Wednesday, 14 December 2011

തെങ്ങെവിടെ മക്കളേ?


ചെമ്മനം ചാക്കോ

കേരളത്തിലെ കൽപവൃക്ഷം തെങ്ങ്‌ കേരളത്തിന്റെ കൽപവൃക്ഷമാണ്‌?  എന്നു ഞങ്ങളെ പഠിപ്പിച്ചതു കുറുമഠത്തിലെ നാരായണൻ സാറാണ്‌. പഠിച്ചതു വൈക്കം താലൂക്കിന്റെ കിഴക്കേ
അതിരിൽ കിടക്കുന്ന കാർഷിക പ്രധാനമായ മുളക്കുളം വില്ലേജിൽ അവർമാകരയിൽ
എൻ.എസ്‌.എസ്‌ പ്രൈമറി സ്കൂളിലെ കുട്ടികളും. അവരിൽ ചെമ്മനം വീട്ടിൽ
ചാക്കോച്ചനും ഉണ്ടായിരുന്നു. ഇന്നൊന്നുമല്ല, പത്തെൺപതുകൊല്ലം മുമ്പ്‌.
അവനിപ്പോൾ 85 വയസ്സുകഴിഞ്ഞ്‌ 86ൽ നല്ലനടപ്പാണല്ലോ. കൽപവൃക്ഷം
എന്നുപറഞ്ഞാൽ ആശിക്കുന്നതെന്തും തരുന്ന നാശമില്ലാത്ത ദേവവൃക്ഷമാണെന്നും,
ഒറ്റത്തടിയൻമാരായ തെങ്ങ്‌ കേരളീയർക്ക്‌ കൽപ്പവൃക്ഷം പോലെയാണെന്നും,
തെങ്ങിന്‌ കേരം എന്നുകൂടി പേരുണ്ടെന്നും, കേരളം എന്ന്‌ ഈ നാടിന്‌
പേരുണ്ടായത്‌ തെങ്ങുകളുടെ നാടായതുകൊണ്ടാണെന്നും എല്ലാം നാരായണൻ സാർ
പറഞ്ഞു തന്നു.

ഞങ്ങളുടെ വിശാലമായ പറമ്പിന്റെ മുക്കിലും മൂലയിലുമെല്ലാം തെങ്ങുകൾ
ഉണ്ടായിരുന്നു. നാട്ടുമാവ്‌, കോട്ടമാവ്‌, പ്ലാവ്‌, ആഞ്ഞിലി, വാളൻപുളി,
കുടമ്പുളി, അമ്പഴം, മുരിങ്ങ, ഉതൂണി, എടന, കാളിപ്പന, കുടപ്പന, കൂവളം,
കുമ്പിൾ, നാണാത്തരം സസ്യങ്ങൾ ഇവയ്ക്കെല്ലാമിടയിൽ കൊടിമരംപോലെ തെങ്ങുകൾ
ആകാശത്തേക്കുയർന്ന്‌ മടൽവിരിച്ച്‌ നിന്നിരുന്നു. ഞങ്ങളുടെ വീടിന്‌
മുന്നിൽ കരമാരികൾ (വെള്ളം തിരിച്ചുകൊണ്ടുവന്ന്‌ നെൽകൃഷി ചെയ്യുന്ന
കണ്ടങ്ങൾ) ആയിരുന്നു. അവയുടെ അതിരുകളിൽ ചുറ്റും തെങ്ങുകൾ. മാരിക്കുതാഴെ
ഞങ്ങൾ കുട്ടികൾ മുങ്ങിക്കുളിക്കുന്ന തോട്‌, അതിനപ്പുറം പാടം.  ഈ
പാടത്തിന്‌ നടുക്കും വലിയവരമ്പുകളുണ്ടാക്കി അധികം പൊക്കംവെയ്ക്കാത്തതും,
ധാരാളം കായ്പിടിക്കുന്നതുമായ ഇനം തെങ്ങുകൾ നട്ടിരുന്നു. മരങ്ങളിൽ തെങ്ങ്‌
കേരളീയരൂടെ പ്രിയവൃക്ഷം ആയിരുന്നു.


