൊന്നിച്ച്‌ യാത്ര ചെയ്ത്‌ പോകുന്നത്‌, ഏതായാലും മനസ്സിലേക്കുള്ള യാത്രയല്ല. ഞാനൊരിക്കൽ വാരാണസിയിൽപ്പോയി. എന്റെ മൂന്നു കൂട്ടുകാരുമുണ്ടായിരുന്നു. പലയിടത്തും അലഞ്ഞു നടന്നു. എന്നാൽ പ്രധാനമായി അന്വേഷിച്ചതു മലയാളി ഹോട്ടലായിരുന്നു. ശുദ്ധവെജിറ്റേറിയൻ ഹോട്ടൽ തേടി ഒരുപാട്‌ അലഞ്ഞപ്പോൾ ഒന്ന്‌ കണ്ട്‌ കിട്ടി. അവിടെ നിന്ന്‌ മസാല ദോശ കഴിക്കുകയായിരുന്നു ലക്ഷ്യം. 75രൂപകൊടുത്താണ്‌ ഒരു ദോശവാങ്ങിക്കഴിച്ചതു. മസാല ദോശ കഴിക്കാൻ വാരാണസിവരെ പോകണമായിരുന്നോ എന്നാണ്‌ ചിന്തിച്ചതു.
 പലരും ഹിമാലയത്തിലും മറ്റും പോയി കൊണ്ടുവരുന്നത്‌ ഇവിടെ കിട്ടുന്ന സാധനങ്ങൾ തന്നെയാണ്‌. അതുവാങ്ങാൻ അവിടെവരെ പോകണോ

? പുതിയ തലമുറയുടെ ജീവിതവേഗം, യഥാർത്ഥത്തിൽ ആഗ്രഹിച്ചതാണോ

=സ്വാമി; കഴിഞ്ഞ തലമുറ സങ്കൽപിച്ചതു പുതിയ തലമുറ പ്രാവർത്തികമാക്കുന്നു. സങ്കൽപിച്ച തലമുറ ഇപ്പോൾ പുതിയ തലമുറയെ കുറ്റം പറയുകയാണ്‌.

 പണ്ടൊക്കെ അച്ഛൻ വന്നാൽ എഴുന്നേൽക്കണമായിരുന്നു. രാവിലെ മുതൽ പണിയെടുത്താലേ ഭക്ഷണം കിട്ടുമായിരുന്നുള്ളു. കഷ്ടപ്പാടുകൾ മക്കൾ അറിയരുതെന്ന്‌ ആഗ്രഹിച്ചു. കരിയില കത്തിച്ച്‌ വെള്ളം ചൂടാക്കിയിരുന്ന കാലമുണ്ടായിരുന്നു. അത്‌ മക്കൾ അറിയരുതെന്ന്‌ ചിന്തിച്ച്‌ അവരെ വളർത്തി. കുട്ടികൾ ടൈകെട്ടി സ്കൂളിൽ പോകണമെന്നത്‌ കഴിഞ്ഞ തലമുറയുടെ സ്വപ്നമായിരുന്നു. ആരെ തല്ലിയാലും ചോദ്യം ചെയ്യരുതെന്ന്‌ ആഗ്രഹിച്ചു. സർവ്വതന്ത്ര സ്വാതന്ത്ര്യമാണ്‌ മോഹിച്ചതു. ഇതെല്ലാം പുതിയ തലമുറയിലൂടെ ഇപ്പോൾ 'സാഫല്യം' നേടുകയാണ്‌. കഴിഞ്ഞ തലമുറയിലെ സ്ത്രീകൾ ആണാകാനാണ്‌ ശ്രമിച്ചതു. ഇന്ന്‌ പെൺകുട്ടികൾ തമ്മിൽ എടാ, പോടാ എന്ന്‌ വിളിക്കുന്നത്‌ ആ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്‌. പുരുഷശബ്ദം ഇല്ലാത്ത അചാര്യന്മാരാണധികവും. ഈ കാലം പൗരുഷത്തെ എതിർക്കുകയാണ്‌. സ്ത്രൈണതയ്ക്കാണ്‌ പ്രാധാന്യം. പുരുഷ പ്രധാനമായ യുഗമല്ലിത്‌.


