Friday 8 July 2011

ആദിവേര്‌




പി.കെ.ഗോപി





ഭൂതകാലങ്ങൾ പെറ്റു
പോറ്റിയ മുത്തുച്ചിപ്പി
ഭൂമിയിലുപേക്ഷിച്ച കടലേ, നിന്നോടൊപ്പം
വാഴുവാൻ ചിതാഭസ്മ-
ഭാഷയായൊരാൾ കൂടി
വീടുവിട്ടിറങ്ങിപ്പോയ്‌...ഉദകച്ചോറിൽ കൊത്താ-
നാരുടെ ചുണ്ടാണാദ്യം
നീണ്ടതെന്നറിയാതെ
ഏതൊരു കർമ്മം ബാക്കി വച്ചതെന്നറിയാതെ
ഏകനായ്‌ ആൾക്കൂട്ടത്തി-
ലലിയും മുമ്പേ, ആരോ
ആലിംഗനത്തിൽ ചേർത്തു ചോദിച്ചു: സുഖമല്ലേ?
ആകാശ മഹാശൂന്യ-
മൂകതവാചാലമായ്‌
ആയിരംവട്ടം കാതിൽ മന്ത്രിച്ചു: മകനല്ലേ?
പ്രാചീനനടത്തത്തിൻ
നാൾവഴിച്ചൂട്ടും വീശി
പാപപുണ്യങ്ങൾ നട്ട നാട്ടുമ്പുറങ്ങൾ താണ്ടി
ചൂടേറ്റ മണൽകൂട്ടി-
ലൊളിക്കാനാരുണ്ടിനി?
തീകാഞ്ഞു തണുപ്പത്തു കിടക്കാനാരുണ്ടിനി?
ഓലകൾ മെടഞ്ഞാത്മ-
വേദനത്തോറ്റങ്ങൾക്ക്‌
രാവുറങ്ങുവാൻ കൂര കെട്ടുവാനാരുണ്ടിനി?
പാലപൂത്തപ്പോൾ ഗ്രാമ-
ഗന്ധർവ്വവീണക്കമ്പി
പ്രേമരാവിനെപ്പുൽകിക്കല്ല്യാണിരാഗം മീട്ടി
ചേറിൽ നിന്നതോ താള-
വിസ്മയക്കരുത്തിന്റെ
പ്രാണരൂപത്തിൽ പൊട്ടിമുളച്ച നവോദയം
രാജമുദ്രയിൽ തൊട്ടു
പൂജിച്ചു പുണ്യം ചെയ്തു
ദാനമായുള്ളിൽ വന്ന ജ്ഞാനശ്രീനാരായണം
നാവിൽനിന്നൂറിപ്പടർ-
ന്നേതു രാവിലും പെയ്ത
വേവലാതിയിൽ മുങ്ങിപ്പാടുവാനാരുണ്ടിനി?
പൂഴിയിൽ കുഴിച്ചിട്ട
സമുദ്രച്ചെപ്പിൽ നിന്നു
ഭൂമിദേവത നുള്ളിക്കൊടുക്കുമുപ്പും വറ്റും
താനൊഴിച്ചെല്ലാവർക്കും
പങ്കിട്ടു നൽകിത്താനേ
പാവിരിച്ചുറങ്ങാതെ കിടക്കാനാരുണ്ടിനി?
താഴത്തുപച്ചപ്പാട-
മാറ്റുനോറ്റരിച്ചിട്ട
നോവിന്റെ മുത്തും പൊന്നുമളക്കാനാരുണ്ടിനി?
ആഴത്തിലൂറ്റിക്കാച്ചി-
ക്കുറുക്കും കരിക്കാടി
ദാഹിച്ചു വിശന്നിട്ടും മറക്കാനാരുണ്ടിനി?
പ്ലാവിലക്കുമ്പിൾ കവി-
ഞ്ഞാവണിത്തുമ്പച്ചോറിൽ
പൂവിളിപ്പുരാവൃത്തം വിളമ്പാനാരുണ്ടിനി?
വീണുപോകുമ്പോൾ പൊങ്ങാൻ
നട്ടെല്ലു ചെത്തിക്കൂർമ്പി-
ച്ചൂന്നുകമ്പാക്കിപ്പാത കടന്നു പാലം കേറി
ആയുസ്സു നിക്ഷേപിച്ച
നിധികുംഭത്തിൽ ആരും
കാണാതെ പെയ്യും രണ്ടുകണ്ണുകളാർക്കാണിനി?
കാളയും കലപ്പയു-
മില്ലാത്ത കാലത്തിന്റെ
ചാണകച്ചിത്രക്കളമിങ്ങനെ വരയ്ക്കാനായ്‌
നൂറുനൂറുദ്ധ്യായത്തി-
ലെഴുതിപ്പതം വന്ന
ഗീതയുണ്ടെനിക്കെന്റെ പൈതൃകക്കാവ്യാംശമായ്‌
ആറടി മണ്ണിന്നുള്ളി-
ലല്ലതിൻ സനാതന
സ്നേഹവാത്സല്യം പൂത്ത ജീവന്റെ ബലിപ്പത്രം.
ചോരയ്ക്കു ചുവപ്പല്ല
വെളുപ്പല്ലാദിത്യന്റെ
ആദിവേരിലെ കണ്ണീർച്ചായമെന്നെഴുതിച്ച
താളിയോലയിൽ നിന്നു
താവഴിത്തൂവൽ തൊട്ട
കാവ്യമംഗളത്തത്തയെന്നിലുണ്ടരൂപിയായ്‌!