വിവ: എസ്. സുജാതൻ
ഈ നിമിഷത്തിന്റെ ധന്യത
ശ്രീ.ശ്രീ.രവിശങ്കർ
മനസ്സിന്റെ ആഴത്തിലേക്കു വരികയാണ് പ്രധാന ലക്ഷ്യം. അത് നിങ്ങളുടെ
ധർമ്മം കണ്ടെത്തുകയാണ്. ഈ നിമിഷത്തെ പൂർണ്ണമായും അറിഞ്ഞുകൊണ്ട്,
എനിക്കുവേണ്ടി ഈ നിമിഷം സമ്മാനിച്ചിരിക്കുന്നത് എന്താണെന്നും അത് ഞാൻ
എത്രമാത്രം സ്വീകരിക്കുന്നുവേന്നതുമാണ് ധർമ്മം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വളരെ ആഴത്തിൽ ഈ നിമിഷത്തെ സ്വീകരിക്കുന്ന അറിവാണത്.
അങ്ങനെ ഓരോ നിമിഷവും ഈ നിമിഷമായി അതിന്റെ പൂർണ്ണതയോടെ
അറിയുന്നതാണ് ധർമ്മം. ഇത് എപ്പോൾ നിങ്ങളിൽ സംഭവിക്കുന്നുവോ, അഥവാ, ഈ
കാര്യത്തിൽ എത്രത്തോളം നിങ്ങൾ വിജയിക്കുന്നുവോ, അത്രയും നിങ്ങൾ
വിഷമപ്രശ്നങ്ങളിൽ നിന്നും മുക്തമാകും. എല്ലാ പ്രശ്നങ്ങളും നമ്മുടെ
മനസ്സിലാണ് ഉൽപത്തിയാകുന്നത്; എല്ലാ നിഷേധ കാര്യങ്ങളും ജനിക്കുന്നത്
മനസ്സിലാണ്.
നോക്കൂ, ഈ ലോകം ചീത്തയല്ല; ലോകം വളരെ സുന്ദരമാണ്! നമ്മുടെ മനസ്സ്
(അകംലോകം) ദ്വേഷമാകുമ്പോഴാണ് ഈ ലോകം (പുറംലോകം) മോശമായി നാം
അനുഭവിക്കേണ്ടിവരിക. ലോകത്തെ സുന്ദരമാക്കാനും മോശമാക്കാനും നമുക്കുതന്നെ
കഴിയും. അതിനാൽ നിങ്ങൾ നിങ്ങളുടെ ധർമ്മത്തിലാണെങ്കിൽ, നിങ്ങളുടെ
പ്രകൃതിയിലാണെങ്കിൽ ലോകത്തെ കുറ്റപ്പെടുത്താൻ നിങ്ങൾക്കു കഴിയില്ല.
ദൈവികതയെ ആക്ഷേപിക്കാൻ നിങ്ങൾക്കാവില്ല.
മനുഷ്യമനസ്സിന്റെ പ്രയാസമെന്തെന്നാൽ, അത് വിശ്വമനസ്സിന്റെ ഭാഗമായി
അനുഭവപ്പെടാനും ഈശ്വരചൈതന്യത്തിന്റെ അംശമായി അറിയാനും കഴിയാത്തത്താണ്.
ഈശ്വരനിൽനിന്നും അകലം അനുഭവിക്കുകയാണ് ഈ മനസ്സ്.
എന്നിട്ട് ലോകത്ത വെറുതെ പഴിചാരുകയും ചെയ്യുന്നു.
ഈ അകലം അനുഭവിക്കലും, മാറിനിന്ന് പഴിചാരലുമൊക്കെ മനസ്സിൽ മനസ്സുതന്നെ സൃഷ്ടിക്കുകയാണ്. അതിനാൽ ലോകവുമായി സ്വാസ്ഥ്യം നാം അനുഭവിക്കുന്നില്ല. ധർമ്മം എന്നാൽ നിങ്ങൾ നിങ്ങളിലേക്ക് കേന്ദ്രീകൃതമാകുകയും ഒപ്പം ലോകവുമായി സ്വാസ്ഥ്യം അനുഭവിക്കലുമാണ്.
അപ്പോൾ ലോകത്തിനുവേണ്ടി പലതും സംഭാവന ചെയ്യാൻ നിങ്ങൾക്കു കഴിയും.
അങ്ങനെ, ഈശ്വരനുമായി നിങ്ങൾ നിർവൃതിയിലെത്തുകയും ഈശ്വരന്റെ അവിഭാജ്യ
ഭാഗമായി അനുഭവപ്പെടുകയും ചെയ്യുന്നു. അതാണ് ശരിയായ ധർമ്മം!