തേങ്ങയും വെളിച്ചെണ്ണയും കേരളീയരുടെ ഭക്ഷണസാധനങ്ങളിലെ അതിപ്രധാന ചേരുവ
തന്നെ. ഇളനീർ രുചികരമായ പാനീയം. ചകിരികൊണ്ട്‌ കയറും കയറുൽപന്നങ്ങളും;
ചിരട്ടയും ചിരട്ടക്കരിയും തൊണ്ടും ചൂട്ടും തീ കത്തിക്കാനുള്ള വിഭവങ്ങൾ;
ഓലമെടഞ്ഞ്‌ വീടു മേയാൻ ഉപയോഗിക്കുന്നു. മുറ്റമടിക്കാൻ ഈർക്കിൽ
ചൂലില്ലെങ്കിൽ തൊന്തരവ്‌ തന്നെ, നാക്കുവടിക്കാൻ ഈർക്കിലിയാണ്‌ ഒന്നാംതരം,
തെങ്ങിൻതടിയും പലതരത്തിൽ ഉപയോഗമുള്ളതും. ചെന്തെങ്ങിൻകുലയും, കുരുത്തോലയും
കലാമൂല്യമുള്ള അലങ്കാരസാധനങ്ങൾ. കേരളീയ ജീവിതത്തോട്‌ ഇത്രയേറെ
ഇഴുകിച്ചേർന്ന മറ്റൊരു വൃക്ഷം ഇല്ലതന്നെ! ആഹാരസാധ്യതകളും, ഭവനനിർമ്മാണ
സാധ്യതകളും, വ്യവസായ സാധ്യതകളുംകൊണ്ട്‌ തെങ്ങ്‌ കേരളീയരുടെ
കൽപവൃക്ഷംതന്നെ.

ചാക്കോച്ചൻ തെങ്ങ്‌
കുഞ്ഞോന്നൻചേട്ടനാണ്‌ വീട്ടിലെ പ്രധാന തേങ്ങ ഇടീൽകാരൻ. എത്രപൊക്കമുള്ള
തെങ്ങിലും വലിഞ്ഞുകയറും.തേങ്ങയിട്ടുകഴിഞ്
ഞാൽ കോഞ്ഞാട്ടയെല്ലാം പറിച്ച്‌
തെങ്ങോരുക്കും. തേങ്ങയെല്ലാം വല്ലം കൊട്ടയിൽ പെറുക്കി വീട്ടുമുറ്റത്ത്‌
കൊണ്ടിടും. കൂട്ടത്തിൽ, നല്ലവനായ കുഞ്ഞോന്നൻ ചേട്ടൻ എനിക്കും അനുജൻ
ഓനച്ചനുമായി നാലഞ്ച്‌ കരിക്കും ഇട്ടുകൊണ്ടുവന്നിട്ടുണ്ടാകും. കരിക്കിന്റെ
മൂടറ്റം വെട്ടി ചിരട്ട ഇളക്കുമ്പോൾ തെറിക്കുന്ന അഞ്ചെട്ടുതുള്ളി വെള്ളം
കൊടുക്കാൻ ഉദ്ദേശിക്കുന്ന ആളിന്റെ മേലിലേക്കു തെറിപ്പിക്കുന്നത്‌
കുഞ്ഞോന്നേട്ടന്റെ ഇഷ്ടവിനോദമായിരുന്നു. ഇളനീർ കുടിച്ചുകഴിഞ്ഞാൽ കരിക്ക്‌
രണ്ടായി പിളർന്ന്‌ കാമ്പ്‌ തിന്നാൻ തരും. പുറന്തോട്‌ കൊണ്ടുള്ള ഒരു സ്പൂൺ
ഉണ്ടാക്കി കാമ്പുകോരിത്തിന്നാൻ തരികയും ചെയ്യും. ?കുഞ്ഞോന്നൻ ചേട്ടന്‌
സ്തുതിയായിരിക്കട്ടെ!?എന്ന്‌ വാഴ്ത്തിക്കൊണ്ട്‌ ഒടുക്കം ഞാനും ഓന്നച്ചനും
ഓടിപ്പോകും ! കുഞ്ഞോന്നൻ ചേട്ടനും ഓന്നച്ചനും ഇന്നില്ലല്ലോ
എന്നോർക്കുമ്പോൾ എന്റെ മധുരസ്മരണയിൽ ദുഃഖം പടരുന്നു.

