Sunday 14 August 2011

ധ്യാനം




 എം.കെ.ഖരീം

ഒന്നാകുന്നു


പ്രണയം പിറക്കുന്നില്ല, മരിക്കുന്നുമില്ല, തുടര്‍ച്ചയാണത്... പരാശക്തി വിവാഹം കഴിക്കുകയോ സന്താനോല്പാദനം നടത്തുകയോ ചെയ്യുന്നില്ല. പരാശക്തിക്ക് മക്കളില്ല അച്ഛനോ അമ്മയോ ഇല്ല. അത് എത്രമാത്രം ശൂന്യമാകുന്നോ അതിലേറെ എവിടെയും എന്തിലും വ്യാപിച്ചിരിക്കുന്നു. കാമത്തിന്റെ സൃഷ്ടിയാണ് പരാശക്തിയെ ആണോ പെണ്ണോ ആയി കാണുന്നത്. യാതോരാള്‍ പരാശക്തിയിലേക്ക് പുറപ്പെടട്ടെ, അയാള്‍ സ്വയം ഉരിയുക, എല്ലാത്തരം മലിനതകളില്‍   നിന്നും മോചിതനാവുക. എല്ലാതരം ആഗ്രഹങ്ങളും വെടിയുന്നതോടൊപ്പം സ്വയം സ്ത്രീയോ പുരുഷനോ ആകാതിരിക്കുക.

പുറപ്പെടുക, ആത്മാവിനു വെളിച്ചത്തെക്കാള്‍ വേഗം  , കണ്ണടച്ച് തുറക്കും മുമ്പ്  നിന്നിലെത്താം‍... പിന്നെ കാലത്തിനു പിന്നാമ്പുറത്ത് , കല്‍പ്പത്തിനപ്പുറത്തേക്കും  സഞ്ചരിക്കാം.

പ്രണയത്തിന്റെ വെട്ടം എനിക്ക് ദ്രാവകം,
ഞാനത്  കോരി കുടിക്കുന്നു.
എത്രമേല്‍ കുടിച്ചിട്ടും
അടങ്ങാ ദാഹത്തോടെ...

പ്രണയത്തിലാവാന്‍ തമ്മില്‍ കാണണമെന്നില്ല. സ്വരം പോലും കേള്‍ക്കേണ്ടതില്ല. ഞാന്‍ എന്ന അഹങ്കാരത്തെ കുഴിച്ചു മൂടിയാല്‍ എന്നില്‍ പ്രണയം ഉറവയെടുക്കുകയായി. എന്റെ പ്രാര്‍ത്ഥന ശരിയാവാത്തത് ഞാന്‍ എന്നില്‍ മുഴച്ചു നില്‍ക്കുന്നത് കൊണ്ടാണ്. ഞാനെന്റെ ഏകാഗ്രതയെ കൊന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ എന്ന അഹങ്കാരത്തെ കുഴിച്ചു മൂടിയാല്‍ പിന്നെ എനിക്ക് നിന്നെ അറിയാനാവും. പിന്നെ എനിക്ക് നിസ്കാരപായ വേണ്ട. കെട്ടിടങ്ങള്‍ വേണ്ട. എന്റെ ഓരോ ചലനവും നീയാകുമ്പോള്‍ പ്രാര്‍ത്ഥനയോടു  പോലും വിട...


ഉരുകേണ്ടിടത്തെ ഉരുകാവൂ,
പ്രണയം തമ്മിലുരുകാനുള്ളത്...
പരിതിയാതെ ഉരുകാനായില്ലെങ്കില്‍
മരവിപ്പിന്റെ തടവില്‍ ...

ഉടലിന്റെ പൊള്ളത്തരം തിരിച്ചറിയുക... ഉടലിനു അവസാനമുണ്ട്, അത് പള്ളിക്കാട്ടിലോ ചിതയിലോ ഒടുങ്ങുന്നു. ആത്മാവോ നിശബ്ദം പരിതിയില്ലാതെ പോയികൊണ്ടേയിരിക്കുന്നു ... ആത്മാവ്  പ്രണയ സഞ്ചാരത്തിലാണ്. ഒരു വേള, അന്ന് ആദമിലും ഹവ്വയിലും  ബാക്കി നിര്‍ത്തിയ പ്രണയം നമ്മില്‍  തുടരുകയാവാം... നമുക്ക് ശേഷം പ്രണയം മറ്റൊരു ഹൃദയം കണ്ടെത്തുക തന്നെ ചെയ്യും. കാരണം അതിനു സഞ്ചരിക്കാന്‍ വാഹനം വേണം.