അച്ചാമ്മ തോമസ്
നാട്ടുവെട്ടം വീണലിയുന്ന ചെമ്മൺപാതയിലേക്ക് വല്യപ്പച്ചനും സംഘവും
കാളകളെയും കൊണ്ട് ഇറങ്ങികഴിഞ്ഞപ്പോഴാണ് മോളുണർന്നത്. നേരത്തെ
വിളിച്ചെഴുന്നേൽപ്പിക്കാത്തതിന്
ഉറക്കച്ചടവോടെ ഇരിക്കുമ്പോൾ തണുത്ത കാറ്റ് വന്ന് അവളെചുറ്റിപ്പറ്റി
നിന്നു. കൂടെ മഴത്തുള്ളികൾ പുറപ്പുറത്ത് തലതല്ലി വീഴുന്ന സ്വരവും.
"തണുപ്പത്തിരിക്കേണ്ടിവന്ന് അവലോസുണ്ടയും കട്ടൻകാപ്പിയും കുടിച്ചോ.
വല്യപ്പച്ചൻ മോൾക്ക് വച്ചിട്ടു പോയതാ." കുഞ്ഞമ്മയാണോ വെല്ല്യമ്മച്ചിയാണോ
പറഞ്ഞതെന്നവൾ ശ്രദ്ധിച്ചില്ല. അവളോടി ഉണ്ടകൈയ്യിലെടുത്തു. കട്ടൻ
ഒറ്റവലിയ്ക്കകത്താക്കി തിരിച്ചുവന്നു വല്യപ്പച്ചന്റെ കട്ടിലിൽ കയറി
കിടന്നു.
"ഈതലയിണയ്ക്ക് വല്യപ്പച്ചന്റെ മണം."
മൂരിക്കുട്ടന്മാരുടെ കഴുത്തിൽ കലപ്പവച്ച് കെട്ടി ഒഴാൻ തുടങ്ങികാണും.
കൊച്ചമ്മാവൻ കാപ്പിയും കൊണ്ടുപോകുമ്പോൾ കൂടെപോകണം. പാടവരമ്പിന്റെ
അതിരിലൂടെ ഒഴുകുന്ന കൈത്തോട്ടിൽ പരലുകളും നെറ്റിയേപൊന്നനും
കല്ലേമുട്ടിയും നീന്തിനടക്കുന്നുണ്ടാവും. ചെറിയതോർത്തിന്റെ അറ്റം
കഴുത്തിൽ കെട്ടി മറ്റേഅറ്റംകൊണ്ട് മീൻപിടിക്കണം. "മോളുപോരുന്നോ
പാടത്തേയ്ക്ക്" അമ്മാവന്റെ വിളികേൾക്കേണ്ട താമസം അവളേറ്റോടി.
"വാഴയിലക്കെട്ട് ഞാംപിടിയ്ക്കാം." അമ്മാവന്റെ തലയിലെ കൊട്ടയിൽ
ഉണക്കക്കപ്പ പുഴുങ്ങിയതും ഇളവൻതേങ്ങാകൊത്തിട്ട് ഉണക്കമീൻ കറി
വച്ചതുമുണ്ട്. കൈയ്യിൽ കരിപ്പെട്ടി കാപ്പിതൂക്കം പാത്രത്തിലും.
കുറച്ചുപെണ്ണുങ്ങൾ ഞാറു പറിയ്ക്കുന്നു. കുറേപേർ അവ കഴുകി തലമുറിച്ചു
ചെറിയ കെട്ടുകളാക്കുന്നു. ഞാറിന്റെ മുറിച്ചുവിട്ട തലകൾ ചെന്നടിഞ്ഞ്
കൈത്തോട്ടിൽ ചിറഉണ്ടായിരിക്കുന്നു. ആണുങ്ങൾ ഞാറുകൾ വല്ലത്തിലാക്കി
കാളപൂട്ടു കഴിഞ്ഞ കണ്ടങ്ങളിൽ നിരനിരയായി ഇട്ടുപോകുന്നു പെണ്ണുങ്ങൾ
ഈണത്തിൽ പാടിക്കൊണ്ട് നടന്നു. മോളേകണ്ടതേ പാറുച്ചേച്ചി
"സുന്ദരിമോളേപല്ലൊക്കെപ്പോയോ
പുത്തരി അവലെങ്ങനെ തിന്നും മോളേ" എന്നു നീട്ടി പാടി. അതുകേട്ട്
ആണുങ്ങളും പെണ്ണുങ്ങളും ചിരിതുടങ്ങി. മോളോടുള്ള ഇഷ്ടം കൊണ്ടാ ഈ
പാട്ടെന്നവൾക്കറിയാം. സാവിത്രി വാഴയ്ക്കാ വരിയനെ പിടിച്ചുതന്നു.