ഇടപ്രായത്തിലുള്ള തെങ്ങിന്റെ മൂത്ത്‌ പഴുത്ത കുല കയറിൽ കെട്ടിയിറക്കി,
നടാനുള്ള തെങ്ങിൻതൈകൾക്കുവേണ്ടി മണൽചേർത്തമണ്ണിൽ പാകിവെയ്ക്കും., കാലവർഷം
തുടങ്ങുമ്പോൾ തെങ്ങിൻതൈകൾ ഇടസ്ഥലം നോക്കിനടും. ഞങ്ങളുടെ വീടിന്റെ
മുറ്റത്തുനിന്നും ഇറങ്ങുന്ന നടയുടെ ഇരുവശവും 4 അടിച്ചതുരത്തിൽ 3 അടി
താഴ്ചയിൽ തെങ്ങ്‌ നടുന്നതിന്‌ രണ്ടു കുഴികൾ ഉണ്ടാക്കി. കേളൻ മൂപ്പനാണ്‌
പണിക്കാരൻ. ചാക്കോച്ചൻപിള്ളയും ഓന്നച്ചൻപിള്ളയും (കേളൻമൂപ്പൻ
അങ്ങനെയാണ്‌ ഞങ്ങളെ വിളിച്ചിരുന്നത്‌) ഓരോ കുഴിയിലും തെങ്ങ്‌ നടട്ടെയെന്ന
കേളന്റെ നിർദ്ദേശം ഏവർക്കും സ്വാഗതാർഹമായിരുന്നു. ഞങ്ങൾക്ക്‌
അത്യാഹ്ലാദകരവും. ഇടതുവശത്തെ കുഴിയിൽ ഇറങ്ങിനിന്ന്‌, മണ്ണും മണലും വളവും
കലർത്തിയ ചെറിയകൂനയ്ക്ക്‌ നടുവിൽ തെങ്ങിൻ തൈ വെച്ചു ഞാൻ പിടിച്ചുകൊണ്ടു
നിന്നു. കേളൻമൂപ്പൻ ചുറ്റിലും മണ്ണിട്ടു. തെങ്ങിൻ തൈ നേരെനിൽക്കാറായപ്പോൾ
എന്നെ പിടിച്ചുകയറ്റി. 
ആ തെങ്ങ്‌ ചാക്കോച്ചൻ തെങ്ങ്‌  എന്ന പേരിൽ
അറിയപ്പെട്ടു. വലതുവശത്തെ കുഴിയിൽ  ഓന്നച്ചൻ തെങ്ങും  വളർന്നു. ആഴ്ചതോറും
ചാരവും ആട്ടിൻകാട്ടവുമെല്ലാം കുഴിയിൽ വളമായി ഇട്ടുകൊടുക്കുന്നതിനും
വേനൽക്കാലത്ത്‌ നനയ്ക്കുന്നതിനും കുട്ടികൾ ഞങ്ങൾ മത്സരത്തിലായിരുന്നു.

ചാക്കോച്ചൻ തെങ്ങ്‌  ആദ്യം ചൊട്ടയിട്ട്‌ ജ്യേഷ്ഠാവകാശം
സ്ഥാപിച്ചുതന്നപ്പോൾ എനിക്കുണ്ടായ സന്തോഷം ചില്ലറയല്ല. അത്‌ ഇന്ന്‌
ചാക്കോമൂപ്പൻ? ദുഃഖത്തോടെ ഇരുന്ന്‌ ഓർക്കുന്നു. ഉദ്യോഗം കിട്ടി ഞാൻ
നാടുവിട്ടു. അനുജൻ പഴയവീട്‌ പൊളിച്ച്‌ മാറ്റിപ്പണിതു. റബ്ബറിന്റെ
വിളയാട്ടത്തിൽ ഇപ്പോൾ ചാക്കോച്ചൻ തെങ്ങ്‌? നിന്ന സ്ഥലം കണ്ടുപിടിക്കാൻ
തന്നെ വിഷമം. കരക്കണ്ടം റബ്ബർ തോട്ടമായി മാറിക്കഴിഞ്ഞു. നാണയകേന്ദ്രിതമായ
വ്യവസ്ഥിതിയുടെ അഴിഞ്ഞാട്ടത്തിൽ നാടെത്ര മാറിപ്പോയി!