? മലയാളികളുടെ ഇന്നത്തെ ജീവിതത്തെ എങ്ങനെയാണ്‌ നോക്കികാണുന്നത്‌

=സ്വാമി: ഫ്രഞ്ചുകാർ കഴിഞ്ഞാൽ, ഏറ്റവുംമധികം ഭാഷാഭിമാനമുള്ളത്‌. തമിഴർക്കാണ്‌. മലയാളിയുടേത്‌ കുടിയേറ്റ സംസ്കാരമാണ്‌. തനിമയുള്ള മലയാളിയില്ല. മലയാളിക്ക്‌ ഭാഷാഭിമാനമോ ദേശാഭിമാനമോ ഇല്ല. ഇവിടെ എല്ലാ ജാതികളും ഗോത്രങ്ങളും സങ്കരയിനങ്ങളാണ്‌. സങ്കര സങ്കലിത സംസ്കാരവും കുടിയേറ്റ മനസ്സും ഉള്ളവരിൽ മണ്ണിനോടോ, വിണ്ണിനോടോ, പ്രകൃതിയോടോ ബന്ധം ഉണ്ടായിരിക്കുകയില്ല. എല്ലാം കച്ചവട ലക്ഷ്യത്തോടെയാവും ചെയ്യുക. മലയാളിക്ക്‌ അവൻ ചെല്ലുന്ന ഇടമെല്ലാം അന്യനാടാണ്‌. കച്ചവടതാത്പര്യമല്ലാതെ സ്നേഹസീമകൾ ഉണ്ടാകില്ല.


? ഇങ്ങനെ അധികം പോകാനോക്കുമോ

=സ്വാമി: കുറച്ചുകൂടി ഓടും. അതുകഴിയുമ്പോൾ നിൽക്കും. ഉദയത്തിന്‌ ഒരു അസ്തമയമുണ്ടല്ലോ. പുതിയൊരു സൂര്യോദയം പ്രതീക്ഷിക്കാം. ബന്ധങ്ങളില്ല. അതിനുപകരം അർത്ഥകാമങ്ങൾക്ക്‌ പ്രാധാന്യം വന്നു. ധർമ്മമോക്ഷങ്ങൾ പ്രധാനമല്ല. എന്തും കിട്ടും. എന്ത്‌ നേടി എന്നീ ചോദ്യങ്ങളാണ്‌ ഓരോ വ്യക്തിയും ചോദിക്കുന്നത്‌.

? ആരാണ്‌ യഥാർത്ഥത്തിൽ പരാജയപ്പെടുന്നത്‌

=സ്വാമി: തെരുവുതെണ്ടികളാണ്‌ നേടിയവരെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അവന്‌ എവിടെയും കിടന്നുറങ്ങാം. എന്തും കഴിക്കാം. കണ്ണുകൾക്ക്‌ കാഴ്ചക്കുറവില്ല. ത്വക്കിൽ കുഷ്ടരോഗമില്ല. ഏതെങ്കിലും കടവരാന്തയിലോ, ഇരുട്ടിന്റെ മറവിലോ അവൻ ഇണചേരുമ്പോൾ അവനു കിട്ടുന്ന സുഖം ഗൃഹസ്ഥന്മാർക്ക്‌ കിട്ടില്ല. അവനു മാത്രം സാധിക്കുന്ന കാര്യമാണത്‌.
 ഓടയിലെ എലികൾക്ക്‌ കൂട്ടിലിട്ട്‌ വളർത്തിയ എലികളേക്കാൾ രോഗപ്രതിരോധശേഷി കൂടുതലുണ്ടെന്ന്‌ ഗവേഷണത്തിൽ തെളിഞ്ഞിട്ടുള്ളതാണ്‌. പരിഷ്കൃതരായ മനുഷ്യർ ധാരാളം നല്ല ഭക്ഷണം കഴിക്കുന്നു. പക്ഷേ, രോഗപ്രതിരോധശേഷി ഇല്ല.