പാപ്പച്ചൻ കൈതപ്പൂ പറിച്ചു തന്നു. അവരൊക്കെ കാപ്പി കുടിച്ചപ്പോൾ
ഇലയിട്ട് വരമ്പിലിരുന്നു പുഴുക്കുതിന്നു. പാറുചേച്ചി പാടിയതുപോലെ
തേങ്ങാക്കൊത്തുകടിയ്ക്കത്തില്ല അവളത് ആരും കാണാതെ തോട്ടിലേയ്ക്കിട്ടു.
മീനുകളതിനു പുറകെ ഓട്ടമായി. കാളപൂട്ടുകാണാൻ വന്ന പിള്ളേർക്കും കൊടുത്തു
കരിപ്പെട്ടി കാപ്പിയും പുഴുക്കും. പൂഹോയ്...കാളപൂട്ടലുകാർ
ഇറങ്ങികഴിഞ്ഞു. എല്ലാവരും ആരവത്തോടെ പണയിലേയ്ക്ക്.
ചിങ്ങത്തിൽ കൊയ്ത്ത് അതൊരു ഉത്സവം തന്നെ. കൊയ്ത്തും കറ്റചുമക്കലും
കളത്തിൽ മെതിക്കലും എന്തൊരാരവം. പെട്രോമാക്സ് കത്തിച്ചുവയ്ക്കും.
വിറകുകൂട്ടിയിട്ട് തീ കത്തിച്ച് ചുട്ടെടുക്കുന്ന കപ്പക്കിഴങ്ങും
ചേമ്പും തിന്നാൻ എന്താരുചി. അപ്പോഴെക്കും പുന്നെല്ലുകൊണ്ട് ചായ്പിൽ
അവലിടിയ്ക്കാൻ തുടങ്ങും. പച്ചനെല്ലുണക്കി അരിപൊടിച്ച് രാമൻ
ചെത്തികൊണ്ടുവരുന്ന കള്ളുമൊഴിച്ച് കള്ളപ്പം. നിലത്തുവീണുപോയ നെന്മണികൾ
തിന്ന് കൊഴുത്തിരുന്ന പാവം പൂവൻകോഴി കള്ളപ്പത്തിനു കൂട്ടായി. ഹോർമോൺ
തീറ്റതിന്നാതെ പുല്ലും പുഴുക്കളും മണ്ണും തിന്ന് വളർന്ന കോഴി
മാംസത്തിന്റെ രുചി. വല്യപ്പച്ചനും രാമനും ഔസേപ്പുമൂപ്പനും ചിരുതയും
തെർത്ത്യയും മോളും അമ്മാവൻന്മാരും അമ്മായിമാരുമെല്ലാം ഒരേ പന്തിയിൽ രണ്ടു
പന്തിയും രണ്ടു വിളമ്പുമില്ലാതെ സ്നേഹത്തിന്റെയും ഒരുമയുടെയും കൂട്ടായ്മ.
പിന്നീട്.
