സന്തോഷ് പാലാ
കണ്ണുകള്‍
കഥകള്‍ പറയുമെന്ന്
ആദ്യം പഠിപ്പിച്ചത്
അമ്മയും മുത്തശ്ശിയുമാണ്.
ആ കണ്ണുകളില്‍ നോക്കി
കുഞ്ഞായിരിയ്ക്കുമ്പോള്‍
എത്രയോ തവണ
ഉറങ്ങിപ്പോയിരിയ്ക്കുന്നു!
കന്നിമാസത്തിലെ
വിഷയാസക്തിക്കാരെ
കല്ലുകൊണ്ടെറിഞ്ഞു മാത്രം ശീലമുള്ള
എന്നെ
കണ്ണുകൊണ്ടെങ്ങനെയെറിയാം
എന്ന് പഠിപ്പിച്ചത്
കോളേജിലെത്തിയപ്പോള്‍
ഒരു കൂട്ടുകാരനാണ്.
അവനിന്ന്
അമേരിക്കയില്‍
ഒരു വിഴുപ്പലക്കല്‍ പ്രസ്ഥാനത്തിന്റെ
പ്രസിഡന്റാണ്
2
പെണ്ണുകെട്ടാത്ത ഒരുത്തന്റെ
കണ്ണുകള്‍
ചൂടന്‍ കിനാവുകള്‍
ചോര്‍ന്നുപോകാതെ
സൂക്ഷിയ്ക്കുന്നതിലാണ്.
പെണ്ണുകെട്ടിയവന്റെ കണ്ണുകള്‍
പിടിവള്ളി തേടിയുള്ളതാണ്.
മതാധ്യക്ഷന്മാരുടെ കണ്ണുകള്‍
ഒരാളുടെ പേരും വാലും
പകുത്തു നോക്കുന്ന തിരക്കിലാണ്.
ഇറച്ചിക്കടക്കാരന്റെ കണ്ണുകള്‍
ചോരമണമുള്ള തുണ്ടങ്ങളിലും
അവ തരുന്ന തുട്ടുകളിലുമാണ്.
ബസോടിയ്ക്കുന്നവന്റെ
കണ്ണുകള്‍ റോഡിലും
റോഡരികില്‍ കുറ്റിയടിച്ചു നില്‍ക്കുന്ന
സാരിക്കഷണങ്ങളിലുമാണ്.
പൊങ്ങച്ചസഞ്ചിയുമായിയെത്തുന്ന
കൊച്ചമ്മമാരുടെ കണ്ണുകള്‍
അടുത്തു നില്‍ക്കുന്നവളെ
അളന്നെടുക്കുന്നതിലാണ്.
കൊച്ചുകുട്ടികളുടെ കണ്ണുകള്‍
നക്ഷത്രത്തിളക്കം മാഞ്ഞ്
മിണ്ടാതിരുന്നൊരു ടി വി പെട്ടിയില്‍
മുട്ടുന്നത് കാണാം.
ഒരു വൃദ്ധസദനത്തില്‍ നിന്നുള്ള
എല്ലാ കണ്ണുകളും
ഗെയിറ്റ് കടന്നെത്തുന്ന
ആരെയോ കാത്തിരിയ്ക്കുന്നു.
വശപ്പിശകായി നില്‍ക്കുന്ന
ചില ഒരുമ്പെട്ടവളുമാരുടെ
കണ്ണുകള്‍
കുടുംബം കലക്കികളെത്തേടിയാണ്.
3
ഈ വിടുവായപ്രസംഗം
നടത്തുമ്പോള്‍
മുറ്റത്ത് വന്ന് നിന്ന്
അമ്മാ അമ്മാ എന്നു വിളിക്കുന്ന
ഒരു ധര്‍മ്മക്കാരിയുടെ
കണ്ണുകള്‍ നോട്ടമിടുന്നത്
വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന
ഉന്തുവണ്ടിയിലെ
കണ്ണുപൊട്ടനായ കെട്ടിയോനിലേക്കാണോ?
കാശെടുക്കാന്‍ പോയ കാര്‍ന്നോന്മാരിലേക്കാണോ?
അതോ മുറ്റത്ത് നിന്നും തിണ്ണയില്‍ നിന്നും
തോള്‍സഞ്ചിയിലേക്ക്
ആരും കാണാതെ എത്തിക്കുന്ന
സാധനങ്ങളിലേക്കായിരിക്കുമോ?
4
എന്റെ ഇടത്തെ കണ്ണ്
ഈ കവിതകളൊക്കെ
കണ്ടിട്ടും
കണ്ടില്ലെന്നു
നടിയ്ക്കുന്ന
കവിമിത്രങ്ങളിലേക്കും
വലത്തെ കണ്ണ്
കവിതകള്‍ വായിക്കുന്ന
നിങ്ങളിലേക്കും
ഒരേ സമയം കാഴ്ച തേടുന്നു
അതെ , ഞാന്‍ കോങ്കണ്ണനാണ്.
കണ്ണുകളിന്നും കഥകള്‍
പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു
മുത്തശ്ശി പറയാത്ത,
അമ്മക്കയ്ക്കറിയാത്ത
കഥകള്‍!
Saturday, 14 January 2012
കണ്ണുകള്‍
Labels:
santhosh pala