Wednesday, 14 December 2011

മതമില്ലാത്ത ജീവൻ


ദീപു കാട്ടൂർ

             മൂന്നും കൂടിയ കവലയിലേക്കു ചീറിപ്പാഞ്ഞു വന്ന ടിപ്പർലോറി
വഴിയാത്രക്കാരനായ വൃദ്ധനെ ഇടിച്ചുതെറിപ്പിച്ചു.  റോഡിൽ തലയടിച്ചു രക്തം
ഒഴുകിപ്പരന്നു.  പടിഞ്ഞാറുനിന്നും മുഹമ്മദ്‌ ഓടിവന്നു നോക്കി.  വൃദ്ധനു
നെറ്റിയിൽ നിസ്കാരത്തഴമ്പില്ലായെന്നും അയാൾ മുണ്ടുടുത്തിരിക്കുന്നതു
വലത്തോട്ടാണെന്നും മുഹമ്മദറിഞ്ഞു.  പള്ളിയിൽ ബാങ്കുവിളിച്ചു. അയാൾക്കു
സമയം കളയാനുണ്ടായിരുന്നില്ല.  മുഹമ്മദ്‌ പള്ളിയിലേക്ക്‌ വച്ചു പിടിച്ചു
             തെക്കു നിന്നും മത്തായി ഓടി വന്നു. വൃദ്ധനു കൊന്തയോ
വെന്തിങ്ങയോ ഉണ്ടായിരുന്നില്ല.  താമസിച്ചാൽ കുർബാന കൂടാനും അച്ഛന്റെ
പ്രസംഗം കേൾക്കാനും സാധിക്കില്ലെന്നു മനസിൽ പറഞ്ഞു കൊണ്ട ‍്‌ അയാളും
ധൃതിയിൽ പോയി.
             വടക്കു നിന്നോടിവന്നതു മാധവനാണ.​‍്‌വൃദ്ധന്റെ നെറ്റിയിൽ
കുങ്കുമമോ ചന്ദനമോ കയ്യിൽ ചരടോ ഉണ്ടായിരുന്നില്ലെന്നത്‌ പെട്ടെന്നയാൾ
മനസ്സിലാക്കി...  ക്ഷേത്രത്തിൽ സപ്താഹം നടക്കുകയാണ്‌.  ഇന്ന ‍്‌
രുഗ്മിണിസ്വയംവരം.  തിടുക്കത്തിൽ മാധവനും കടന്നു പോയി...
.               വൃദ്ധന്റെ മതരഹിതമായ മുറിവുകളിൽ നിന്നു രക്തം വാർന്നു
വാർന്ന്‌........