മോൾ വളർന്നു. യുവതിയായി. കാലവും പ്രകൃതിയും മാറ്റങ്ങൾ ഉൾക്കൊണ്ട്
മാറിക്കൊണ്ടിരുന്നു. കൃഷികളിൽ നിന്നും കന്നുകാലി വളർത്തലിൽ നിന്നും
ജനങ്ങൾ മാറി തുടങ്ങി. അവളുടെ വിവാഹവും പട്ടണമായി വളർന്നുവരുന്ന
തൊടുപുഴയിലെ ഉദ്യോഗസ്ഥനുമായി നടന്നു. സ്വന്തം ഗ്രാമത്തിൽ നിന്നും വളരെ
വ്യത്യാസം. പാടങ്ങളുടെ മാറിലൂടെ തന്നെ ടാറിട്ടറോഡുകളുയർന്നു. കെട്ടിടങ്ങൾ
വാണിജ്യകേന്ദ്രങ്ങൾ ചന്തകൾ വ്യവസായങ്ങൾ കോളേജുകളും സ്കൂളുകളും
ആരാധനാലയങ്ങളും വാഹനവ്യൂഹവുമെല്ലാം കൂടി തിരക്കായി. നഗരത്തിന്റെ ഉറക്കം
നഷ്ടപ്പെട്ടു. അതിന് ഉറങ്ങണമെങ്കിൽ ലഹരി വേണമെന്നായി. ചുരുക്കം ചിലർ
കൃഷിചെയ്തു. എന്നാൽ സഹായത്തിനാരുമില്ലാത്ത അവസ്ഥ. കൃഷിയിൽ ലാഭം കാണാതെ
ജീവിതം അവസാനിപ്പിക്കുന്നവരും കൃഷിവെട്ടി നശിപ്പിക്കുന്നവരും
പ്രകൃതികൃഷിക്കാരനെ ചതിച്ചും ആകെ കലുഷിതമായ അന്തരീക്ഷം. ദേഹത്ത് മണ്ണും
ചെളിയും പറ്റിക്കാനിഷ്ടപ്പെടാത്ത ഉദ്യോഗത്തിനായി എല്ലാവരും ക്യൂവിലാണ്.
മറ്റുചിലർ ഗൾഫിലേക്ക് ചേക്കേറി. പത്തുസെന്റു വീടും കാറും നമ്മൾ രണ്ടും
നമുക്കു രണ്ടും. നമ്മളിലേക്ക് ചുരുങ്ങുന്ന സൗഹാർദ്ദങ്ങൾ.
തൊടുപുഴയാറിന്റെ തീരത്തടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്
കൂടുകളും പുഴയുടെ സൗന്ദര്യം കെടുത്തി. താനീ നഗരത്തിൽ ആദ്യം വന്നപ്പോൾ
തനിക്കേറ്റവുമിഷ്ടം വൈകുന്നേരങ്ങളിൽ ഭർത്താവിന്റെ കൈപിടിച്ച് ആറിന്റെ
തീരത്തുകൂടി നടക്കുകയോ വലിയ പാറപുറത്തു കയറിയിരുന്ന് സംസാരിച്ചിരിക്കുക
ആയിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത എന്തെല്ലാമോ. കണ്ണിൽ കണ്ണിൽ
നോക്കിയിരുന്ന് ജീവിതത്തിന്റെ അങ്ങേയറ്റം വരെ പോകാനുള്ള തയ്യാറെടുപ്പ്.
കാലംപോകപ്പോകെ എന്തെല്ലാം മാറ്റങ്ങൾ. ആറിന്റെ തീരങ്ങളിലെ കാട്ടുകോഴികളുടെ
കുതുഹലസ്വരം കേൾക്കാനേ ഇല്ല. പൊന്തക്കാടുകൾ കരിങ്കല്ലുകെട്ടി
ഉയർത്തിയിരിക്കുന്നു. സ്വന്തം മണ്ണിൽ പൊന്നുവിളഞ്ഞുകണ്ട അവൾ വീടിനു
ചുറ്റും പച്ചക്കറികൾ നട്ടു. ചെറിയൊരു കുളം തീർത്ത് ഗ്രാമ്പ്കാർപ്പിനെ
വളർത്തി മുറ്റത്ത് കോഴികൾ അടുക്കളയിലെ മിച്ചം തിന്നുവളർന്നു. അത്യാവശ്യം
പച്ചമരുന്നുകൾ. അവളുടെ കുട്ടികൾ കമ്പ്യൂട്ടറിന്റെ
ശാസ്ത്രത്തിന്റെയുമൊക്കെ അനന്തസാധ്യതകളിലേക്ക് തിരിഞ്ഞെങ്കിലും
മണ്ണിന്റെ മണം വിട്ടുമാറ്റാതെ അവൾ വളർത്തി.
ഇന്ന്.
