Saturday, 14 January 2012

കാലൊടിഞ കിളി

ബി.ഷിഹാബ്  

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ
പമ്മിപമ്മി വന്ന്, പട്ടി കടിച്ചുരുട്ടി.
കണയേറ്റു കാലൊടിഞ കിളി ജീവനും
കൊണ്ടു പറന്നു പോയി.
ഉമ്മയെത്തേടി വര്‍ഷത്തിലെ രണ്ടാമത്തെ പകുതി
മുറതെറ്റാതെ വന്നുകൊണ്ടിരുന്നു.
ബാപ്പ വരാന്തപ്പടിയില്‍ കെട്ടിവച്ചവരെ
ചൂരല്‍വടി കൊണ്ട് പൊതിരെ തല്ലി.
അടികൊണ്ട് പുളഞവര്‍
അതിരറ്റ് വാപ്പയെ ശകാരിച്ചു.
അനിശ്ചിതത്വത്തിനിടയിലും
സമ്പത്തിന്റെയും സൌന്ദര്യത്തിന്റെയും മികവില്‍
പെങള്‍മാര്‍ രണ്ടും സുമംഗലികളായി.
മൂത്ത ജ്യേഷ്ഠന്‍ മുതിര്‍ന്നപ്പോള്‍
അവനും അമ്മയുടെ രോഗം ഒസ്യത്തായി ലഭിച്ചു.
വെളിയിലിറങാതെ, വെയില്‍ കൊള്ളാതെ
പുരയില്‍ തന്നെ, വര്‍ഷങള്‍ കടന്നു പോയി.
ജ്യേഷ്ഠനിലെ പണ്ഡിതനും
ചെറുകിട കച്ചവടക്കാരനും
പരാജയത്തിന്റെ നെല്ലിപ്പലക കണ്ടു
പണ്ഡിത സദസ്സുകളില്‍ പ്രസംഗിക്കാന്‍
പോകുമ്പോള്‍
വീണപൂവിന്റെ ജീവിത സന്ദേശം തേടി
അദ്ദേഹം എന്റടുത്തും വന്നിട്ടുണ്ട്.
നിറകണ്ണുകളോടെ
ചേട്ടത്തി കുട്ടിയെയും കൊണ്ട്
സ്വഭവനത്തിലേയ്ക്ക് തിരിച്ചു പോയി.
ഇടയ്ക്കിടെ മഴ പെയ്തു
ഇടയ്ക്കിടെ മഞു പെയ്തു
പുരയിടത്തിലെ ഫലവൃക്ഷങള്‍
തളിര്‍ത്തും
പൂത്തും
കായ്ച്ചു കൊണ്ടിരുന്നു.
പൂക്കാലം കഴിഞാല്‍
നാട്ടിലാദ്യമായ് കാറ് 'വച്ച' വീട്ടില്‍
അത്താഴ പട്ടിണി പതിവായി.
കാലപ്രവാഹ കുതിപ്പില്‍
ബാപ്പയുമുമ്മയും, തിരിച്ചു വരാത്ത യാത്ര പോയി
അയല്‍ക്കാരന്റെ കൃപ കൊണ്ട്
ജ്യേഷ്ഠന്‍മാര്‍ രണ്ട് പേര്‍
അനന്തപത്മനാഭന്റെ കാശുവാങി തുടങി.
കാശുവാങി തുടങിയവര്‍
അവരവരുടെയിടങളില്‍
കയറി പതുങി കിടന്നു?
ചുറ്റും നടന്നതവര്‍ കണ്ടില്ല, കേട്ടില്ല.
അല്ലെങ്കില്‍ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു!
അവസാനം നടുക്കടലില്‍ നിന്നും
അവനെയും ദൈവം
പൊക്കി എടുത്തു?
കല്യാണാലോചനകള്‍ വന്നു തുടങി
മനസ്സിലാദ്യമായ് സന്തോഷവും
സമാധാനവും തോന്നിയ നിമിഷങല്‍.
വര്‍ഷത്തിലെ രണ്ടാം പകുതി തുടങിയപ്പോള്‍
ഒരു രാത്രിയില്‍
ഉമ്മയെപോലെ
"വലിയാക്ക"യെ പോലെ
അവളുമവനെ ഞെട്ടിച്ചു.
ബാപ്പയ്ക്കറിയാമായിരുന്ന ചൂരല്‍ പ്രയോഗം
അപ്പോളവനന്യമായിരുന്നു;
കണയേറ്റു കാലൊടിഞ കിളി
ജീവനും കൊണ്ട് പറക്കുന്നതപ്പൊഴും കണ്ടു.