Wednesday, 14 December 2011

ഞാൻ, ഞാൻ, ഞാൻ


രാജേഷ ‍നാഥ്‌

       മുറിഞ്ഞുപോയ ആസ്വാദനത്തെ ആവുംവിധം അണച്ചുകൊണ്ട്‌ ആർത്തിയോടെ ഞാൻ
നോക്കിനിന്നു. എറണാകുളം ആർട്ട്‌ ഗാലറി. ചിത്രങ്ങൾ. പ്രദർശനം ചിത്രകാരൻ
പ്രസാദ്സാറിന്റെ. ചിത്രം കണ്ടുനിൽക്കുന്നത്‌ ഞാൻ. പെയിന്റിങ്‌ എന്ന
വാക്കിലൂടെ കടന്ന്‌ ദിഗംബരജ്വലനമായ തൂവെള്ളയിൽ തൂക്കിക്കിടന്ന
കടുംചുവപ്പുകളിലേക്ക്‌ എന്റെ മനസ്സിനെ ആരോ കട്ടെടുത്തു. ഞാൻ
ആത്മാവില്ലാത്ത വേശ്യയെപ്പോലെ നിന്നു കിതച്ചു. ഒരുപക്ഷേ, കണ്ണുകളിൽ
വാൻഗോഗിന്റെ ഉന്മാദരസം തുളുമ്പി. ഒരുതരം അനിർവചനീയമായ ആനന്ദമുളവാക്കുന്ന
വെപ്രാളം കാലുകളിൽ തളച്ചു. വളരെ നല്ല ചിത്രം. ചെവിയറുത്ത മുഖം. തെങ്ങോലകൾ
നട്ടെല്ലുകളായ ഒരു ക്യാൻവാസ്‌. വയസ്സ്‌ കാലവുമായി പകിട കളിക്കാൻ തുടങ്ങി.
എന്റെ മുഖം കണ്ടില്ല. ചിത്രം കണ്ടുനിൽക്കുന്ന എന്റെ പിറകിൽ നിന്ന്‌
കഥകളായ കഥാകാരന്മാരുടെ ഫ്ലാഷുകൾ മിന്നി. എന്നിലെ സകലവിധവികാരങ്ങളും
പുറത്തിറങ്ങിപ്പോയി. ഗ്യാലറിയിലെ കാവൽക്കാരൻ ഓരോ ചിത്രങ്ങളേയും
കണ്ടുനിൽക്കുന്ന ഓരോ മനുഷ്യരേയും പഠിക്കുന്നതുപോലെ.


       ഞാൻ നിന്നനിൽപിൽ എന്റെ നിറങ്ങളിലേക്ക്‌ ചേക്കേറി. ഞാൻ കണ്ട ജീവിതങ്ങൾ.
ഞാൻ കണ്ട ആനന്ദങ്ങൾ. ഞാൻ കണ്ട ഞാനുകൾ. (ഞാൻ,ഞാൻ, ഞാൻ) എങ്കിലും ഒരു
ചിത്രം അതെ ഒരു ചിത്രം മാത്രം എന്നെ ആസ്വാദകനാക്കിയില്ല. ഞാൻ
യുഗാന്തരങ്ങളോളം നിന്നു. നിന്നു നിന്ന്‌ മരിച്ചു. പുനർജ്ജനിച്ചു.
അദൃശ്യനായി. വൈകുന്നേരം പൊട്ടിവീണപ്പോൾ സെക്യൂരിറ്റിക്കാരൻ ഹാളിലെ
പൊടികളെല്ലാം തട്ടിമാറ്റി. അയാൾ എന്റെ കൈ അടിച്ചുമടക്കി. എന്റെ ഊർജ്ജം
ഒളിച്ചോടിപ്പോയത്‌ എന്നെ കരയിപ്പിച്ചു. ഞാൻ നിന്നങ്ങ്‌ കരഞ്ഞു. കരഞ്ഞു
കരഞ്ഞു കണ്ണകളടച്ചു. അപ്പോഴും സെക്യൂരിറ്റിക്കാരൻ തുണികൊണ്ട്‌ എന്റെ
കണ്ണുകൾ തുടച്ചു. ആരെയോ പ്‌രാകി.

