Friday 8 July 2011

ഓർമ്മയിൽ ഒരു സഞ്ചാരം

സുരേഷ്‌ മൂക്കന്നൂർ






ഇരുപുറമില്ലിമുൾവേലിതീർക്കും
ഇടവഴിയൂടെയെൻതോഴരൊപ്പം
പതിവായി വിദ്യാലയത്തിലേക്കായ്‌
കഥകൾ പറഞ്ഞുനടന്നകാലം
സ്മൃതികളിൽ സൂക്ഷിച്ചിരിപ്പു ഭദ്രം
നിനവിലൂടൊന്നു കടന്നുപോകാൻ
മഴപെയ്തു കുത്തിയൊലിച്ച വെള്ളം
അണകെട്ടിനിർത്തിയതിൽക്കളിച്ചും
ചളികൊണ്ടുചന്ദനക്കുറിവരച്ചു
മണിയടിയൊച്ചകേട്ടൊന്നുഞ്ഞെട്ടി
ഇലചൂടിവിദ്യാലയം വരേയ്ക്കും
ധൃതിയിൽ നടക്കും കുസൃതികാട്ടി
വഴിനീളെ തിന്നുവാൻ കൈക്കലാക്കും
പല പല തൊടിയിലെ കായ്കനികൾ
കല്ലിലിടിച്ചങ്ങു കണ്ണിമാങ്ങ
കല്ലുപ്പു കൂട്ടിക്കടിച്ചുതിന്നും
ചാമ്പയും പേരയും ചില്ലതാഴ്ത്തി
ചാടിപ്പറിച്ചങ്ങുപങ്കുവച്ചും
കണ്ടചെടികൾതൻ കായ്പറിച്ചും
കയ്പും ചവർപ്പുമിനിപ്പുമെല്ലാം
കണ്ടുമറിഞ്ഞുമനുഭവിച്ചും
സംഘടിച്ചങ്ങിനെ സഞ്ചരിക്കെ
പള്ളിക്കൂടത്തിൻ പഠിപ്പിനേക്കാൾ
ഞങ്ങൾക്കീയാത്രകളുത്സവങ്ങൾ