തെങ്ങ്‌ ചതിക്കുകയില്ല
തേങ്ങ ആട്ടിച്ച്‌ വീട്ടിലേയ്ക്കാവശ്യമായ വെളിച്ചെണ്ണ എടുക്കും. ബാക്കി
വിൽക്കും. തേങ്ങ പൊതിച്ചുടച്ച്‌ വെയിലത്തുവെച്ചുണക്കി കൊപ്രയാക്കി
അരിഞ്ഞതുംകൊണ്ട്‌ ഞാനും കൊച്ചുപെങ്ങളുംകൂടി പെരുവച്ചന്തയ്ക്കടുത്തുള്ള
വാണിയാൻകുടിയിൽ പോകും. ഒറ്റക്കാളവലിക്കുന്ന മരച്ചക്കിലാണ്‌ കൊപ്രയാട്ടി
എണ്ണയെടുക്കുന്നത്‌.  ഇടയ്ക്ക്‌ കാളയ്ക്ക്‌ വിശ്രമം കൊടുക്കുമ്പോൾ
വാണിയാൻകുടിയിലെ ആൾക്കാർ കൂടി ?ഐലസാ?യും പാടി ചക്കുന്തുമ്പോൾ ഞങ്ങളും
കൂടുമായിരുന്നു കൂട്ടത്തിൽ. അതിന്‌ പ്രതിഫലമായി പിണ്ണാക്ക്‌ തിന്നാൻ
തരും.

കൂട്ടിയിട്ടിരിക്കുന്ന തേങ്ങയിൽ ചിലത്‌ ഇടയ്ക്ക്‌ മുളയ്ക്കും അതു ഞങ്ങൾ
പിള്ളേർക്ക്‌ ആഹ്ലാദകരമാണ്‌. കാരണം അത്‌ വിൽക്കാനും കൊള്ളില്ല; ആട്ടാനും
കൊള്ളില്ല.  പൊതിക്കുമ്പോൾ അകത്ത്‌ നിറയെ മധുരമുള്ള ?പൊങ്ങ്‌? കാണും.
അത്‌ ഞങ്ങൾക്ക്‌ അത്യധികം പ്രിയമുള്ള ഭക്ഷണസാധനമായിരുന്നു.  വയസ്സൻ
തെങ്ങു വെട്ടുമ്പോൾ അതിന്റെ ?മണ്ട?യും അതുപോലെ മധുരിക്കുന്ന
ഭക്ഷണമായിരുന്നു. ഇപ്പോൾ ഇതെല്ലാം തികച്ചും അപൂർവ്വ വസ്തുതയായി
മാറിക്കഴിഞ്ഞിരിക്കുന്നു. കേരളം ?റബറളം? ആയി മാറി. ഉള്ള തെങ്ങിന്‌
കാറ്റുവീഴ്ചയും, മണ്ടരോഗവും. കേരളീയരിൽ നിന്നും ദേഹാധ്വാനശീലം
പമ്പകടന്നു.  തെങ്ങിൽ കയറാൻ ആളില്ല. ലക്ഷദ്വീപീൽ ചെന്നപ്പോൾ അറിഞ്ഞ
ഒരുകാര്യം അവിടെ തെങ്ങ്‌ കയറ്റത്തിന്‌ പുറത്തുനിന്നും ആള്‌ വരികയാണ്‌.
ഇടുന്ന തേങ്ങയുടെ നേർപകുതിയാൺപോലും കൂലി! അതേസമയം തമിഴ്‌നാട്ടിലെ
മരുഭൂമികളെല്ലാം ജലസേചനം നടത്തി തെങ്ങിൻതോപ്പുകളും, നെൽപ്പാടങ്ങളുമായി
മാറ്റിയിരിക്കുന്നതാണ്‌ കണുന്നത്‌. അവിടെ ജനങ്ങൾ ദേഹാധ്വാനം
മറന്നിട്ടുമില്ല. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുമ്പോൾ ?നമ്മുടെ
തെങ്ങെവിടെ മക്കളെ?? എന്ന്‌ ചോദിക്കേണ്ട ദുരവസ്ഥയിലെത്തി നിൽക്കുന്നു
കാര്യങ്ങൾ!

കുരുത്തോലയ്ക്ക്‌ കേരളീയ ചമയങ്ങളിലുള്ള പ്രാധാന്യം ചില്ലറയല്ല. പന്തൽ
അലങ്കരണത്തിൽ മാത്രമല്ല തിറ, തെയ്യം തുടങ്ങിയ വേഷങ്ങളിൽ
അവിഭാജ്യഘടകവുമാണല്ലോ കുരുത്തോല. ഓശാനപ്പെരുന്നാളിനെ കേരളത്തിൽ
ആകർഷകമാക്കുന്നത്‌ കുരുത്തോലകളാണ്‌. കുരുത്തോലപ്പെരുന്നാൾ? എന്നു
പറയാറുമുണ്ട്‌ ക്രിസ്ത്യാനികൾ. ഓശാനപ്പെരുന്നാളിന്‌ ചാക്കോച്ചൻ
തെങ്ങി?ൽനിന്നും കുരുത്തോലവെട്ടി പള്ളിയിൽ കൊണ്ടുപോകുന്നത്‌ അനുഗ്രഹമായി
കരുതിയിരുന്നു ഈ ചാക്കോമൂപ്പൻ ഒരുകാലത്ത്‌.