പേരക്കുട്ടികൾ നാലുപേരുണ്ട്. അവരൊക്കെ കമ്പ്യൂട്ടർ ഗെയിമിന്റെ
തിരക്കിലാണ്. വരൂ മക്കളെ ഓലപ്പന്തുകളിയ്ക്കാം. ശരീരത്തിലെ അഴുക്കൊക്കെ
വിയർപ്പായിപോകട്ടെ. തെങ്ങോലകൊണ്ട് വാച്ചുണ്ടാക്കിത്തരാം. ഓലപ്പീലിവേണോ"
"വേണ്ട ഗ്രാൻമാ കമ്പ്യൂട്ടറിൽ ബോൾ ഗെയിം കിടപ്പുണ്ട്. ബെൻടെന്റയും
സ്പൈഡർമാന്റെയും വാച്ചുള്ളപ്പോൾ കോക്കനട്ടിന്റെ ലീഫുകൊണ്ട് വാച്ചോ"
പൊട്ടിച്ചിരിച്ചുകൊണ്ട് അവളോടിപ്പോയി. ഗ്രാൻമാ ഇരുന്ന ഇരുപ്പിൽ
അമ്പത്തിരണ്ടുവർഷം പിന്നോട്ടുപോയി. അമ്മാവന്മാരുടെ മക്കളും ഒരു
ബെറ്റിക്കോട്ടുകാരിയും കൂടി ഓലവാച്ചും കെട്ടി പ്ലാവിലതൊപ്പിയും വച്ച്
ഓലക്കണ്ണാടിയിൽ കൂടി നോക്കിക്കണ്ട് ഗമയിൽ നടക്കുന്നു. അമ്മയുടെ
പഴയസാരിയുടെ കഷണമെടുത്ത് സാരിയാക്കി ചുറ്റി ഇലയിൽ മണ്ണപ്പം
ചുട്ടതെടുത്തുവച്ച് സദ്യ ഉണ്ണുന്നു. ചാമ്പങ്ങാ, നെല്ലിക്കാ, വാളൻപുളി
ഇതൊക്കെ ഉപ്പും കൂട്ടി തിന്നുന്നു ചിലർ. നാക്കിന്റെ തുമ്പത്തുവന്ന രുചി
ഗ്രാൻമാ ഒന്നുകൂടി നുണഞ്ഞിറക്കി. പഴയൊരു നോട്ടീസ്സ് കടലാസ്സെടുത്ത്
വഞ്ചിയുണ്ടാക്കി. പണ്ടത്തെപ്പോലെ അത്രയ്ക്കങ്ങ് ശരിയാകുന്നില്ല. പക്ഷെ
വഞ്ചിയൊഴുക്കാൻ ഇറവാല വെള്ളമുണ്ടോ? മുറ്റത്ത് ടെയിൽസല്ലേ.
മുറ്റത്തരീകെ നട്ട മെയിലാഞ്ചി നിറയെ ഇലകൾ. ചെമ്പരത്തിയും തഴച്ചു
വളരുന്നുണ്ട്. അതിന്റെ ഇലകൊണ്ട് താളിതേയ്ക്കാനോ കൈകൾ ചുമപ്പിക്കാനോ
പേരക്കുട്ടികൾക്കുനേരമില്ല. നെയിൽ പോളിഷും, ഷാംപും തരാതരം അലമാരയിൽ
മുടിയിൽ കളറടിച്ച് മസ്കാരപുരട്ടി ക്യാറ്റ് വാക്കുചെയ്യുന്നതാണ് ഫാഷൻ.
ഫാസ്റ്റുഫുഡും ബേക്കറിയും ഹോർമോൺതിന്നു തടിച്ച കോഴിയും കഴിച്ച് കാറിൽ
യാത്രചെയ്യുന്ന അവരുടെ ശരീര വടിവുകൾക്കായി എന്തെല്ലാമോ മേഷ്യനുകൾ
മേടിച്ചു വച്ചിരിക്കുന്നു.