? ഇന്നത്തെ ദൃശ്യ-മാധ്യമ സംസ്കാരത്തെ എങ്ങനെ വിലയിരുത്തുന്നു

=സ്വാമി: പുതിയൊരു ട്രെൻഡാണ്‌ അവൻ നിർമ്മിക്കുന്നത്‌. കുട്ടനാട്ടിലെ വെള്ളത്തിൽ എലിമുള്ളിയതാണെന്ന്‌ പറയുന്നു. എന്നാൽ അതേ വെള്ളത്തിൽ ഒരു വഞ്ചിയിലിരുന്ന്‌ ഭക്ഷണം പാചകം ചെയ്യുന്നത്‌ മഹത്തായ അനുഭവമാണെന്ന്‌ ഇന്ന്‌ പരസ്യം ചെയ്യുന്നുമുണ്ട്‌. കള്ള്‌ ഷാപ്പിന്റെ പരസ്യത്തിൽ പെണ്ണ്‌ ഉണ്ടായാൽ കള്ള്‌ കൂടുതൽ ചെലവാകും. ഇത്തരം പ്രവണതകൾ വാരിവിതറുമ്പോൾ, അവിടെ ധാർമ്മികതയും വേണമെന്ന്‌ ശഠിക്കുന്നത്‌.

? ഇത്‌ ആളുകൾ സ്വീകരിക്കുന്നു എന്ന്‌ അവർ പ്രചരിപ്പിക്കുന്നു

=സ്വാമി: ആളുകൾക്ക്‌ നല്ല ആസ്വാദന ശേഷിയുണ്ട്‌. പക്ഷേ, നല്ലത്‌ കൊടുക്കണം. വിശുദ്ധ കലാകാരന്മാരെയും നല്ല കലയെയും തഴഞ്ഞിട്ട്‌, പണത്തിനു വേണ്ടി മാത്രമാണ്‌ ഇന്നത്തെ അഭ്യാസം. കലാമൂല്യമുള്ള സിനിമയോ വാണിജ്യസിനിമയോ അല്ല യഥാർത്ഥത്തിൽ ഓടുന്നത്‌. നല്ല പാട്ടുകളുള്ള സിനിമകൾ പരാജയപ്പെട്ട ചരിത്രമില്ല. പാട്ടുകേൾക്കാൻ വേണ്ടി ആളുകൾ തീയേറ്ററിൽ ചെയ്യും. ഇത്‌ ആസ്വാദന നിലവാരം തകർന്നതിന്റെ സൊ‍ാചനയായി കരുതുന്നതെങ്ങനെ? ഒരു കാലത്ത്‌ മോഹൻലാളിന്റെ സിനിമകൾ കണ്ടിരുന്ന കുടുംബപ്രേക്ഷകരെ ആകർഷിച്ചതു, അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളായിരുന്നു. ഹിന്ദു പുരാണങ്ങളുമായി ബന്ധമുള്ള കഥകൾ സിനിമയാക്കിയതൊന്നും പരാജയപ്പെട്ടിട്ടില്ല. 'ലങ്കാദഹനം' എന്ന മോശം ചിത്രം പോലും, ആ പേരുകൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ചീത്ത സാധനങ്ങൾ മാത്രം കൊടുത്ത്‌, ഒരു ട്രെൻഡ്‌ സെറ്റ്‌ ചെയ്യാനാണ്‌ ഇന്ന്‌ ചാനൽ, സിനിമാ മേഖലയിലുള്ള ചിലരുടെയെങ്കിലും ശ്രമം.
 ഇതിനു ബദലായി ഒരു ട്രെൻഡ്‌ സെറ്റ്‌ ചെയ്യുകയാണ്‌. ഇന്നിന്റെ ആവശ്യം.