ആലാത്ത്‌ എന്നുപറഞ്ഞാൽ തെങ്ങിൻചകിരിയിലെ നാരുകൾ കൂട്ടിപ്പിരിച്ച
വലിയവണ്ണമുള്ള കയറാണ്‌.  വടം എന്നുപറയും. സ്കൂളിൽ ഒരിക്കൽ വടംവലി
മത്സരത്തിന്‌ ആലാത്ത്‌ (വടം) കൊണ്ടുവന്നു. മത്സരത്തിന്‌ മുമ്പ്‌
ഹെഡ്മാസ്റ്റർ ചെയ്ത പ്രസംഗത്തിൽ ഒരു ബലവുമില്ലാത്ത ചകിരിനാരുകൾ
ഒന്നിച്ചുനിൽക്കുമ്പോൾ ആനയെപ്പോലും തളയ്ക്കുവാൻ കരുത്തുള്ള വടമാകുന്നു
എന്നും, അതുകൊണ്ട്‌  ഐകമത്യം മഹാബലം എന്ന്‌ ചകിരിനാരുകൾ നമ്മെ
പഠിപ്പിക്കുന്നു എന്നും പറഞ്ഞത്‌ ഇന്നും ഞാൻ ഓർക്കുന്നു, വടംവലിയിൽ
ഐകമത്യം കുറഞ്ഞിട്ടോ എന്തോ, ഞാൻ പിടിച്ച ഭാഗം അന്നു തോറ്റു പോയി !
ഞങ്ങളുടെ വീട്ടിലെ വിശാലമായ മുറ്റത്തിന്റെ തെക്കേയറ്റത്ത്‌ വീടിനേക്കാൾ
പൊക്കമുള്ളൊരു തെങ്ങ്‌ നിന്നിരുന്നു. അൽപം ചെരിഞ്ഞു നിന്ന ആ തെങ്ങിന്റെ
നിഴൽവീണഭാഗം ഉറച്ച തറയായിരുന്നു. തണലത്തിരുന്ന്‌ ഞാനും അനുജൻ ഓന്നച്ചനും
കൂടി നിലത്ത്‌ ചെറിയ കുഴിയുണ്ടാക്കി വട്ട്‌ കളിക്കുകയായിരുന്നു. 
മുകളിൽ നിന്നും ഒരു കരകര ശബ്ദം കേട്ടു പേടിച്ച്‌ ഞങ്ങൾ രണ്ടുപേരും വടക്കോട്ടോടി.
 പഴുത്തുണങ്ങിയ ഒരു മടൽ അടർന്ന്‌ തെങ്ങിൻ തടിയിലൂടെ ഉരസി താഴേക്ക്‌
വീഴുന്നതിന്റെ ശബ്ദമായിരുന്നു കേട്ടത്‌. ഒടുക്കം മടൽ ഞങ്ങൾ
കളിച്ചുകൊണ്ടിരുന്ന  ഭാഗത്തുതന്നെ വന്നുവീണു. അതുകണ്ട്‌ ഇറയത്ത്‌
നിന്നിരുന്ന അമ്മ ഉറക്കെപ്പറഞ്ഞു - എന്റെ പിള്ളേരേ ദൈവം രക്ഷിച്ചു.
തെങ്ങ്‌ ചതിക്കുകയില്ല എന്നുപറയുന്നത്‌ എത്രശരി!?

തെങ്ങ്‌ നമ്മെ ചതിക്കുകയില്ലായിരിക്കാം. എന്നാൽ കേരളീയർ ഇന്ന്‌ തെങ്ങിനെ
ചതിച്ചിരിക്കുന്നു.  ചതിയന്മാരേ, ഇതു സ്വയം ചതിയാണ്‌; അതു തിരുത്തി നാം
കേരളത്തിലെ കൽപവൃക്ഷങ്ങളുടെ രക്ഷകരാവുക.