Friday 8 July 2011

കുട്ടിയും വരയും





പി എ അനിഷ്


പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു

കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത 
ജീവിതം പോലെ

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു 
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു 
കസേര വരയ്ക്കുന്നു

മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത 
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !