ഡോ.നളിനി ജനാർദ്ദനൻ
ഹൈദരാബാദിലെ സുപ്രസിദ്ധമായ 'താരാമതി ബരാദരി' എന്ന
സ്മാരകമന്ദിരത്തിൽവെച്ച് നടക്കുന്ന സംഗീതോത്സവത്തിൽ
പങ്കെടുക്കാനെത്തിയതായിരുന്നു ഞാൻ. വൈകുന്നേരം ആറു മണിക്ക് സംഗീതപരിപാടി
തുടങ്ങും. ഇപ്പോൾ സമയം അഞ്ചുമണിയായതേയുള്ളു. അൽപം വിശ്രമിക്കാമെന്നു
കരുതി ഞാൻ ആ സ്മാരകത്തിലെ മണ്ഡപത്തിലിരുന്നു.
ചരിത്രകാലസംഭവങ്ങളോർത്ത് മൂകമായി നെടുവീർപ്പിട്ടുനിൽക്കുന്ന തൂണുകൾ.
അർത്ഥഗർഭമായ മൗനം സൗന്ദര്യം നൽകിയ ആ മണ്ഡപത്തിലിരുന്നപ്പോൾ ഞാനോർത്തു.
ഇവിടെയിരുന്നുകൊണടായിരുന്നു 'താരാമതി' എന്ന കലാകാരി
പാടാറുണ്ടായിരുന്നത്. ആ സുന്ദരിയുടെ കാമുകനായിരുന്നു ഹൈദരാബാദിലെ
ഏഴാമത്തെ സുൽത്താനായിരുന്ന 'അബ്ദുള്ള കുത്തബ് ഷാ' എന്ന രാജകുമാരൻ.
താരാമതി മണ്ഡപത്തിലിരുന്നുപാടുന്ന ഗാനങ്ങൾ 'ഗോൽക്കൊണ്ട കോട്ട'യിലിരുന്നു
രാജകുമാരൻ കേട്ടാസ്വദിക്കാറുണ്ടായിരുന്നത്
താരാമതിയെന്ന നർത്തകി കുത്തബ്ഷാ എന്ന കാമുകന്റെ അടുത്തേക്ക്
പോകാറുണ്ടെന്നാണ് ഐതിഹ്യം. അവരുടെ പ്രേമരംഗങ്ങൾക്ക് സാക്ഷ്യംവഹിച്ച
ഗോൽക്കൊണ്ട കോട്ടയും മണ്ഡപവുമെല്ലാം അനശ്വരപ്രേമത്തിന്റെ പ്രതീകമായി
നിലകൊള്ളുന്നു.
ശ്രോതാക്കൾ വന്നുകൊണ്ടിരുന്നു. ഗാനപരിപാടി തുടങ്ങേണ്ട സമയമായി. ഞാൻ
സ്റ്റേജിനുപുറകിലുള്ള അണിയറയിലേക്കു ചെന്നു. കുങ്കുമസന്ധ്യ വർണ്ണഭംഗി
നൽകിയ ആകാശം-മൃദുപദങ്ങളോടെ കടന്നുവരുന്ന ശ്യാമയാമിനി
ശരത്ക്കാലരാത്രിയ്ക്ക് മനോഹാരിത പകർന്നുകൊണ്ട് തെളിഞ്ഞുവന്ന
ചന്ദ്രബിംബവും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും ഒഴുകിയെത്തി എന്ന
ആശ്ലേഷിച്ച ഇളംകാറ്റിന് അജ്ഞാതമായ ഏതോപൂവിന്റെ സുഗന്ധമുണ്ടായിരുന്നു.
വർഷങ്ങൾക്കുമുമ്പ് 'താരാമതി'യുടെയും 'അബ്ദുള്ളകുത്തബ് ഷാ'യുടെയും
പ്രേമസല്ലാപങ്ങൾ കണ്ടുനിന്നതാണ് ഈ തൂണുകളും ഇവിടത്തെ ഓരോ മണൽത്തരികളും
എന്നോർത്തപ്പോൾ ഞാൻ കോരിത്തരിച്ചുപോയി. ആ കമിതാക്കളുടെ ആത്മാവുകൾ
ഇപ്പോഴും ഇവിടെ ഉണ്ടാകുമോ എന്ന് വെറുതെ ഞാനോർത്തു. എന്നെ പാടാനായി
ക്ഷണിച്ചുകൊണ്ടുള്ള അനൗൺസ്‌മന്റ് മൈക്കിലൂടെ ഒഴുകിയെത്തി. അറിയപ്പെടുന്ന
ഗായികയായതുകൊണ്ട് എന്നെ സ്വാഗതം ചെയ്തുകൊണ്ടുയർന്ന കരഘോഷം...
ശ്രോതാക്കളെ കൈകൂപ്പി വണങ്ങിയശേഷം ഞാൻ ഗണപതിവന്ദനമായി ഒരു ഭജൻപാടി.
അതിനുശേഷം അടുത്തഗാനം, പ്രേമപൂർണ്ണമായ ഒരു ഗസൽ പാടാൻ തുടങ്ങി.
അർത്ഥവത്തായ വരികളും ഇമ്പമേറിയ ഈണവും. ശ്രോതാക്കൾക്കിഷ്ടമായി
എന്നുതെളിയിച്ചുകൊണ്ട് വീണ്ടും കൈയടികളുയർന്നു. ഒരു നിമിഷം!
ഞാനറിയാതെ എന്റെ സ്വരം അതിമധുരമായിത്തീർന്നു! അജ്ഞാതമായ ഏതോ ശക്തിയുടെ
സ്വാധീനത്തിനടിമയായതുപോലെ ഞാൻ പാടുകയായിരുന്നു...എനിക്കറിയാത്
ഗാനം...രാഗമാധുര്യം തുളുമ്പുന്ന ആഗാനത്തിന് തബലയും സാരംഗിയും സിത്താറും
മറ്റു സംഗീതോപകരണങ്ങളും അകമ്പടി നൽകിയതോടെ ഏതോ ദൈവികച്ചൈതന്യംപോലെ
അലൗകികമായ ആഗാനം എന്റെ കണ്ഠത്തിലൂടെ ഒഴുകിവന്നുകൊണ്ടിരുന്നു. എന്താണു
സംഭവിക്കുന്നത് എന്നു ഞാനത്ഭുതപ്പെട്ടു. താരാമതി എന്ന ഗായിക എന്നിൽ
സമാവേശിക്കുകയായിരുന്നു. ആ സ്വരമാധുരികേട്ട് സ്വയം മറന്നുകൊണ്ട്
ശ്രോതാക്കൾ കൈയ്യടിക്കാൻപോലും മറന്നുപോയി. അജ്ഞാതമായ ഏതോ മാസ്മരശക്തിക്കു
വശംവദയായി ഞാൻ പാടിക്കൊണ്ടിരുന്നു. അസാധാരണമായ ശ്രുതിമധുരമായ ഏതോ
ഗാനം...എന്നിലെ ഓരോഅണുവിലും നിറഞ്ഞുകൊണ്ട് ഹൃദയതന്ത്രികളെ തൊട്ടുണർത്തിയ
അനശ്വര ഗാനം...സ്വയം മറന്നുപാടിയപ്പോൾ ഞാൻ കണ്ണടച്ചു. ആനിമിഷം
മനോമുകുരത്തിൽ തെളിഞ്ഞുവന്നു ആ അനശ്വരഗായികയുടെ മുഖം എന്നോട്
സ്നേഹാർദ്രമായി പുഞ്ചിരിക്കുന്ന മുഖം.
ഗാനം പാടിക്കഴിഞ്ഞപ്പോൾ ശ്രോതാക്കൾ ഓടിയെത്തി എന്നെ പൊതിയുകയായിരുന്നു.
ആശംസകളുടെയും അഭിനന്ദനങ്ങളുടെയും പൂച്ചെണ്ടുകൾ ഏറ്റുവാങ്ങുമ്പോൾ
നന്ദിപൂർവ്വം ഞാനോർത്തു. താരാമതിയെന്ന ഗായികയ്ക്ക് മരണമില്ല! അവർ
അനശ്വരയാണ്. അവരിപ്പോഴും ജീവിക്കുകയാണ്. എന്നിലൂടെ... എന്നെപ്പോലെ
ഒട്ടേറെ ഗായികമാരിലൂടെ...താരാമതിയുടെ ആത്മാവ് ഗാനങ്ങൾ പാടി ഇന്നും
സ്വയംനിർവൃതികൊള്ളുകയും ശ്രോതാക്കളെ മന്ത്രമുഗ്ദ്ധരാക്കുകയും
ചെയ്യുകയാണ്. അവിസ്മരണീയമായ ആസംഭവം വ്യാഖ്യാനത്തിനതീതമായ ഒരു
നിഗോൂഢരഹസ്യംപോലെ മനസ്സിലിന്നും അവശേഷിക്കുന്നു.
