പായിപ്ര രാധാകൃഷ്ണൻ
ഒരു കൃശപ്രവാഹത്തെ
നഗരികാണിയ്ക്കലിന്നിറങ്ങിയതാണ്
സ്മൃതിവൈവശ്യങ്ങളിൽ തളർന്ന്
മടിയിൽകിടന്ന് മകളായി
ഒരിതരപ്രകൃതത്താൽ
ജീവപരാഗങ്ങളെ
പ്രകൃതിവിലാസങ്ങളെ
ജൈവാശ്ലേഷത്താൽ
സ്വായത്തമാക്കാനായുന്ന
പൂക്കളെപ്പോലെ
നാഗരികച്ചമയങ്ങളെവെടിഞ്ഞ്
പാതിവഴിയിൽ
എറിഞ്ഞുകളയാനാവാത്ത
പഴകിയ പാഥേയമായി
ഉപരിയാത്രയ്ക്കുള്ള
കുടുസ്സുലിഫ്റ്റിന്റെ
തണുപ്പിൽ ലഘുപാചകം
അടുക്കളയിൽവേവാത്ത അടുപ്പം
തൊടുകുറിയിൽ
പാതിവെന്ത തൊടുകുറി!
പതുക്കെപ്പതുക്കെ,
ചെറുചൂടിൽ,
പൊള്ളിക്കാതെ,ഒരു തുള്ളി!