പ്രകൃതിയെ മറക്കാതിരിക്കാൻ ഗ്രാൻമാ അവരെ പലപ്പോഴും പറഞ്ഞ്
മനസ്സിലാക്കിക്കാറുണ്ട്. കളറുള്ള ജൂസിനുപകരം കയ്യാലയിർറൂമ്പിലെ
ചപ്പങ്ങത്തിന്റെ കാതലിട്ടു തിളപ്പിച്ച് പിങ്കു നിറമാക്കിയ വെള്ളം
കൊടുക്കുക. പേരയ്ക്കയും നെല്ലിയ്ക്കയും കപ്പളങ്ങാ, ലീച്ചിപ്പഴം ഇവയൊക്കെ
അവരുടെ രുചികളിൽ നിറയ്ക്കുന്നതിൽ അവർ വിജയിച്ചു. കാലാവസ്ഥ മാറി മറിഞ്ഞു
വരുന്നത് ശ്രദ്ധിയ്ക്കുന്ന ഗ്രാൻമായ്ക്ക് അതിലൊക്കെ ആശങ്കയുണ്ട്.
മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയും ആഗോളതാപനവുമൊക്കെ പത്രങ്ങളിൽ നിന്നും
വായിച്ചറിയുമ്പോൾ ചെറുപ്പത്തിലേ ബെറ്റിക്കോട്ടുകാരിയുടെ കൊച്ചു കാലടികൾ
പതിഞ്ഞ പാടവരമ്പു ഓർമ്മയിൽ തെളിഞ്ഞു വരുന്നു.
പുൽതുമ്പുകളിലെ ജലകണികകളിൽ തട്ടുന്ന സൂര്യരശ്മികളാൽ അവ മരതകകല്ലുപോലെ തിളങ്ങിനിൽക്കും. നെല്ലോലകളെ തഴുകിവരുന്ന കാറ്റിന്റെ സുഗന്ധം ഒന്നുവേറെ തന്നെയാണ്. ഇന്നാ ഇളംവെയിൽപോലും കായാൻ കൊള്ളില്ല. കൈത്തോട്ടിലെ വെള്ളത്തിൽ കാലിറക്കിയാലുടൻ കല്ലേമുട്ടി മീനുകൾ വന്ന് ഇക്കിളിയിടാൻ തുടങ്ങും. അന്നത്തെ ബാല്യം
ഓർമ്മയിൽ തെളിയുമ്പോൾ എവിടെയോ ഉപ്പൻകൂവുന്നു.
ഓർമ്മയിൽ തെളിയുമ്പോൾ എവിടെയോ ഉപ്പൻകൂവുന്നു.
"കള്ളേൻ ചക്കേട്ടു കണ്ടാൽ മിണ്ടണ്ട" ചുറ്റിലും വെറുതെ നോക്കിപോകുന്നു. എല്ലാമൊരു മോഹം മാത്രം. ഈ മോഹങ്ങളെല്ലാം വെറുതെയാണെങ്കിലും ആസ്വദിച്ചമോഹങ്ങളാണവയെല്ലാം തനിക്ക്
എന്നാൽ ഭാവികുരുന്നുകൾക്കോ? അവരെന്തോർമ്മിയ്ക്കും. എന്തു ഭൂതകാലം
അയവിറക്കും.
എന്നാൽ ഭാവികുരുന്നുകൾക്കോ? അവരെന്തോർമ്മിയ്ക്കും. എന്തു ഭൂതകാലം
അയവിറക്കും.
ചൂടുകൊണ്ട് ഉരുകിയിറങ്ങുന്ന, ഹിമാലയപർവ്വതനിരയുടെ താഴ്‌വാരങ്ങളിൽ
നിറയുന്ന ജലനിരപ്പിനെപ്പറ്റിയോ കരയെ വിഴുങ്ങുന്ന കടലിനെപ്പറ്റിയോ ചൂടു
സഹിക്കാതെ ഇത്തിരി തണലിനായി കേഴുന്ന കിളികളെപ്പറ്റിയോ എനിക്കു
നിശ്ചയമില്ല ഒന്നും. എന്നാൽ ശരീരത്തിന്റെ ബലം കുറയുമുമ്പ് കുറച്ചു
വൃക്ഷങ്ങൾകൂടി നട്ട് ഭൂമിയുടെ താപം തെല്ലു കുറയ്ക്കട്ടെ.
കൈത്തോട്ടിലേയ്ക്കും തോട്ടിലേയ്ക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നവരോട്
അതു സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുമനസ്സിലാക്കട്ടെ. ചെവിയുള്ളവൻ
കേൾക്കട്ടെ കണ്ണുള്ളവൻ കാണട്ടെ!
