Friday 8 July 2011

നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ ശക്തി ദൗർബ്ബല്യങ്ങൾ



ടി.എൻ.ജോയി




യൂറോപ്പിലേയും അമേരിക്കയിലേയും "കടിച്ചാൽ പൊട്ടാത്ത" മുതലാളിത്ത അവസ്ഥയിൽ, പരമ്പരാഗത തൊഴിലാളി പ്രസ്ഥാനം യുദ്ധ വിരുദ്ധ പ്രസ്ഥാനത്തെക്കാൾ, ഒരുപക്ഷെ ഗ്രീൻ പ്രസ്ഥാനത്തെക്കാൾ പിറകിലാണ്‌. ഇത്‌ ആഗോളമാദ്ധ്യമ ഗോ‍ൂഢാലോചനയുടെ സൃഷ്ടിയല്ല. ഇന്ന്‌ തൊഴിലാളി പ്രസ്ഥാനങ്ങൾ. അവിടെ ഒരു അടിയന്തിര ഭീഷണിയില്ലെന്ന അറിവ്‌ മുതലാളിത്തത്തിനുണ്ട്‌.


ശത്രു നമ്മെ വിലകുറച്ചുകാണുന്നതിൽ നമുക്ക്‌ സന്തോഷിക്കാനൊന്നുമില്ലെന്നു കരുതുന്നവരിൽ തന്നെയാവണം നവസാമൂഹ്യ പ്രസ്ഥാനവക്താക്കളുടെ ഇടം.
കേരളത്തിന്റെ സവിശേഷ സ്ഥിതിയിൽ മലയാളിയുടെ വാദമുഖരിതയിൽ ഈ വിഷയത്തെ സ്ഥാപിക്കുന്ന - ഒരു യാഥാർത്ഥ്യബോധം, ഒരുപക്ഷേ ഫലപ്രദമായ നിഗമനസാദ്ധ്യതകൾ കൂടി ഉൽപ്പാദിപ്പിച്ചേക്കും.
എന്താണ്‌ നവസാമൂഹ്യപ്രസ്ഥാനങ്ങൾക്ക്‌ പുതിയതായി പറയാനുള്ളത്‌?


കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ തോറ്റിടത്താണ്‌ പടിഞ്ഞാറൻ നാടുകളിൽ അവർ അന്വേഷണങ്ങൾ തുടങ്ങിയത്‌. വർഗ്ഗസമരത്തിന്റെ അമിത പ്രാധാന്യം - ഭരണകൂടത്തെക്കുറിച്ചുള്ള വസ്തു സങ്കൽപനം - ഇതെല്ലാം 'യഥാർത്ഥത്തിൽ നിലനിൽക്കുന്ന' മുതലാളിത്തത്തിനെ വ്യാഖ്യാനിക്കാനോ മാറ്റിത്തീർക്കാനോ പോന്നതല്ല! - അവിടെ ഏതാണ്ട്‌ ശരിയായ (ഇതും വാദവിഷയമാണ്‌~!) ഈ നിഗമനം ഇന്ത്യയിലെങ്ങിയനെയാണ്‌ പ്രവർത്തിക്കുന്നത്‌?
തോറ്റിടത്തുനിന്നുതന്നെ തുടങ്ങിയ കമ്മ്യൂണിസ്റ്റുപാർട്ടികൾ ഇവിടെ നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ അഭാവം പരാജയകാരണമായി വിലയിരുത്തുന്നില്ല. 'അനുഭവങ്ങൾ സമാഹരിച്ച്‌ വീണ്ടും മുന്നോട്ട്‌' - ജനങ്ങൾക്ക്‌ ഈ പതാകയുടെ ശുഭസാന്നിദ്ധ്യം ഇഷ്ടമാണ്‌.



തെലുങ്കാനയിൽ തോറ്റവരുടെ വംശം കുറ്റിയറ്റു തുടങ്ങി. അവരും നക്സൽബാരി പ്രസ്ഥാനത്തിലെ പരാജിതരും മാത്രം അടങ്ങിയതല്ല ഇന്നത്തെ സജീവത. അതുകൊണ്ട്‌ തോൽവിയുടെ അനുഭവപാഠങ്ങൾ ഇല്ലെങ്കിൽക്കൂടി, പുതിയ തലമുറക്ക്‌ പുതിയ സ്വപ്നങ്ങൾ - പുതിയ വിജയലഹരി - അതെ, പുതിയ സ്വന്തം തെറ്റുകൾ - ഇത്‌ നിഷേധിക്കേണ്ടതുണ്ടോ?
ഭരണകൂടത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ലെനിനിസ്റ്റ്‌ (പലപ്പോഴും ലെനിനേക്കാൾ വലിയ) അതിവ്യാഖ്യാനങ്ങൾ - 'അറിവിന്റെ വെളിച്ചത്തെ' മറയ്ക്കുന്നുണ്ട്‌. മുൻപ്‌ സൂചിപ്പിച്ചതുപോലെ സായുധ വിപ്ലവ ശ്രമങ്ങൾ ഇന്ത്യയിൽ പലവട്ടം തോറ്റിട്ടുണ്ട്‌; പക്ഷേ അതുകൊണ്ടൊന്നും 'വീണ്ടും തുടക്കത്തിലേക്ക്‌' 'തോൽവിയാണ്‌ ഭേദം' - ഈ ലെനിനിസ്റ്റ്‌ കൽപ്പനകളുടെ സാഹസികത സൗന്ദര്യം നശിപ്പിച്ചൊട്ടുന്നുമില്ല ! - 'നടക്കാതെ പോയ വിപ്ലവത്തിനുപകരമാണോ നവസാമൂഹ്യപ്രസ്ഥാനം? തെലുങ്കാനയുടെ ജനകീയതക്കു പകരമല്ല നക്സൽബാരി പോലും എന്നിരിക്കെ - 'നക്സൽബാരിയായി അഭിനയിക്കാനെ പ്ലാച്ചിമടക്കു കഴിയൂ - പ്ലാച്ചിമടയും ചെങ്ങറയും മുത്തങ്ങയും ലൈംഗിക തൊഴിലാളികളും പി.ഇ.ഉഷയും നടത്തിയ സമരങ്ങളിൽ രൂപംകൊണ്ട പുതിയ ഭംഗികൾ, മുഖ്യധാര ഇടതുപക്ഷത്തെ വിഷമിപ്പിച്ചിട്ടുണ്ട്‌. അവരുടെ അധികാര സ്വരൂപങ്ങളിൽ വിഷാദം നിറച്ചിട്ടുണ്ട്‌. അതൊക്കെ ശരി - ഇതിനായിരുന്നോ നാം കാത്തിരുന്നത്‌ - മുതലാളിതത്തത്തിന്റെ വ്യവസ്ഥയെ വിറകൊള്ളിക്കാനല്ലേ? അതുകൊണ്ട്‌, നമുക്ക്‌ നമ്മുടെ അന്വേഷണത്തെ - ഈ ഘട്ടത്തിൽ ചില ദ്രുതനിഗമനങ്ങളിലേക്ക്‌ പകരുക-


1. നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം മുഖ്യധാര ഇടതുപക്ഷത്തിന്റെ ചിന്തകളിൽ സ്വയം ചില ചോദ്യങ്ങൾ ഉന്നയിക്കാൻ പടിഞ്ഞാറൻ രാജ്യങ്ങളിൽ സഹായിച്ചിട്ടുണ്ട്‌.


2. കേരളത്തിൽ ഇടതുപക്ഷത്തിനകത്തുതന്നെയാണ്‌ ഈ 'പുതിയ ഇടതുപക്ഷ' ചിന്തകൾ രൂപംകൊണ്ടത്‌.


3. നവസാമൂഹ്യ പ്രസ്ഥാനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്‌. അവർ അവരോടുതന്നെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങണം? മുഴുവൻ വിമർശനവും? മുഖ്യധാരാ ഇടതുപക്ഷത്തിനെതിരെ മാത്രമാവരുത്ത്‌!


4. ജനാധിപത്യം പുതിയ പ്രസ്ഥാനങ്ങളുടെ ലക്ഷ്യവും മാർഗ്ഗവുമായതുകൊണ്ട്‌ ജനാധിപത്യ പാർട്ടിയായ (ചില അപഭ്രംശങ്ങളുടെ ഘട്ടങ്ങൾ ഉണ്ടെങ്കിലും (വിമോചനസമരം / അടിയന്തിരാവസ്ഥ) കോൺഗ്രസ്സും ചോദ്യം ചെയ്യപ്പെടണം.


5. അവസാനമായി, ഒന്നുകൂടി. കേരളത്തിൽ, ഇന്ത്യയിൽ ബി.ജെ.പി. യുടെ ഫാസിസം ഇല്ലെന്ന്‌ നടിക്കരുത്‌, അവരെ നേരിടൽ മാർക്ക്സിസ്റ്റ്‌ പാർട്ടിക്ക്‌ മാത്രം ഏൽപ്പിച്ചുകൊടുത്താൽ അതിന്റെ ഗുണം ആർക്കാണ്‌? ഈ വിഷയം വലുതാണ്‌. ഇതിന്റെ അന്വേഷണ സാമഗ്രികളും നിഗമനസാദ്ധ്യതകളും വ്യത്യസ്തമാണ്‌. അവ അധികാര സ്വരൂപങ്ങളുടെ കഠിനമായ ഭൗതികയിൽ വെന്തുപോയേക്കാം. അതിലളിതമായൊരു മാർക്ക്സിസ്റ്റ്‌ പാർട്ടി വിരോധം കേരളത്തിലും ബംഗാളിലും ദുരന്തങ്ങൾ സൃഷ്ടിക്കും.
ഉപസംഹാരം
"ഞങ്ങൾക്ക്‌ പ്രതിസന്ധിയൊന്നുമില്ല"
ചിലപ്പോഴെങ്കിലും 'അറിവില്ലായമയുടെ അനുഗ്രഹം' മുഖ്യധാരാ ഇടതുപക്ഷത്തിന്റെ അഹന്തയുടെ രൂപംകൈവരിക്കാറുണ്ട്‌. 
ഒരു സ്വതന്ത്ര 'പൗരസമൂഹമാണ്‌' കേരളത്തിലെങ്കിലും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ജനകീയമാക്കിയത്‌. അവിടെനിന്ന്‌ ഒരു പിൻമടക്കം ആവശ്യമാണെന്ന്‌ ആരുപറഞ്ഞു? തോറ്റവരും തോറ്റെന്ന്‌ സമ്മതിക്കാത്തവരും ജയിച്ചവരും ജയിച്ചെന്ന്‌ അറിയാത്തവരും-
ഈ ലിസ്‌റ്‌ര്‌ അപൂർണ്ണമാണ്‌ - 'രാഷ്ട്രീയം' എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയില്ല എന്ന അശുഭചിന്തയോടെ ഈ ചെറുകുറിപ്പ്‌ അവസാനിപ്പിക്കുന്നു.