       സായാഹ്നം. രാത്രി. കതകുകൾ ഓരോന്നായി അടച്ചുവീണു. ഒരു സുഷിരംപോലും,
പുറത്തേക്ക്‌ കാണിക്കാതെ ഹാളിൽ ഇക്കണ്ട ചിത്രങ്ങളോടൊപ്പം തലച്ചോറിനെയും
ചിതറിയ ജീവിതങ്ങളുടേയും കളർ കുപ്പിയുടെ മണങ്ങളോടൊപ്പം. അവസാനത്തെ
വാതിലുമടച്ച്‌ അയാൾ പോയി. ഞാൻ കണ്ണുകൾ തുറന്ന്‌ തുറന്ന്‌. ഇല്ല ഇരുട്ട്‌
- ഇരുട്ട്‌ മാത്രം. എനിക്ക്‌ പേടിതോന്നി. ഞാൻ അതേ നിൽപിൽ. എന്റെ ശരീരം
അനങ്ങാതെ ശിരസ്സിൽനിന്ന്‌ അനങ്ങാനുള്ള സിഗ്നൽപോലുമില്ല. പ്രേതബാധകളുടെ
ചിത്രങ്ങൾ തെക്കേഭാഗത്തെ ചുമരിൽനിന്നും അനങ്ങിത്തുടങ്ങി. ഞാൻ കണ്ണുകൾ
ഇറുക്കിയടച്ചു. വീണ്ടും തുറന്നു. വീണ്ടുമടച്ചു. മൂക്കിനു ചുവട്ടിൽ
മറ്റാരുടേയോ ഗന്ധം. ഇറുക്കിയ കണ്ണുകൾ പൊട്ടിപ്പോയി. അടയ്ക്കാൻ പോളകളില്ല.
ഞാൻ നിലവിളിച്ചു. മാന്തി പൊളിച്ചു. നിലവിളിച്ച്‌ നിലവിളിച്ച്‌ വായ
വലുതായി വീർത്തു. പല്ലുകൾ തൂണുകളായി നാക്ക്‌ നീണ്ട്‌ പുറത്തേക്ക്‌ ചാടി
ഇഴഞ്ഞുപോയി. ഇഴഞ്ഞുകൊണ്ടേയിരുന്നു. ഞാൻ ബീഭത്സമായ ചിത്രമായി. എപ്പോഴോ
കാമം കയറി. ഭക്തി കയറി. മരണം കയറി. ജനനം കയറി. പിന്നെപോർട്ട്രേറ്റും.

       ഉറക്കത്തിന്റെ നൂറ്റിയെൺപത്തൊന്നാം പേജെത്തിയപ്പോൾ ഒരു പാപം തികട്ടി
വന്നു. ഒരു സ്വപ്നസ്ഖലനം. മരണത്തിനായി ആഗ്രഹിച്ചു നടന്ന, കഷ്ടപ്പെട്ട്‌
കഷ്ടപ്പെട്ട്‌ ദുരിതങ്ങൾ പറഞ്ഞ എന്റെ ഒരാളെ ഞാൻ സഹായിച്ചു. സഹായിച്ചതു
വലിയൊരു സഹായമാണ്‌. ചിത്രങ്ങൾ മാത്രം വരച്ചുനടന്ന എന്റെ കൈകൾ അത്‌
ചെയ്തു. ഒരു തരത്തിൽ ദയാവധം. മരണത്തെ ആഗ്രഹിച്ച ആ ജീവൻപോലും എന്റെ
ആഞ്ഞുതള്ളലിൽ വലിഞ്ഞുമുറുക്കലിൽ അവസാനത്തെ സ്ഖലനത്തിന്‌ തൊട്ടുമുമ്പ്‌
ആവും വിധം അപേക്ഷിച്ചു. പക്ഷേ, അതൊരു ഉപമപോലെ ചിത്രകാരനിലെ നിറം പോലെ
മാത്രം തങ്ങിനിന്നു. 18 വർഷമായി തടവറയിൽ കിടക്കുന്ന കുറ്റവാളികളിൽ
വെളുപ്പാൻകാലത്ത്‌ ചുമരുകൾ തുളച്ചുകയറിവരുന്ന സ്വപ്നങ്ങൾ. രതിയും ഭീതിയും
വികളതയും നിറക്കുന്ന സ്വപ്നങ്ങൾ. എങ്കിലും ആ മരണം. ഒരു വലിയ കരിങ്കല്ല്‌
പൊക്കി ആവുംവിധം തലയ്ക്കു മുകളിലേക്ക്‌ വെച്ചുകൊടുക്കുമ്പോൾ, ആ മ്പോൾ
എന്ന മാത്രയിൽ നല്ല മൂർച്ചയുള്ള കത്തി കുത്തുക. ചോരയും മാംസവും നിന്ന
നിൽപിൽ വാൻഗോഗിന്റെ മഞ്ഞച്ചിരി ചിരിക്കും. ചുവപ്പ്‌ മഞ്ഞയാകുന്നതും
അതിനിടയിൽ കറുപ്പ്‌ നിന്ന്‌ വെട്ടിത്തിളങ്ങുന്നതും ഇങ്ങനെയാണ്‌.

       പിറ്റേന്നും പതിവുപോലെ ഒരു സുഷിരത്തിലൂടെ പ്രകാശം വന്നു. ചിത്രകാരൻ
എന്നെ മാത്രമല്ല, ഞങ്ങളെയെല്ലാം ആവുംവിധം ആലിംഗനം ചെയ്തു. എന്നെ
കണ്ടുനിന്നവനെ ആരൊക്കെയോ എടുത്തുകൊണ്ടുപോകുന്നതും ചിത്രകാരൻ എന്റെ പേരും
പറഞ്ഞ്‌ അഹങ്കരിച്ചു അവാർഡ്‌ മേടിച്ചു. തൂറി പ്രണയിച്ചു രതിക്രീഡ നടത്തി.
ഒടുവിൽ മരിക്കുകയും ചെയ്തു.